മാറൊലി

മാറൊലി

2025-12-20 • horror, psycological, myth
Go Back

അതിരാവിലെ തന്നെ അയല്പക്കത്തെ നായയുടെ ഉച്ചത്തിലുള്ള കുര കേട്ടാണ് അഭിരാമി തൻ്റെ ഉറക്കം ഉണരുന്നത്. മലയാള സിനിമയിൽ വളരെ തിരക്കേറിയ ഒരു ഓഡിയോ എഞ്ചിനീയർ ആയിരുന്നു അവൾ. രാത്രി ഏറെ വൈകിയും തൻ്റെ മിക്സിങ് ടേബിളിൽ ചിലവഴിച്ചതിന് ശേഷം ആണ് തലേ ദിവസം അവൾ ഉറങ്ങാൻ കിടന്നതു. ഉറക്കച്ചടവോടെ അവൾ ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ കാണുന്നത് പരിഭ്രാന്തനായി നിൽക്കുന്ന പുതിയ പാൽകാരനെയും അയാൾക്കു നേരെ കുരച്ചു കൊണ്ട് നിൽക്കുന്ന അയൽക്കാരുടെ നായയും ആണ്. ഉറക്കച്ചടവിൽ കർട്ടൻ തിരിച്ചു വലിച്ചിട്ടു അവൾ തിരികെ കട്ടിലിലേക്ക് തന്നെ ചാഞ്ഞു. കണ്ണിലേക്കു മയക്കം തിരികെ വരുന്നതിനിടെക്കു ആണ് അവൾ നായയുടെ കുരച്ചിൽ ഒന്നൂടി ശ്രദ്ധിച്ചത്. സാധാരണ ഉള്ള നായയുടെ കുരയിൽ നിന്ന് ഒരു വ്യത്യസ്തത ആ കുരച്ചിലിൽ ഉണ്ടായിരുന്നു. ശബ്ദങ്ങളും ശബ്ദങ്ങളിലെ താളാത്മകതയും തിരിച്ചറിയാൻ ഉള്ള അഭിരാമിയുടെ കർണ്ണ പടലങ്ങളുടെ കഴിവ് അസാധ്യം ആയിരുന്നു. ആ കഴിവ് തന്നെ ആണ് അവളെ തൻ്റെ ജോലിയിൽ ഉയർച്ചയിലേക്കു നയിച്ചതും, മലയാളത്തിലെയും മറ്റു അന്യ ഭാഷ സിനിമ രംഗത്തെയും അറിയപ്പെടുന്ന ഒരു ഓഡിയോ ആർട്ടിസ്റ്റ് ആക്കിയതും.

നായയുടെ കുരയിലെ ആ അസാധാരണത്തിലേക്കു ഒന്നൂടി അവൾ ചെവി കൂർപ്പിച്ചു. അത് വളരെ താളാത്മകമായ ഒരു പാറ്റേൺ പിന്തുടരുന്നതായി അവൾക്കു തോന്നി. രണ്ടു സെക്കൻഡ് കുരക്കുന്നു , പിന്നെ ഏതാണ്ട് മൂന്ന് സെക്കൻഡോളം നിശബ്ദത, ഇതായിരുന്നു ആ പാറ്റേൺ. ഇത് കേട്ട പാടെ തന്നെ അഭിരാമി തൻ്റെ ഫീൽഡ് റെക്കോർഡർ ഷെൽഫിൽ നിന്നെടുത്തു നായയുടെ കുരച്ചിൽ റെക്കോർഡ് ചെയ്യാൻ തുടങ്ങി. വീണ്ടും ജനാലയുടെ അരികിലേക്ക് ചെന്ന അവൾ അപ്പോഴാണ് മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുന്നത്. നായയുടെ ഓരോ കുരച്ചിലിലും തൻ്റെ റൂമിൻ്റെ ഭിത്തിയും, റൂമിലുള്ള വസ്തുക്കളും ചെറുതായ് വിറക്കുന്നു. അവൾ തൻ്റെ കൈ ഉയർത്തി ചുമരിലേക്കു വെച്ചു. നായയുടെ ഓരോ കുരച്ചിലിനു ശേഷവും ഒരു അര സെക്കൻഡിന് ശേഷം ചെറിയൊരു വിറയൽ. പൊടുന്നനെ ബ്രേക്ക് ഇട്ട പോലെ നായ കുരച്ചിൽ നിർത്തി. അഭിരാമി കർട്ടൻ മാറ്റി പുറത്തേക്കു നോക്കി. പാൽക്കാരൻ അവിടെ തന്നെ നിൽക്കുന്നു, എന്നാൽ നായ ഇപ്പോൾ കുരക്കുന്നില്ല. എന്താണ് നടക്കുന്നതെന്ന് അറിയാതെ അവൾ തല ചൊറിഞ്ഞു.

ആകെ മൊത്തം അസാധാരണത നിറഞ്ഞ ആ പ്രഭാതത്തിൽ ഇതിലും കൂടുതൽ മറ്റൊന്നും ഇനി സംഭവിക്കാൻ ഇല്ല എന്ന മട്ടിൽ അവൾ തൻ്റെ മിക്സിങ് ടേബിളിലേക്കു ഇരുന്നു കമ്പ്യൂട്ടർ ഓൺ ചെയ്തു. രാത്രിയിൽ മിക്സ് ചെയ്ത ഓഡിയോ ഫയൽ ഇപ്പോഴും ഓഡിയോ സോഫ്ട്‍വെയറിൽ അങ്ങനെ തന്നെ കിടപ്പുണ്ടായിരുന്നു, അതിലേക്കു അവൾ പുതുതായി റെക്കോർഡ് ചെയ്ത നായയുടെ കുരയും കൂടി ഡ്രാഗ് ചെയ്തു ഇട്ടു. ആ ഓഡിയോ ഫയലിലേക്കു തന്നെ സൂക്ഷിച്ചു നോക്കിയ അവൾക്കു അതിൻ്റെ ഓഡിയോ ഫ്രീക്കൻസി കാണിക്കുന്ന വേവ് ഫോമിൽ നായയുടെ കുരച്ചിലിൻ്റെ ശബ്‌ദത്തിനൊപ്പം കാതുകൾക്ക് കേൾക്കാനാവാത്ത ഫ്രീക്കൻസിയിൽ എന്തോ ശബ്‌ദം മറഞ്ഞു കിടക്കുന്നതായി തോന്നി. എന്നാൽ എത്രത്തോളം ശ്രമിച്ചിട്ടും ആ ശബ്‌ദം എന്തെന്ന് മനസിലാക്കാൻ അവൾക്കു കഴിഞ്ഞില്ല. ആ വേവ് ഫോമിൻ്റെ രൂപത്തിൽ തന്നെ എന്തോ ഒളിഞ്ഞു കിടക്കുന്ന പോലെ.

