രാവിലെ 9 മണി. റേഷൻ കടയുടെ മുന്നിൽ നീണ്ട ക്യൂ. അജു ക്യൂവിൽ നിൽക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറായി. കയ്യിൽ മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡും ഒരു സഞ്ചിയിമുണ്ട്. അവന് 8:30-ന് സൈറ്റിൽ എത്തണം. മുമ്പിലുള്ള വൃദ്ധനായ ഒരാൾ മെഷീനിൽ വിരൽ വെക്കുന്ന, എടുക്കുന്നു. ഇത് തുടങ്ങിയിട്ട് ഒരു അര മണിക്കൂർ ആയി. കടക്കാരൻ
"പതിയുന്നില്ലല്ലോ... കൈ തുടച്ചിട്ട് വെക്ക് കാരണവരെ."
അയാൾ വീണ്ടും വെക്കുന്നു. കടക്കാരൻ:
"ഇല്ല, സെർവർ ഡൗണാണ്. ഉച്ചയ്ക്ക് ശേഷം വാ."
അവിടെ നിന്നവർ ബഹളം വെക്കാൻ തുടങ്ങി. അജു ഒന്നും മിണ്ടാൻ നിന്നില്ല. അജു സമയം നോക്കി. 10 മണി. അവൻ ഓടി. അരിയില്ല, പക്ഷെ പണിക്ക് പോകാതിരിക്കാൻ പറ്റില്ല. പണി സ്ഥലത്തേക്ക് പോകും വഴി അവൻ വില്ലേജ് ഓഫീസിലേക്ക് കയറി. കൂടെ അവൻ്റെ അമ്മയുണ്ട്, സുഭദ്ര. അവർക്ക് ശരിക്കൊന്നു നടക്കാൻ പോലും വയ്യ. വിധവാ പെൻഷൻ്റെ പേപ്പർ ശെരിയാക്കണം. വില്ലേജ് ഓഫീസിൽ എല്ലാവർക്കും ഇപ്പോൾ അജുവിനെയും അമ്മയെയും അറിയാം, കാരണം അവർ അവിടെ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഓഫീസിൽ ഫാനിൻ്റെ കാറ്റുകൊണ്ട് ഇരിക്കുന്ന ക്ലർക്ക്. മേശപ്പുറത്ത്
"File Pending"
എന്നൊരു മലയുണ്ട്. അജു:
"സാർ, അമ്മയുടെ പെൻഷൻ കാര്യം... മൂന്ന് മാസമായി നടക്കുന്നു. മരുന്ന് വാങ്ങാൻ പോലും എനിക്ക് കിട്ടുന്ന പണം തികയുന്നില്ല..."
ക്ലർക്ക് മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ:
"അതൊന്നും ആയിട്ടില്ല എൻ്റെ അജുവേ. സാർ മീറ്റിംഗിലാണ്. നീ അടുത്ത ആഴ്ച എങ്ങാനും വാ."
അജു: "സാർ, കഴിഞ്ഞ ആഴ്ചയും ഇത് തന്നെയാ പറഞ്ഞത്. അമ്മയെയും കൊണ്ട് ഇനിയും വരാൻ..."
അപ്പോളാണ് ഖദർ ഇട്ട ഒരാൾ (ഒരു പ്രാദേശിക രാഷ്ട്രീയക്കാരൻ്റെ ഡ്രൈവർ) അങ്ങോട്ട് വരുന്നത്. അയാൾ ക്ലർക്കിൻ്റെ മുന്നിലേക്ക് ഒരു ഫയൽ ഇട്ടു.
"ഇതൊന്നു വേഗം നോക്കണം. എം.എൽ.എ പറഞ്ഞതാ."
ക്ലർക്ക് ചാടി എഴുന്നേറ്റു.
"അതിനെന്താ... ഇപ്പോൾ ശരിയാക്കാല്ലോ."
രണ്ടേ രണ്ട് മിനിറ്റ്. സീൽ വെച്ചു, ഒപ്പിട്ടു. അജു ഇത് കണ്ടുകൊണ്ട് നിൽക്കുകയാണ്. അവൻ ചോദിച്ചു:
"സാർ, എൻ്റെ കാര്യം?"
ക്ലർക്ക് ചൂടായി:
"നിനക്ക് മലയാളം പറഞ്ഞാൽ മനസിലാവില്ലേ? അടുത്ത ആഴ്ച വരാൻ!"
അമ്മ അജുവിൻ്റെ കൈയിൽ പിടിച്ചു.
"വിട്ടേക്ക് മോനെ... നമുക്ക് പോകാം. എനിക്ക് മരുന്ന് വേണ്ട."
ആ വാക്കുകൾ അജുവിൻ്റെ നെഞ്ചിൽ ഒരു കല്ല് പോലെ വീണു. സിസ്റ്റം പാവപ്പെട്ടവന് നേരെ വാതിലടക്കുകയല്ല, മുഖത്ത് നോക്കി തുപ്പുകയാണ്. അമ്മയെ വീട്ടിലാക്കിയിട്ട് അജു പണിക്ക് പോകാൻ ബസ്സിൽ കയറി. തിരക്കോട് തിരക്ക്. ആളുകൾ ഞെരുങ്ങി നിൽക്കുന്നു. അജുവിൻ്റെ മുഖം മറ്റൊരാളുടെ വിയർത്ത ഷർട്ടിൽ അമർന്നിരിക്കുകയാണ്. ശ്വസിക്കാൻ വായു ഇല്ല. ചൂട്, വിയർപ്പ്, പൊടി. സൈഡിലൂടെ ഒരു വലിയ AC കാർ ഒഴുകി പോകുന്നു. അതിൽ പിൻസീറ്റിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. അജുവിന് ആ കാറിലെ സീറ്റ് കാണുമ്പോൾ സ്വർഗ്ഗം പോലെ തോന്നി. അവൻ്റെ പോക്കറ്റിൽ ഫോൺ ബെല്ലടിക്കുന്നു. കോൺട്രാക്ടർ വർഗീസാണ്. എടുക്കാൻ കൈ അനക്കാൻ പോലും പറ്റുന്നില്ല. കണ്ടക്ടർ വിളിച്ചു കൂവുന്നു:
"നീങ്ങി നിൽക്ക്... പുറകിലേക്ക് നീങ്ങി നിൽക്ക്, എന്തിനാ മുന്നിൽ കിടന്നു തള്ളുന്നത്? പുറകിൽ ഫുട്ബോൾ കളിക്കാനുള്ള സ്ഥലം ഉണ്ടല്ലോ..."
അജു ആലോചിച്ചു:
"ഇനിയും എങ്ങോട്ട് നീങ്ങാനാണ്? ഈ ബസ്സിൽ നിന്ന് പുറത്തേക്ക് ചാടാനോ? ഇവിടെ എവിടെയാ ഫുട്ബോൾ കളിക്കാനുള്ള സ്ഥലം?"
അജുവിൻ്റെ ശ്വാസകോശത്തിൽ പകുതിയും സിമൻ്റ് ആണ്. ബാക്കി പകുതി കടവും.
നഗരത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ഫ്ലാറ്റ് കോംപ്ലക്‌സ് -
"Royal Gardens".
അജു അവിടെയാണ് പണിക്ക് നിൽക്കുന്നത്. 15-ാം നിലയിലേക്ക് സിമൻ്റ് ചാക്ക് ചുമക്കണം. അവിടുത്തെ സ്വർണ്ണനിറമുള്ള ലിഫ്റ്റിൽ
"Residents Only"
എന്ന ബോർഡുണ്ട്. സർവീസ് ലിഫ്റ്റ് കേടായിട്ട് ഒരാഴ്ചയായി.
15 നിലകൾ. ഓരോ പടി കയറുമ്പോഴും അജുവിൻ്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങും. അവൻ കിതച്ചുകൊണ്ട് മുകളിലെത്തുമ്പോൾ, AC കാറിൽ വന്നിറങ്ങിയ സൈറ്റ് കോൺട്രാക്ടർ വർഗീസ് മുതലാളി ഫോണിൽ ആരോടെങ്കിലും അലറി അവിടേക്ക് വന്നിട്ടുണ്ടാവും.
“മുതലാളി ആ സൈഡിലെ കാട് വെട്ടി തെളിക്കുന്ന കാര്യം..”
അജു ചാക്ക് താഴെ വെച്ചിട്ട് വർഗീസിനോട് പറഞ്ഞു.
"എടാ, ആളെയൊന്നും വിടാൻ പറ്റില്ല. അതൊക്കെ ഇവന്മാരെക്കൊണ്ട് ചെയ്യിക്ക്. കൂലി വെറുതെ കൊടുക്കുകയല്ലല്ലോ!"
മുതലാളി അവിടെ പണിയെടുത്തു കൊണ്ട് നിന്ന ബംഗാളികളെ ചുണ്ടി പറഞ്ഞു, അയാളുടെ കണ്ണുകൾ ഇപ്പോഴും ഫോണിൽ തന്നെയാണ്.
"അവിടെ പാമ്പും പഴുതാരയുമൊക്കെ കാണും. ജെ.സി.ബി വെച്ച് ഒന്ന് നിരപ്പാക്കിയാൽ..."
അജു വീണ്ടും നിന്ന് കെഞ്ചി.
വർഗീസ് ഫോണിൽ നിന്ന് കണ്ണെടുക്കാതെ അജുവിനെ വീണ്ടും ഒന്ന് നോക്കി. ഒരു പുച്ഛം.
"നിനക്ക് പണി ചെയ്യാൻ വയ്യെങ്കിൽ പോടാ ചെക്കാ.. എനിക്ക് ഉപദേശം തരാൻ നീ ആളാവണ്ട. അല്ലെ… അത്ര കേടാണെങ്കിൽ നീ പോയി ആ വേസ്റ്റ് അങ്ങ് മാറ്റ്."
അജു ഒന്നും മിണ്ടിയില്ല.
സമയം ഉച്ചയ്ക്ക് 2 മണി. വല്ലാത്ത വെയിൽ. അജു ഫ്ലാറ്റിൻ്റെ പുറകിലെ മാലിന്യക്കൂമ്പാരത്തിൽ നിൽക്കുകയാണ്. മുനിസിപ്പാലിറ്റി തിരിഞ്ഞു നോക്കാത്ത സ്ഥലം. ഭക്ഷണാവശിഷ്ടങ്ങൾ ചീഞ്ഞഴുകുന്ന മണം.
