2026 ജനുവരിയിലെ ഒരു തണുപ്പുള്ള വൈകുന്നേരം. തിരുവനന്തപുരത്തെ തൻ്റെ ചെറിയ ഒരു ഫ്ലാറ്റിലിരുന്ന് ദേവാനന്ദ് ലാപ്‌ടോപ്പിൽ ഒരു പുതിയ 'പ്രൊജക്റ്റ്' ടൈപ്പ് ചെയ്യുകയായിരുന്നു. മുകളിൽ ടൈറ്റിൽ ഇങ്ങനെയായിരുന്നു:
"ദൈവം 2.0: ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ്."
അവൻ്റെ സുഹൃത്ത് നിവിൻ അപ്പുറത്തിരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു. ദേവനാനന്ദിൻ്റെ എഴുത്ത് കണ്ടപ്പോൾ അവൻ ചിരിച്ചു.
"എന്താടാ ഇത്? വല്ല പുതിയ ആപ്പും ആണോ? ഫുഡ് ഡെലിവറി കഴിഞ്ഞു ഇനി ഗോഡ് ഡെലിവറി ആണോ നിൻ്റെ പരിപാടി?"
ദേവാനന്ദ് ഗൗരവത്തിൽ അവനെ നോക്കി.
"അതൊന്നും അല്ലട. ഞാൻ ഒരു ദൈവത്തെ ഉണ്ടാക്കാൻ പോവുകയാണ്. പഴയ ദൈവങ്ങളൊക്കെ ഔട്ട്‌ഡേറ്റഡ് ആയിപ്പോയി. അവർക്ക് ഇപ്പോഴും ഋതുമതികളായ സ്ത്രീകളെ കാണുമ്പോൾ പേടിയാണ്, ഒരേ ലിംഗത്തിൽ പെട്ടവർ സ്നേഹിക്കുന്നത് കാണുമ്പോൾ കലിപ്പാണ്. എന്തിന്, ഈ 2026-ലും മനുഷ്യർ ആ പഴയ പുസ്തകങ്ങളിലെ വാചകങ്ങൾ വെച്ച് തമ്മിൽ തല്ലുകയാണ്. ആ ദൈവങ്ങൾക്കൊക്കെ വല്ലാതെ പ്രായമായിരിക്കുന്നു. അവർക്ക് പുതിയ കാലത്തിൻ്റെ ഭാഷ അറിയില്ല."
"അതിന് നീ എന്ത് ചെയ്യും? മണ്ണുകൊണ്ട് പ്രതിമ ഉണ്ടാക്കുമോ?" നിവിൻ പരിഹസിച്ചു.
"പ്രതിമയല്ല," ദേവാനന്ദ് കീബോർഡിൽ തട്ടി. "ഞാൻ ഒരു 'ഐഡിയ' ഉണ്ടാക്കും. എല്ലാ ദൈവങ്ങളും തുടങ്ങിയത് ഒരു ഐഡിയ ആയിട്ടാണ്. കാലക്രമേണ അത് വിശ്വാസമായി, പിന്നെ അത് നിയമമായി. ഞാൻ ഉണ്ടാക്കുന്ന ദൈവം ആധുനികനായിരിക്കും. അയാൾക്ക് ലിംഗഭേദമില്ല. അയാൾക്ക് ആർത്തവം എന്നത് പ്രകൃതിയുടെ ഒരു ജൈവിക പ്രക്രിയ മാത്രമാണ്. ആരെ ആര് വിവാഹം കഴിക്കണം എന്നതിൽ അയാൾക്ക് പരാതിയൊന്നുമില്ല. ചുരുക്കത്തിൽ, മനുഷ്യനെ വെറുക്കാൻ പഠിപ്പിക്കാത്ത ഒരു ദൈവം."
പുതിയ ദൈവത്തിൻ്റെ കൽപ്പനകൾ
ദേവാനന്ദ് തൻ്റെ പുതിയ ദൈവത്തിന് പേരിട്ടു: '404'. കാരണം ദൈവത്തെ തേടുമ്പോൾ തന്നെ കിട്ടുന്ന മറുപടി. 404(“404 എന്നത് ഇന്റർനെറ്റിൽ വരുന്ന ഒരു എറർ കോഡ് ആയിരുന്നു. ‘നീ അന്വേഷിക്കുന്നതു ഇവിടെ ഇല്ല’ എന്നർത്ഥം.”)