ഏതാണ്ട് അര മുക്കാൽ മണിക്കൂർ അങ്ങനെ കമ്പ്യൂട്ടറിൻ്റെ മുന്നിൽ ഇരുന്ന ശേഷം അഭിരാമി വീണ്ടും കട്ടിലിലേക്ക് തന്നെ ചാഞ്ഞു. കട്ടിലിൻ്റെ ഒരറ്റത്ത് ഉണ്ടായിരുന്ന ഫോൺ എടുത്ത് നോക്കിയ അവളെ കാത്തിരുന്നത് ഏതാണ്ട് പന്ത്രണ്ടോളം മിസ്സ്ഡ് കോൾ നോട്ടിഫിക്കേഷൻ ആയിരുന്നു. കഴിഞ്ഞ ദിവസം എപ്പഴോ സൈലന്റാക്കിയ ഫോൺ പിന്നീട് തിരിച്ചു റിങ്ങിലിടാൻ മറന്ന കാര്യം അപ്പോഴാണ് അവൾക്കു ഓർമ്മ വന്നത്. അഭിരാമിയുടെ ഫോണിൽ അവളെ കാത്തിരുന്ന ആ മിസ്സ്ഡ് കോൾ അത്രെയും അവളുടെ സഹോദരി അരുണിമയുടെ ആയിരുന്നു. എറണാകുളത്തെ ഒരു സ്ഥാപനത്തിൽ സഹോദരിയുടെ പാത പിൻ തുടർന്ന് ഓഡിയോ മിക്സിങ് പഠിക്കുകയായിരുന്നു അവളും. രണ്ടു ദിവസം മുൻപ് അവളുടെ സുഹൃത്ത് നന്ദിതക്കൊപ്പം തൻ്റെ ഫൈനൽ പ്രോജെക്ടിലേക്കു ആവശ്യമായ ആംബിയൻ്റ് ശബ്ദം പകർത്താനായി വാഗമണ്ണിലേക്കു പോയതായിരുന്നു അവൾ. അഭിരമിക്കു പതിനെട്ടും അരുണിമക്ക് പതിനാലും വയസുള്ളപ്പോൾ ആണ് അവരുടെ മാതാപിതാക്കൾ ഒരു കാർ അപകടത്തിൽ പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും. അഭിരാമി ഓഡിയോ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാകുന്നത് വരെ അവരുടെ അപ്പച്ചിക്കൊപ്പം ആയിരുന്നു ഈ രണ്ടു കുട്ടികളും താമസിച്ചിരുന്നത്. പിന്നീട് അഭിരാമി അത്യാവശ്യം പണം സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ആണ് ഇരുവരും സ്വന്തമായി ഒരു വീട് എടുത്തു അവിടേക്കു മാറിയത്. മറ്റാർക്കും തങ്ങൾ ഒരു ബാധ്യത ആവരുതെന്ന ഒരു നിർബന്ധം ഇരുവർക്കും ഉണ്ടായിരുന്നു.

എന്തിനാവും അരുണിമ തന്നെ ഇത്രെയും തവണ വിളിച്ചിട്ടു ഉണ്ടാവുക? അഭിരാമി സ്വയം ചോദിച്ചു. തലേന്ന് കൂടി അവളെ വിളിച്ചു കുശാല്നഷ്വണം നടത്തിയത് ആണ്. അഭിരാമി തൻ്റെ കോൾ ലോഗ് പരിശോധിച്ച്. അവളുടെ മിസ്ഡ് കോൾ വന്നിട്ട് ഏതാണ്ട് ഒരു മണിക്കൂർ മറ്റോ കഷ്ടിച്ചേ ആയിട്ടുള്ളു, അതായതു അയല്പക്കത്തെ നായയുടെ കുരയും ശ്രദ്ധിച്ചു അഭിരാമി നിന്ന സമയത്താണ് അവൾ വിളിച്ചിരിക്കുന്നത്, അതിനിടയിൽ ഫോൺ ശ്രദ്ധികാൻ കഴിയാഞ്ഞതിൽ അവൾക്കു നിരാശ്ശ തോന്നി. ഉടൻ തന്നെ അഭിരാമി അരുണിമയെ തിരിച്ചു വിളിച്ചു, എന്നാൽ നിരാശയുടെയും ഒരൽപം അങ്കലാപ്പിൻ്റെയും പടു കുഴിയിലേക്ക് അവളെ തള്ളി വിടുന്നതായിരുന്നു മറു പുറത്തു നിന്നുള്ള പ്രതികരണം, അരുണിമയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു. അഭിരാമി വീണ്ടും ഒന്ന് രണ്ടു വട്ടം കൂടി ശ്രമിച്ചെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. അഭിരാമി തൻ്റെ വോയിസ് മെയിൽ എടുത്തു നോക്കി, തന്നെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ അവൾ ഒരു പക്ഷെ വോയിസ് മെയിൽ അയച്ചിട്ടുണ്ടാവും എന്നവൾ കരുതി, അത് ശരിയായി തന്നെ ഭവിക്കുകയും ചെയ്തു, അഭിരാമിയെയും കാത്തു അവളുടെ ഫോണിൽ അരുണിമയുടെ ഒരു വോയിസ് മെയിൽ ഉണ്ടയിരുന്നു. പെട്ടന്ന് തന്നെ അവൾ അത് പ്ലേ ചെയ്തു, എന്നാൽ അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം. ഏതാണ്ട് മൂന്ന് സെക്കൻഡ് മാത്രം ദൈർക്യം ഉള്ള ആ വോയിസ് മെയിലിൽ ആകെ ഉള്ളത് ഒരു അരണ്ട വിധത്തിൽ ഉള്ള ശബ്ദം മാത്രമായിരുന്ന, ഏതാണ്ട് അരുണിമയുടെ ശ്വാസോച്ഛ്വാസത്തിൻ്റെ ശബ്ദം പോലെ, എന്നാൽ അത് രണ്ടായിട്ടു ഒരു തരം എക്കോ അടിച്ചു കേൾക്കും പോലെ.

അഭിരാമി തൻ്റെ WhatsApp തുറന്നു അതിൽ അരുണിമ വല്ല മെസ്സേജും അയച്ചിട്ടുണ്ടോ എന്ന് പരതി. എന്നാൽ അവിടെയും അവൾ മെസ്സേജ് ഒന്നും അയച്ചിട്ടില്ല. അവൾക്കു ആകെ ഒരു ഭയം തന്നെ ആവേശിക്കുന്നതായി തോന്നി. അവൾ വിയർക്കാൻ തുടങ്ങി. അരുണിമക്ക് എന്തെങ്കിലും അപകടം? അവൾ മനസ്സിൽ ചോദിക്കുകയും അതിനെ സ്വയം തിരുത്തുകയും ചെയ്തു, "ഇല്ല, അവൾ മിടുക്കി ആണ്, ഏതു സാഹചര്യങ്ങളെയും തരണം ചെയ്യാൻ കഴിവുള്ളവൾ, അവൾക്കു എന്ത് അപകടം പറ്റാനാണ്, ഞാൻ ഇന്നലെ കൂടി അവളെ വിളിച്ചതല്ലേ ഉള്ളു", അവൾ സ്വയം മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പെരുമ്പറ അടിക്കുന്ന ഹൃദയത്തോടെ അവൾ അടുത്തതായി ചെയ്യുന്നത് അവൾക്കൊപ്പം കൂട്ട് പോയ അരുണിമയുടെ സുഹൃത്ത് നന്ദിതയെ വിളിക്കുകയായിരുന്നു. ഏറെ നേരം റിങ് ചെയ്തിട്ടും നന്ദിത ഫോൺ എടുക്കാതെ ആയപ്പോൾ അഭിരാമിയുടെ ഹൃദയമിടിപ്പിൻ്റെ വേഗത അതിൻ്റെ പാരമ്യത്തിൽ എത്തി. മൂന്നാലു തവണ റിംഗ് ചെയ്ത ശേഷം നന്ദിത ഫോൺ എടുത്തു.

"ഹലോ നന്ദിത , ഇത് ഞാൻ ആണ്, അഭിരാമി , അരുണിമയുടെ സിസ്റ്റർ, അരുണിമ തൻ്റെ കൂടെ ഉണ്ടോ ?".

അഭിരാമി ഒറ്റ ശ്വാസത്തിൽ, പറഞ്ഞൊപ്പിച്ചു. ഉള്ളില്ലേ ആശങ്ക തൻ്റെ സ്വരത്തിൽ പ്രധിധ്വനികതിരിക്കാൻ അവൾ നന്നായി പാട് പെടുന്നുണ്ടായിരുന്നു.

"മനസ്സിലായി ചേച്ചി, എന്താ എന്തുപറ്റി ? ചേച്ചി അവളെ വിളിച്ചു നോക്കിയില്ലേ ?" - നന്ദിത മറുപടി പറഞ്ഞു.

"ഇല്ല , അവളുടെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ല, is everything alright?, അവൾക്കൊന്നു ഫോൺ കൊടുക്കുമോ?" - അഭിരാമി പറഞ്ഞൊപ്പിച്ചു. തൻ്റെ ഇട നെഞ്ചിൽ ഒരു ഭാരം ഏറി വരുന്നതായി അവൾക്കു തോന്നി.