അവൻ ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു മാറ്റി. ഒരു നിമിഷം. കാലിൽ ഒരു ചെറിയ തണുപ്പ്. പിന്നെ ഒരു സൂചി കുത്തുന്ന വേദന. അവൻ താഴേക്ക് നോക്കി. മാലിന്യങ്ങൾക്കിടയിൽ നിന്ന് തവിട്ടു നിറമുള്ള ഒരു ചേരമാതിരി സാധനം ഇഴഞ്ഞു പോകുന്നു. അണലിയാണ്.
"അയ്യോ! പാമ്പ്!"
അജു അലറി. ദൂരെ നിന്ന് വർഗീസ് മുതലാളി അത് കണ്ടു. പക്ഷെ അയാൾ അടുത്ത് വന്നില്ല.
"അവനെ വേഗം വണ്ടിയിൽ കയറ്റ്. ഇവിടെ കിടന്ന് മരിച്ചാൽ പോലീസ് കേസാകും. വേഗം മെഡിക്കൽ കോളേജിൽ വിട്ടോ!"
അജുവിനെ ഒരു ഓട്ടോറിക്ഷയിൽ എടുത്തു കയറ്റുമ്പോൾ അവൻ്റെ കണ്ണുകൾ മങ്ങുന്നുണ്ടായിരുന്നു. അവസാനം അവൻ കണ്ട കാഴ്ച, വർഗീസ് മുതലാളി മൂക്കത്ത് തൂവാല വെച്ച് മാറി നിൽക്കുന്നതാണ്.
ഗവൺമെന്റ് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി. ഒരു മത്സ്യമാർക്കറ്റിനേക്കാളും ബഹളം. ഫിനോയിലിൻ്റെയും, ഉണങ്ങിയ രക്തത്തിൻ്റെയും, പിന്നെ മനുഷ്യൻ്റെ നിസ്സഹായാവസ്ഥയുടെയും മണം കൂടിക്കുഴഞ്ഞ അന്തരീക്ഷം.
അജുവിനെ കൊണ്ടുവന്ന ഓട്ടോക്കാരനും, കൂടെ വന്ന പണിക്കാരനും ചേർന്ന് അവനെ ഒരു സ്ട്രെക്ച്ചറിലേക്ക് എടുത്തു ഇട്ടു. സ്ട്രെക്ച്ചറിൻ്റെ ഒരു ചക്രം ജാമാണ്, അത് തറയിൽ ഉരസി 'ക് കീ... കീ...' എന്ന് അരോചകമായ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. അജുവിൻ്റെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ട്. ബോധം മറഞ്ഞെങ്കിലും, ശബ്ദങ്ങൾ ഒരു മുരൾച്ച പോലെ അവൻ കേൾക്കുന്നുണ്ട്.
ഡ്യൂട്ടി ഡോക്ടർ ഓടി വന്നു. 36 മണിക്കൂറായി ഉറങ്ങിയിട്ടില്ലാത്ത കണ്ണുകൾ, നാടൻ കോഴിമുട്ട പോലെ ചുവന്നിരിക്കുന്ന ഒരു യുവ ഡോക്ടർ. അജുവിൻ്റെ കൈ പിടിച്ചു നോക്കി. പൾസ് കിട്ടുന്നില്ല. വിഷം നാഡീവ്യൂഹത്തെ ബാധിച്ചു തുടങ്ങിയതുകൊണ്ട് ശരീരം മരവിച്ചു തുടങ്ങിയിരുന്നു.
"സിസ്റ്റർ, മോണിറ്റർ കണക്ട് ചെയ്യ്,"
ഡോക്ടർ വിളിച്ചു പറഞ്ഞു. നഴ്സ് തിരക്കിനിടയിൽ ഓടിവന്ന് പഴയ ഒരു ECG മെഷീൻ്റെ വയറുകൾ അജുവിൻ്റെ നെഞ്ചിൽ വെച്ചു. മോണിറ്ററിൽ പച്ച വെളിച്ചം മിന്നി. പിന്നെ ഒരു നീണ്ട വര മാത്രം. യഥാർത്ഥത്തിൽ ആ മെഷീൻ്റെ പ്ലഗ് സോക്കറ്റിൽ നിന്ന് ലൂസായി കിടക്കുകയായിരുന്നു. അതൊന്നും നോക്കാൻ ആർക്കും നേരം ഇല്ല.
“ഏതു പാമ്പാണ് കടിച്ചത്”
ഡോക്ടർ ചോദിച്ചു. മലയാളം അറിയാത്ത കൂടെ വന്ന പണിക്കാരൻ നിന്നു പരുങ്ങി.
“അറിയില്ല ഡോക്ടർ, മൂക്കൻ ആണെന്ന തോന്നുന്നേ”
ഓട്ടോക്കാരൻ പറഞ്ഞു. ഈ സമയം വാർഡ് ബോയ് സുധാകരൻ സമയം നോക്കി ഇരിപ്പായിരുന്നു. എമർജൻസി കേസ് കണ്ടു വന്നതാണയാൾ. 2:55 PM. അയാൾക്ക് 3 മണിക്ക് ഷിഫ്റ്റ് കഴിയും. 3:10-നുള്ള ബസ്സ് കിട്ടിയില്ലെങ്കിൽ വീട്ടിലെത്താൻ വൈകും. പുതിയൊരു രോഗിയെ "അഡ്മിറ്റ്" ചെയ്താൽ, പിന്നെയും ഒരുപാട് പേപ്പർ വർക്കുണ്ട്. അഡ്മിഷൻ രജിസ്റ്റർ, കേസ് ഷീറ്റ്, ഇൻഷുറൻസ്... അതൊക്കെ എഴുതി തീർക്കുമ്പോഴേക്കും ബസ്സ് പോകും. സുധാകരൻ ഡോക്ടറുടെ ചെവിയിൽ മന്ത്രിച്ചു:
"ഡോക്ടറേ, യെവൻ പോയന്നാ തോന്നണേ. നോക്കിയിട്ട് കാര്യമില്ല. ദേ നോക്ക്, ഫ്ലാറ്റ് ലൈൻ ആണ്. അടുത്ത ആ ഡെങ്കിപ്പനി കേസിന് ബെഡ് വേണം. അവൻ അവിടെ കിടന്ന് പിടയുവാ."
ഡോക്ടർ ഒന്ന് മടിച്ചു. പിന്നെ അജുവിൻ്റെ കണ്ണുകളിലേക്ക് ടോർച്ച് അടിച്ചു നോക്കി. കൃഷ്ണമണി അനങ്ങുന്നില്ല. ജീവനുണ്ടെന്ന ഒരു ലക്ഷണവും ഇപ്പോൾ അജു കാണിക്കുന്നില്ല. ഡോക്ടർ നെടുവീർപ്പിട്ടു.
"ശരി. Time of death: 2:58 PM. Cause: Snake bite venom cardiac arrest."
സുധാകരൻ്റെ മുഖത്ത് ആശ്വാസം. അയാൾ വേഗത്തിൽ "Death Certificate" പേപ്പർ ഡോക്ടറുടെ മുന്നിൽ വെച്ചു. ഡോക്ടർ ഒപ്പിട്ടു. എന്നാൽ ഈ സമയമത്രയും, അജുവിന് ചുറ്റുമുള്ളതെല്ലാം കേൾക്കാമായിരുന്നു. അവൻ്റെ മനസ്സ് ശരീരത്തിനുള്ളിൽ കിടന്ന് അലറുകയായിരുന്നു.
"ഡോക്ടറേ... ഞാൻ പോയിട്ടില്ല! മെഷീൻ കേടാണ് സാറേ!... എനിക്ക് ശ്വാസം കിട്ടുന്നില്ലെന്നേ ഉള്ളൂ... എന്നെ കൊല്ലല്ലേ!"
പക്ഷെ അവൻ്റെ ചുണ്ടുകൾ അനങ്ങിയില്ല. തൊണ്ടയിൽ നിന്ന് ഒരു ശബ്ദവും വന്നില്ല. സുധാകരൻ അജുവിൻ്റെ കാലിൽ ഒരു ടാഗ് കെട്ടി.
"ഇവനെ മോർച്ചറി വരാന്തയിൽ കിടത്താം. ഫ്രീസർ ഫുള്ളാണ്. രണ്ട് അജ്ഞാത ജഡങ്ങൾ ഇന്നലെ വന്നതാ."
അജുവിൻ്റെ മുഖത്ത് അവർ വെള്ളത്തുണി ഇട്ടു മൂടി. ശ്വാസം കിട്ടാതെ, ഇരുട്ടിൽ, ആ ആശുപത്രിയിലെ ബഹളങ്ങൾക്കിടയിൽ, ജീവനോടെ അവൻ "മരിച്ചു".
അജുവിൻ്റെ കോളനിയിലെ ഒറ്റമുറി വീടിൻ്റെ മുന്നിൽ ഒരു ചെറിയ പന്തൽ ഇട്ടിട്ടുണ്ട്. നീല ടാർപോളിൻ വലിച്ചുകെട്ടിയത് കൊണ്ട് അകത്തേക്ക് വെളിച്ചം കടക്കുന്നില്ല. വിനു, അജുവിൻ്റെ ബാല്യകാല സുഹൃത്ത്, അവിടെ ഓടി നടക്കുകയാണ്. വിനുവിന് വലിയ സങ്കടമുണ്ട്, പക്ഷെ കരയാൻ സമയമില്ല. കാര്യങ്ങൾ നടത്താൻ ഒരാൾ വേണമല്ലോ. അവൻ്റെ കയ്യിലൊരു നോട്ടുപുസ്തകമുണ്ട്. വാടക സ്റ്റോർ ഉടമസ്ഥൻ നാണു ചേട്ടൻ വിനുവിനോട് തർക്കിക്കുന്നു,
"എടാ വിനു, ഫ്രീസറിന് മണിക്കൂറിന് 500 രൂപയാകും. ജനറേറ്ററിന് വേറെ. കറന്റ് പോയാൽ ബോഡി ചീയും, ഞാൻ ഉള്ള കാര്യം പറഞ്ഞേക്കാം."