അവൻ ഒരു ബ്ലോഗ് തുടങ്ങി. അതിൽ 404-ൻ്റെ സവിശേഷതകൾ എഴുതിച്ചേർത്തു. അത് വായിക്കുമ്പോൾ ആർക്കും ചിരി വരും, എന്നാൽ ചിന്തിച്ചാൽ കാര്യമുണ്ട്. ദേവാനന്ദ് എഴുതിയ ചില 'ദൈവിക കൽപ്പനകൾ' ഇതൊക്കെയായിരുന്നു:
-
മാലിന്യനിർമ്മാർജ്ജനമാണ് ഏറ്റവും വലിയ ആരാധന: റോഡിൽ തുപ്പുന്നവനും പുഴയിൽ പ്ലാസ്റ്റിക് ഇടുന്നവനും 404-ൻ്റെ ശാപം കിട്ടും. നരകമൊന്നുമില്ല, പക്ഷേ അടുത്ത ജന്മത്തിൽ അവർ ഒരു പ്ലാസ്റ്റിക് കുപ്പിയായി ജനിക്കേണ്ടി വരും.
-
ലിംഗഭേദമില്ലാത്ത ശ്രീകോവിൽ: 404-ൻ്റെ സന്നിധിയിൽ കയറാൻ കുളിക്കണമെന്നോ, മുടി മുറിക്കണമെന്നോ, ഇന്ന വസ്ത്രം ധരിക്കണമെന്നോ നിർബന്ധമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം, അല്ലെങ്കിൽ ധരിക്കാതിരിക്കാം (പക്ഷേ പോലീസ് പിടിക്കും, അത് നിങ്ങളുടെ റിസ്ക്).
-
പ്രേമത്തിന് ടാക്സ് ഇല്ല: രണ്ടാളുകൾ തമ്മിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ, അവരുടെ ലിംഗമോ ജാതിയോ നോക്കാൻ 404-നു നേരമില്ല. 404 ദൈവം അത്രയ്ക്കും ഫ്രീ ഒന്നുമല്ല. അല്ലെങ്കിൽ തന്നെ വല്ലവനുമൊക്കെ പ്രേമിക്കുന്നത് നോക്കാൻ അല്ലെ ദൈവത്തിനു പണി.
-
ഉപവാസമല്ല, ദാനമാണ് വലുത്: നീ പട്ടിണി കിടന്നാൽ ദൈവത്തിന് വിശപ്പില്ലാതാകില്ല. പകരം വിശക്കുന്നവന് ഭക്ഷണം കൊടുക്കുക.
-
404-ൻ്റെ ചെവിക്ക് തകരാറൊന്നുമില്ല: "നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി അളക്കുന്നത് ഡെസിബെലിലല്ല. ലൗഡ്‌സ്പീക്കർ വെച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തി 404-നെ വിളിക്കുന്നവൻ്റെ പ്രാർത്ഥനകൾ ഓട്ടോമാറ്റിക്കായി 'സ്പാം ഫോൾഡറിലേക്ക്' പോകുന്നതാണ്. മനസ്സിൽ വിചാരിച്ചാൽ 404-നു കേൾക്കാം, അലറിവിളിച്ചാൽ മ്യൂട്ട് ചെയ്യും."
-
വി.ഐ.പി ദർശനം റദ്ദാക്കിയിരിക്കുന്നു: "500 രൂപയുടെ സ്പെഷ്യൽ ടിക്കറ്റ് എടുത്താൽ വേഗത്തിൽ കാണാൻ 404 സൂവിലെ അപൂർവ്വ ജീവിയൊന്നുമല്ല. ക്യൂ നിൽക്കുന്ന പാവപ്പെട്ടവനെ മറികടന്ന് പണക്കാരൻ മുന്നിൽ വന്നാൽ, അവൻ്റെ അക്കൗണ്ടിൽ 'പുണ്യം' ഡെബിറ്റ് ചെയ്യപ്പെടുകയും 'അഹങ്കാരം' ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. 404-ൻ്റെ മുന്നിൽ എല്ലാവർക്കും ഒരേ പ്ലാൻ ആണ്—അൺലിമിറ്റഡ് വാലിഡിറ്റി."
-
പരീക്ഷാ സമയത്തെ ഭക്തി: "വർഷം മുഴുവൻ പഠിക്കാതെ, പരീക്ഷയുടെ തലേദിവസം മാത്രം മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ചു വെക്കുന്നവർ ശ്രദ്ധിക്കുക: സിലബസ് പഠിക്കാത്തവന് 404 'ഔട്ട് ഓഫ് കവറേജ് ഏരിയ' ആയിരിക്കും. കോപ്പിയടിക്കാൻ സഹായിക്കുന്നത് ദൈവത്തിൻ്റെ പണിയല്ല."