"അത് , ചേച്ചി, ഞാൻ ഇപ്പൊ അവളുടെ അടുത്തില്ല, ഞാൻ അവളുടെ അടുത്ത് എത്തിയിട്ട് വിളിക്കാം " - നന്ദിതയുടെ മറുപടി.

ആ മറുപടിയിൽ എന്തോ പന്തികേട് ഉള്ള പോലെ അഭിരമിക്കു തോന്നി. നന്ദിതയുടെ മറുപടിയിൽ വാക്കുകളേക്കാൾ കൂടുതൽ നിശ്ശബ്ദത ഉണ്ടായിരുന്നു. അത് മറുപടിയല്ല, മറച്ചുവെക്കലാണ് എന്ന് അഭിരാമി തിരിച്ചറിഞ്ഞ നിമിഷം അവൾ കോൾ കട്ട് ചെയ്തു.. നന്ദിത കള്ളം പറയുകയാണ്.

സമയം വീണ്ടും മുന്നോട്ടു പോയി മനസ്സമാധാനം കിട്ടാതെ അഭിരാമി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവൾ അരുണിമയുടെ നമ്പറിലേക്കു വിളിച്ചെങ്കിലും ഫലം ഒന്നും ഉണ്ടായില്ല.

സഹികെട്ടു അവൾ നന്ദിതയെ വീണ്ടും വിളിച്ചു. എന്നാൽ ഈ തവണ നന്ദിത്തേക്കു പറയാനുണ്ടായിരുന്നു മറുപടി കേട്ട് അഭിരാമി ആകെ സങ്കടത്തിൽ ആയി.

അരുണിമയെ കാണാൻ ഇല്ല, കഴിഞ്ഞ ദിവസം വൈകുന്നേരം വരെ നന്ദിതയും, അരുണിമയും ഒപ്പം ഉണ്ടായിരുന്നതാണ്, എന്നാൽ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം നന്ദിത അരുണിമയെ തനിച്ചാക്കി തൻ്റെ കാമുകനൊപ്പം മറ്റൊരു സ്ഥലത്തേക്ക് പോയി. രാവിലെ അഭിരാമിയുടെ ഫോൺ കോൾ വന്നപ്പോൾ മാത്രമാണ് നന്ദിത തിരികെ അരുണിമയുടെ റൂമിലേക്ക് പോയത്, അവിടെ എത്തിയപ്പോൾ അവളെ അവിടെ കാണാനും ഇല്ല.

ആ തുറന്നു പറച്ചിൽ അഭിരാമിയുടെ ഉള്ളിലെ ആധിയെ ദേഷ്യമാക്കി മാറ്റി. പക്ഷേ, ഇപ്പോൾ ദേഷ്യപ്പെടാൻ ഉള്ള സമയമല്ല. താൻ കാമുകനൊപ്പം ആണ് തലേന്ന് കഴിഞ്ഞെതെന്ന വിവരം വീട്ടിൽ അറിയിക്കരുതെന്നു നന്ദിത കരഞ്ഞു കൊണ്ടായിരുന്നു അഭിരമിയോട് അപേക്ഷിച്ചത്.

അഭിരാമി വേഗത്തിൽ കമ്പ്യൂട്ടിറിന് മുന്നിലേക്ക് തിരിഞ്ഞു. അരുണിമ അയച്ച ആ മൂന്ന് സെക്കൻഡ് വോയിസ് മെയിലിലെ 'ശബ്ദം'.... അതൊരു വെറും ശ്വാസമായിരുന്നില്ല. ഒരു ഓഡിയോ എഞ്ചിനീയറുടെ സഹജാവബോധം അവളോട് പറഞ്ഞു, അതിൽ മറ്റെന്തോ ഒളിഞ്ഞിരിപ്പുണ്ടെന്ന്. വിറയ്ക്കുന്ന കൈകളോടെ അഭിരാമി ആ ഓഡിയോ ഫയൽ തൻ്റെ സോഫ്റ്റ്‌വെയറിലേക്ക് ഡ്രാഗ് ചെയ്തു ഇട്ടു. ആദ്യം അവൾ ആ ഓഡിയോയുടെ വേഗത 50 ശതമാനം കുറച്ചു. പിന്നെ ബാക്ഗ്രൗണ്ടിലെ നോയ്സ് നീക്കം ചെയ്തു.

സ്പീക്കറിലൂടെ പുറത്തു വന്ന ശബ്ദം കേട്ട് അഭിരാമി കസേരയിൽ നിന്ന് എഴുന്നേറ്റു പോയി.

അതൊരു ശ്വാസമായിരുന്നില്ല. അതൊരു താളമായിരുന്നു. കൃത്യം രണ്ട് സെക്കൻഡ് നീളുന്ന ഒരു മൂളൽ... പിന്നെ മൂന്ന് സെക്കൻഡ് നിശബ്ദത!

അയൽപക്കത്തെ നായ കുരച്ച അതേ താളം!

അഭിരാമിയുടെ രോമങ്ങൾ എഴുന്നേറ്റു നിന്നു. ഇത് യാദൃശ്ചികമല്ല. നായ കുരച്ചതല്ല, നായ 'പ്രതിക്കരിക്കുകയായിരുന്നു'. എന്തിനോട്?

അഭിരാമി ആ ഓഡിയോയുടെ സ്പെക്ട്രോഗ്രാം (ശബ്ദത്തിന്റെ ദൃശ്യരൂപം) കമ്പ്യൂട്ടർ സ്ക്രീനിൽ തെളിച്ചു. സാധാരണ ശബ്ദങ്ങൾ വരകളും കുറികളുമായി കാണപ്പെടേണ്ടിടത്ത്, അരുണിമയുടെ വോയിസിലെ ഫ്രീക്വൻസികൾ ചേർന്ന് ഒരു വിചിത്രമായ രൂപം സ്ക്രീനിൽ തെളിഞ്ഞു വന്നു. അതൊരു ഭൂപടമായിരുന്നു.

വാഗമണ്ണിലെ മൊട്ടക്കുന്നുകളുടെ രൂപരേഖ! പക്ഷേ ആ കുന്നുകൾക്ക് മുകളിൽ, കറുത്ത മഷി വീണതുപോലെ ഒരു രൂപം. മനുഷ്യൻ്റെതല്ല, എന്നാൽ മൃഗത്തിൻ്റെതുമല്ലാത്ത ഒന്ന്.

അഭിരാമി തൻ്റെ ഫീൽഡ് റെക്കോർഡറും, ഹൈ-സെൻസിറ്റിവിറ്റി മൈക്രോഫോണും ബാഗിലേക്ക് വാരിയിട്ടു. തൻ്റെ കാറിൻ്റെ താക്കോലെടുത്തു പുറത്തേക്ക് ഓടുമ്പോൾ അവൾക്കു ഉറപ്പായിരുന്നു, അരുണിമ ഇപ്പോൾ ഉള്ളത് വാഗമണ്ണിലെ കൊടും തണുപ്പിലല്ല. ശബ്ദങ്ങൾ പോലും മരവിച്ചു പോകുന്ന മറ്റേതോ ലോകത്താണ്.

ഉള്ളിൽ ആദി നിറച്ചു അവൾ കാർ ഓടിച്ചു. അവൾക്കു കേൾക്കാൻ കഴിയാത്ത ഒരു ഫ്രീക്വൻസി, ഇപ്പോൾ തൻ്റെ കാറിൻ്റെ എഞ്ചിനിൽ പോലും മുഴങ്ങുന്നത് പോലെ അവൾക്കു തോന്നി.

എറണാകുളത്തെ നഗരത്തിരക്കുകൾ പിന്നിട്ട് കാർ ഹൈറേഞ്ചിലെ ചുരങ്ങൾ കയറാൻ തുടങ്ങിയപ്പോൾ തന്നെ അന്തരീക്ഷം മാറാൻ തുടങ്ങി. ഉച്ചകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു എങ്കിലും, പുറത്ത് കനത്ത ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. ആകാശം കറുത്തിരുണ്ടു, മഴക്കാറുകൾ കൂട്ടിയിടിച്ചു. എന്നാൽ മഴ പെയ്തില്ല, പകരം ഒരു അസഹനീയമായ നിശബ്ദത കാറിനുള്ളിൽ തളം കെട്ടി നിന്നു.

