മറ്റൊരു പ്രണയ കഥ

മറ്റൊരു പ്രണയ കഥ

2026-01-20 • romantic, love, breakup
Go Back

ചില പ്രണയങ്ങൾ നദികൾ പോലെയാണ്, ഒരേ കടലിൽ ചേരാൻ ഒഴുകുന്നവ. എന്നാൽ മറ്റു ചില പ്രണയങ്ങൾ ചക്രവാളം പോലെയാണ്, ആകാശവും ഭൂമിയും തൊട്ടുരുമ്മി നിൽക്കുന്നുവെന്ന് തോന്നും, പക്ഷേ അവ ഒരിക്കലും ഒന്നാകുന്നില്ല.

മഴ വന്ന വഴിയേ

(മൂന്ന് വർഷം മുമ്പ്)

തിരുനെല്ലി കവലയിലെ ചന്ദ്രൻ ചേട്ടൻ്റെ ചായക്കട, ആ നാട്ടിലെ ഒരു സുപ്രധാന സാമൂഹിക കേന്ദ്രം ആയിരുന്നു, അല്പ സ്വല്പം നാട്ടു വർത്തമാനവും കുറച്ചൊക്കെ രാഷ്ട്രിയവും പറയാൻ എല്ലാ നാട്ടിൻ പുറത്തും കാണാവുന്ന ഇടങ്ങൾ പോലെ ഒന്ന്. അതൊരു ജൂലൈ മാസം ആയിരുന്നു,  പുറത്ത് കർക്കിടകത്തിൻ്റെ കലി പേമാരിയായി തിമിർത്തു പെയ്യുകയാണ്. മഴ വീഴുന്ന ശബ്ദം കാരണം തൊട്ടു അടുത്തിരിക്കുന്നവർ  പറയുന്നത് പോലും കേൾക്കാൻ പ്രയാസം തോന്നിപ്പിക്കുന്ന വിധത്തിലുള്ള മഴ. സമയം അത്ര വൈകിയിട്ടില്ലായിരുന്നു, എന്നാലും മഴയുടെ പ്രഭാവം അന്തരീക്ഷത്തെ ആകെ പാടെ ഒരു ഇരുട്ടിൽ ആക്കിയിരുന്നു. മങ്ങിയ വെളിച്ചത്തിൽ, ചായക്കടയുടെ മൂലയിലുള്ള ബെഞ്ചിൽ സിദ്ധാർത്ഥ് ഇരിക്കുന്നുണ്ടായിരുന്നു. മുന്നിൽ ആവി പറക്കുന്ന ചായ ഗ്ലാസ് അവൻ ഇടക്കിടെ ഒന്ന് ചുഴറ്റി കൊണ്ടിരുന്നു, ഏതാണ്ട് മുപ്പതിനടുത് പ്രായം അവനുണ്ട്. വൈകുന്നേരങ്ങളിൽ അവൻ ഇങ്ങനെ വന്നു ഒരു മൂലയിൽ ഇരിക്കും, ഉദ്ദേശം മറ്റൊന്നുമല്ല, ആ സമയങ്ങളിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ, സാമൂഹിക ചർച്ചകൾക്കു ചെവി കൊടുക്കുക, എന്നാൽ  അത്തരം ചർച്ചകളിൽ അവൻ ഒരിക്കലും ഇട പെട്ടിരുന്നില്ല, വെറുതെ ഇരുന്നു അതിങ്ങനെ കേൾക്കുക, അത്ര മാത്രം. അത്തരം ചർച്ചകളും, ചായയും  മതിയായിരുന്നു അവൻ ഒരു ദിവസത്തെ പൂർത്തിയാക്കാൻ. നാട്ടിൽ തന്നെ ഉള്ള സർക്കാർ വിദ്യാലയത്തിലെ ചരിത്രാധ്യാപകൻ ആയിരുന്നു അവൻ.

പെട്ടെന്നാണ് കടയുടെ മുൻവശത്തെ ടാർപ്പായ വകഞ്ഞുമാറ്റി ഒരാൾ അകത്തേക്ക് പാഞ്ഞു കയറിയത്. ഇടിച്ചു കുത്തി പെയ്യുന്ന മഴയിൽ ആകെ നനഞ്ഞു കുതിർന്ന ഒരു പെൺകുട്ടി ആയിരുന്നു അത്. പേര് ഗായത്രി. അവളുടെ തോളിൽ സ്വന്തം ശരീരത്തേക്കാൾ വലിപ്പമുള്ള ഒരു മിലിറ്ററി ഗ്രീൻ ബാക്ക്പാക്ക് മഴ നനയാതിരിക്കാൻ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു. ജീൻസും ടീഷർട്ടും ചെളിയിൽ കുതിർന്നു ആകെ വഷളായിരുന്നു. മുടിയിൽ നിന്ന് വെള്ളം തുള്ളികളായി തറയിലേക്ക് ഇറ്റു വീഴുന്നുണ്ടയിരുന്നു. അവൾ കിതച്ചുകൊണ്ട് ചുറ്റും നോക്കി. കടയിലിരുന്ന നാട്ടുകാർ അവളെ കൗതുകത്തോടെയും അല്പം സംശയത്തോടെയും നോക്കി. ഈ മലമുകളിൽ, ഇത്രയും മഴയത്ത്, ഒരു പെൺകുട്ടി തനിച്ച്? അതായിരുന്നു ആ നോട്ടത്തിൻ്റെ അർത്ഥം.

"ചേട്ടാ..." അവൾ ചന്ദ്രൻ ചേട്ടൻ്റെ നേരെ തിരിഞ്ഞു. ശബ്ദത്തിൽ വല്ലാത്തൊരു അലസതയും ഒപ്പം ധൈര്യവുമുണ്ടായിരുന്നു.

"ഇവിടെ അടുത്തെവിടെയെങ്കിലും സ്റ്റേ കിട്ടുമോ? ഹോം സ്റ്റേയോ ലോഡ്ജോ അങ്ങനെ എന്തെങ്കിലും?"

ചന്ദ്രൻ ചേട്ടൻ ഗ്ലാസ്സ് തുടക്കുന്നതിനിടയിൽ സഹതാപത്തോടെ തലയാട്ടി.

"ഇല്ല മോളേ... സീസൺ അല്ലല്ലോ. ഉള്ള ഹോം സ്റ്റേകൾ ഒക്കെ അടച്ചിട്ടിരിക്കുവാ. പിന്നെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ഉണ്ട്, അതിപ്പോ കിട്ടില്ല. ബുക്കിംഗ് വേണം."

"ഷിറ്റ്!" അവൾ അറിയാതെ പറഞ്ഞുപോയി.

അവൾ ബാഗ് തോളിൽ നിന്ന് ഇറക്കി താഴെ വെച്ചു. നനഞ്ഞ മുടി കൈകൊണ്ട് പുറകോട്ട് വകഞ്ഞു മാറ്റി. അവളുടെ മുഖത്ത് നിരാശയുണ്ടെങ്കിലും, പേടി ലവലേശമില്ലായിരുന്നു. അത് സിദ്ധാർത്ഥ് ശ്രദ്ധിച്ചു. സാധാരണ ഗതിയിൽ അപരിചിതരെ കണ്ടാൽ മുഖം താഴ്ത്തുന്ന സിദ്ധാർത്ഥ്, അവളെത്തന്നെ ഒരു നിമിഷം നോക്കിയിരുന്നു.

"ഒരു ചായ. പിന്നെ കഴിക്കാൻ എന്താണുള്ളത്?" അവൾ ചോദിച്ചു.

"പഴംപൊരി ഉണ്ട്. ചൂടാണ്."

"എന്നാ രണ്ട് പഴംപൊരിയും ഒരു ചായയും എടുത്തോ. നല്ല കടുപ്പത്തിൽ." അവൾ നേരെ വന്നിരുന്നത് സിദ്ധാർത്ഥിൻ്റെ എതിരെയുള്ള ബെഞ്ചിലായിരുന്നു. ആ കടയിൽ ആകെ ഒഴിവുള്ളത് അവിടെ മാത്രമായിരുന്നു. മഴയുടെയും, നനഞ്ഞ മണ്ണിൻ്റെയും ഒപ്പം ഏതോ ഒരു വിലകൂടിയ  പെർഫ്യൂമിൻ്റെയും മണമായിരുന്നു അവൾക്കു. അവൾ അവനെ ഗൗനിക്കാതെ, നനഞ്ഞ ഷൂസ് അഴിച്ചു വെച്ചു. പിന്നെ ബാഗിൽ നിന്ന് ഒരു ടവൽ എടുത്ത് തല തോർത്താൻ തുടങ്ങി. ഇടയ്ക്ക് അവൾ അവനെ നോക്കി. കണ്ണട വെച്ച്, ശാന്തനായി ഇരിക്കുന്ന ഒരു യുവാവ്.

"ഹായ്, നാട്ടുകാരനാണോ?"