വിനു നെറ്റിയിലെ വിയർപ്പ് തുടച്ചു:
"എൻ്റെ പൊന്നു ചേട്ടാ, ഒന്ന് കുറയ്ക്കെടോ... ഒരു പാവപ്പെട്ടവൻ്റെ ശവസംസംസ്കാരമല്ലേ. 12 മണിക്ക് മുൻപ് എടുക്കും. ഒരു 2000 രൂപയ്ക്ക് ഒതുക്ക്."
നാണു ചേട്ടൻ: "മരിച്ചവൻ പാവപ്പെട്ടവനാണോ മുതലാളിയാണോ എന്ന് കറന്റിന് അറിയാമോ വിനുവേ? കാശ് അഡ്വാൻസ് വേണം."
“എന്തൊരു ആർത്തി ആടോ ?”
വിനു നെടുവീർപ്പിട്ടു. അജു മരിച്ചപ്പോഴും ബാക്കിവെച്ചത് കടം മാത്രമാണ്. വിനു തൻ്റെ പോക്കറ്റിൽ നിന്ന് മടക്കി വെച്ച കുറച്ച് നോട്ടുകൾ എടുത്ത് നാണുവിന് കൊടുത്തു. അകത്ത്, അജുവിൻ്റെ അമ്മ തളർന്നു കിടക്കുകയാണ്. അയൽപക്കത്തെ സ്ത്രീകൾ ചുറ്റും കൂടിയിട്ടുണ്ട്. ചിലർ അമ്മയെ ആശ്വസിപ്പിക്കുന്നു, ചിലർ അജുവിൻ്റെ ഇൻഷുറൻസ് കിട്ടുമോ എന്ന് ചർച്ച ചെയ്യുന്നു.
"അല്ല, സൈറ്റിൽ വെച്ചല്ലേ മരിച്ചത്? വർഗീസ് മുതലാളി നഷ്ടപരിഹാരം തരുമായിരിക്കും അല്ലെ?"
ഒരു സ്ത്രീ ചോദിച്ചു. സുഭദ്ര അമ്മ ഒന്നും മിണ്ടിയില്ല. അവരുടെ കണ്ണുകൾ വറ്റിപ്പോയിരുന്നു. ഫ്രീസർ ബോക്സിനുള്ളിൽ അജു കിടക്കുന്നു. ചുറ്റും പുകയുന്ന ചന്ദനത്തിരിയുടെ മണം. ചില്ല് പെട്ടിക്ക് മുകളിൽ മഞ്ഞുതുള്ളികൾ പറ്റിപിടിച്ചിരിക്കുന്നു. രാവിലെ 10 മണി. സംസ്കാര ചടങ്ങുകൾക്ക് സമയമായി. പെട്ടെന്നാണ് ഒരു ഇന്നോവ കാർ അങ്ങോട്ട് വന്നത്. ലോക്കൽ കൗൺസിലർ. ഇലക്ഷൻ വരാൻ പോകുകയാണ്, അതുകൊണ്ട് ഒരു മരണം പോലും വിടാൻ പറ്റില്ല. കൗൺസിലർ കാറിൽ നിന്നിറങ്ങി, നേരെ ഫ്രീസറിന് അടുത്തേക്ക് പോയി. ക്യാമറമാൻ കൂടെയുണ്ട്. അയാൾ അജുവിൻ്റെ ഫ്രീസറിൽ തൊട്ടു കൊണ്ട് ഒരു പോസ്സ് കൊടുത്തു.
"നല്ലൊരു ചെറുപ്പക്കാരനായിരുന്നു. പാർട്ടിക്ക് തീരാനഷ്ടം."(അജുവിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലായിരുന്നു). അയാൾ സുഭദ്ര അമ്മയുടെ അടുത്തേക്ക് പോയി കൈ കൂപ്പി.
"എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം." എന്നിട്ട് വിനുവിൻ്റെ നേരെ തിരിഞ്ഞു:
"ശ്മശാനത്തിൽ വിറകിന് ക്ഷാമമാണ്. നിങ്ങൾ വേണമെങ്കിൽ ഇലക്ട്രിക് ക്രിമിറ്റോറിയത്തിൽ കൊണ്ട് പോക്കോ. പക്ഷെ അവിടെയും ക്യൂ ആണ്. നോക്കി ചെയ്യ്."
അയാൾ വന്നപോലെ തന്നെ മടങ്ങി. കൂടെ വന്നവർ ബാക്കി വന്ന ചായയും കുടിച്ച് പ്ലാസ്റ്റിക് കപ്പ് അജുവിൻ്റെ വീടിൻ്റെ മുറ്റത്ത് തന്നെ ഇട്ടിട്ട് പോയി. സമയം 11:30. ബോഡി എടുക്കാൻ സമയമായി.
"പരേതന് വേണ്ടി കർമ്മങ്ങൾ ചെയ്യാൻ ആരുണ്ട്?"
പൂജാരി ചോദിച്ചു. ആരുമില്ല. അവസാനം വിനു തന്നെ മുന്നോട്ട് വന്നു. അവർ അജുവിനെ ഫ്രീസറിൽ നിന്ന് പുറത്തെടുത്തു. ശരീരം മരവിച്ച് ഐസ് പോലെയായിട്ടുണ്ട്. മുറ്റത്ത് ഓല മടൽ ഇട്ടു. അതിൽ അജുവിനെ കിടത്തി. പൂജാരി തിരക്കിലാണ്.
"വേഗം ആവട്ടെ... 12 മണിക്ക് വേറെ ഒരു കല്യാണത്തിന് പോകാനുള്ളതാ."
അയൽപക്കത്തെ ചേട്ടൻ ഒരു കുടം നിറയെ വെള്ളം കോരി കൊണ്ടുവന്നു. കിണറ്റിലെ നല്ല തണുത്ത വെള്ളം. അവർ അജുവിൻ്റെ തലയിൽ നിന്ന് വസ്ത്രം മാറ്റി.
"വെള്ളം ഒഴിക്കട്ടെ?"
ഒരു കുടം തണുത്ത വെള്ളം അജുവിൻ്റെ തലയിലൂടെ ഒഴിച്ചു. ആ തണുപ്പ്... അത് അജുവിൻ്റെ നാഡീവ്യൂഹത്തിൽ ഒരു ഷോക്ക് പോലെ അടിച്ചു. പെട്ടന്നാണ് അത് ഉണ്ടായതു, മരണത്തിൻ്റെ വക്കിലായിരുന്ന ആന്റിബോഡികൾ പെട്ടെന്ന് ഉണർന്നു. തലച്ചോറിലേക്ക് രക്തം ഇരച്ചു കയറി. പെട്ടെന്ന്... അജുവിൻ്റെ നെഞ്ച് ഒന്ന് പൊങ്ങി. ഒരു വലിയ ശ്വാസം ഉള്ളിലേക്ക് വലിച്ചു. അജു കണ്ണ് തുറന്നു. വെള്ളം മൂക്കിൽ കയറിയതുകൊണ്ട് അവൻ ചുമക്കാൻ തുടങ്ങി.
"ഖ്... ഖ്... ഖ്ഹോ..."
നിശബ്ദത. പിന്നെ ഒരു കൂട്ട നിലവിളി. പൂജാരി കയ്യിലിരുന്ന കിണ്ടി വലിച്ചെറിഞ്ഞ് ഓടി. ശവം കഴുകാൻ നിന്നവർ പുറകോട്ട് മറിഞ്ഞു വീണു. കുടം താഴെ വീണ് ഉടഞ്ഞു. പേടിച്ചു ഓടിയവരിൽ ഒരുത്തൻ പറമ്പിൽ നിന്ന ഒരു വാഴയിൽ ഇടിച്ചു തലയും കുത്തി വീണു. സുഭദ്ര അമ്മ കണ്ണ് മിഴിച്ച് നോക്കി. വിനു സ്തംഭിച്ചു പോയി. അജു മെല്ലെ എഴുന്നേറ്റിരുന്നു. അവൻ വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണുകൾ ചുവന്നിരിക്കുന്നു. ചുറ്റും നോക്കി. എല്ലാവരും പേടിച്ച് വീടിൻ്റെ മതിലിൽ പറ്റി നിൽക്കുകയാണ്. അജു വിനുവിനെ നോക്കി ചോദിച്ചു:
"എടാ വിനു... എനിക്ക് ചായ വേണം. നല്ല വിശപ്പ്..."
രണ്ട് മണിക്കൂറിന് ശേഷം. വീടിൻ്റെ മുറ്റം ഇപ്പോൾ ഒരു സർക്കസ് കൂടാരം പോലെയാണ്. നാട്ടുകാർ മൊത്തം അവിടെയുണ്ട്. ഹോസ്പിറ്റലിൽ നിന്ന് ആ ഡോക്ടറെ (സർട്ടിഫിക്കറ്റ് ഒപ്പിട്ട അതേ ഡോക്ടർ) അവർ വിളിച്ചു വരുത്തി. ഡോക്ടർ അജുവിനെ പരിശോധിച്ചു. അയാൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
"ഇത്... ഇത് അത്ഭുതമാണ്. വിഷം ഉള്ളിലുണ്ട്, പക്ഷെ അത് ശരീരത്തെ ബാധിക്കുന്നില്ല. ഇയാളുടെ രക്തത്തിൽ എന്തോ... എന്തോ ഒരു പ്രത്യേകതയുണ്ട്. Rare Immune Response. പാമ്പിൻ്റെ വിഷത്തെ പ്രതിരോധിക്കാൻ പാങ്ങുള്ള എന്തോ ഒന്ന്, അത് ഇയാളുടെ ശരീരത്തിൽ ഉണ്ട്."
ഡോക്ടർ പറഞ്ഞത് ആർക്കും മനസ്സിലായില്ല. പക്ഷെ വിനു അത് കേട്ടു. അവൻ ചുറ്റുമുള്ള ജനങ്ങളെ നോക്കി. അവർ അജുവിനെ നോക്കുന്നത് ഇപ്പോൾ ഒരു തൊഴിലാളിയെ നോക്കുന്നത് പോലെയല്ല. പേടിയോടെ, ബഹുമാനത്തോടെ... ആരാധനയോടെ.
“താനൊക്കെ ഏതു കോത്താഴത്തിലെ ഡോക്ടർ ആണ്, ജീവനുള്ള ചെക്കനെ ചത്തെന്നു പറഞ്ഞു..”