അഭിരാമി ആക്സിലറേറ്ററിൽ കാൽ അമർത്തി. ഓരോ വളവുകൾ തിരിയുമ്പോഴും കാറിൻ്റെ ഡാഷ്‌ബോർഡിലെ ലൈറ്റുകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. റേഡിയോ ഓഫ് ആയിരുന്നിട്ടും സ്പീക്കറിലൂടെ ഒരു മൂളൽ, വൈറ്റിലയിലെ മുറിയിൽ കേട്ട അതേ ഫ്രീക്വൻസിയിലുള്ള മൂളൽ, അത് തുടർച്ചയായി കേട്ടു കൊണ്ടേയിരുന്നു. അത് കാറിൻ്റെ എൻജിന്ൻ്റെ ശബ്ദമല്ലെന്ന് അവൾക്കു ഉറപ്പായിരുന്നു. അത് കാറിനു പുറത്തു നിന്നാണ് വരുന്നത്. ആരോ വഴികാട്ടുന്നതുപോലെ.

വാഗമണ്ണിലെ പൈൻ മരക്കാടുകൾക്ക് അരികിലുള്ള ആ പഴയ റിസോർട്ടിൽ എത്തുമ്പോൾ സമയം നാലു മണി കഴിഞ്ഞിരുന്നു. കോടമഞ്ഞ് ഒരു വെള്ള പുതപ്പുപോലെ ആ സ്ഥലത്തെ വിഴുങ്ങിയിരിക്കുന്നു. കാറിൽ നിന്നിറങ്ങിയ അഭിരാമിയെ എതിരേറ്റത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നന്ദിതയാണ്.

"ചേച്ചി... ഞാൻ..." നന്ദിത വിറയ്ക്കുന്നുണ്ടായിരുന്നു.

അഭിരാമി കൈയുയർത്തി അവളെ തടഞ്ഞു. ഇപ്പോൾ ന്യായീകരണങ്ങൾക്കുള്ള സമയമല്ല.

"അവൾ എവിടെയാണ് അവസാനമായി പോയത്? സത്യം മാത്രം പറയുക." - അഭിരാമിയുടെ ശബ്ദത്തിന് മഞ്ഞിനേക്കാൾ തണുപ്പുണ്ടായിരുന്നു.

"പൈൻ ഫോറസ്റ്റിൻ്റെ അങ്ങേ അറ്റത്തുള്ള ആ 'സൂയിസൈഡ് പോയിന്റ്' എന്ന് വിളിക്കുന്ന പാറക്കെട്ടിന് മുകളിലേക്ക്," നന്ദിത പറഞ്ഞു.

"അവൾക്ക് പൂർണ്ണ നിശബ്ദത റെക്കോർഡ് ചെയ്യണമായിരുന്നു. കാറ്റിൻ്റെ ശബ്ദം പോലുമില്ലാത്ത ഒരിടം. ഞാൻ... ഞാൻ തിരിച്ചു പോരുമ്പോൾ അവൾ അവിടെ തന്നെ ഇരിക്കുകയായിരുന്നു. ഒറ്റയ്ക്ക്." - നന്ദിത പറഞ്ഞു.

“ഞങ്ങൾ അവിടെയെല്ലാം തിരഞ്ഞു ചേച്ചി, എന്നാൽ അവിടെ എങ്ങും…” - പാതി പറഞ്ഞു നിർത്തിയത് നന്ദിതയുടെ കാമുകൻ ആയിരുന്നു.

“കോട നന്നായി ഇറങ്ങിയത് കൊണ്ട് അവിടേക്കു പോകാൻ പാടാണ്” - അവൻ കൂട്ടി ചേർത്തു.

അപ്പോഴേക്കും അവിടെ നാട്ടുകാരും കൂടിയിരുന്നു. അവരും കോട കാരണം തത്ക്കാലം തിരച്ചിൽ നിർത്തിയ മട്ടായിരുന്നു. പോരാത്തതിന് അരുണിമയെ കാണാതായ സ്ഥലത്തേക്ക് പോകാൻ അവർ എന്തോ മടിച്ചു നിൽക്കുന്നത് പോലെ തോന്നി. അവർ പൈൻ കാടിൻ്റെ അരികുകൾ മുഴുവൻ തിരഞ്ഞിരുന്നു. പാറക്കെട്ടിൻ്റെ ചുറ്റും, താഴേക്കുള്ള പാതകളിൽ, അരുണിമ വീണിരിക്കാമെന്നു തോന്നിയ എല്ലാ ഇടങ്ങളിലും. പക്ഷേ ശബ്ദമുണ്ടായിരുന്നില്ല. വിളിച്ചാലും, മറുപടി ഇല്ല. ചുവടുകളുടെ ശബ്ദം പോലും മഞ്ഞിൽ പതിയുന്നില്ലായിരുന്നു.

അഭിരാമി മറുപടിയൊന്നും പറയാതെ കാറിൽ നിന്ന് തൻ്റെ ഓഡിയോ ബാഗും, നീളമുള്ള ഷോട്ട്ഗൺ മൈക്കും, ഹെഡ്‌ഫോണും എടുത്തു.

"നിങ്ങൾ ഇവിടെ നിൽക്ക്. അങ്ങോട്ട് വരാൻ നിൽക്കണ്ട," അഭിരാമി നന്ദിതയോടും അവളുടെ കാമുകനോടും ആജ്ഞാപിച്ചു.

“മോൾ ഒറ്റക്കിപ്പോൾ അവിടേക്കു പോകേണ്ട” - അഭിരാമിയെ ആൾകൂട്ടത്തിൽ നിന്ന് ആരോ വിലക്കി. അത് ഒരു പുരോഹിതൻ ആയിരുന്നു.

“ഞങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്, അവർ വേണ്ടത് ചെയ്യും” - അയാൾ അഭിരാമിയോടായി പറഞ്ഞു.

“ഫാദർ കാണാതായത് എൻ്റെ അനിയത്തിയെ ആണ്, എനിക്ക് പോലീസ് വരുന്നത് വരെ കാത്തിരിക്കാൻ ആവില്ല” - അഭിരാമി പറഞ്ഞു.

അവരുടെ വിലക്ക് കാര്യമാക്കാതെ അഭിരാമി അരുണിമയെ കാണാതായ സ്ഥലത്തേക്ക് തന്നെ നടന്നു. അവിടെ കൂടി നിന്നവർ പരസ്പരം നോക്കി. അവരുടെ കണ്ണുകളിൽ എന്തോ ഭയം ആവേശിച്ചതു പോലെ. മഞ്ഞിലൂടെ പൈൻ മരങ്ങൾക്കിടയിലൂടെ അഭിരാമി നടന്നു. പൈൻ മരങ്ങൾ വരിവരിയായി നിൽക്കുന്നത് കണ്ടാൽ ആരോ കാവൽ നിൽക്കുകയാണെന്ന് തോന്നും. അവിടെ കാറ്റില്ല, പക്ഷികളുടെ ശബ്ദമില്ല. ഭയാനകമായ നിശബ്ദത. സാധാരണ വിനോദസഞ്ചാരികൾ അധികം എത്തി പെടാത്ത ഒരു പ്രദേശം ആയിരുന്നു അവിടം. വാഗമണിലെ സ്ഥിരം സഞ്ചാര കേന്ദ്രമായ പൈൻ മരങ്ങളുടെ പ്രദേശത്തു നിന്ന് അല്പം മാറിയുള്ള ഒരിടം.