സിദ്ധാർത്ഥ് ഞെട്ടി. അപരിചിതരോട് സംസാരിക്കാൻ അവന് എന്നും മടിയാണ്. അവൻ തലയാട്ടി.

അപ്പോഴേക്കും ചന്ദ്രൻ ചേട്ടൻ പഴം പൊരിയും ചായവുമായി എത്തിയിരുന്നു.

"ഈ മഴ എപ്പോ തോരും?" അവൾ പഴംപൊരി ആർത്തിപൂണ്ട് കഴിക്കുന്നതിനിടയിൽ ചോദിച്ചു.

"കണ്ടിട്ടു രണ്ടു ദിവസമെങ്കിലും നീളുമെന്ന് തോന്നുന്നു", സിദ്ധാർഥ് പറഞ്ഞു.

"നല്ല കാര്യം. എനിക്ക് മഴ ഇഷ്ടമാണ്. പക്ഷേ കിടക്കാൻ ഒരിടം കിട്ടാത്തതാണ് പ്രശ്നം. ബസ് സ്റ്റോപ്പിൽ കിടക്കേണ്ടി വരുമോ ആവോ?", ഗായത്രിയുടെ മറുപടി.

"അല്ല, ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ" സിദ്ധാർത്ഥ് ചോദിച്ചു.

“ഞാൻ actually തൃശൂർ നിന്നാണ് വരുന്നത്, അവിടെ തന്നെ ഇൻഫോപാർക്കിൽ ആണ് വർക്ക് ചെയ്യുന്നത്, ഒരു ട്രിപ്പിന് മൂഡ് സെറ്റായപ്പോൾ ബാഗും തൂകി അങ്ങ് ഇറങ്ങി, മഴ പ്രതീക്ഷിച്ചു തന്നെ ആണ് വന്നത്, പക്ഷേ സ്റ്റേ കിട്ടിയില്ല, അതാണ് പണി ആയതു”, ഗായത്രി ചായ ഊതി കുടിക്കുന്നതിനിടെ പറഞ്ഞു. പിന്നെയും എന്തൊക്കയോ വന്ന വഴിയേ കുറിച്ച് അവൾ പറഞ്ഞുകൊണ്ടിരുന്നു, സിദ്ധാർത് ഒന്നും മിണ്ടാതെ അത് കേട്ടുകൊണ്ടിരുന്നു, ഒരു നിമിഷം അവളോട് ഒന്നും ചോദിക്കേണ്ടിയിരുന്നില്ലന്നു അവനു തോന്നി പോയി. വാ തോരാതെ സംസാരിക്കാൻ അവളെ തോൽപ്പിക്കാൻ ആർക്കും ആവില്ലെന്ന് അവനു തോന്നി. 

“തനിച്ച് ആണോ യാത്ര ചെയ്യുന്നത്?”, ചായ കുടിക്കാൻ ഗായത്രി ഒന്ന് സംസാരം നിർത്തിയപ്പോൾ അവൻ ചോദിച്ചു. അവന് അത് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

"അതെ, അതിനെന്താ?" അവൾ ചോദിച്ചു. ഇത്തവണ അവൾ രണ്ടു വാക്കിൽ ഒതുക്കി, ഭാഗ്യം, അവൻ മനസ്സിൽ ഓർത്തു.

“ഏയ്, ഒന്നുമില്ല, ചോദിച്ചന്നെ ഉള്ളു, ഞാൻ ഈ ഏരിയ വിട്ട് പുറത്തുപോയിട്ട് വർഷങ്ങളായി. എനിക്ക് ഈ ആൾക്കൂട്ടം, ബഹളം, ഒന്നും പറ്റില്ലേ.", ആകെ ഒരു ഇളിഭ്യ ഭാവത്തിൽ സിദ്ധാർഥ് പറഞ്ഞൊപ്പിച്ചു. ഗായത്രി അതിനു മറുപടി ഒന്നും പറഞ്ഞില്ല.

പുറത്ത് ഇടിമുഴങ്ങി. കറന്റ് പോയി. കടയ്ക്കുള്ളിൽ മെഴുകുതിരി വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ സിദ്ധാർഥ്  ഇടയ്ക്കിടെ ഗായത്രിയെ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

രണ്ട് വ്യത്യസ്ത ലോകങ്ങളിൽ നിന്നുള്ളവർ. സമയം കടന്നുപോയി, കടയിലെ ചർച്ചകൾ വീര്യം കൂടി പരസ്പരം വാഗ്‌വാദങ്ങളായി മാറി. മഴ കുറയുന്ന മട്ടില്ല. ഗായത്രി അപ്പോഴും അവിടെ തന്നെ ഇരുന്നു. ഈ പെരുമഴയതു തങ്ങാൻ ഒരിടം കിട്ടാൻ നല്ല ബുദ്ധിമുട്ടു ആവും എന്നത് വ്യക്തം. എന്നാലും അവൾ ബാഗെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.

"എങ്ങോട്ട് പോകും?" സിദ്ധാർത്ഥ് എഴുന്നേറ്റു.

"അറിയില്ല. വല്ല പെട്രോൾ പമ്പിലോ മറ്റോ നോക്കാം," അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ ആ ചിരിയിൽ അല്പം ആശങ്കയുണ്ടായിരുന്നു. സിദ്ധാർത്ഥ് ഒരു നിമിഷം ആലോചിച്ചു. അവൻ്റെ യുക്തി അവനോട് മിണ്ടാതിരിക്കാൻ പറഞ്ഞു. പക്ഷേ അവൻ്റെ മനസ്സ് മറ്റൊന്നാണ് പറഞ്ഞത്.

"എൻ്റെ വീട് ഇവിടെ അടുത്താണ്," അവൻ്റെ ശബ്ദത്തിൽ അല്പം മടിയുണ്ടായിരുന്നു. "വലിയ സൗകര്യങ്ങളൊന്നുമില്ല. പഴയ തറവാടാണ്. അവിടെ ഞാനും... എന്നെ നോക്കുന്ന ജാനകിയമ്മയും മാത്രമേ ഉള്ളൂ" അവൻ 'ജാനകിയമ്മ' എന്ന് എടുത്തു പറഞ്ഞത് അവൾക്ക് ധൈര്യം നൽകാനാണെന്ന് ഗായത്രിക്ക് മനസ്സിലായി. അവൾ അവനെ അടിമുടി ഒന്ന് നോക്കി. ആ കണ്ണുകളിൽ വഞ്ചനയില്ല. നിഷ്കളങ്കതയുണ്ട്.

"ഇല്ലടോ കുഴപ്പമില്ല, ഞാൻ നോക്കട്ടെ സ്റ്റേ വല്ലതും കിട്ടുമോന്നു" അവൾ പറഞ്ഞു.

സിദ്ധാർത് അവളെ തടഞ്ഞില്ല, അവർ ഇരുവരും രണ്ടു വഴിക്കു തിരിഞ്ഞു. മുന്നോട്ടൊരോ അടി വെക്കുമ്പോഴും, ഗായത്രിക്കു എവിടെ പോകുമെന്ന് ഒരു വ്യക്തതകുറവുള്ള പോലെ തോന്നി, മഴ വീണ്ടും കനക്കാൻ തുടങ്ങി, മഴകാറിൽ ഇരുട്ട് ഏറി വരുന്നു, ഇതുവരെ പരിചയമില്ലാത്ത ഒരാളെ എങ്ങനെ വിശ്വസിക്കും, അല്ലെങ്കിൽ അയാൾക്കൊപ്പം പോകാമായിരുന്നു, അവൾ മനസ്സിൽ ഓർത്തു, പൊടുന്നന്നെ ഒരു വെള്ളിടി മാനത്തു തെളിഞ്ഞു, ഗായത്രി നോക്കി നിൽക്കെ മുന്നിൽ ഏതാനും അടികൾ മാത്രം അകലെ നിന്നൊരു മരത്തെ രണ്ടായി പിളർത്തി അത് ഭൂമിയിലേക്ക് പതിച്ചു. അവൾ ആകെ ഭയന്നു നിലവിളിച്ചു പോയി, അപ്പോഴേക്കും സിദ്ധാർഥും ചന്ദ്രൻ ചേട്ടൻ്റെ കടയിൽ ഇരുന്നവരും ഓടി അവിടേക്കു എത്തിയിരുന്നു.

“കുഴപ്പം ഒന്നും ഇല്ലല്ലോ കുട്ടി?”, ചന്ദ്രൻ ചേട്ടൻ അവളോട് ചോദിച്ചു.

“ഇല്ല”, ഭയം വിട്ടുമാറാതെ വിറയ്ക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു.

“വീട് ഇവിടെ അടുത്താണോ ?”, രണ്ടാമതൊന്നു ചിന്തിക്കാത്ത അവൾ സിദ്ധാർഥിനോട് ചോദിച്ചു.

അവൻ അതെ എന്ന് തലയാട്ടി കുട അവൾക്കു നേരെ നീട്ടി .