കൂട്ടത്തിലുള്ള നാട്ടുകാരിൽ ഒരാൾ അലറി, മറ്റുള്ളവർ അത് കൂട്ടു പിടിച്ചു. ആകെ ഒരു അരക്ഷിതാവസ്ഥ. ഡോക്ടർക്ക് അടി പൊട്ടാനുള്ള സകല ചാൻസും ഉണ്ട്. വിനു ഇടപെട്ടു വിഷയം ഒന്ന് തണുപ്പിച്ചു. വിനുവിൻ്റെ തലയിൽ ഒരു ബൾബ് മിന്നി. അവൻ പതുക്കെ അജുവിൻ്റെ തോളിൽ കൈ വെച്ചു. എന്നിട്ട് ജനങ്ങളോട് പറഞ്ഞു:
"ഡോക്ടർ പറഞ്ഞത് കേട്ടില്ലേ? വിഷം ഇവന് ഏൽക്കില്ല. സാക്ഷാൽ പരമശിവനെപ്പോലെ... വിഷം കുടിച്ച് നീലകണ്ഠനായി ഇവൻ തിരിച്ചു വന്നിരിക്കുകയാണ്!"
എല്ലാവരും ഒരു നിമിഷം ഒന്ന് സ്തംഭിച്ചു നിന്നു.
“ങ്ങേ…എന്തൊക്കെയാ താനീ പറയുന്നേ” ഡോക്ടർ ആയിരുന്നു അത്.
“പൊന്നു സാറെ തല്ലു കിട്ടാതെ ഊരി പോണെങ്കിൽ മിണ്ടാതിരുന്നോ” വിനു സൂത്രത്തിൽ ഡോക്ടറോട് ചെവിയിൽ പറഞ്ഞു. കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു:
"ഹര ഹര മഹാദേവ!"
മറ്റൊരാൾ അത് ഏറ്റുവിളിച്ചു. അജുവിന് ഒന്നും മനസ്സിലായില്ല. അവന് ആകെ വേണ്ടത് ചൂട് ചായയും, നനയാത്ത ഒരു തോർത്തുമാണ്. പക്ഷെ ആരും അവന് തോർത്ത് കൊടുത്തില്ല. പകരം, ആരോ കൊണ്ടുവന്ന ഒരു കാവി മുണ്ട് വിനു അവനു മേൽ പുതപ്പിച്ചു. സമയം രാത്രി 11 മണി. പുറത്തെ ബഹളങ്ങൾ അടങ്ങി. വീടിന് ചുറ്റും കൂടിയിരുന്നവർ പിരിഞ്ഞു പോയി. മുറ്റത്ത് ചിതറിക്കിടക്കുന്ന പേപ്പർ കപ്പുകളും, വാടിപ്പോയ പൂമാലകളും മാത്രം ബാക്കി. വീടിനുള്ളിൽ, മരണത്തിൻ്റെ മണം, ചന്ദനത്തിരിയുടെയും കർപ്പൂരത്തിൻ്റെയും ആ കട്ടി കൂടിയ മണം ഇപ്പോഴും തങ്ങി നിൽപ്പുണ്ട്. അജു ബാത്ത്റൂമിലെ പഴയൊരു പൊട്ടിയ കണ്ണാടിക്ക് മുന്നിൽ നിൽക്കുകയാണ്. അവൻ മുഖം കഴുകി. വീണ്ടും വീണ്ടും കഴുകി. പക്ഷെ നെറ്റിയിലെ ചന്ദനക്കുറി മായുന്നില്ല. അത് തൊലിയുടെ നിറം പോലെ ആയിരിക്കുന്നു. കഴുത്തിൽ ഇട്ട വലിയ പ്ലാസ്റ്റിക് മാലകൾ അഴിച്ചു വെച്ചപ്പോൾ അവിടെ ചുവന്ന പാടുകൾ വീണിട്ടുണ്ട്. സിമന്റ് ചാക്ക് ചുമന്ന പാടുകൾക്ക് മുകളിൽ ഇപ്പോൾ മാലയുടെ പാടുകൾ. വിനു മുറിയിലുണ്ട്. അവൻ ഭക്തർ ഇട്ടുപോയ നോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണ്. അവൻ്റെ കണ്ണുകളിൽ ഭയമല്ല, ആവേശമാണ്. അജു തിരിഞ്ഞു നിന്നു. അവൻ്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
"വിനു...എന്തൊക്കയാടാ ഈ നടക്കുന്നെ. എനിക്ക് പേടിയാവുന്നു."
വിനു പണം എണ്ണുന്നത് നിർത്തി. അവൻ അജുവിനെ രൂക്ഷമായി നോക്കി.
"എടാ ഡോക്ടർ പറഞ്ഞത് നീ കേട്ടില്ലേ? 'ഇതൊരു അത്ഭുതമാണ്' എന്ന്. ശാസ്ത്രത്തിന് പോലും ഉത്തരം ഇല്ലെങ്കിൽ പിന്നെന്താ അത്? ദൈവമല്ലാതെ?"
അജു:
"എടാ, എനിക്ക് വിശക്കുന്നു, മൂത്രമൊഴിക്കാൻ മുട്ടുന്നു... ദൈവത്തിന് ഇതൊക്കെ ഉണ്ടാവുമോ? ഞാൻ നാളെ പണിക്ക് പൊയ്ക്കോളാം.വർഗീസ് മുതലാളിയോട് പറഞ്ഞ്..."
വിനു പുച്ഛത്തോടെ ചിരിച്ചു. അവൻ എഴുന്നേറ്റ് അജുവിൻ്റെ അടുത്തേക്ക് വന്നു.
"പണിക്കോ? ഏത് പണിക്ക്? ആ എച്ചി വർഗീസിൻ്റെ സൈറ്റിലേക്കോ? നീ നാളെ അവിടെ ചെന്നാൽ അവർ പ്രേതത്തെ കണ്ടപോലെ കല്ലെടുത്തെറിയും. പാമ്പ് കടിച്ചു ചത്തവൻ തിരിച്ചു വന്നാൽ പണി കൊടുക്കാൻ അവിടെ ആരും ഉണ്ടാവില്ല."
വിനു അജുവിൻ്റെ കൈ പിടിച്ചു. ആ കൈകൾ പരുക്കനാണ്. സിമന്റ് തിന്ന് തഴമ്പിച്ച കൈകൾ.
"അജു... നീ ഒന്ന് ആലോചിച്ച് നോക്ക്. നീ മനുഷ്യനായിരുന്നപ്പോൾ നിനക്ക് എന്താടാ കിട്ടിയത്? റേഷൻ കടയിൽ പോയി ക്യൂ നിന്ന്. ബസ്സിൽ കണ്ടക്ടറുടെ തെറി കേട്ട് . ഹോസ്പിറ്റലിൽ തറയിൽ കിടന്നു. നിൻ്റെ അമ്മയുടെ കാര്യം നീ ഒന്ന് ഓർത്തു നോക്കിയേ, നിൻ്റെ അച്ഛൻ പോയതിനു ശേഷം ആ പാവം സന്തോഷം എന്തെന്ന് അറിഞ്ഞിട്ടുണ്ടോ? എന്തിനു നല്ലൊരു തുണിയോ, ഭക്ഷണമോ കിട്ടിയിട്ടുണ്ടോ? നീ ചത്തപ്പോൾ നിൻ്റെ ബോഡി വെക്കാൻ പോലും സ്ഥലം തരാത്തവരാ ഈ നാട്ടുകാർ തെണ്ടികൾ, അപ്പൊ അവന്മാർക്കൊരു പണി നമ്മുക്ക് കൊടുക്കണ്ടേ?."
വിനു മേശപ്പുറത്തിരിക്കുന്ന പണത്തിലേക്ക് ചൂണ്ടി.
"ഇത് കണ്ടോ നീ? വെറും രണ്ട് മണിക്കൂർ കൊണ്ട് കിട്ടിയതാണിത്. നീ 10 വർഷം പണി എടുത്താൽ ഇത് കിട്ടുമോ? ആ കിഴങ്ങൻ എം എൽ എ നിനക്ക് കൈ കൂപ്പിയില്ലേ ഇവിടെ വന്നത്? നീ മനുഷ്യനായിരുന്നപ്പോൾ ഇവനൊക്കെ നമ്മളെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ? അമ്മയുടെ പെൻഷന് വേണ്ടി അയാളുടെയും പുറകെ നീ കൊറേ നടന്നതല്ലേ?. ഇപ്പോൾ നീ ദൈവമാണ്. അതുകൊണ്ട് അവർ നിന്നെ പൂജിക്കുന്നു. നിനക്ക് ഏത് വേണം? ചവിട്ട് കിട്ടുന്ന ജീവിതം വേണോ, അതോ പൈസ കിട്ടുന്ന ജീവിതം വേണോ?"
അജു തല താഴ്ത്തി.
"പക്ഷെ അമ്മ... അമ്മയ്ക്ക് സത്യം അറിയാമല്ലോ. അമ്മയ്ക്ക് എന്നെ ഇങ്ങനെ കാണാൻ..."
അപ്പോളാണ് വാതിൽ തുറന്ന് സുഭദ്ര അമ്മ വരുന്നത്. കയ്യിലൊരു പ്ലേറ്റിൽ ചോറുണ്ട്. അജുവിൻ്റെ മുഖത്ത് വലിയൊരു ആശ്വാസം വന്നു. അമ്മയുണ്ടല്ലോ. അമ്മയ്ക്ക് താൻ അജുവാണ്. വെറും അജു.
"അമ്മേ..."
അജു വിളിച്ചു.
"എനിക്ക് വിശക്കുന്നു. ആ ചോറിങ്ങ് താ... എനിക്ക് ഭ്രാന്ത് പിടിക്കുന്നു ഇവരൊക്കെ പറയുന്നത് കേട്ടിട്ട്."
അവൻ അമ്മയുടെ അടുത്തേക്ക് ചെന്നു. കൈ നീട്ടി. പക്ഷെ... അമ്മ ആ പ്ലേറ്റ് അവൻ്റെ കയ്യിൽ കൊടുത്തില്ല. പകരം, അവർ ആ പ്ലേറ്റ് അജുവിന്റെ മുന്നിലുള്ള ടീപോയിയുടെ മുകളിൽ വെച്ചു. എന്നിട്ട്... അവർ സാരിത്തലപ്പ് കൊണ്ട് വായ് പൊത്തി, അല്പം മാറി നിന്നു. ഒരു അപരിചിതനെ കാണുന്നത് പോലെ. അല്ല, ഒരു വിഗ്രഹത്തെ കാണുന്നത് പോലെ. അജു സ്തംഭിച്ചു പോയി.