അഭിരാമി തൻ്റെ പ്രൊഫഷണൽ ഹെഡ്‌ഫോൺ കാതിൽ വെച്ച്, റെക്കോർഡർ ഓൺ ചെയ്തപ്പോൾ ആ ലോകം മാറി മറയാൻ തുടങ്ങി. നഗ്നമായ ചെവികൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ആ ഹെഡ്‌ഫോണിലൂടെ അവൾ കേട്ടത്. ഓരോ പൈൻ മരത്തിൽ നിന്നും നിലവിളികൾ, ചിരികൾ, അസ്പഷ്ടമായ സംഭാഷണങ്ങൾ. വർഷങ്ങൾക്ക് മുൻപ് അവിടെ നടന്നു മറഞ്ഞ പലതരം സംഭവങ്ങളുടെ ശബ്ദങ്ങൾ ആ മരങ്ങളിലെ പശയിൽ കുടുങ്ങി കിടക്കുന്നത് പോലെ. പ്രകൃതി അതൊരു ടേപ്പ് റെക്കോർഡർ പോലെ എല്ലാം പിടിച്ചു വെച്ചിരിക്കുന്നു. പെട്ടെന്ന്, ആ ശബ്ദങ്ങൾക്കിടയിലൂടെ അവൾക്കു പരിചിതമായ ആ താളം അവൾ കേട്ടു.

രണ്ട് സെക്കൻഡ് നീളുന്ന മൂളൽ... മൂന്ന് സെക്കൻഡ് നിശബ്ദത. അത് വരുന്നത് പാറക്കെട്ടിൻ്റെ അറ്റത്തു നിന്നാണ്.

അഭിരാമി അങ്ങോട്ട് നടന്നു. മഞ്ഞ് വകഞ്ഞു മാറ്റി അവൾ ആ പാറക്കെട്ടിൻ്റെ അറ്റത്തെത്തി. അവിടെ, അഗാധമായ കൊക്കയിലേക്ക് നോക്കി നിൽക്കുന്ന ഒരാൾരൂപം.

അരുണിമ.


“അവിടെ എന്താണ് ഫാദർ ഉള്ളത് ?” - നന്ദിതയുടെ കാമുകൻ വിമലിൻ്റെ ആയിരുന്നു ആ ചോദ്യം.

വിമലും നന്ദിതയും, നാട്ടുകാരിൽ ചിലരും അപ്പോഴും അരുണിമയുടെ മുറിയുള്ള ഹോട്ടലിൽ തന്നെ അപ്പോഴും കാത്തു നിൽക്കുന്നുണ്ടായിരുന്നു. അഭിരാമിക്കൊപ്പം പോകാൻ അപ്പോഴും അവർ ഒരു മടി കാട്ടി. പോലീസിനെ കാത്തു അവർ അവിടെ തന്നെ തങ്ങി.

വിമലിൻ്റെ ചോദ്യത്തിന് ഒരു നെടുവീർപ്പോടെ ഫാദർ ആ കഥ പറഞ്ഞു.

“ഈ കാലത്തു ഇത്തരം വിശ്വാസങ്ങൾ എത്രത്തോളം നേരാണന്നു എനിക്കറിയില്ല, എന്നാൽ ഇവിടുത്തെ നാട്ടുകാർ അങ്ങനെ അധികം ആ സ്ഥലത്തേക്ക് പോകാറില്ല, ഇവിടേയ്ക്ക് വരുന്ന സഞ്ചാരികളെ അവിടേക്കു പോകുന്നതിൽ വിലക്കാറാണ് പതിവ്. AD 52-ൽ വിശുദ്ധ തോമാശ്ലീഹ കേരളത്തിൽ കപ്പലിറങ്ങിയ കാലം. കൊടുങ്ങല്ലൂരിൽ നിന്ന് മലയാറ്റൂർ വനങ്ങളിലൂടെ അദ്ദേഹം ഹൈറേഞ്ചിലേക്ക് അതായതു, ഇന്നത്തെ നിലയ്ക്കൽ, വാഗമൺ മേഖലകളിലേക്ക് സഞ്ചരിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ കൈവശം ആയുധങ്ങളല്ല, മറിച്ച് വചനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തെ ഹൈറേഞ്ച് ഇന്നത്തെപ്പോലെയല്ല. മനുഷ്യവാസമില്ലാത്ത, അസുരശക്തികൾ വാഴുന്ന ഇരുണ്ട കാടുകളായിരുന്നു അത്. അവിടെ, വാഗമണ്ണിലെ പാറക്കെട്ടുകൾക്കിടയിൽ, രൂപമില്ലാത്ത ഒരു അസ്തിത്വം വസിച്ചിരുന്നു. ആദിവാസികൾ അതിനെ 'മാറൊലി' എന്ന് വിളിച്ചു ഭയന്നിരുന്നു. തോമാശ്ലീഹ പ്രാർത്ഥിക്കുമ്പോൾ 'പരിശുദ്ധാത്മാവ്' ഇറങ്ങി വരികയും, അദ്ദേഹം അന്യഭാഷകളിൽ സംസാരിക്കുകയും ചെയ്യുമായിരുന്നു. ഇത് കണ്ട ആ അദൃശ്യശക്തി, തോമാശ്ലീഹയെ അനുകരിക്കാൻ തീരുമാനിച്ചു. അത് പരിശുദ്ധാത്മാവിനെപ്പോലെ വേഷം മാറി. കാറ്റായി വീശിയും, അന്യഭാഷകളിൽ സംസാരിച്ചും തോമാശ്ലീഹയുടെ അടുത്തെത്തി. വിശ്വാസത്തെ മുതലെടുത്ത്, അദ്ദേഹത്തിൻ്റെ ശരീരത്തിൽ പ്രവേശിക്കുകയായിരുന്നു അതിൻ്റെ ലക്ഷ്യം. സ്വന്തമായി രൂപമില്ലാത്ത അതിന് ജീവിക്കാൻ ഒരു 'ശബ്ദപേടകം' വേണമായിരുന്നു. എന്നാൽ, 'ശബ്ദങ്ങളുടെ സൂക്ഷ്മത' അറിയാവുന്ന തോമാശ്ലീഹയ്ക്ക് ആ ചതി മനസ്സിലായി. ആ വരുന്നത് ദൈവത്തിൻ്റെ ആത്മാവല്ല, മറിച്ച് ശബ്ദങ്ങളിൽ ഒളിച്ചിരിക്കുന്ന പിശാചാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. "വചനം" മാംസമായി അവതരിക്കുമ്പോൾ, ഈ പിശാച് "ഒച്ച" മാത്രമായിരുന്നു.

അതിനെ കൊല്ലാൻ കഴിയില്ലെന്ന് തോമാശ്ലീഹയ്ക്ക് അറിയാമായിരുന്നു. കാരണം ശബ്ദത്തിന് മരണമില്ല. അതിനെ തടവിലിടാൻ മാത്രമേ കഴിയൂ. അതുകൊണ്ട്, അദ്ദേഹം വാഗമണ്ണിലെ ആ വലിയ പാറക്കെട്ടിന് മുകളിൽ നിന്ന്, ആകാശത്തേക്ക് നോക്കി സുറിയാനി ഭാഷയിൽ ഒരു പ്രത്യേക കീർത്തനം ആലപിച്ചു. അതൊരു പ്രാർത്ഥനയായിരുന്നില്ല, അതൊരു ശബ്ദ പൂട്ട് ആയിരുന്നു.

ആ കീർത്തനത്തിൻ്റെ ഫ്രീക്വൻസിയിൽ, ആ അസുരശക്തി വായുവിൽ നിന്ന് വലിച്ചെടുക്കപ്പെട്ട്, ആ പാറക്കെട്ടിനുള്ളിലെ കരിങ്കൽ പാളികൾക്കിടയിലേക്ക് ആവാഹിക്കപ്പെട്ടു. “ - ഫാദർ അത്രെയും പറഞ്ഞു ഒരു നെടു നീളൻ നെടുവീർപ്പിട്ടു. ചുറ്റുമുള്ളവർ ഒരക്ഷരം മിണ്ടാതെ അത് കേട്ടിരുന്നു.

“ഈ കുട്ടിയുടെ കാര്യത്തിൽ ഞങ്ങൾ പോലും അവിടേക്കു പോകാൻ മടി കാണിക്കുന്നതിന് ഒരു കാരണം കൂടി ഉണ്ട്.” - നാട്ടുകാരിൽ ഒരാൾ കൂട്ടി ചേർത്തു.