സിദ്ധാർത്ഥിൻ്റെ വലിയ കറുത്ത കുടയ്ക്ക് കീഴിൽ, അവർ രണ്ടുപേരും നടന്നു, അപ്പോഴും അങ്ങിങ്ങായി എമണ്ടൻ ഇടി മുഴങ്ങുന്നുണ്ടായിരുന്നു.

ഗേറ്റ് കടന്ന് മുറ്റത്തെത്തിയ അവരെ വീടിൻ്റെ ഉമ്മറത്ത് വിളക്കുമായി ജാനകിയമ്മ കാത്തിരിക്കുണ്ടായിരുന്നു.

നനഞ്ഞു കുതിർന്ന പെൺകുട്ടിയെയും സിദ്ധാർത്ഥിനെയും കണ്ടപ്പോൾ അവരുടെ കണ്ണുകളിൽ തെല്ലൊരു ആശങ്ക പ്രതിഫലിച്ചു.

"ഇതാരാ സിദ്ധൂ...?"

"ഇത് ഗായത്രി, തൃശ്ശർ നിന്ന് വന്ന എൻ്റെ ഒരു സുഹൃത് ആണ് , ഇന്ന് ഇവിടെ നിൽക്കും.", ഗായത്രി സിദ്ധാർത്ഥിനെ ഒന്ന് നോക്കി.

"കേറി വാ കുട്ടീ... ആകെ നനഞ്ഞല്ലോ.", സംശയ ഭാവം മാറി ജാനകിയമ്മ ഗായത്രിയെ വാത്സല്യത്തോടെ അകത്തേക്ക് ക്ഷണിച്ചു.

ആ രാത്രി, മഴ തോരാതെ പെയ്തു. പക്ഷേ സിദ്ധാർത്ഥിൻ്റെ വീടിനുള്ളിലെ തണുപ്പ് മാറി, അവിടെ പുതിയൊരു ചൂട് പടരാൻ തുടങ്ങിയിരുന്നു.

സ്വർണ്ണക്കൂട്

(ഒരു വർഷം മുമ്പ്)

ചിലപ്പോൾ പ്രണയം യാഥാർത്ഥ്യങ്ങളെ മറച്ചു വെക്കുന്ന ഒരു മൂടുപടമാണ്. എന്നാൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ചിലപ്പോൾ ആ  മൂടുപടം അഴിഞ്ഞു വീഴും.

വിവാഹം കഴിച്ചില്ലെങ്കിലും ഗായത്രിയും സിദ്ധാർഥും ഒരുമിച്ചു ജീവിക്കാൻ തുടങ്ങിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുൻപ് എപ്പോഴോ ആണ് അവർ പരസ്പരം ഇഷ്ട്ടം തുറന്നു പറഞ്ഞത്. പിന്നീട് ഉള്ള നീണ്ട ഫോൺ കോളുകൾക്കും, മെസ്സേജുകൾക്കും ഒടുവിൽ അവർ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഗായത്രി ഇപ്പോൾ റിമോട്ട് ആയിട്ടാണ് ജോലി ചെയ്യുന്നത്, രണ്ടാഴ്ച കൂടുമ്പോൾ ഒരു ദിവസം തൃശ്ശൂർക്ക് പോകും, ബാക്കി മുഴുവൻ സമയവും സിദ്ധാർത്ഥിൻ്റെ ഒപ്പം തിരുനെല്ലിയിലെ തറവാട്ട് വീട്ടിൽ തന്നെ. അവൾ തൻ്റെ ബാക്ക്പാക്ക്, ട്രക്കിംഗ് ഷൂസ്, എല്ലാം ആ തറവാടിൻ്റെ മുകളിലെ നിലയിലുള്ള ഇരുണ്ട മുറിയിലെ അലമാരയിൽ പൂട്ടി വെച്ചിരിക്കുകയാണിപ്പോൾ. ആ അലമാരയുടെ താക്കോൽ സിദ്ധാർത്ഥിൻ്റെ കയ്യിൽ കൊടുക്കുമ്പോൾ അവൾ ചിരിക്കുകയായിരുന്നു.

"ഇനി എനിക്ക് ഇതൊന്നും വേണ്ട സിദ്ധൂ, എൻ്റെ യാത്രകൾ, ഇതാ  ഇവിടെ അവസാനിച്ചു, ഇനി നീയും ഞാനും നമ്മുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും, പിണക്കങ്ങളും മാത്രം " ആദ്യത്തെ കുറച്ചു മാസങ്ങൾ, ആ പറഞ്ഞത് സത്യമാണെന്ന് അവൾക്ക് തന്നെ തോന്നി. വയനാട്ടിലെ തണുപ്പും, സിദ്ധാർത്ഥിൻ്റെ കരുതലും അവളിലെ സഞ്ചാരിയെ ഏതാണ്ട് ഉറക്കിക്കിടത്തിയ മട്ടായിരുന്നു. സിദ്ധാർത്ഥ് സ്കൂളിൽ പോയിക്കഴിഞ്ഞാൽ, ജാനകിയമ്മയുടെ കൂടെ അവൾ അടുക്കളയിൽ കൂടും. അവൾക്ക് പാചകം അറിയില്ലായിരുന്നു. പക്ഷേ, സിദ്ധാർത്ഥിന് ഇഷ്ടപ്പെട്ട സാമ്പാർ ഉണ്ടാക്കാൻ അവൾ കഷ്ടപ്പെട്ട് പഠിച്ചു. കറികൾക്ക് ഉപ്പ് കൂടിയാലും , ചോറ് കുഴഞ്ഞു പോയാലും സിദ്ധാർത്ഥ് കുറ്റമൊന്നും പറയാതെ കഴിക്കുന്നത് കാണുമ്പോൾ അവൾക്ക് തോന്നി, "ഇതാണ് സന്തോഷം. ഇതാണ് ജീവിതം."

ചില ദിവസങ്ങളിലെ നീണ്ട മീറ്റിംഗുകൾ അവളെ വല്ലാതെ മടുപ്പിക്കുമ്പോൾ സിദ്ധാർഥ് അവളെയും കൂട്ടി പുഴയോരത്ത് പോയിരിക്കും. സിദ്ധാർത്ഥ് സ്കൂളിലെ കഥകൾ  പറയും, അവൻ പഠിപ്പിക്കുന്ന ചരിത്ര പാഠങ്ങളെക്കുറിച്ചു അവൻ വാചാലനാകും. ഗായത്രി അതെല്ലാം കൗതുകത്തോടെ കേട്ടിരിക്കും. ഇടയ്ക്ക് അവൾ അവനു വേണ്ടി പാട്ടു പാടും.

മാസങ്ങൾ കടന്നു പോയി, ഉള്ളിൻ്റെയുള്ളിൽ താൻ അഭിനയിക്കുകയാണോ എന്നൊരു തോന്നൽ ഇടയ്ക്കിടെ അവളെ അലട്ടി. ഒരു കാട്ടുപക്ഷി വളർത്തുകിളിയാകാൻ ശ്രമിക്കുന്ന ദയനീയമായ ഒരു അഭിനയം. മഴ മാറി മഞ്ഞ് വന്നു. സിദ്ധാർത്ഥിൻ്റെ ജീവിതത്തിന് ഒരു താളമുണ്ടായിരുന്നു. അത് ഒരു ക്ലോക്കിൻ്റെ സൂചി പോലെ കൃത്യമാണ്. രാവിലെ 6 മണിക്കു എഴുന്നേൽക്കുന്നു. 7 മണിക്കു പത്രം വായന. 8 മണിക്കു സ്കൂളിലേക്ക്. വൈകുന്നേരം 5 മണിക്കു തിരിച്ചെത്തുന്നു. രാത്രി 10 മണിക്കു ഉറക്കം. ഈ കൃത്യത, തുടക്കത്തിൽ ഗായത്രിക്ക് ഇഷ്ടമായിരുന്നു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ യാത്രകളിൽ നിന്നും തിരക്കുകളിൽ നിന്നും വന്ന അവൾക്ക്, ഏറെ കുറെ നാളെ എന്ത് സംഭവിക്കും എന്നറിയാവുന്ന ആ ജീവിതം ഒരാശ്വാസമായി തോന്നി.