"അമ്മേ? ഇത് ഞാനാ... അജു. എന്തിനാ മാറി നിൽക്കുന്നത്? എന്തിനാ പേടിക്കുന്നത്?"
അമ്മയുടെ ശബ്ദം നേർത്തതായിരുന്നു. അവർ വിറയ്ക്കുന്നുണ്ടായിരുന്നു.
"അല്ല... എൻ്റെ മോൻ മരിച്ചു പോയി. ഞാൻ കണ്ടതാ അവൻ്റെ ശരീരം മരവിക്കുന്നത്. ഇത്... ഇത് എൻ്റെ മോനല്ല. സാക്ഷാൽ ദൈവം അവൻ്റെ ശരീരത്തിൽ വന്നതാ..."
അജുവിൻ്റെ നെഞ്ച് തകർന്നു പോയി.
"അമ്മേ, എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ മരിച്ചില്ല, എനിക്ക് അസുഖം മാറിയതാ! അമ്മ ഒന്നു തൊട്ടു നോക്ക്...ആ ഡോക്ടർ സാർ പറഞ്ഞത് അമ്മയും കേട്ടതല്ലേ ?"
അജു അമ്മയുടെ കൈ പിടിക്കാൻ ചെന്നു. അമ്മ പെട്ടെന്ന് പുറകോട്ട് ചാടി മാറി. കൈ കൂപ്പിക്കൊണ്ട് അവർ പറഞ്ഞു:
"അയ്യോ! വേണ്ട... സ്വാമി എന്നെ തൊടരുത്. എൻ്റെ പൊന്നു മോനെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു, എൻ്റെ മഹാദേവ…”
അജുവിൻ്റെ കൈ വായുവിൽ നിന്നു. സ്വന്തം അമ്മ. പണ്ട് പണിക്ക് പോയി വരുമ്പോൾ തലയിൽ എണ്ണ തേച്ചു തന്നിരുന്ന അമ്മ. വഴക്കു പറഞ്ഞിരുന്ന അമ്മ. അവരിപ്പോൾ തന്നെ ഒരു ദൈവം ആയി കാണുന്നു. അജു വിനുവിനെ നോക്കി. അവൻ ഒന്നും മിണ്ടിയില്ല. അജു പതുക്കെ ആ കസേരയിലേക്ക് ഇരുന്നു. ഇനി അവിടെ ഇരിക്കുകയല്ലാതെ വേറെ വഴിയില്ല. അവൻ പൂർണ്ണമായും ഒറ്റയ്ക്കായി. അജു പതുക്കെ ചോറ് ഉരുളയാക്കി വായിൽ വെച്ചു. അതിന് ഉപ്പില്ലായിരുന്നു. അല്ലെങ്കിൽ അവൻ്റെ നാവിന് രുചി നഷ്ടപ്പെട്ടതായിരിക്കും. കണ്ണുനീർ ചോറിലേക്കു വീണു. വിനു മെല്ലെ അജുവിൻ്റെ ചെവിയിൽ പറഞ്ഞു:
"കരയല്ലേടാ... ദൈവം കരയാൻ പാടില്ല. ഭക്തർക്ക് അത് ഇഷ്ടപ്പെടില്ല."
അജു കരച്ചിൽ തൊണ്ടയിൽ ഒതുക്കി. അവൻ ചോറ് വിഴുങ്ങി. ഓരോ ഉരുളയും ഓരോ കല്ലുപോലെ ഇറങ്ങി. അന്നത്തെ രാത്രി, അജു എന്ന മനുഷ്യൻ പട്ടിണി കിടന്നു മരിച്ചു. അവൻ വിനു എണ്ണി ചിട്ടപ്പെടുത്തിയ പണത്തിലേക്കും, ഇടിഞ്ഞു പൊളിയാറായ തൻ്റെ വീടിൻ്റെ ചുമരിലേക്കും നോക്കി.
ഒരാഴ്ച കൊണ്ട് കോളനിയുടെ മുഖച്ഛായ മാറി. അജുവിൻ്റെ ടാർപോളിൻ മേഞ്ഞ വീടിന് മുന്നിൽ ഇപ്പോൾ വലിയൊരു ഫ്ലക്സ് ബോർഡ് ഉണ്ട്.
"മരണത്തെ ജയിച്ചവൻ - ശ്രീ നാഗരാജൻ (മുമ്പ് അജു)."
വിനു ഇപ്പോൾ പഴയ കീറിയ ഷർട്ട് അല്ല ഇട്ടിരിക്കുന്നത്. വെള്ള ജുബ്ബയും കസവ് മുണ്ടുമാണ് വേഷം. അവൻ കൗണ്ടറിൽ ഇരിക്കുന്നു. മുന്നിൽ ഒരു ക്യൂ ആപ്പ് ഉള്ള ടാബ്. വിനു ഫോണിൽ ആരോടോ സംസാരിക്കുന്നു:
"ഹലോ... ഇന്ത്യനെറ്റല്ലേ? അതെ, ദർശനം 4 മണിക്കാണ്. ലൈവ് ഇടാം. പക്ഷെ സ്ക്രോളിൽ ഞങ്ങളുടെ ട്രസ്റ്റ് അക്കൗണ്ട് നമ്പർ കാണിക്കണം. ഗൂഗിൾ പേ നമ്പർ ഞാൻ വാട്സാപ്പ് ചെയ്യാം."
അകത്ത്, അജു ഒരു പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുകയാണ്. കസേരയ്ക്ക് മുകളിൽ പട്ടുതുണി വിരിച്ചിട്ടുണ്ട്. കഴുത്തിൽ പ്ലാസ്റ്റിക് പൂമാലകളുടെ വലിയൊരു ഭാരം. അജുവിൻ്റെ മുന്നിൽ ഒരു കിണ്ണമുണ്ട്. അതിൽ ഭക്തർ പണം ഇടുന്നു. അജു വിനുവിനെ വിളിച്ചു:
"എടാ വിനു... എനിക്ക് കാല് മരവിക്കുന്നു. ഒന്ന് മൂത്രമൊഴിക്കാൻ പോണം."
വിനു ഇടത്തോട്ട് തിരിഞ്ഞു, പല്ലിറുമ്മിക്കൊണ്ട് മന്ത്രിച്ചു:
"മിണ്ടാതിരിയെടാ... പുറത്ത് ക്യൂവിലുള്ളത് 500 രൂപ ടിക്കറ്റുകാരാ. ദൈവം മൂത്രമൊഴിക്കാൻ പോയി എന്ന് പറഞ്ഞാൽ ബിസിനസ്സ് പൂട്ടും. അടിച്ചിരിക്ക്."
അജു വീണ്ടും ശ്വാസം മുട്ടി. പണ്ട് സിമന്റ് ചാക്കിൻ്റെ ഭാരമായിരുന്നെങ്കിൽ, ഇപ്പോൾ മാലകളുടെയും ഭക്തിയുടെയും ഭാരമാണ്. ക്യൂവിൽ വലിയൊരു ബഹളം. സെക്യൂരിറ്റിക്കാരെ (അജുവിൻ്റെ കൂടെ പണ്ട് ഉണ്ടായിരുന്ന ബംഗാളി ചുമട്ടുതൊഴിലാളികൾ) തള്ളിമാറ്റി ഒരാൾ മുന്നിലേക്ക് വരുന്നു. വർഗീസ് മുതലാളി. കയ്യിൽ വലിയൊരു താലത്തിൽ പഴങ്ങളും, ലഡുവും, നോട്ടുകെട്ടുകളും. അയാൾ നേരെ അജുവിൻ്റെ കാലിൽ വീണു.
"സ്വാമി... എന്നോട് ക്ഷമിക്കണം. അന്ന് സൈറ്റിൽ വെച്ച്... എനിക്ക് അറിയില്ലായിരുന്നു, അങ്ങ് ദൈവമാണെന്ന്. എൻ്റെ അറിവില്ലായ്മ പൊറുക്കണം."
അജുവിന് ദേഷ്യം വന്നു. അന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും മടിച്ചവൻ. അജു എന്തോ പറയാൻ തുടങ്ങി
"എടാ നീ അന്ന്..."
വിനു പെട്ടെന്ന് ചാടി വീണു, വർഗീസിനോട് പറഞ്ഞു:
"സ്വാമി മൗനവ്രതത്തിലാണ്. മനസ്സിൽ ക്ഷമിച്ചിരിക്കുന്നു. അല്ലെ സ്വാമി?"
വിനു അജുവിനെ കണ്ണുരുട്ടി കാണിച്ചു. അജു നിസ്സഹായനായി തലയാട്ടി. വർഗീസ് ആവേശത്തോടെ എഴുന്നേറ്റു.
"സ്വാമി, അവിടെ 'Royal Gardens' -ൻ്റെ ഉദഘാടനത്തിനു മെയിൻ അഥിതി ആയി സ്വാമി വരണം. ഉദ്ഘാടനത്തിന് മന്ത്രിയെ ഞാൻ വിളിച്ചിട്ടുണ്ട്."
അജു ഓർത്തു: സ്വന്തം സൈറ്റിലെ വേസ്റ്റ് നീക്കാൻ മടിച്ച് തന്നെ കൊലയ്ക്ക് കൊടുത്തവൻ, ഇപ്പോൾ തന്നെ അതിഥിയായി ക്ഷേണിച്ചിരിക്കുന്നു. വർഗീസ് താലത്തിൽ വെച്ച പണം വിനു എണ്ണി നോക്കി കീശയിലിട്ടു.
"അനുഗ്രഹിച്ചിരിക്കുന്നു മുതലാളീ... അടുത്ത ആള് വരട്ടെ!".