“അവസാനമായി തോമാശ്ലീഹ മാറൊലിയോട് കല്പിച്ചതു: ഇനിയൊരു മനുഷ്യശബ്ദം നിന്നെ തേടി വരുന്നത് വരെ, നീ ഈ നിശബ്ദതയിൽ ഉറങ്ങുക എന്നായിരുന്നു." - അയാൾ തുടർന്നു.

“അപ്പോൾ ഫാദർ, നിങ്ങൾ കരുതുന്നത് അരുണിമ മാറൊലിയുടെ കയ്യിൽ അക പെട്ടന്നാണോ? - നന്ദിത ചോദിച്ചു.

“ഇതൊക്കെ ഒരു വിശ്വാസം അല്ലെ കുട്ടി, തൻ്റെ കൂട്ടുകാരിക്ക് ആപത്തൊന്നും വന്നിട്ടുണ്ടാവില്ല എന്ന് നമ്മുക്ക് കരുതാം. “ - ഫാദർ പറഞ്ഞു

“അന്നത്തെ ആ സംഭവത്തിന് ശേഷം നൂറ്റാണ്ടുകൾക്കു ഇപ്പുറം, ബ്രിട്ടീഷുകാർ അവിടെ പൈൻ മരങ്ങൾ വെച്ചുപിടിപ്പിച്ചു. പൈൻ മരങ്ങളുടെ പ്രത്യേകത അവ ശബ്ദത്തെ വലിച്ചെടുക്കും എന്നതാണ്. അത് ആ തടവറയെ ഒന്നുകൂടി ശക്തമാക്കി. എന്നാൽ, അരുണിമ അവിടെ എത്തിയത് 'Absolute Silence' റെക്കോർഡ് ചെയ്യാനല്ലേ, അവളുടെ ഹൈ-ടെക് റെക്കോർഡിങ് ഉപകരണങ്ങൾ, നൂറ്റാണ്ടുകളായി ആ പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ആ അസുരശക്തിയുടെ നേർത്ത മുരൾച്ച പിടിച്ചെടുത്തിട്ടുണ്ടാവാം“ - മറ്റൊരു നാട്ടുകാരൻ പറഞ്ഞു.

“നല്ലതു മാത്രം ചിന്തിക്കാം, സർവ ശക്തനായ ദൈവത്തോട് നമ്മുക്ക് പ്രാർത്ഥിക്കാം” - ഫാദർ കുരിശു വരച്ചു കൊണ്ട് പറഞ്ഞു.

ഈ സമയം അരുണിമയെ കണ്ടതിൻ്റെ ആശ്വാസത്തിൽ ആയിരുന്നു അഭിരാമി. അവൾ അരുണിമയുടെ അടുത്തേക്ക് ഓടി ചെന്നു, എന്നാൽ അരുണിമ അനങ്ങുന്നില്ല. അവളുടെ കയ്യിൽ അവളുടെ റെക്കോർഡർ മുറുകെ പിടിച്ചിട്ടുണ്ട്.

"അരുണിമാ!" അഭിരാമി വിളിച്ചു. അവൾ കേട്ട ഭാവം നടിച്ചില്ല.

അഭിരാമി മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു. അരുണിമ ആ പാറക്കെട്ടിൻ്റെ ഏറ്റവും അറ്റത്തായി ആണ് നിൽക്കുന്നത്. അഭിരാമി തൻ്റെ കയ്യിലിരുന്ന മൈക്ക് അരുണിമക്ക്‌ നേരെ നീട്ടി. ഹെഡ്‌ഫോണിലൂടെ വരുന്ന ശബ്ദം കേട്ട് അവൾ ഞെട്ടിത്തരിച്ചു പോയി.

അവളുടെ ശരീരത്തിൽ നിന്ന് ഹൃദയമിടിപ്പിൻ്റെ ശബ്ദമല്ല വരുന്നത്. മറിച്ച്, ഒരു വലിയ യന്ത്രം പ്രവർത്തിക്കുന്നതുപോലെയുള്ള ശബ്ദം.

ലോഹങ്ങൾ കൂട്ടിയിടിക്കുന്നതുപോലെയുള്ള, വൈദ്യുതി പ്രവഹിക്കുന്നതുപോലെയുള്ള ശബ്ദം.

അഭിരാമി ഭയത്തോടെ അവളുടെ തോളിൽ തൊട്ടു.

അരുണിമ സാവധാനം തിരിഞ്ഞു.

അവളുടെ കണ്ണുകൾ തുറന്നിരുന്നു, പക്ഷേ കൃഷ്ണമണികൾ ഉണ്ടായിരുന്നില്ല. കണ്ണുകൾക്ക് പകരം ടിവി സ്ക്രീനിലെ സ്റ്റാറ്റിക് പോലെ ചാരനിറത്തിലുള്ള പുക മാത്രം.

അവൾ വായ തുറന്നു. അഭിരാമിയുടെ ഹെഡ്‌ഫോൺ പൊട്ടിത്തെറിക്കുന്ന ഉച്ചത്തിൽ, അരുണിമയുടെ ശബ്ദത്തിലല്ല, മറിച്ച് പല ശബ്ദങ്ങൾ കൂടികലർന്ന ഒരു വിചിത്ര ശബ്ദത്തിൽ അവൾ പറഞ്ഞു:

"ഇവിടെ നിശബ്ദതയില്ല ചേച്ചി...."

പെട്ടെന്ന്, ചുറ്റുമുള്ള പൈൻ മരങ്ങൾ ഒരേ താളത്തിൽ വിറയ്ക്കാൻ തുടങ്ങി. അഭിരാമിയുടെ കയ്യിലുള്ള റെക്കോർഡറിലെ ലെവൽ മീറ്റർ ചുവപ്പിൽ മുട്ടി നിന്നു. മണ്ണിൽ നിന്ന്, മരങ്ങളിൽ നിന്ന്, മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് അദൃശ്യമായ കൈകൾ തന്നെ വരിഞ്ഞു മുറുക്കുന്നതായി അഭിരമിക്കു തോന്നി.

ആ നിമിഷം അഭിരാമിക്ക് മനസ്സിലായി, അരുണിമ റെക്കോർഡ് ചെയ്തത് നിശബ്ദതയല്ല. അവൾ അബദ്ധത്തിൽ തുറന്നത്, ശബ്ദങ്ങൾ തടവിലാക്കപ്പെട്ട മറ്റൊരു ലോകത്തേക്കുള്ള വാതിലാണ്. ആ വാതിൽ ഇപ്പോൾ തനിക്കു നേരെയും തുറന്നിരിക്കുന്നു.

അരുണിമയുടെ കണ്ണുകളിലെ സ്റ്റാറ്റിക് നോയ്സ് കൂടിവന്നു. അവളുടെ ശബ്ദം ഇപ്പോൾ പല മനുഷ്യരുടെ ശബ്ദങ്ങൾ ചേർന്ന ഒരു മുഴക്കമായി മാറി.

"പണ്ട്... ഒരുവൻ വന്നിരുന്നു..." അരുണിമയുടെ വായ അനങ്ങിയില്ല, ശബ്ദം കാറ്റിലൂടെ ഒഴുകി വന്നു.

"അവൻ പറഞ്ഞു, ആദിയിൽ വചനം ഉണ്ടായിരുന്നെന്ന്. നുണ!"

അഭിരാമി ഷോട്ട്ഗൺ മൈക്ക് മുറുകെ പിടിച്ചു, സർവ ശക്തിയും ആർജ്ജിച്ചു ചോദിച്ചു.

"നീ ആരാണ്?"

"വചനത്തിന് മുൻപേ ഉണ്ടായിരുന്നത് ഞാനാണ്... നിശബ്ദതയിൽ ഒളിച്ചിരുന്ന ഒച്ച!" ആ രൂപം അലറി.