എന്നാൽ പതിയെ, ആ കൃത്യത അവളെ അസ്വസ്ഥയാക്കാൻ തുടങ്ങി. അങ്ങനെ ഒരു ചൊവ്വാഴ്ച രാവിലെ, സിദ്ധാർത്ഥ് സ്കൂളിലും ജാനകിയമ്മ അമ്പലത്തിലും പോയി കഴിഞ്ഞു, ആ വലിയ വീട്ടിൽ തനിച്ചിരുന്നു ഗായത്രിയെ ആ വീടിൻ്റെ ഏകാന്തത വല്ലാതെ അലട്ടാൻ തുടങ്ങി. അവൾ ഉമ്മറത്ത് പോയി അൽപ്പ നേരം ഇരുന്നു, എന്നാൽ അവൾക്കു ഇരിപുറക്കുന്നുണ്ടായിരുന്നില്ല. ചുറ്റും കനത്ത നിശബ്ദത. എത്ര നിശബ്ദമെന്നാൽ, മുറ്റത്തെ മാവിൽ നിന്ന് ഒരു ഇല വീഴുന്ന ശബ്ദം പോലും വലിയൊരു സ്ഫോടനം പോലെ അവൾക്ക് തോന്നി. അവൾക്ക് ഒന്നും ചെയ്യാനില്ല, അന്നത്തെ വർക്ക് ഏതാണ്ട് തീർന്ന മട്ടാണ്, ഇനിയും പുതിയ പ്രോജെക്ടിൽ allocate ചെയ്താൽ മാത്രമേ എന്തെങ്കിലും കാര്യമായി ചെയ്യാൻ ഉള്ളു. വായിക്കാൻ പുസ്തകങ്ങളുണ്ട്, പക്ഷേ അക്ഷരങ്ങളിൽ ശ്രദ്ധ നിൽക്കുന്നില്ല. ടിവി വെച്ചു നോക്കി, പക്ഷേ വാർത്തകൾക്ക് അർത്ഥമില്ലെന്ന് തോന്നി. കുറെ നേരം ഫോണിൽ എന്തക്കൊയോ കണ്ടു, അവളുടെ സുഹൃത്തു ശ്രേയ ഹിമാചലിൽ എവിടെയോ യാത്ര പോയിരിക്കുന്നു, അതവളെ ചെറുതായൊന്നു അലോസരപ്പെടുത്തി. അവൾക്ക് സമയം കൊല്ലാൻ കഴിയുന്നില്ല. ഓരോ നിമിഷവും മണിക്കൂറുകൾ പോലെ നീളുന്നു. "ഇന്ന് ചൊവ്വ... നാളെ ബുധൻ... പിന്നെ വ്യാഴം..." അവൾ വിരലുകൾ മടക്കി എണ്ണി. എല്ലാ ദിവസവും ഒരേപോലെയാണ്. ഒരു മാറ്റവുമില്ല. വഴിയിൽ കാണുന്ന പുതിയ കാഴ്ചകളില്ല. അന്ന് വൈകുന്നേരം സിദ്ധാർത്ഥ് വന്നപ്പോൾ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു.

"എന്ത് പറ്റി ഗായത്രീ? പനിയുണ്ടോ?" അവൻ നെറ്റിയിൽ കൈ വെച്ചു നോക്കി.

"ഏയ്, ഒന്നുമില്ല. വെറുതെ..." അവൾ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ചിരിക്ക് തിളക്കമില്ലായിരുന്നു.

സിദ്ധാർത്ഥിനൊപ്പം താമസം മാറ്റിയിട്ടു അന്നേക്ക് ആറാം മാസം. ഗായത്രിയുടെ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. രാത്രിയിൽ സിദ്ധാർത്ഥ് ഗാഢമായി ഉറങ്ങുമ്പോൾ, അവൾ എഴുന്നേറ്റ് ജനലിനരികിൽ ചെന്നു നിൽക്കും. ദൂരെ ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ മങ്ങിയ വെളിച്ചം അവൾക്ക് കാണാം. ആ വെളിച്ചങ്ങൾ അവളെ മാടി വിളിക്കുന്നതുപോലെ തോന്നും.

"വാ... ഇറങ്ങി വാ...".

ഒരു ദിവസം അവൾ ജാനകിയമ്മയോട് ചോദിച്ചു, "ജാനകി അമ്മ, ഇവിടെ എപ്പോഴും ഇങ്ങനെയാണോ? ആരും വരാറില്ലേ? ബഹളമൊന്നുമില്ലേ?" ജാനകിയമ്മ ചിരിച്ചു. "ഇവിടെ ഇങ്ങനെയാ മോളേ. സിദ്ധുവിന് ഒച്ചപ്പാടൊന്നും ഇഷ്ടമല്ല. അവന് ശാന്തതയാ ഇഷ്ടം. അതാ ഞങ്ങളാരും അധികം സംസാരിക്കാത്തത്."

ആ 'ശാന്തത' ഗായത്രിക്ക് ഒരു ശവപ്പറമ്പിൻ്റെ മൂകതയായി മാറി. സിദ്ധാർത്ഥിൻ്റെ സ്നേഹം അവളെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകളായി അവൾക്ക് അനുഭവപ്പെട്ടു തുടങ്ങി. അവൻ ഓരോ തവണ "നീ കഴിച്ചോ?", "നീ ഓക്കേ അല്ലേ?" എന്ന് ചോദിക്കുമ്പോഴും, അവൾക്ക് ദേഷ്യം വന്നു തുടങ്ങി. ആ കരുതലിൽ അവൾ ശ്വാസം മുട്ടുകയായിരുന്നു.

അവൾ സിദ്ധാർത്ഥിനോട് പറയാൻ ശ്രമിച്ചു. "നമുക്ക് എവിടേക്കെങ്കിലും ഒന്ന് പോയാലോ സിദ്ധൂ? ഒരു രണ്ട് ദിവസത്തെ ട്രിപ്പ്?" സിദ്ധാർത്ഥ് മടിയോടെ തലയാട്ടി.

"ഇപ്പോ സ്കൂളിൽ പരീക്ഷാ സമയമല്ലേ ഗായത്രീ... അത് കഴിയട്ടെ. മാത്രമല്ല, നിനക്കറിയില്ലേ എനിക്ക് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന്." അവൾ പിന്നെ ചോദിച്ചില്ല. അവൻ മാറില്ലെന്ന് അവൾക്കറിയാം.

അങ്ങനെ ഒരു ദിവസം, സമയം ഉച്ചയ്ക്ക് രണ്ട് മണി. വെയിലിന് നല്ല ചൂടുണ്ട്. കാറ്റില്ലാത്തതുകൊണ്ട് മരങ്ങൾ അനങ്ങാതെ നിൽക്കുന്നു. പ്രകൃതി മുഴുവൻ ശ്വാസമടക്കി പിടിച്ചു നിൽക്കുന്നത് പോലെ. ഗായത്രി ഹാളിൽ നടക്കുകയായിരുന്നു. പത്ത് ചുവട് മുന്നോട്ട്. പത്ത് ചുവട് പുറകോട്ട്. അതൊരു ജയിലിലെ തടവുകാരിയുടെ നടത്തം പോലെയായിരുന്നു. അവളുടെ ഉള്ളിൽ ഒരു അഗ്നിപർവ്വതം പുകയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു ട്രെയിനിൻ്റെ കൂവൽ കേട്ടതുപോലെ അവൾക്ക് തോന്നി.

"ട്രെയിൻ!" അവൾ ജനാലക്കു അടുത്തേക്ക് ഓടി. പക്ഷേ പുറത്ത് ഒന്നുമില്ല. വയനാട്ടിൽ ട്രെയിനില്ലെന്ന് അവൾക്ക് അപ്പോൾ മാത്രമാണ് ഓർമ്മ വന്നത് . അത് അവളുടെ മനസ്സിൻ്റെ തോന്നലായിരുന്നു. അവൾക്ക് ആകെ ഒരു ഭയം തോന്നി. താൻ ഇവിടെത്തന്നെ നിന്നാൽ, ഈ നാലു ചുമരുകൾക്കുള്ളിൽ കിടന്ന് താൻ ഭ്രാന്തിയായിപ്പോകുമെന്ന് അവൾക്ക് തോന്നി.

"എനിക്ക് പോണം... എനിക്ക് പോണം..." അവൾ ശബ്ദമുണ്ടാക്കി പിറുപിറുത്തു.

അവൾ ഫോണെടുത്തു മാപ്‌സ് തുറന്നു, അടുത്ത് യാത്ര പോകാൻ പറ്റിയ ഒരിടം തിരഞ്ഞു, ഒന്നും കിട്ടുന്നില്ല,  അതിലെ നീല കടലുകളും, പല നിറത്തിലുള്ള രാജ്യങ്ങളും അവളെ നോക്കി പരിഹസിക്കുന്നത് പോലെ അവൾക്കു തോന്നി.

'നീ വലിയ സഞ്ചാരിയല്ലേ? എന്നിട്ട് നീ എവിടെയാ ഇപ്പോൾ? ഈ മലമുകളിൽ, അവൻ്റെ ഷർട്ടും ഇട്ട്, അടുക്കളപ്പണിയും ചെയ്ത്, സ്വയം നഷ്ടപ്പെട്ട്...' ആ ഭൂപടം സംസാരിക്കുന്നത് പോലെ അവൾക്ക് തോന്നി.

അവളുടെ നിയന്ത്രണം വിട്ടു. തലച്ചോറിൽ രക്തം ഇരച്ചു കയറി. അവൾ  ഫോൺ വലിച്ചു കട്ടിലിലേക്ക് എറിഞ്ഞു , "മിണ്ടരുത്....." .