രാത്രി 9 മണി. പ്രൈം ടൈം ന്യൂസ്. സ്ക്രീൻ രണ്ടായി വിഭജിച്ചിരിക്കുന്നു. ഒരു വശത്ത് അജു (ലൈവ്), മറുവശത്ത് ഒരു സയന്റിസ്റ്റ് (ഡോ. തോമസ്). അവതാരകൻ അലറുകയാണ്:
"പ്രേക്ഷകരെ, ശാസ്ത്രം തോറ്റിടത്ത് വിശ്വാസം ജയിച്ചോ? ഡോക്ടർ തോമസ്, താങ്കളുടെ മെഡിക്കൽ സയൻസിന് ഇതിന് ഉത്തരമുണ്ടോ? അണലി കടിച്ച് മണിക്കൂറുകൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റ ഈ മനുഷ്യൻ ദൈവമല്ലെങ്കിൽ പിന്നെന്താണ്?"
ഡോക്ടർ തോമസ് വിയർക്കുന്നുണ്ട്:
"അല്ല, ഇത് Rare Immune Response ആണ്. ഇമ്മ്യൂണോഗ്ലോബുലിൻ വേരിയേഷൻ..."
അവതാരകൻ ഇടയിൽ കയറി:
"ഡോക്ടർ ഇംഗ്ലീഷ് പറയണ്ട! ജനങ്ങൾക്ക് വേണ്ടത് ഉത്തരം ആണ്. പാമ്പിൻ വിഷത്തെ രക്തം കൊണ്ട് ശുദ്ധീകരിച്ച ഇവൻ ശിവനല്ലേ?"
പിന്നെ ക്യാമറ അജുവിൻ്റെ നേരെ തിരിഞ്ഞു. റിപ്പോർട്ടർ അജുവിൻ്റെ മുഖത്തേക്ക് മൈക്ക് കുത്തിക്കയറ്റി
"അജു... അല്ല നാഗരാജാ... ആ മരണസമയത്ത് എമനല്ല, സാക്ഷാൽ ശിവൻ തന്നെയാണോ വന്നത്? പരലോകത്തു വൈഫൈ ഉണ്ടോ? എന്താണ് അവിടുത്തെ അവസ്ഥ ?"
അജു മൈക്കിലേക്ക് നോക്കി പറഞ്ഞു:
"എനിക്ക്... എനിക്ക് വീട്ടിൽ പോണം. കറന്റ് ബിൽ അടയ്ക്കാനുണ്ട്."
വിനു പെട്ടെന്ന് മൈക്ക് പിടിച്ചു വാങ്ങി
"സ്വാമി പറയുന്നത്, ലൗകികമായ കടങ്ങൾ തീർക്കാൻ ഭക്തർ സഹായിക്കണം എന്നാണ്. താഴെ കാണുന്ന ഗൂഗിൾ പേ നമ്പറിൽ സംഭാവന ചെയ്യാം."
ദിവസങ്ങൾ കടന്നു പോയി, നാഗരാജ സ്വാമിയുടെ വാർത്ത ഇപ്പോൾ നാട്ടിൽ എല്ലാം പാട്ടാണ്. ഒരു ദിവസം തിരക്ക് ഒഴിഞ്ഞ സമയം. വിനു പണം എണ്ണുകയാണ്. കൂമ്പാരം പോലെ നോട്ടുകൾ. അപ്പോളാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ വന്നത്. ഭക്തിയോടെയല്ല, ഫയലുമായി. ഉദ്യോഗസ്ഥൻ:
"സാർ, ട്രസ്റ്റ് രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ ഇത്രയും പണം കള്ളപ്പണമാകും. സ്വാമിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്... എല്ലാം വേണം."
വിനു: "ദൈവത്തിന് എന്തിനാ സാറേ ആധാർ കാർഡ്?"
ഉദ്യോഗസ്ഥൻ ചിരിച്ചു: "ഇന്ത്യയല്ലേ സാറേ... ഇവിടെ ദൈവമാണെങ്കിലും കെ.വൈ.സി നിർബന്ധമാണ്. ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ഫ്രീസ് ചെയ്യും."
അജു അകത്തിരുന്ന് ഇത് കേട്ടു. പണ്ട് റേഷൻ കടയിൽ വിരൽ പതിയാത്തതുകൊണ്ട് അരി കിട്ടാതെ പോയ അജു. ഇപ്പോൾ കോടികൾ സൂക്ഷിക്കാൻ ഇൻകം ടാക്സ്. അവൻ ചിരിച്ചു. കൈപ്പത്തിയിലേക്ക് നോക്കി. സിമന്റ് പാടുകൾ മാറി, ഇപ്പോൾ ചന്ദനക്കുറിയാണ്. പക്ഷെ വിരലടയാളം അത് തന്നെയാണല്ലോ. മറ്റൊരു ദിവസം, തിരക്കുകൾക്കിടയിൽ, അടുക്കള വാതിലിലൂടെ സുഭദ്ര അമ്മ അജുവിനെ നോക്കി. അവർക്ക് സന്തോഷമില്ല. അജുവിൻ്റെ മുഖത്ത് പഴയ ആ വെളിച്ചമില്ല. അവൻ ക്ഷീണിച്ചവശനായിരിക്കുന്നു. അവന് വിശക്കുന്നുണ്ട്, പക്ഷെ ഭക്തർ കൊണ്ടുവന്ന പഴം മാത്രമേ കഴിക്കാൻ പറ്റൂ. ചോറ് ചോദിച്ചാൽ
"ദൈവം ചോറുണ്ണുമോ"
എന്ന് ആളുകൾ കളിയാക്കും. അമ്മ വിനുവിൻ്റെ അടുത്ത് ചെന്നു.
"വിനു... അവനെ ഒന്ന് ഉറങ്ങാൻ സമ്മതിക്ക്. അവന് വയ്യന്നു തോന്നുന്നു."
വിനു അമ്മയുടെ കയ്യിൽ 500 രൂപയുടെ ഒരു കെട്ട് വെച്ചു കൊടുത്തു.
"അമ്മേ. നാളെ അമ്മയ്ക്ക് ആ പ്രമേഹത്തിൻ്റെ മരുന്ന് വാങ്ങണ്ടേ? പിന്നെ നമുക്കീ വീടൊന്നു പൊളിച്ചു പണിയണം?”
വിനു അമ്മയെ ഒന്ന് നോക്കി.
“അജു പണിക്ക് പോയാൽ ഇതൊക്കെ നടക്കുമോ അമ്മെ? അവൻ അവിടെ ഇരുന്നാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം. അമ്മ പോയി കിടന്നോ."
അമ്മ ആ പണത്തിലേക്ക് നോക്കി. അത് അവരുടെ മകൻ്റെ സ്വാതന്ത്ര്യത്തിൻ്റെ വിലയായിരുന്നു. അവർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. പുറത്ത്, അജുവിനെ കാണാൻ കാത്തുനിൽക്കുന്നവരുടെ ക്യൂ നീളുകയാണ്. ക്യൂവിൽ നിൽക്കുന്നവർക്ക് അറിയില്ല, അവർ തൊഴാൻ കാത്തുനിൽക്കുന്ന ദൈവം അവരെക്കാൾ വലിയ തടവിലാണെന്ന്.
അങ്ങനെ ഒരു തിങ്കളാഴ്ച, സമയം ഉച്ചയ്ക്ക് 12 മണി. നാഗരാജ ക്ഷേത്രത്തിന് (അജുവിൻ്റെ വീട്) മുന്നിൽ വൻ തിരക്ക്. വെയിലത്ത് ഉരുകിയൊലിച്ചു നിൽക്കുന്ന ഭക്തർ. പെട്ടെന്ന്, ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഒരു ഓട്ടോറിക്ഷ പാഞ്ഞു വന്നു. അതിൽ നിന്ന് ഒരു നിലവിളി കേൾക്കാം. രഘു എന്ന കൂലിപ്പണിക്കാരൻ ഒരു പെൺകുട്ടിയെയും കൈകളിൽ കോരിയെടുത്തു പുറത്തേക്ക് വന്നു. അത് അവൻ്റെ ഭാര്യയാണ്, ഗീതു. ഗീതുവിൻ്റെ കാൽപ്പാദത്തിൽ രണ്ട് ചോരപ്പാടുകൾ. പാമ്പ് കടിച്ചതാണ്. സെക്യൂരിറ്റിക്കാർ തടയാൻ ശ്രമിച്ചു. രഘു അലറി:
"മാറി നിൽക്കെടാ... എന്റെ ഭാര്യ , ഞങ്ങൾക്ക് ഇപ്പോൾ സ്വാമിയെ കാണണം. ഹോസ്പിറ്റലിൽ പോയാൽ രക്ഷപെടില്ലെന്ന് പറഞ്ഞു. സ്വാമി വിചാരിച്ചാലേ എന്തേലും നടക്കൂ!"
വിനു കൗണ്ടറിൽ നിന്ന് എഴുന്നേറ്റു.
"അയ്യോ, ഇത് പോലീസ് കേസാകും. ഇവരോട് മെഡിക്കൽ കോളേജിൽ പോകാൻ പറ."
പക്ഷെ അപ്പോഴേക്കും ആൾക്കൂട്ടം അത് ഏറ്റെടുത്തു.
"സ്വാമി രക്ഷിക്കും! വിഷം കുടിച്ചവൻ വിഷം ഇറക്കും! ഹര ഹര മഹാദേവ!"
ജനം രഘുവിനെയും ഗീതുവിനെയും താങ്ങിപ്പിടിച്ച് അജുവിൻ്റെ മുന്നിലേക്ക് കൊണ്ടുവന്നു. അജു കസേരയിൽ ഇരിക്കുകയായിരുന്നു. മുന്നിൽ ഗീതുവിനെ കിടത്തി. അവളുടെ വായയിൽ നിന്ന് നുരയും പതയും വരുന്നു. കണ്ണുകൾ മുകളിലേക്ക് മറിഞ്ഞിരിക്കുന്നു. അജു ആ കാഴ്ച കണ്ടു ഞെട്ടി. അന്ന്... ആ മാലിന്യക്കൂമ്പാരത്തിൽ വെച്ച് തനിക്ക് ഉണ്ടായ അതേ അവസ്ഥ. ശരീരം മരവിക്കുന്ന വേദന അവന് ഓർമ്മ വന്നു. എന്താണ് ചെയ്യണ്ടതെന്നു അവനു ഒരു പിടിയും ഇല്ലായിരുന്നു. അജു ചാടി എഴുന്നേറ്റു. അവൻ രഘുവിൻ്റെ ഷർട്ടിൽ പിടിച്ചുലച്ചു.