"അന്ന് തോമസ് എന്നെ ഈ കല്ലിനുള്ളിൽ പൂട്ടി. അവൻ പാടിയ പാട്ട്... അതെന്നെ തളച്ചു. പക്ഷേ നീ... നീ കൊണ്ടുവന്ന ഈ യന്ത്രങ്ങൾ... ഈ മൈക്കുകൾ... ഇതാണെൻ്റെ മോചനം. എനിക്ക് വേണ്ടത് നിൻ്റെ സഹോദരിയുടെ ശരീരമല്ല... എനിക്ക് വേണ്ടത് നിൻ്റെ ഈ യന്ത്രങ്ങളാണ്. ഇതിലൂടെ എനിക്ക് ലോകം മുഴുവൻ പടരാം.

അഭിരാമി തൻ്റെ ഓഡിയോ ഡിവൈസിൽ ഒരു 'ഫീഡ്ബാക്ക് ലൂപ്പ്' സൃഷ്ടിക്കാൻ ശ്രമിച്ചു. ഹൈ-ഫ്രീക്വൻസി ശബ്ദം തിരിച്ചടിപ്പിച്ച് ഈ മായയെ തകർക്കാൻ, എന്തോ അവളുടെ മനസ്സ് അപ്പോൾ അങ്ങനെ പറഞ്ഞത് പോലെ അവൾക്കു തോന്നി, ആരോ തന്നോട് പറഞ്ഞത് പോലെ.

പക്ഷേ, അവൾ സ്വിച്ച് അമർത്തുന്നതിന് മുൻപ്, മഞ്ഞിൽ നിന്ന് ഒരു നീളമുള്ള, തണുത്ത കൈ അവളുടെ കയ്യിൽ കടന്നു പിടിച്ചു.

പിന്നിൽ നിന്ന്, മറ്റൊരുടയോ ശബ്ദം കേട്ടു. പക്ഷേ അത് ഒരു മനുഷ്യൻ ആയിരുന്നില്ല.

"ഞാനും... കൂടെ വരട്ടെ?"

ആ രൂപം അഞ്ചടി അകലെ നിൽക്കുന്നു. പക്ഷേ ആ കാഴ്ച്ച അഭിരാമിയുടെ ചോര മരവിപ്പിക്കുന്നതായിരുന്നു. ആ രൂപത്തിന് ചുണ്ടുകൾ ഉണ്ട് എന്നാൽ അത് അനങ്ങുന്നില്ലായിരുന്നു, പക്ഷേ ആ രൂപം പുറപ്പെടുവിക്കുന്ന ശബ്ദം നൂറു കണക്കിന് തേനീച്ചകൾ ഒന്നിച്ചു മൂളുന്നതുപോലെയുള്ള ആ ശബ്ദം എല്ലാ ദിശയിൽ നിന്നും മുഴങ്ങിക്കൊണ്ടിരുന്നു.

"ഞാനും... കൂടെ വരട്ടെ?"

അഭിരാമിയുടെ റെക്കോർഡറിലെ ലെവൽ മീറ്റർ ചുവപ്പ് വരയും കടന്ന് പൊട്ടിത്തെറിക്കാൻ പാകത്തിൽ വിറച്ചു.

പെട്ടെന്ന്, അരുണിമയുടെ മുഖം ഒരു പഴയ വിഡിയോ കാസറ്റ് ഗ്ലിച്ച് ആവുന്നത് പോലെ വികൃതമായി. അവളുടെ വായ അവിശ്വസനീയമായ വലുപ്പത്തിൽ, ചെവികൾ വരെ കീറി തുറന്നു. അതിനുള്ളിൽ പല്ലുകളോ നാക്കോ ഉണ്ടായിരുന്നില്ല. പകരം, കറുത്ത ഇരുട്ട് മാത്രം. ആ ഇരുട്ടിൽ നിന്ന് ഒരു അലർച്ച പുറത്തേക്ക് വന്നു.

അതൊരു ശബ്ദമായിരുന്നില്ല, അതൊരു ആഘാതമായിരുന്നു. അഭിരാമി തെറിച്ചു വീണു. അവളുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം കിനിയാൻ തുടങ്ങി.

അരുണിമയുടെ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന ആ 'ലോഹ' ശബ്ദം ഇപ്പോൾ ഉച്ചസ്ഥായിയിലായി.

അഭിരാമിക്ക് കാര്യം മനസ്സിലായി. അത് എങ്ങനെ എന്ന് അവൾക്കു വ്യക്തമല്ല, ആരോ ഉള്ളിലിരുന്നു മന്ത്രിക്കുന്നത് പോലെ.

തൻ്റെ മുന്നിൽ നിൽക്കുന്നത് അവളുടെ കുഞ്ഞനുജത്തി അല്ല .

ഈ പൈൻ കാടുകളിൽ ഉറങ്ങിക്കിടന്നിരുന്ന ആ 'ശബ്ദ പിശാച്' അവളെ ഒരു സ്പീക്കർ പോലെ ഉപയോഗിക്കുകയാണ്. മനുഷ്യശരീരത്തെ ഒരു ഉപകരണം മാത്രമാക്കി മാറ്റി, അതിലൂടെ ഈ ലോകത്തേക്ക് കടന്നുവരാൻ ശ്രമിക്കുന്ന അദൃശ്യശക്തി.

അഭിരാമിയുടെ തലച്ചോറ് വിറയ്ക്കാൻ തുടങ്ങി. അവൾക്കു എഴുന്നേൽക്കാൻ കഴിയുന്നില്ല. ശരീരം തളരുന്നു. ചുറ്റുമുള്ള മരങ്ങൾ വേരുകൾ പറിച്ച് നടക്കാൻ തുടങ്ങുന്നതുപോലെ അവൾക്കു തോന്നി.

പെട്ടെന്ന് അരുണിമയുടെ രൂപം അവൾക്കു നേരെ തിരിഞ്ഞു. അവളുടെ സ്റ്റാറ്റിക് നിറഞ്ഞ കണ്ണുകൾ അഭിരാമിയെ ഉറ്റുനോക്കി.

"നിൻ്റെ കാതുകൾ... എനിക്ക് വേണം," അരുണിമയുടെ രൂപം അലറി. "നീ കേൾക്കുന്നതെല്ലാം എനിക്ക് വേണം."

ആ രൂപത്തിന് വേണ്ടത് അഭിരാമിയുടെ കേൾവിശക്തിയാണ്. ശബ്ദങ്ങളെ തിരിച്ചറിയാനുള്ള അവളുടെ അപാരമായ കഴിവ് ആ രൂപത്തിന് ഒരു പാതയാണ്. അത് കൈക്കലാക്കിയാൽ അതിനു ഈ കാടിന് പുറത്തേക്ക് സഞ്ചരിക്കാം.

അഭിരാമി വേദനയോടെ തൻ്റെ ഓഡിയോ ബാഗിലേക്ക് കൈ നീട്ടി. ഇനി ഒരൊറ്റ വഴിയേ ഉള്ളു.

Destructive Interference അഥവാ Phase Cancellation.

രണ്ട് ഒരേപോലെയുള്ള ശബ്ദ തരംഗങ്ങൾ നേർക്കുനേർ വന്നാൽ, അവ പരസ്പരം റദ്ദാക്കി അവിടെ പൂർണ്ണമായ നിശബ്ദത സൃഷ്ടിക്കപ്പെടും.

അഭിരാമി വിറയ്ക്കുന്ന കൈകളോടെ തൻ്റെ ഷോട്ട്ഗൺ മൈക്ക് അരുണിമയുടെ രൂപത്തിനും നേരെ തിരിച്ചു.

'Monitor' ബട്ടൺ അമർത്തി, ഔട്ട്പുട്ട് വോളിയം പരമാവധി കൂട്ടി. എന്നിട്ട് റെക്കോർഡ് ചെയ്യുന്ന ശബ്ദം അതെ നിമിഷം തന്നെ സ്പീക്കറിലൂടെ തിരിച്ചയക്കുന്ന 'ഫീഡ്ബാക്ക് ലൂപ്പ്’ സെറ്റ് ചെയ്തു. പക്ഷേ സാധാരണ ലൂപ്പല്ല, 'Phase Invert' എന്ന ഓപ്ഷൻ കൂടി അവൾ അമർത്തി.