അവൾ നിലത്തിരുന്ന് കിതച്ചു. കണ്ണുനീർ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നില്ല, പകരം തൊണ്ടയിൽ നിന്നൊരു ഞരക്കം മാത്രം പുറത്തുവന്നു.

വൈകുന്നേരം അഞ്ച് മണി. സ്കൂൾ വിട്ട് സിദ്ധാർത്ഥ് പടി കടന്നു വരുമ്പോൾ, ഉമ്മറത്ത് പതിവില്ലാത്ത ഒരു ശൂന്യത അവന് അനുഭവപ്പെട്ടു. അവൻ ഒരൽപം അങ്കലാപ്പോടെ  അകത്തേക്ക് കയറി.

ഹാളിലെ മേശപ്പുറത്തിരുന്നു കിട്ടിയ ഒരു കത്ത് ജാനകിയമ്മ അവനു നേരെ നീട്ടി പിടിച്ചു, ഗായത്രിയുടെ കത്തായിരുന്നു അത്.

“ഞാൻ ഒരു യാത്ര പോകുന്നു സിദ്ധു, കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കാണാം”

കത്തും എഴുതി വെച്ച് ഗായത്രി നേരെ വെച്ച് പിടിച്ചത് കർണാടകയിലെ ഹംപിയിലേക്കായിരുന്നു. മനോഹരമായ ഹംപിയുടെ ഹേമകൂട കുന്നുകളും, വിജയ വിഠല ക്ഷേത്രവും ഒകെ സന്ദർശിക്കുമ്പോഴും ഗായത്രിയുടെ മനസ്സ് അവളെ വല്ലാതെ അലട്ടിയിരുന്നു, സിദ്ധു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ പല വട്ടം മനസ്സിൽ ഓർത്തു, എന്നാൽ അവൻ ആ വീടും, നാടും വിട്ടു എങ്ങോട്ടും വരില്ലെന്ന് അവൾക്കു അതിനോടകം തന്നെ നന്നായി മനസ്സിലായിരുന്നു. അവരുടെ പ്രണയത്തിൻ്റെ ആദ്യ നാളുകളിൽ ഒക്കെയും അവളാണ് അവനെ കാണാൻ വയനാടിന് പോയിട്ടുള്ളത്, ഒരിക്കൽ പോലും അവൻ തൃശ്ശൂർക്കു ഒന്ന് വരാൻ ശ്രമിക്കുക പോലും ചെയ്തിട്ടില്ല.

യാത്രയിൽ ഒരു ചായക്കടയിൽ നിന്ന് ചായ കുടിക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അവൾ ഓർത്തു, “സിദ്ധു ഉണ്ടായിരുന്നെങ്കിൽ അവൻ മണിക്കൂറുകളോളം ഈ ചായക്കടയിൽ തന്നെ ഇരുന്നേനെ”.

ഇടയ്ക്കു എപ്പോഴോ അവൾ അവനെ വിളിക്കാൻ ഫോൺ എടുത്തതാണ്, പക്ഷെ വിളിച്ചില്ല, അവൻ്റെ കോളുകൾ എടുത്തതുമില്ല. ഞാൻ തിരികെ വരുമ്പോൾ സംസാരിക്കാം, ഒരു മെസ്സേജ് അവൾ അവനു അയച്ചു.

യാത്ര കഴിഞ്ഞു അവൾ തിരിച്ചു വയനാട്ടിൽ എത്തിയപ്പോൾ, ഉമ്മറത്തു ഒരു പുസ്തകവും വായിച്ചു സിദ്ധു ഇരിപ്പുണ്ടായിരുന്നു.

ഗായത്രിയെ കണ്ടതും അവൻ്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം വന്ന പോലെ അവൾക്കു തോന്നി.

“നല്ലയാളാണ്, ഒരു കത്തും എഴുതി വെച്ച് അങ്ങ് മുങ്ങിയല്ലേ, ഞാൻ വന്നിട്ട് പോകാമായിരുന്നു തനിക്കു”, അവൻ പരിഭവം പറഞ്ഞു, ഗായത്രി മറുപടി ഒന്നും പറയാതെ ഉള്ളിലേക്ക് കയറി . 

“ആട്ടെ, എങ്ങോട്ടായിരുന്നു യാത്ര ?” സിദ്ധു കൗതകത്തോടെ ചോദിച്ചു.

“ഹംപി”, അവൾ മറുപടി പറഞ്ഞു.

“ഹമ്പോ, അപ്പോൾ ഗ്രാൻഡ് ആയിരുന്നല്ലോ, എങ്ങനുണ്ടായിരുന്നു”

“കൊള്ളാമായിരുന്നു”

ഒറ്റ വാക്കിലുള്ള ഗായത്രിയുടെ മറുപടി സിദ്ധാർത്ഥിനെ ഒന്ന് അസ്വസ്ഥനാക്കി.

“എഡോ, എന്ത് പറ്റി, താൻ ഓക്കേ അല്ലെ” അവൻ അവോളോടായി ചോദിച്ചു.

അവൻ്റെ ആ ചോദ്യം ഗായത്രിയെ അപ്പോൾ വല്ലാതെ അസ്വസ്ഥ ആക്കി, അവൾക്കു വല്ലാതെ ദേഷ്യം വരുന്നത് പോലെ അവൾക്കു തോന്നി.

“സിദ്ധു നീ എപ്പോഴും ഞാൻ ഓക്കേ ആണോ, ഓക്കേ ആണോന്നു ചോദിക്കണമെന്നില്ല, ഞാൻ ഓക്കെ ആണ്”, അവൾ സ്വൽപ്പം ശബ്‌ദമുയർത്തി മറുപടി പറഞ്ഞു. 

തൻ്റെ യാത്രകളിൽ താൻ ജീവന് തുല്യം സ്നേഹിക്കുന്ന തൻ്റെ പാർട്ണർ കൂടെ ഉണ്ടാവണം എന്നൊരു തോന്നൽ അവളിൽ ആ ഹംപി യാത്ര ഉണ്ടാക്കിയിരിക്കുന്നു. ഒറ്റക്കുള്ള യാത്രകൾ ഇപ്പോൾ അവൾക്കു ആസ്വദിക്കാനാകുന്നില്ല, തനിക്കിതു എന്ത് പറ്റിയെന്നു അവൾക്കു ഒട്ടും തന്നെ മനസ്സിലാവുന്നില്ലായിരുന്നു.

സിദ്ധാർത് മറുപടി ഒന്നും പറഞ്ഞില്ല, മറ്റൊന്നും മിണ്ടാതെ അവൾ മുറിക്കുളിലേക്കു പോയി.

രണ്ടു ദിവസം അവർ തമ്മിൽ വല്യ മിണ്ടാട്ടം ഒന്നും ഇല്ലായിരുന്നു. സിദ്ധാർഥ് ഇടയ്ക്കിടെ അവോളുടെ മിണ്ടാൻ ശ്രമിച്ചു, പക്ഷെ അവൾ അവനെ ഒഴിവാക്കി.

സ്കൂളിലേക്ക് പോകാൻ ഇറങ്ങുന്ന സമയം ഉമ്മറത്തിരുന്ന ഗായത്രിയെ കണ്ടു അവളോടായി സിദ്ധാർഥ് പറഞ്ഞു,

“ഇനി താൻ ഓക്കേ ആണോന്നു ഞാൻ ചോദിക്കുന്നില്ല”, അതിൽ ഒരൽപം നർമ്മം ചാലിക്കാൻ അവൻ ശ്രമിച്ചു.

“ഐ ആം സോറി സിദ്ധു” ഗായത്രി അവൻ്റെ മുഖത്തു നോക്കാതെ പറഞ്ഞു.

“എന്തേലും ഉണ്ടേൽ തനിക്കു എന്നോട് പറയാം കേട്ടോ” - സിദ്ധാർഥ് അതും പറഞ്ഞു പോകാൻ ഇറങ്ങി.

“എഡോ, എനിക്ക് യാത്ര ചെയ്യാതിരിക്കാൻ പറ്റുന്നില്ല” - ഗായത്രി പറഞ്ഞു.

“അതിനെന്താ, തന്നെ ആരും ഇവിടെ കെട്ടിയിട്ടിട്ടു ഒന്നുമില്ല, തനിക്കു തൻ്റെ ഇഷ്ടം പോലെ യാത്ര ചെയ്യാമല്ലോ”. സിദ്ധു പറഞ്ഞു.

ഗായത്രി ഒന്നും പറഞ്ഞില്ല.

“എന്താ” സിദ്ധാർഥ് ചോദിച്ചു.

“ഒന്നുമില്ല”

“പിന്നെ ?”

“ഹംപിയിൽ ഒരു ചായക്കട ഉണ്ടായിരുന്നു”

സിദ്ധാർഥ് അവളെ നോക്കി.

“നിനക്ക് ഇഷ്ടപെടുന്ന തരത്തിലുള്ള ഒരിടം”

“അതിന് ?”