-
ഇടനിലക്കാരെയും ഏജന്റുമാരെയും നിയമിച്ചിട്ടില്ല: "ഭൂമിയിൽ 404 ദൈവത്തിൻ്റെ പേരും പറഞ്ഞ് നടക്കുന്ന ആൾദൈവങ്ങളെ വിശ്വസിക്കരുത്. സ്വന്തം അസുഖം മാറ്റാൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നവനാണോ നിങ്ങളുടെ ദൈവം? ശൂന്യതയിൽ നിന്ന് ഭസ്മവും സ്വർണ്ണമാലയും എടുക്കുന്നവൻ മജീഷ്യനാണ് (അതും നിലവാരമില്ലാത്ത മജീഷ്യൻ), ദൈവമല്ല. 404-നെ കാണാൻ ഇടനിലക്കാരുടെ ആവശ്യമില്ല. മനുഷ്യൻ്റെ കാലിൽ വീഴുന്ന പരിപാടി നിർത്തുക. കാൽക്കൽ വീഴുന്നവനെ എഴുന്നേൽപ്പിക്കാതെ, ആസ്വദിച്ചിരിക്കുന്നവൻ ആത്മീയവാദിയല്ല, അഹങ്കാരിയാണ്. അവരെ കണ്ടാൽ കല്ലെടുത്ത് എറിയാം, അത് കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസിന് എതിരല്ല. അക്കൗണ്ട് ബാൻ ആവില്ല, ഗ്യാരണ്ടി."
നിവിൻ ഇതൊക്കെ വായിച്ചിട്ട് ചോദിച്ചു, "ഇതൊക്കെ കൊള്ളാം ദേവ്, പക്ഷേ ആളുകൾ ഇത് വിശ്വസിക്കുമോ? ഇതിൽ ആനയും അമ്പാരിയും വെടിക്കെട്ടും ഒന്നുമില്ലല്ലോ!, മിനിമം ഒന്ന് രണ്ടു ആനയോ, കഴുതയോ മറ്റോ കെട്ടി എഴുന്നളിക്കണ്ടേ?"
ദേവാനന്ദ് ചിരിച്ചു. "ഇപ്പോൾ ആരും വിശ്വസിക്കില്ല. അവർ ഇതിനെ ഒരു തമാശയായി കാണും. പക്ഷേ, വരും തലമുറയ്ക്ക് ഇതിലെ യുക്തി മനസ്സിലാകും. നൂറു വർഷം കഴിയുമ്പോൾ ആളുകൾ പഴയ ക്രൂരമായ നിയമങ്ങളിൽ മടുക്കും. അന്ന് അവർക്ക് ശാന്തി നൽകാൻ ഈ '404' ഉണ്ടാകും. നീ നോക്കിക്കോ, ഒരു ദിവസം എൻ്റെ 404 ഒരു സെലിബ്രിറ്റി ദൈവമാകും."
പരിഹാസങ്ങളുടെ കാലം
ദേവാനന്ദിൻ്റെ '404' പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വൈറലായി. പക്ഷേ ദേവാനന്ദ് ഉദ്ദേശിച്ച രീതിയിലല്ല. ട്രോളന്മാർ അവനെ ആഘോഷിച്ചു. മതമൗലികവാദികൾ അവനെ ചീത്തവിളിച്ചു. "ദൈവത്തെ കളിയാക്കുന്നു" എന്ന് പറഞ്ഞ് ചിലർ കേസ് കൊടുത്തു.
ദേവാനന്ദ് കോടതിയിൽ പറഞ്ഞു: "ഞാൻ ഒരു പുതിയ കഥയെഴുതുന്നു. പഴയ കഥകൾക്ക് പകരം പുതിയൊരു കഥ. ഇതിൽ ആരെങ്കിലും മുറിവേൽക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വിശ്വാസത്തിൻ്റെ കുഴപ്പമാണ്, എൻ്റെ ദൈവത്തിൻ്റെയല്ല. കാരണം എൻ്റെ ദൈവം ആരോടും പ്രതികാരം ചെയ്യില്ല."
അവൻ തൻ്റെ ഫ്ലാറ്റിൻ്റെ ഭിത്തിയിൽ 404-ൻ്റെ ഒരു ചിത്രം വരച്ചു വെച്ചു. അതൊരു മനുഷ്യരൂപമായിരുന്നില്ല. അനന്തതയിലേക്ക് നീളുന്ന ഒരു പ്രകാശവലയം മാത്രം. അതിനുള്ളിൽ ഒരു ചെറിയ ലോഡിങ് ഐക്കൺ.
കാലം കടന്നുപോയി. ദേവാനന്ദ് മരിച്ചു. 404 എന്ന പേരും ഏതാണ്ട് വിസ്മൃതിയിലായി. അല്ലെങ്കിൽ അങ്ങനെ എല്ലാവരും കരുതി.