അതൊരു ആത്മഹത്യാപരമായ നീക്കമായിരുന്നു.

അരുണിമയുടെ തൊണ്ടയിൽ നിന്ന് വരുന്ന അതേ അമാനുഷിക ശബ്ദം, മൈക്കിലൂടെ കയറി, തലതിരിഞ്ഞ രൂപത്തിൽ തിരിച്ച് അവളിലേക്ക് തന്നെ പാഞ്ഞു.

ഒരു വലിയ സ്ഫോടനത്തിന്റെ ശബ്ദം.

പക്ഷേ തീയില്ല, പുകയില്ല. ശബ്ദം ശബ്ദത്തെ തിന്നുതീർക്കുന്ന ഭീകരമായ കാഴ്ച്ച.

അരുണിമയുടെ രൂപം വല്ലാതെ വിറച്ചു. അവളുടെ വികൃതമായ മുഖം ഉരുകി ഒലിക്കാൻ തുടങ്ങി. മഷി പോലെ കറുത്ത ദ്രാവകം അവളുടെ കണ്ണുകളിൽ നിന്നും വായിൽ നിന്നും പുറത്തേക്ക് തെറിച്ചു.

അരുണിമ വായുവിൽ നിന്ന് താഴേക്ക് വീണു. അവളിൽ നിന്ന് ഉയർന്നിരുന്ന ആ കറുത്ത പുക, അഭിരാമി സൃഷ്ടിച്ച 'എതിർ ശബ്ദത്തിൽ' തട്ടി ചിതറിപ്പോയി.

അഭിരാമിയുടെ ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ചു. സഹിക്കാനാവാത്ത വേദനയോടെ അവൾ ബോധരഹിതയായി മണ്ണിലേക്ക് വീണു. വീഴുന്നതിന് തൊട്ടുമുൻപ് അവൾ കണ്ടു, പൈൻ മരങ്ങൾക്കിടയിലെ കോടമഞ്ഞ് ഒരു വലിയ കൈയായി മാറി ആ കറുത്ത പുകയെ തിരികെ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്. ഒപ്പം ആകാശത്തു രണ്ടു മാലാഖമാർ,

“'അമ്മ, അച്ഛൻ” - അഭിരാമി മെല്ലെ പറഞ്ഞു.

നിശബ്ദത. ഭയാനകമായ നിശബ്ദത.

അഭിരാമി കണ്ണ് തുറന്നു. അവൾ ആശുപത്രി കിടക്കയിലല്ല. ആ പാറക്കെട്ടിൻ്റെ മുകളിൽ തന്നെ.

മഞ്ഞ് മാറിയിരിക്കുന്നു. അകലെ, അരുണിമ ബോധരഹിതരായി കിടക്കുന്നു. വിദൂരതയിൽ നന്ദിതയും, നാട്ടുകാരും പോലീസുകാരും അവിടേക്കു വരുന്നു.

അഭിരാമി മെല്ലെ എഴുന്നേറ്റു. ശരീരം മുഴുവൻ വേദന. അവൾ അരുണിമയുടെ അടുത്തേക്ക് ഓടി. അവളുടെ നാഡിമിടിപ്പ് പരിശോധിച്ചു. ജീവനുണ്ട്. അവൾ മെല്ലെ കണ്ണ് തുറന്നു. "ചേച്ചി..." അവൾ വിളിച്ചു. അവളുടെ സ്വന്തം ശബ്ദം.

അഭിരാമി ആശ്വാസത്തോടെ അവളെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും നന്ദിതയും ഒപ്പമുള്ളവരും അവിടേക്ക് എത്തി. നടന്നതൊന്നും അഭിരാമിക്കും അരുണിമക്കും ഓർമ്മയില്ല. എന്തോ ദുസ്വപ്നം കണ്ടതുപോലെ അവർ പരസ്പരം നോക്കി.

സമയം ഒട്ടും കളയാതെ ആ ശപിക്കപ്പെട്ട സ്ഥലത്ത് നിന്ന് എത്രയും വേഗം രക്ഷപ്പെടാൻ എന്ന ചിന്ത മാത്രമായിരുന്നു അഭിരാമിയുടെ ഉള്ളിൽ.

ചുരമിറങ്ങുമ്പോൾ ആരും മിണ്ടിയില്ല. റേഡിയോ ഓൺ ചെയ്യാൻ പോലും അഭിരാമി ഭയന്നു.

തിരിച്ചു എറണാകുളത്തു എത്തി, അവരുടെ വീടിൻ്റെ മുറ്റത്തു കാർ നിർത്തിയപ്പോഴാണ് മാത്രമായിരുന്നു അഭിരാമിക്ക് ആശ്വാസമായത്. എല്ലാം കഴിഞ്ഞു. അവർ രക്ഷപ്പെട്ടു.

അരുണിമ വീട്ടിനു മുന്നിലേക്ക്‌ നടന്നു. അഭിരാമി കാറിൽ നിന്നിറങ്ങി ഡോർ ലോക്ക് ചെയ്തു. പെട്ടെന്ന്, അവളുടെ പോക്കറ്റിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തു.

ഒരു വോയിസ് മെയിൽ. അരുണിമയുടെ നമ്പറിൽ നിന്ന്.

അഭിരാമി ഞെട്ടിപ്പോയി. അരുണിമ വീട്ടുപടിക്കൽ അഭിരാമിയെയും കാത്തു നിൽക്കുന്നു. അവളുടെ കയ്യിൽ ഫോൺ ഇല്ല. അത് അവളുടെ ബാഗിലാണ്.

പിന്നെ ഇതാരാണ് അയച്ചത്? വിറയ്ക്കുന്ന കൈകളോടെ അഭിരാമി ഫോൺ ചെവിയിൽ വെച്ചു. ആ വോയിസ് മെയിൽ പ്ലേ ചെയ്തു.

അതിൽ ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. പൂർണ്ണ നിശബ്ദത.

പക്ഷേ, ആ നിശബ്ദതയ്ക്ക് ഇടയിൽ, വളരെ നേർത്ത, എന്നാൽ വ്യക്തമായ ഒരു ശബ്ദം അഭിരാമി കേട്ടു.

അതൊരു നായയുടെ കുരയായിരുന്നു. തൻ്റെ അയൽപക്കത്തെ നായയുടെ കുര. കൃത്യം രണ്ട് സെക്കൻഡ് കുര... മൂന്ന് സെക്കൻഡ് നിശബ്ദത. അഭിരാമി തലയുയർത്തി നോക്കി.

വീടിനു മുന്നിൽ നിൽക്കുന്ന അരുണിമ അവളെ തന്നെ നോക്കി നിൽക്കുന്നു. അവൾ ചിരിക്കുകയായിരുന്നില്ല.

പക്ഷേ, അവളുടെ ചുണ്ടുകൾ അനങ്ങാതെ, അഭിരാമിയുടെ തലച്ചോറിനുള്ളിൽ മാത്രം കേൾക്കാവുന്ന ആ ശബ്ദം വീണ്ടും മുഴങ്ങി: "ഞാൻ ... കൂടെ തന്നെയുണ്ട്."

അഭിരാമിയുടെ കാതുകളിൽ, നഗരത്തിലെ സകല ശബ്ദങ്ങളും, കാറുകളുടെ ഹോൺ, കാറ്റ്, ആളുകളുടെ സംസാരം എല്ലാം പെട്ടെന്ന് നിലച്ചു.

അവൾക്കു ഇപ്പോൾ കേൾക്കാൻ കഴിയുന്നത് ഒരേയൊരു കാര്യം മാത്രം. വാഗമണ്ണിലെ പൈൻ മരങ്ങൾ കാറ്റിൽ ആടുന്നതിൻ്റെ മരവിപ്പിക്കുന്ന ശബ്ദം.

അവൾ രക്ഷപ്പെട്ടിട്ടില്ല.

അവൾ തിരികെ കൊണ്ടുവന്നത് തൻ്റെ സഹോദരിയെയല്ല. ആ ശബ്ദത്തെയാണ്, അതിൻ്റെ ഉടമയെ ആണ്.