“ഒന്നുമില്ല”

ഒന്ന് ചെറുതായി പുഞ്ചിരിച്ചു അവൾ അകത്തേക്ക് നടന്നു. സിദ്ധാർത്ഥിന് ഒന്നും മനസിലായില്ല.

ആ വീട്ടിലെ നിശബ്ദത വീണ്ടും അവളെ അലോസര പെടുത്തി. അവൾ നേരെ ചെന്നത് അവളുടെ ബാക്ക് പാക്ക് വെച്ചിരുന്ന ആ മുറിയിലേക്കാണ്, അലമാര തുറന്നു അവൾ ആ ബാഗ് പുറത്തെടുത്തു. കുറച്ചു നേരം അവൾ ആ ബാഗിൽ തന്നെ നോക്കി നിന്നു. ബാഗ് പുറത്തു വെച്ച് അവൾ ആ അലമാര അടച്ചു.

പലായനം

(ആറ് മാസം മുമ്പ്)

സിദ്ധാർത്ഥിന് ഇപ്പോഴും അവളുടെ നിസ്സംഗതക്കുള്ള കാരണം മനസ്സിലായിട്ടില്ല. അവനതിൽ അസ്വസ്ഥനായിരുന്നു. 

ഒരിക്കൽ ഒരു ഗോകർണ യാത്രയിൽ, ബീച്ചിൽ അസ്തമയ സൂര്യൻ്റെ കിരണങ്ങൾ ഏറ്റു ഇരിക്കുന്ന വേളയിൽ, ഫോൺ കയ്യിൽ എടുത്ത് സിദ്ധാർത്ഥിനു ഒരു മെസ്സേജ് അയക്കാൻ ഗായത്രി ശ്രമിച്ചു, എന്തെക്കെയോ ടൈപ്പ് ചെയ്ത ശേഷം അത് ഡിലീറ്റ് ചെയ്തു ഫോൺ മാറ്റിവെച്ചു.

“ഞാൻ എന്തെങ്കിലും പറയാൻ പാടില്ലാത്തതു പറഞ്ഞോ തന്നോട്?” - ഒരു ദിവസം ഭക്ഷണം കഴിക്കുന്നതിനിടെയിൽ സിദ്ധാർഥ് ഗായത്രിയോട് ചോദിച്ചു.

"നീ ഒന്നും പറയുന്നില്ല, അതാണ് പ്രശനം” - ഒന്ന് ആലോചിച്ച ശേഷം അവൾ പറഞ്ഞു.

അവനൊന്നും മറുപടി പറഞ്ഞില്ല, ഭക്ഷണം പാതിയാക്കി അവൻ അവിടെ നിന്ന് പോയി.

അങ്ങനെ ഒരു ദിവസം ഗായത്രി താൻ കൂർഗിലേക്കു യാത്ര തിരിക്കുവാണെന്നു സിദ്ധാർഥിനോട് പറഞ്ഞു. എപ്പോഴത്തെയും പോലെ, യാത്ര പോകുന്നതിനു മുൻപ് ഉള്ള ഒരു ചടങ്ങു, എന്നാൽ ഇത്തവണ അവളെ ഞെട്ടിച്ചു കൊണ്ട് സിദ്ധാർത് പറഞ്ഞു “ഞാനും ഉണ്ട് ഇത്തവണ തൻ്റെ കൂടെ”

ഗായത്രിക്ക് വിശ്വസിക്കാനായില്ല. "നീ സീരിയസ് ആണോ സിദ്ധൂ?", സന്തോഷം അടക്കാനാവാതെ അവൾ ചോദിച്ചു.

“അതെ” - അവൻ പറഞ്ഞൊപ്പിച്ചു. 

സ്കൂളിൽ നിന്നും ലീവും വാങ്ങി അവർ പുറപ്പെട്ടു.

പോകുന്ന വഴികളിലെല്ലാം സിദ്ധാർഥ് ആകെ അസ്വസ്ഥനായിരുന്നു. ആൾക്കൂട്ടം അവനെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. സ്കൂളിൽ കുട്ടികൾക്ക് മുൻപിൽ അവനു ക്ലാസ് എടുക്കാം, ചന്ദ്രൻ ചേട്ടൻ്റെ ചായക്കടയിൽ പരിചിതമായ മുഖങ്ങൾക്കൊപ്പം നിശബ്തനായി ഇരുന്നാൽ പോലും അവരുടെ ചർച്ചകൾ കേൾക്കാൻ കഴിയുന്ന സിദ്ധാർത്ഥിന് പരിചിതമല്ലാത്ത മുഖങ്ങളും സന്ദർഭങ്ങളും ഒരിക്കലും നേരിടാൻ ആയിരുന്നില്ല.

അവർ അങ്ങനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. തിരക്കുള്ള പ്ലാറ്റ്‌ഫോം. അനൗൺസ്‌മെന്റുകളുടെ കാതടപ്പിക്കുന്ന ശബ്ദം. ആളുകൾ തിക്കിത്തിരക്കുന്നു. വിയർപ്പിൻ്റെയും, പഴകിയ ഭക്ഷണത്തിൻ്റെയും, പിന്നെ ഏന്തിൻ്റെയോക്കയോ മണം കലർന്ന വായു. ട്രെയിൻ വരാറായപ്പോൾ സിദ്ധാർത്ഥിൻ്റെ മുഖം വിളറി വെളുത്തു. അവൻ്റെ കൈകൾ വിറയ്ക്കാൻ തുടങ്ങി. നെഞ്ചിൽ ആരോ വലിയൊരു പാറ എടുത്തു വെച്ചതുപോലെ. വായു കിട്ടുന്നില്ല. കണ്ണുകൾക്ക് മുൻപിൽ എല്ലാം കറങ്ങുന്നു. ആളുകളുടെ ശബ്ദം ഒരു വലിയ ഇരമ്പലായി മാറുന്നു.

"സിദ്ധൂ?" ഗായത്രി വിളിച്ചു. അവളുടെ ശബ്ദം അവന് വളരെ ദൂരെ നിന്നെന്ന പോലെയാണ് കേട്ടത്. അവന് മറുപടി പറയാൻ കഴിഞ്ഞില്ല. അവൻ തൻ്റെ ഷിർട്ടിൻ്റെകോളറിൽ പിടിച്ചു വലിച്ചു. വിയർപ്പുകൊണ്ട് ശരീരം കുളിച്ചു. അവൻ്റെ 'സേഫ് സോൺ' വിട്ടുപോയതിൻ്റെ പാനിക് അറ്റാക്ക് അവനിൽ പ്രകടം ആയിരുന്നു. ട്രെയിൻ വന്നു നിന്നു. വാതിലുകൾ തുറന്നു. ആളുകൾ തിരക്കിട്ട് കയറുന്നു. ഗായത്രി ട്രെയിനിലേക്ക് കയറാൻ ആഞ്ഞു. പക്ഷെ സിദ്ധാർത്ഥ് അനങ്ങിയില്ല. അവൻ അവിടെത്തന്നെ തറഞ്ഞു നിന്നു. ഒരു പ്രതിമ പോലെ.

"സിദ്ധൂ, വാ... ട്രെയിൻ പോകും," ഗായത്രി കൈ നീട്ടി. സിദ്ധാർത്ഥ് നിസ്സഹായമായി അവളെ നോക്കി. ആ കണ്ണുകളിൽ മരണം കണ്ടവൻ്റെ ഭയമായിരുന്നു. അവന് കാല് അനക്കാൻ പോലുമാകുന്നില്ല. ട്രെയിൻ വിട്ടു. ഗായത്രി കയറിയില്ല. അവൾ തിരികെ പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങി. അവൾ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു. പ്ലാറ്റ്‌ഫോമിലെ അഴുക്കിൽ മുട്ടുകുത്തിയിരുന്ന് അവൻ ഛർദ്ദിച്ചു. ആളുകൾ അവരെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.

"സോറി... സോറി ഗായത്രി..." അവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

"എന്നെക്കൊണ്ട് പറ്റുന്നില്ല. ഞാൻ ശ്രമിച്ചു... പക്ഷേ..."

ഗായത്രി അവൻ്റെ മുടിയിൽ തലോടി. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

"സാരമില്ല സിദ്ധൂ... സാരമില്ല." അവൾക്കറിയാമായിരുന്നു, അവനെ കൊണ്ടുപോകാൻ ശ്രമിക്കുന്നത്, വെള്ളത്തിൽ നിന്ന് മീനിനെ കരയിലിടുന്നത് പോലെയാണെന്ന്. അവൻ പിടഞ്ഞു മരിക്കും. രണ്ടുപേർക്കും അവരുടേതായ ലോകമുണ്ട്. ആ ലോകങ്ങൾ തമ്മിൽ ചേരില്ല. അതൊരു ക്രൂരമായ സത്യമായിരുന്നു.

സമാന്തരങ്ങൾ

(ഇന്നലെ രാത്രി)

ആ രാത്രി അവർ ഉറങ്ങിയില്ല. വീടിൻ്റെ പുറത്തു വലിഞ്ഞു കയറി നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന് താഴെ അവർ കിടന്നു.