വർഷം 2350 - ശൂന്യാകാശ പേടകം 'എഥീന'
ഭൂമി മനുഷ്യവാസത്തിന് യോഗ്യമല്ലാതായിട്ട് കാലം കുറെയായിരുന്നു. അവശേഷിച്ച മനുഷ്യർ ഭീമാകാരമായ 'ഹാബിറ്റാറ്റ് പോഡുകളിൽ' ശൂന്യാകാശത്ത് അലയുകയായിരുന്നു. പഴയ മതങ്ങളും ജാതികളും ഭൂമിയിലെ മണ്ണിൽ ഉപേക്ഷിക്കപ്പെട്ടിരുന്നു. കാരണം, ഓക്സിജൻ തീർന്നുപോകുമ്പോൾ അപ്പുറത്തിരിക്കുന്നവൻ ഏത് ജാതിക്കാരനാണെന്ന് നോക്കാൻ ആർക്കും സമയമില്ലായിരുന്നു.
'എഥീന' എന്ന പോഡിലെ സെൻട്രൽ ഹാളിൽ വലിയൊരു പ്രകാശവലയം തെളിഞ്ഞുനിൽക്കുന്നു, ഒത്ത നടുവിലായി ഒരു ലോഡിങ് ഐക്കൺ. അതിനു മുന്നിൽ നൂറുകണക്കിന് ആളുകൾ നിശബ്ദരായി ഇരിക്കുന്നു.
ഒരു കൊച്ചു പെൺകുട്ടി തൻ്റെ അച്ഛനോട് ചോദിച്ചു, "അച്ഛാ, ആരാണ് ഈ 404?"
അച്ഛൻ ആ പ്രകാശവലയത്തിലേക്ക് നോക്കി പറഞ്ഞു, "മോളേ, പണ്ട് ഭൂമിയിൽ മനുഷ്യർ തമ്മിൽ തല്ലി ചാവുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ദേവാനന്ദ് എന്നൊരു മനുഷ്യൻ വിഭാവനം ചെയ്ത സങ്കൽപ്പമാണിത്. ഈ പ്രപഞ്ചം സ്നേഹമാണെന്നും, മാറ്റമാണ് ഏക സത്യമെന്നും അദ്ദേഹം പഠിപ്പിച്ചു. ഇന്ന് നമുക്ക് ക്ഷേത്രങ്ങളില്ല, പള്ളികളില്ല. ഈ പ്രകാശമാണ്, അതിലെ ലോഡിങ് ഐക്കൺ ആണ് നമ്മുടെ ദൈവം."
അവിടെ ആരാധനകൾ നടക്കുന്നത് പുഷ്പങ്ങൾ അർപ്പിച്ചല്ല. മറിച്ച് പുതിയ സാങ്കേതികവിദ്യകൾ പങ്കുവെച്ചും, പരസ്പരം സഹായിച്ചുമാണ്. ആർത്തവമുള്ള സ്ത്രീകൾ അവിടെ പൂജാരികളായി ഇരിക്കുന്നു. അവിടെ ലിംഗഭേദമില്ലാതെ മനുഷ്യർ ഒന്നായി ജീവിക്കുന്നു.
ആ ഹാളിലെ ഒരു മൂലയിൽ, പഴയൊരു ഡിജിറ്റൽ ഫ്രെയിമിൽ 2026-ൽ ദേവാനന്ദ് എഴുതിയ ആ വാചകം മിന്നിമറയുന്നുണ്ടായിരുന്നു:
"ദൈവം എന്നത് നിങ്ങൾ ഉണ്ടാക്കുന്ന ഭയമല്ല, നിങ്ങൾ പങ്കുവെക്കുന്ന സ്വാതന്ത്ര്യമാണ്."
ദൂരെ, ശൂന്യാകാശത്തിൻ്റെ കറുപ്പിൽ ആ പേടകം ഒരു നക്ഷത്രം പോലെ തിളങ്ങി. ദേവാനന്ദ് എന്ന പാവം മനുഷ്യൻ തമാശയ്ക്ക് തുടങ്ങിയ ഒരു 'റീബൂട്ട്', ഒടുവിൽ മനുഷ്യവംശത്തിൻ്റെ അതിജീവനത്തിനുള്ള ഒരേയൊരു സത്യമായി മാറിയിരിക്കുന്നു.
മഴ പെയ്യുന്ന തിരുവനന്തപുരത്തെ ആ പഴയ ഫ്ലാറ്റിലിരുന്ന് ദേവാനന്ദ് അന്ന് കണ്ട സ്വപ്നം, നക്ഷത്രങ്ങൾക്കിടയിൽ പൂത്തുലയുകയായിരുന്നു.