"എടാ മണ്ടാ! എന്തിനാടാ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നത്? വേഗം വണ്ടി വിളിച്ച് ഹോസ്പിറ്റലിൽ പോ! ആന്റിവെനം കുത്തിവെക്കണം!"
അജുവിൻ്റെ ശബ്ദം ആൾക്കൂട്ടത്തിൻ്റെ ആരവത്തിൽ മുങ്ങിപ്പോയി. രഘു കരഞ്ഞുകൊണ്ട് അജുവിൻ്റെ കാലിൽ വീണു.
"എന്നെ പരീക്ഷിക്കല്ലേ സ്വാമി... അങ്ങ് തൊട്ടാൽ മതി. അങ്ങ് തൊട്ടാൽ വിഷം ഇറങ്ങും."
അജു:
"എടാ തനിക്കെന്താ, കാര്യം പറഞ്ഞാൽ മനിസ്സിലാവില്ലേ? ഞാൻ ദൈവമല്ല! എനിക്ക് പാമ്പ് കടിച്ചപ്പോൾ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയതാ. ഞാൻ രക്ഷപ്പെട്ടത് എൻ്റെ കഴിവ് കൊണ്ടല്ല. ഇവൾ മരിച്ചു പോകും! വിനു... വിനു വണ്ടി വിളിക്ക്!"
വിനുവിന് കാര്യം പന്തികേടാണെന്ന് മനസ്സിലായി. അവൻ ഫോൺ എടുത്തു. പക്ഷെ ആൾക്കൂട്ടം സമ്മതിച്ചില്ല. ഒരു ഭക്തൻ വിളിച്ചു പറഞ്ഞു:
"കണ്ടില്ലേ? സ്വാമി കോപത്തിലാണ്. നമ്മുടെ വിശ്വാസം പോരാഞ്ഞിട്ടാണ്. എല്ലാവരും നാമം ജപിക്ക്!"
നൂറു കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങി. ആ ശബ്ദത്തിൽ അജുവിൻ്റെ നിലവിളി ആരും കേട്ടില്ല. അജു ഗീതുവിൻ്റെ അടുത്തു മുട്ടുകുത്തിയിരുന്നു. അവൻ അവളുടെ കൈ തിരുമ്മി.
"പെങ്ങളേ... കണ്ണ് തുറക്ക്..."
പക്ഷെ ഗീതുവിൻ്റെ ശരീരം വില്ലുപോലെ വളഞ്ഞു. അവൾ അവസാനമായി ഒന്ന് പിടഞ്ഞു. പിന്നെ നിശ്ചലമായി. ശ്വാസം നിലച്ചു. അജു സ്തംഭിച്ചു പോയി. അവൻ അവളുടെ നാഡി പിടിച്ചു നോക്കി. ഇല്ല. അനക്കമില്ല.തൻ്റെ പേരിൽ ഉണ്ടായ വിശ്വാസം കാരണം ഒരു പാവം പെൺകുട്ടി മരിച്ചു. അജു പതുക്കെ എഴുന്നേറ്റു. ആൾക്കൂട്ടം നിശബ്ദമായി. രഘു ഗീതുവിനെ വിളിച്ചു നോക്കി. അനക്കമില്ല. രഘു തല ഉയർത്തി അജുവിനെ നോക്കി. ആ കണ്ണുകളിലെ ഭക്തി മാറി. പകരം അവിടെ കത്തിയത് പകയാണ്. രഘു അലറി:
"നീ കൊന്നു... നീ എൻ്റെ ഗീതുവിനെ കൊന്നു! ചികിത്സിക്കാൻ സമ്മതിക്കാതെ നീ കൊന്നു കളഞ്ഞല്ലോടാ!"
അയാൾ വാ വിട്ടു കരഞ്ഞു. ഒരു നിമിഷം കൊണ്ട് അന്തരീക്ഷം മാറി. അതുവരെ "സ്വാമി" എന്ന് വിളിച്ചവർ ഇപ്പോൾ "തട്ടിപ്പുകാരൻ" എന്ന് വിളിക്കാൻ തുടങ്ങി. ആൾക്കൂട്ടത്തിന് എപ്പോഴും ഒരു ഇരയെ വേണം. അത് ദൈവമായാലും ചെകുത്താനായാലും.
"ഇവൻ കള്ളനാ! ഇവൻ നമ്മളെ പറ്റിക്കുകയായിരുന്നു!"
ആരോ ഒരു കല്ലെടുത്തെറിഞ്ഞു. അത് അജുവിൻ്റെ നെറ്റിയിൽ കൊണ്ടില്ല, പക്ഷെ പിന്നിലെ ഫ്ലക്സ് ബോർഡിൽ കൊണ്ട് അജുവിൻ്റെ ചിത്രത്തിൻ്റെ കണ്ണ് കീറിപ്പോയി. വിനു പണപ്പെട്ടിയുമായി ഓടാൻ നോക്കി. ആളുകൾ വിനുവിനെ വളഞ്ഞു.
"പിടിയെടാ അവനെ! നമ്മുടെ പണം മുഴുവൻ അവന്മാരുടെ കയ്യിലാ!"
വിനുവിനെ ജനം തല്ലാൻ തുടങ്ങി. അവൻ്റെ വെള്ള ജുബ്ബ ജനം വലിച്ചു കീറി. അജു അനങ്ങിയില്ല. അവൻ ഗീതുവിൻ്റെ മൃതദേഹത്തിലേക്ക് നോക്കി നിൽക്കുകയാണ്. ഒരാൾ വന്ന് അജുവിൻ്റെ മുഖത്ത് ആഞ്ഞു അടിച്ചു.
"ഡാ... ജീവൻ തിരിച്ചു കൊടുക്കെടാ! നീ ദൈവമല്ലേ? കൊടുക്കെടാ ജീവൻ!"
അടി കൊണ്ടിട്ടും അജുവിന് വേദനിച്ചില്ല. അവൻ വിചാരിച്ചു: ശരിയാണ്. ഞാൻ ഇതിന് അർഹനാണ്. ഈ അടി ഞാൻ പണ്ടേ വാങ്ങേണ്ടതായിരുന്നു. ആ ബഹളത്തിനിടയിൽ പോലീസ് ജീപ്പ് വന്നു. പോലീസുകാർ ലാത്തി വീശി ആൾക്കൂട്ടത്തെ ഓടിച്ചു. അവർ അജുവിനെയും വിനുവിനെയും ജീപ്പിലേക്ക് വലിച്ചിട്ടു. സംരക്ഷിക്കാനല്ല, അറസ്റ്റ് ചെയ്യാൻ. ജീപ്പിൻ്റെ കമ്പികൾക്കിടയിലൂടെ അജു പുറത്തേക്ക് നോക്കി. അമ്മ വീടിൻ്റെ വാതിലിൽ നിൽക്കുന്നു. അമ്മയുടെ കയ്യിൽ ആ 500 രൂപയുടെ കെട്ട് ഇപ്പോഴും ഉണ്ട്. അമ്മ അവനെ നോക്കിയില്ല. അമ്മ പേടിച്ച് വാതിലടച്ചു. അജു ചിരിച്ചു. ഒരു ഭ്രാന്തനെപ്പോലെ. ജീപ്പ് മുന്നോട്ട് നീങ്ങി. ഗീതുവിൻ്റെ മൃതദേഹം ഇപ്പോഴും അജുവിൻ്റെ വീടിൻ്റെ മുറ്റത്ത് കിടപ്പുണ്ടായിരുന്നു, ആരും തിരിഞ്ഞു നോക്കാനില്ലാതെ. പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറി. അജു തറയിൽ ഇരിക്കുകയാണ്. അവൻ്റെ ചുണ്ടുകൾ പൊട്ടിയിട്ടുണ്ട്. മുഖം വീങ്ങിയിരിക്കുന്നു. മുന്നിൽ കസേരയിൽ ഇൻസ്‌പെക്ടറും, ലോക്കൽ എം.എൽ.എ-യും ഇരിക്കുന്നു. എം.എൽ.എ യുടെ ശബ്ദം ശാന്തമാണ്, പക്ഷെ അതിൽ വിഷമുണ്ട്.
"നോക്ക് സ്വാമി... പുറത്ത് ജനം ഇളകിയിരിക്കുകയാണ്. ആ പെണ്ണ് മരിച്ചതോടെ സ്വാമിയേ പച്ചയ്ക്ക് കത്തിക്കാൻ നിൽക്കുകയാണ് അവർ. സ്വാമിയേ ജയിലിൽ ഇട്ടാലും അവർ സ്റ്റേഷൻ ആക്രമിക്കും. എനിക്ക് വോട്ട് പോകും."
അജു തല ഉയർത്തി നോക്കിയില്ല. അവൻ വിരലിലെ ചന്ദന പാടുകൾ മാന്തിക്കൊണ്ടിരുന്നു. എം.എൽ.എ തുടർന്നു:
"ഇതിന് ഒരൊറ്റ പരിഹാരമേ ഉള്ളൂ. സ്വാമി വീണ്ടും ദൈവമാണെന്ന് തെളിയിക്കണം. നാളെ ഉച്ചയ്ക്ക് സ്റ്റേഡിയത്തിൽ വെച്ച് ഒരു ചടങ്ങ്. പരസ്യമായി സ്വാമിയേ പാമ്പിനെക്കൊണ്ട് കടിപ്പിക്കണം. സ്വാമി രക്ഷപ്പെട്ടാൽ, സ്വാമി ദൈവം ആണെന്ന് തെളിയും. ആ പെണ്ണ് മരിച്ചത് അവളുടെ വിധി. സ്വാമി രക്ഷപ്പെട്ടില്ലെങ്കിൽ..."
അജു പതുക്കെ തല ഉയർത്തി. അവൻ്റെ കണ്ണുകളിൽ ഭയമില്ല, മരവിപ്പാണ്.
"ഞാൻ ചത്താൽ...?"
എം.എൽ.എ ചിരിച്ചു.
"അത് സ്വാമി, ചത്താൽ സ്വാമിയേ ഞാൻ രക്തസാക്ഷി ആകാം, പാർട്ടിക്ക് ഒരു ബൂസ്റ്റ്. സ്വാമിയുടെ പേരിൽ ഞാൻ ഒരു മന്ദിരം പണിയും. സ്വാമിയുടെ അമ്മയ്ക്ക് പെൻഷനും കൊടുക്കാം. വിനുവിനെ ഞാൻ എൻ്റെ പി.എ ആക്കാം. സ്വാമിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ."