"നമ്മൾ പരാജയപ്പെട്ടോ സിദ്ധൂ?" ഗായത്രി ചോദിച്ചു.

സിദ്ധാർത്ഥ് കുറച്ചുനേരം മൗനമായി കിടന്നു. പിന്നെ പറഞ്ഞു,

"ഇല്ല. നമ്മൾ ജയിക്കുകയാണ് ചെയ്യുന്നത്. ഭൂരിഭാഗം ആളുകളും സമൂഹത്തെ പേടിച്ച്, വെറുപ്പോടെ ഒരുമിച്ച് ജീവിക്കും. നമ്മൾ സ്നേഹത്തോടെ പിരിയുന്നു. നോക്ക് ഗായത്രി, സ്നേഹം എന്നത് സ്വന്തമാക്കലല്ല. നമ്മൾ രണ്ടുപേരും രണ്ട് വഴികളിലൂടെ സഞ്ചരിക്കേണ്ടവരാണ്."

"നമുക്ക് അഡ്ജസ്റ്റ് ചെയ്തൂടെ?" അവൾ ചോദിച്ചു.

ശബ്ദത്തിൽ നേരിയ പ്രതീക്ഷയുണ്ടായിരുന്നു.

"അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാം ഗായത്രി. പക്ഷേ അങ്ങനെ ജീവിച്ചാൽ നമ്മൾ സന്തോഷത്തോടെ ഇരിക്കുമോ?” സിദ്ധാർത്ഥ് ഉറപ്പിച്ചു പറഞ്ഞു.

"ഞാൻ നിനക്ക് വേണ്ടി മാറിയാൽ, ഞാൻ ഞാനല്ലാതാകും. നീ എനിക്ക് വേണ്ടി മാറിയാൽ, നീ നീയല്ലാതാകും. പിന്നെ നമ്മൾ സ്നേഹിക്കുന്നത് രണ്ട് അപരിചിതരെ ആയിരിക്കും. കുറച്ചു കഴിയുമ്പോൾ നമ്മൾ പരസ്പരം കുറ്റപ്പെടുത്തും. അത് വേണോ?"

ഗായത്രി ഇല്ലെന്ന് തലയാട്ടി.

"വേണ്ട. എനിക്ക് നിന്നെ വെറുക്കാൻ വയ്യ. എനിക്ക് നിന്നെ സിദ്ധുവായിട്ട് തന്നെ ഓർമ്മിക്കണം."

"അതുകൊണ്ട്, നമ്മൾ സ്നേഹത്തോടെ പിരിയുന്നു" സിദ്ധാർഥ് പറഞ്ഞു.

അതൊരു തത്വശാസ്ത്രമായിരുന്നില്ല. അതായിരുന്നു അവരുടെ യാഥാർത്ഥ്യം. അവർ പരസ്പരം കൈകോർത്തു പിടിച്ചു. ആ രാത്രിക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.

അവസാനത്തെ അത്താഴം

വയനാട് ചുരത്തിൻ്റെ ഒമ്പതാം വളവും പിന്നിട്ട് ലക്കിടിയിലെത്തും മുൻപേ, കോടമഞ്ഞ് ഒരു വെളുത്ത സമുദ്രം പോലെ താഴേക്ക് ഒഴുകിയിറങ്ങുന്ന വിജനമായ ഒരിടം. സമയം വൈകുന്നേരം ആറുമണി കഴിഞ്ഞിരിക്കുന്നു. പകൽവെളിച്ചം വഴിമാറാൻ മടിച്ചുനിൽക്കുന്ന ആ സന്ധ്യാസമയത്ത്, തണുപ്പ് സൂചികൾ പോലെ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. റോഡരികിലെ ഒരു വലിയ പാറക്കെട്ടിനോട് ചേർന്ന് സിദ്ധാർത്ഥിൻ്റെ പഴയ, നിറം മങ്ങിയ മഹീന്ദ്ര ജീപ്പ് നിർത്തിയിട്ടിരിക്കുന്നു. ചുറ്റും കനത്ത നിശബ്ദത മാത്രം. ഇടയ്ക്കിടെ ചീവീടുകളുടെ കരച്ചിൽ ആ നിശബ്ദതയെ മുറിവേൽപ്പിക്കുന്നുണ്ട്. ജീപ്പിൻ്റെ ബോണറ്റിൽ, ആ വന്യമായ പ്രകൃതിക്ക് ഒട്ടും ഇണങ്ങാത്ത ഒരു കാഴ്ചയുണ്ടായിരുന്നു. ഒരു ബ്ലാക്ക് ഫോറസ്റ്റ് കേക്ക്. അതിലൊരു മെഴുകുതിരി കാറ്റിൽ അണയാതെ കഷ്ടപ്പെട്ട് പിടിച്ചുനിൽക്കുന്നു. ആ മെഴുകുതിരിയുടെ മഞ്ഞ വെളിച്ചത്തിൽ, കേക്കിന് മുകളിൽ വെള്ള ക്രീം കൊണ്ട് എഴുതിയ അക്ഷരങ്ങൾ തെളിഞ്ഞു കണ്ടു. എഴുതിയ കൈകൾ വിറച്ചിട്ടുണ്ടാവണം, അക്ഷരങ്ങൾ ആകെ പതറി നിന്നിരുന്നു "Happy Breakup" (ഹാപ്പി ബ്രേക്കപ്പ്).

ഗായത്രി ജീപ്പിൻ്റെ വശത്ത് കൈകെട്ടി നിൽക്കുകയാണ്. അവളുടെ നീളം കുറഞ്ഞ മുടി കാറ്റിൽ പാറി പറക്കുന്നുണ്ടായിരുന്നു. സാധാരണ അവൾ അത് ഒരു കറുത്ത റബ്ബർ ബാൻഡ് കൊണ്ട് കെട്ടിവെക്കാറാണ് പതിവ്. പക്ഷേ ഇന്ന് അവൾ അത് സ്വതന്ത്രമായി വിട്ടിരിക്കുന്നു. അവളുടെ കണ്ണുകളിൽ നനവില്ല. ഒരു തുള്ളി കണ്ണീർ പോലും ആ കവിളിലൂടെ ഒഴുകുന്നില്ല. പകരം, ഒരു വലിയ യുദ്ധം കഴിഞ്ഞ്, ജയമാണോ തോൽവിയാണോ എന്ന് തിരിച്ചറിയാനാവാതെ മരവിച്ചുപോയ ഒരു പടയാളിയുടെ ശാന്തതയായിരുന്നു.

"ഇത് വല്ലാത്തൊരു വിരോധാഭാസമാണ് സിദ്ധൂ..." ഗായത്രി പറഞ്ഞു. അവളുടെ ശബ്ദം കാറ്റിൽ നേർത്തു പോയി.

"നമ്മൾ കരയേണ്ട സമയമല്ലേ ഇത്? സിനിമയിലൊക്കെ കാണുന്നതുപോലെ, കെട്ടിപ്പിടിച്ച്, 'എന്നെ വിട്ടുപോകല്ലേ' എന്ന് പറഞ്ഞ് അലമുറയിട്ട് കരയേണ്ട സമയം?" സിദ്ധാർത്ഥ് ജീപ്പിൻ്റെ ബോണറ്റിൽ ചാരിയിരുന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. പകരം, ആ മെഴുകുതിരി നാളത്തിലേക്ക് തന്നെ നോക്കിയിരുന്നു. അവൻ്റെ കണ്ണടയിൽ ആ തീനാളം പ്രതിഫലിച്ചു.

"നമ്മൾ സിനിമയിലല്ലല്ലോ ഗായത്രി. ജീവിതത്തിലല്ലേ,"

സിദ്ധാർത്ഥ് മെല്ലെ ചിരിച്ചു. ആ ചിരിയിൽ പരിഹാസമില്ലായിരുന്നു, നിസ്സഹായത മാത്രം.

"ഇവിടെ നിലവിളിച്ചാൽ കേൾക്കാൻ നമ്മൾ രണ്ടുപേരല്ലാതെ വേറെ ആരുമില്ല. ഈ മരങ്ങളും മഞ്ഞും മാത്രം. പിന്നെ, കരഞ്ഞാൽ തീരുന്ന സങ്കടമേ നമുക്കുള്ളൂ എങ്കിൽ, നമ്മൾ എന്നേ പിരിയുമായിരുന്നു. ഇതിത്തിരി ആഴമുള്ള മുറിവാണ്."

ഗായത്രി കേക്ക് മുറിക്കാൻ കത്തി കയ്യിലെടുത്തു. കത്തി താഴേക്ക് അമരുമ്പോൾ അവളുടെ കൈ വിറച്ചു. അത് തണുപ്പുകൊണ്ടായിരുന്നില്ല. മൂന്ന് വർഷത്തെ ഓർമ്മകളെയാണ് താൻ മുറിച്ചുമാറ്റുന്നത് എന്ന തിരിച്ചറിവ് അവളിലുണ്ടായിരുന്നു. ആദ്യത്തെ കഷ്ണം അവൾ അവന് നീട്ടി.

"ഇത്... എൻ്റെ ഭ്രാന്തുകളെ സ്നേഹിച്ചതിന്. ലോകം മുഴുവൻ എന്നെ 'അലവലാതി' എന്ന് വിളിച്ചപ്പോൾ, എന്നെ 'സഞ്ചാരി' എന്ന് വിളിച്ചതിന്." - അവൾ ചിരിച്ചു. സിദ്ധാർത്ഥ് അത് വാങ്ങി. അവൻ്റെ വിരലുകൾ അവളുടെ വിരലുകളിൽ തൊട്ടു. ആ സ്പർശനത്തിൽ ആയിരം വാക്കുകളുണ്ടായിരുന്നു. അവൻ തിരിച്ചൊരു കഷ്ണം അവൾക്ക് കൊടുത്തു.

"ഇത്... എന്നെ ഞാനായിരിക്കാൻ അനുവദിച്ചതിന്. " അവർ കേക്ക് കഴിച്ചു. ലോകത്തിലെ ഏറ്റവും രുചിയുള്ള കേക്കിന് അന്ന് കയ്പ്പുരസമായിരുന്നു. തൊണ്ടയിൽ എന്തോ തടയുന്നതുപോലെ. ഓരോ ഉരുളയും ഇറക്കാൻ അവർ പാടുപെട്ടു.

"നാളെ ഈ സമയം..." ഗായത്രി മുകളിലേക്ക് നോക്കി. ആകാശത്ത് നക്ഷത്രങ്ങൾ തെളിഞ്ഞു തുടങ്ങിയിരുന്നു.

"ഞാൻ ഡൽഹിയിലേക്കുള്ള ട്രെയിനിലായിരിക്കും. ഒരുപക്ഷേ ആഗ്രയിലോ, വാരണാസിയിലോ ഒക്കെ അലയുകയായിരിക്കും. നീ നിൻ്റെ സ്കൂളിലെ കുട്ടികൾക്ക് ബ്രിട്ടീഷ് ഇന്ത്യയെ പറ്റി  ക്ലാസ് എടുക്കുവായിരിക്കും."

"അതെ," സിദ്ധാർത്ഥ് തലയാട്ടി.

"നീ കാത്തിരിക്കുമോ സിദ്ധൂ?" അവൾ പെട്ടെന്ന് ചോദിച്ചു.

ആ ചോദ്യം ആ മഞ്ഞിൽ തങ്ങിനിന്നു. അതൊരു പ്രതീക്ഷയല്ലായിരുന്നു, മറിച്ച് വെറുമൊരു ചോദ്യം മാത്രം. സിദ്ധാർത്ഥ് അവളെ നോക്കി. ആ നോട്ടത്തിൽ കള്ളങ്ങളില്ലായിരുന്നു.

"ഇല്ല ഗായത്രി. ഞാൻ കാത്തിരിക്കില്ല." അവൻ പച്ചയായ സത്യം പറഞ്ഞു.

"കാത്തിരുന്നാൽ അത് പ്രതീക്ഷയാകും. ഓരോ ഫോൺ കോളിനും, ഓരോ മെസ്സേജിനും വേണ്ടി ഞാൻ കാത്തിരിക്കും. നീ വിളിക്കാത്തപ്പോൾ എനിക്ക് നിരാശ വരും, പിന്നെ ദേഷ്യം വരും. നമ്മൾ തമ്മിലുള്ള ഈ ഭംഗി, അത് നശിച്ചുപോകും. അതുകൊണ്ട് ഞാൻ കാത്തിരിക്കില്ല. പക്ഷേ... ഞാൻ ഓർക്കും. എന്നും"

“എന്താണല്ലേ, നിൻ്റെ വാക്കുകൾ എഴുതി വിറ്റാൽ ചിലപ്പോൾ പൈങ്കിളി നോവലുകളും കഥകളും വായിക്കുന്ന പിള്ളേർക്കിടയിൽ ഫേമസ് ആവാം” - ഗായത്രി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ബോറായി അല്ലെ” - സിദ്ധാർഥ് ചോദിച്ചു.

“ചെറുതായിട്ട്” - ഗായത്രി അവനെ തന്നെ നോക്കി നിന്നു. വല്ലാത്തൊരു നെഞ്ചിടച്ചിൽ അവർക്കിരുവർക്കും ഉള്ള പോലെ തോന്നി.

യാത്രയയപ്പ്

(ഇപ്പോൾ)

കേക്ക് കഴിച്ചു കഴിഞ്ഞ് അവർ തിരിച്ചിറങ്ങി. ബസ് സ്റ്റോപ്പിൽ ബസ് വന്നു നിൽക്കുമ്പോൾ ചുറ്റും ഇരുട്ട് പരന്നിരുന്നു. ബസ്സിൻ്റെ ഹെഡ്‌ലൈറ്റ് മഞ്ഞിൽ തുളച്ചുകയറുന്നു. ഗായത്രി തൻ്റെ ബാക്ക് പാക്ക് തോളിലിട്ടു. അവൾ സിദ്ധാർത്ഥിന് നേരെ തിരിഞ്ഞു. അവസാനമായി ഒരു ചുംബനം? ഒരു ആലിംഗനം? അവർ അതൊന്നും ചെയ്തില്ല. അത് ചെയ്താൽ ആ നിമിഷം അവർക്ക് പിരിയാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. ശരീരത്തിൻ്റെ ഭാഷയേക്കാൾ വലുതായിരുന്നു അവരുടെ മൗനത്തിൻ്റെ ഭാഷ.

"നിൻ്റെ മരുന്ന് കഴിക്കാൻ മറക്കരുത്," ഗായത്രി ഓർമ്മിപ്പിച്ചു. ഒരു അമ്മ കുട്ടിയോട് പറയുന്നതുപോലെ. "

നിൻ്റെ യാത്രകളിൽ സൂക്ഷിക്കണം. ഇടയ്ക്ക് എവിടെയെങ്കിലും ഒന്ന് നിൽക്കണം," സിദ്ധാർത്ഥ് മറുപടി നൽകി.

അവൾ ബസ്സിൽ കയറി. ജനലിനരികിൽ ഇരുന്നു. ബസ്സിൻ്റെ എൻജിൻ ഇരമ്പി. ഗായത്രിക്ക് ആ ശബ്ദം സംഗീതം പോലെ തോന്നി. ബസ് നീങ്ങിത്തുടങ്ങി. അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി. സിദ്ധാർത്ഥ് അവിടെത്തന്നെ നിൽക്കുന്നു. അനങ്ങാതെ. ജീപ്പിൻ്റെ മങ്ങിയ വെളിച്ചത്തിൽ ഒരു ശില്പം പോലെ. അവൻ്റെ ചുറ്റും കോടമഞ്ഞ് നിറയുന്നു. അവൻ കൈ വീശിയില്ല. വെറുതെ നോക്കി നിന്നു. ബസ് ദൂരേക്ക് പോകുന്തോറും അവൻ ഒരു ചെറിയ ബിന്ദുവായി മാറി. ഒടുവിൽ മഞ്ഞിൽ മാഞ്ഞുപോയി. ഗായത്രി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. അവളുടെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിനൊപ്പം വല്ലാത്തൊരു സ്വാതന്ത്ര്യവും അവൾ അനുഭവിക്കുന്നുണ്ടായിരുന്നു.

സിദ്ധാർത്ഥ് തിരികെ തൻ്റെ ജീപ്പിലേക്ക് നടന്നു. അവൻ സ്റ്റിയറിങ്ങിൽ തല വെച്ച് കുറച്ചുനേരം ഇരുന്നു. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു. ചുറ്റും കാടിൻ്റെ നിശബ്ദത. അവന് പ്രിയപ്പെട്ട നിശബ്ദത. പക്ഷെ ഇന്ന് അതിന് വല്ലാത്തൊരു ശൂന്യതയുണ്ട്. അവൻ ആകാശം നോക്കി. എവിടെയോ ഒരു വിമാനം പറന്നുപോകുന്നതിൻ്റെ മിന്നുന്ന വെളിച്ചം കാണാം. അവൻ ചിരിച്ചു. കണ്ണുകൾ നിറഞ്ഞിരുന്നു. ജീപ്പ് മഞ്ഞിലൂടെ സാവധാനം മുന്നോട്ട് നീങ്ങി.

പിറ്റേന്നു പതിവ് പോലെ ചന്ദ്രൻ ചേട്ടൻ്റെ കടയിൽ ഒരു മൂലക്ക് ചായയും കുടിച്ചു സിദ്ധാർത്ഥ് ഇരുന്നു, അവൻ്റെ മുന്നില്ലേ ബെഞ്ച് ഇപ്പോൾ ശൂന്യമാണ്, അവിടെ ആരും ഇരിക്കുന്നില്ല.

(അവസാനിച്ചു)