അജു ആലോചിച്ചു. ജീവിച്ചിരുന്നാൽ താൻ ഒരു തട്ടിപ്പുകാരനാണ്. കൊലപാതകിയാണ്. ആൾക്കൂട്ടം തന്നെ കൊല്ലും. മരിച്ചാൽ... അമ്മയ്ക്ക് പെൻഷൻ കിട്ടും. വിനു രക്ഷപ്പെടും. തനിക്ക് ഈ ശ്വാസംമുട്ടലിൽ നിന്ന് മോചനവും കിട്ടും. അജു തലയാട്ടി.
"ഞാൻ റെഡി."
പിറ്റേന്ന് ഉച്ചയ്ക്ക്. ടൗൺ സ്റ്റേഡിയം. ആയിരക്കണക്കിന് ആളുകൾ. പോലീസുകാർ ലാത്തി ചാർജ്ജ് നടത്തുന്നുണ്ട്. നടുക്ക് വലിയൊരു സ്റ്റേജ്. ചുറ്റും ക്യാമറകൾ. അജു സ്റ്റേജിൽ നിൽക്കുന്നു. അവൻ ഇപ്പോൾ കാവി വസ്ത്രമല്ല ധരിച്ചിരിക്കുന്നത്. അവൻ്റെ പഴയ, സിമൻ്റ് പറ്റിയ മുഷിഞ്ഞ ഷർട്ടും ലുങ്കിയുമാണ് വേഷം. അവൻ മനുഷ്യനായി മരിക്കാൻ തീരുമാനിച്ചു. വിനു സ്റ്റേജിൻ്റെ സൈഡിൽ നിൽപ്പുണ്ട്. അവൻ കരയുന്നുണ്ടായിരുന്നു.
"അജു... വേണ്ടടാ... നമുക്ക് കാലുപിടിക്കാം. ജയിലിൽ പോകാം."
അജു വിനുവിനെ നോക്കി ഒന്ന് ചിരിച്ചു.
"ജയിലിൽ ഇതിലും വലിയ ക്യൂ ആയിരിക്കും വിനു. എനിക്ക് വയ്യ ഇനിയും വരി നിൽക്കാൻ."
മൈക്കിലൂടെ അനൗൺസ്‌മെന്റ് വന്നു:
"ഇതാ... സത്യം തെളിയാൻ പോകുന്നു! നാഗരാജൻ എന്ന അജുവിൻ്റെ അഗ്നിപരീക്ഷ!"
പാമ്പുപിടുത്തക്കാരൻ ഒരു വലിയ മൺകുടവുമായി വന്നു. അവൻ മൂടി തുറന്നു. ഉള്ളിൽ നിന്ന് ഒരു രാജവെമ്പാല പത്തി വിടർത്തി എഴുന്നേറ്റു. അതിൻ്റെ ചീറ്റൽ മൈക്കിലൂടെ കേൾക്കാം. അണലി അല്ല. ഇത് രാജാവാണ്. ഒറ്റക്കടിക്ക് ആനയെ കൊല്ലുന്ന വിഷം. അജു പാമ്പിൻ്റെ കണ്ണുകളിലേക്ക് നോക്കി. അവന് പേടി തോന്നിയില്ല. വർഗീസ് മുതലാളിയുടെ നോട്ടത്തേക്കാളും, സർക്കാർ ഉദ്യോഗസ്ഥരുടെ നോട്ടത്തേക്കാളും കാരുണ്യം ആ പാമ്പിൻ്റെ കണ്ണിൽ ഉണ്ടായിരുന്നു. അജു കൈ നീട്ടി. ക്യാമറകൾ ഫ്ലാഷ് അടിച്ചു. ജനം ശ്വാസമടക്കി പിടിച്ചു. പാമ്പ് ഒന്ന് പുറകോട്ട് ആഞ്ഞു. പിന്നെ... 'ഠാ!' അജുവിൻ്റെ കൈത്തണ്ടയിൽ അത് ആഞ്ഞു കൊത്തി. പല്ലുകൾ മാംസത്തിൽ ഇറങ്ങി. അജുവിന് വേദന തോന്നിയില്ല. ഒരു തരിപ്പ് മാത്രം. അവൻ പാമ്പിനെ തിരിച്ച് കുടത്തിലേക്ക് വിട്ടു. എന്നിട്ട് മൈക്കിൻ്റെ അടുത്തേക്ക് നടന്നു.
"ഞാൻ... ഞാൻ അജുവാണ്. റോയൽ ഗാർഡൻസിൽ സിമന്റ് ചുമക്കുന്ന അജു. ആരും എന്നെ ദൈവമാക്കണ്ട. എന്നെ വെറുതെ വിട്ടേക്ക്."
അവൻ സംസാരിച്ചു തീർന്നില്ല. വിഷം തലച്ചോറിലേക്ക് ഇരച്ചു കയറി. അജുവിൻ്റെ കാലുകൾ കുഴഞ്ഞു. അവൻ മൈക്ക് സ്റ്റാണ്ടിൽ പിടിച്ചു തൂങ്ങി. വായിൽ നിന്ന് നുരയും പതയും വന്നു. കാഴ്ച മങ്ങി. ചുറ്റുമുള്ള ബഹളങ്ങൾ അകന്നു പോയി. ആദ്യം കേട്ടത് അമ്മയുടെ താരാട്ടു പാട്ടാണ്. പിന്നെ കേട്ടത് വർഗീസ് മുതലാളിയുടെ തെറിയാണ്. പിന്നെ... നിശബ്ദത. അജു സ്റ്റേജിലേക്ക് മുഖമടിച്ചു വീണു. ഡോക്ടർമാർ ഓടി വന്നു. അവർ പൾസ് നോക്കി. ഫ്‌ളാഷ് ലൈറ്റുകൾ മിന്നി. എം.എൽ.എ മൈക്ക് വാങ്ങി:
"ശാന്തരാകൂ... ശാന്തരാകൂ..."
പക്ഷെ അജുവിന് അതൊന്നും കേൾക്കണ്ടായിരുന്നു. അവൻ്റെ ശ്വാസം മുട്ടൽ അവസാനിച്ചു. അജു മരിച്ചു. ഇത്തവണ സത്യമായിട്ടും. മൂന്ന് മാസങ്ങൾക്ക് ശേഷം. ഒരു ചായക്കട. ടിവിയിൽ വാർത്ത നടക്കുന്നു. വാർത്താ വായനക്കാരി:
"ശ്രീ നാഗരാജൻ(അജു) സ്മാരക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പാവപ്പെട്ടവർക്ക് പാമ്പ് വിഷ ചികിത്സയ്ക്ക് 10 ശതമാനം ഇളവ് ലഭിക്കും."
ടിവിയിൽ കാണിക്കുന്നത് വർഗീസ് മുതലാളിയും എം.എൽ.എ യും നാട മുറിക്കുന്നതാണ്. ബാക്കിൽ അജുവിൻ്റെ വലിയൊരു ഫോട്ടോ. കഴുത്തിൽ മാലയിട്ട്, ചിരിച്ചു കൊണ്ട്. ചായക്കടയുടെ മൂലയിലിരുന്ന് ഒരാൾ ഇത് കാണുന്നുണ്ട്. വിനു. അവൻ പഴയതിലും നന്നായി വസ്ത്രം ധരിച്ചിട്ടുണ്ട്. കയ്യിൽ സ്വർണ്ണ വാച്ച്. അവൻ ചായ ഊതി കുടിച്ചു. അവൻ്റെ കണ്ണുകളിൽ പഴയ ആ തിളക്കമില്ല, പക്ഷെ ഒരു തരം കൗശലമുണ്ട്. മഴ ചെറുതായി പെയ്യുന്നുണ്ട്, ഇടി ചെറുതായി മുഴങ്ങുന്നു. പെട്ടെന്ന്... ഒരു വലിയ മിന്നലോടു കൂടി ഇടി വെട്ടി, റോഡിൽ ആകെ ഒരു ബഹളം. ഇലക്ട്രിസിറ്റി പോസ്റ്റിൽ പണിയെടുക്കുകയായിരുന്ന ഒരു ലൈൻമാൻ ഇടി മിന്നലേറ്റ് താഴേക്ക് വീണു. ആൾക്കാർ ഓടിക്കൂടി.
"അയ്യോ! മരിച്ചു പോയോ?"
ലൈൻമാൻ്റെ ശരീരം കരിഞ്ഞിട്ടുണ്ട്. ഷർട്ട് കത്തിപ്പോയി. പക്ഷെ... പെട്ടെന്ന് അയാൾ ഒന്ന് അനങ്ങി. അയാൾ എഴുന്നേറ്റു നിന്നു. ഇടി ഏറ്റതിൻ്റെ ആഘാതത്തിൽ അയാൾക്ക് ബോധമില്ല. കണ്ണുകൾ തുറിച്ചു നിൽക്കുന്നു. മുടി എഴുന്നേറ്റ് നിൽക്കുന്നു. ശരീരത്തിൽ നിന്ന് പുക വരുന്നുണ്ട്. പക്ഷെ അയാൾക്ക് കുഴപ്പമൊന്നുമില്ല! ആൾക്കൂട്ടം അത്ഭുതത്തോടെ നോക്കി നിൽക്കുന്നു.
"നോക്കിയേ... ഇടി വെട്ടി വീണിട്ടും ഒന്നും പറ്റിയില്ല! എന്ത് മനുഷ്യനാടോ ഇത്?"
വിനു ചായ ഗ്ലാസ്സ് താഴെ വെച്ചു. അവൻ പതുക്കെ എഴുന്നേറ്റു. അവൻ്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. അവൻ ആൾക്കൂട്ടത്തിനിടയിലൂടെ ആ ലൈൻമാൻ്റെ അടുത്തേക്ക് നടന്നു. അമ്പരന്നു നിൽക്കുന്ന ലൈൻമാൻ്റെ തോളിൽ വിനു കൈ വെച്ചു. എന്നിട്ട് ആരും കേൾക്കാതെ ചോദിച്ചു:
"സുഹൃത്തേ... താൻ 'തോർ' സിനിമ കണ്ടിട്ടുണ്ടോ?"
