സമാന്തരങ്ങൾ

സമാന്തരങ്ങൾ

2026-02-04 • drama, family, psychological
Go Back

കല്യാണ മണ്ഡപത്തിനുള്ളിൽ നിറയെ ആരവമായിരുന്നു. മുല്ലപ്പൂവിൻ്റെയും ചൂടുള്ള ചിക്കൻ ബിരിയാണിയുടെയും മണം എയർ കണ്ടീഷൻ ചെയ്ത ഹാളിനുള്ളിൽ തളം കെട്ടി നിൽക്കുന്നു. സ്റ്റേജിൽ സ്വർണ്ണത്തിൽ കുളിച്ചു നിൽക്കുന്ന വധുവും, വിയർത്തു തുടങ്ങിയ വരനും. താഴെ, സദ്യ കഴിക്കാൻ തിടുക്കം കൂട്ടുന്ന ബന്ധുക്കൾ. ആദിയെ സംബന്ധിച്ചിടത്തോളം ഇതൊരു നരകമായിരുന്നു. ഒട്ടും പരിചയമില്ലാത്ത കുറെ മുഖങ്ങൾക്ക് നടുവിൽ, കയ്യിലൊരു വെൽക്കം ഡ്രിങ്കും പിടിച്ച് അവൻ ആൾക്കൂട്ടത്തിൽ നിന്ന് ഒളിക്കാൻ ശ്രമിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന, അധികം ബഹളങ്ങളൊന്നുമില്ലാത്ത, എന്നാൽ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു 'ശരാശരി' യുവാവ് - അതാണ് ആദി. ഏതാണ്ട് 22-23 വയസ്സ് പ്രായം.

ആദി തൻ്റെ മാതാപിതാക്കളെ നോക്കി. ഹാളിൻ്റെ ഇടതുവശത്ത്, പട്ടുസാരിയുടെ ഞൊറികൾ ഒട്ടും തെറ്റാതെ, തറവാടിത്തം തുളുമ്പുന്ന ചിരിയോടെ അമ്മ നിൽക്കുന്നു - പാർവതി സുബ്രഹ്മണ്യം. ഒരു മൾട്ടി നാഷണൽ ഐടി കമ്പനിയുടെ തലപ്പത്തിരിക്കുന്നതിൻ്റെ ഗൗരവം ആ കണ്ണുകളിലുണ്ട്. വലതുവശത്ത്, ഹാളിൻ്റെ പുറത്തേക്കുള്ള വഴിയിൽ അച്ഛൻ - അനന്ത കൃഷ്ണൻ എന്ന അനന്ദു. പതിവുപോലെ ലളിതമായ വേഷം. ആർക്കും അധികം ശ്രദ്ധ കൊടുക്കാതെ, എന്നാൽ എല്ലാവരോടും വിനയത്തോടെ പെരുമാറുന്ന, ഒരു മനുഷ്യൻ. അവർ രണ്ടുപേരും അവിടെയുണ്ട്, പക്ഷെ അവർക്കിടയിൽ ഒരു അദൃശ്യമായ വൻമതിൽ ഉള്ളതുപോലെ തോന്നും കണ്ടാൽ.

പെട്ടെന്നാണ് ഫോട്ടോ ഗ്രാഫർ വിരുന്നുകാരെ ഗ്രൂപ്പ് ഫോട്ടോയ്ക്കായി വിളിക്കുന്നത്. അമ്മ പാർവതി ആദിയെ അവിടെയെല്ലാം പരതി, അവസാനം അവൻ നിന്നിടത്തേക്കു വന്നു അവനെ ബലമായി സ്റ്റേജിലേക്ക് കൂട്ടി കൊണ്ട് പോയി. അമ്മയുടെ മുൻപിൽ എത്ര വാശി പിടിച്ചിട്ടും കാര്യമില്ലെന്നു അവന് അറിയാമായിരുന്നു. സ്റ്റേജിലേക്ക് നടക്കുന്ന കൂട്ടത്തിൽ അവൻ അച്ഛനെയും കൂടെ കൂട്ടി, അദ്ദേഹം സന്തോഷപൂർവം അവർക്കൊപ്പം സ്റ്റേജിലേക്ക് നടന്നു. പാർവതി അനന്തനെ ഒന്ന് നോക്കി. അവർ പരസ്പരം ഒന്ന് ചിരിച്ചു - വളരെ മര്യാദയുള്ള, കൃത്രിമമായ ഒരു ചിരി. ഫോട്ടോ എടുത്തുയുടനെ അവർ രണ്ടുപേരും രണ്ടു വഴിക്ക് പിരിഞ്ഞു. ആ കാഴ്ച കണ്ടുനിന്ന ആദിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അവർ അവനുവേണ്ടിയാണ് അവിടെ വന്നത്, അവനുവേണ്ടി മാത്രമാണ് ആ 'ചിരി' അഭിനയിച്ചതെന്നു അവനു തോന്നി.

‘ഹായ്’

പിന്നിൽ നിന്നൊരു ശബ്ദം കേട്ട് ആദി തിരിഞ്ഞു നോക്കി. മീര ആയിരുന്നു അത്. ആറുമാസം മുൻപ് വരെ അവൻ്റെ ലോകമായിരുന്നവൾ. കൈയിൽ പാതി കുടിച്ച പായസവുമായി അവൾ അവനെത്തന്നെ നോക്കി നിൽക്കുകയാണ്. ബ്രേക്കപ്പിന് ശേഷം ആദ്യമായാണ് അവർ തമ്മിൽ കാണുന്നത്. ആദിയുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി.

"ഹായ് മീര... നീ എപ്പോ വന്നു?" അവൻ ചോദിച്ചു.

സത്യത്തിൽ അവൻ അവളെ അവിടെ പ്രതീക്ഷിച്ചിരുന്നു.

"കുറച്ചു നേരമായി. ഞാൻ നിന്നെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. നിന്നെ മാത്രമല്ല, അവരെയും," മീര സ്റ്റേജിനു എതിർ വശത്തു നിൽക്കുന്ന പാർവതിയെയും അനന്തനെയും ചൂണ്ടി.

"സത്യം പറയാലോ ആദി, പുറമേ നിന്ന് നോക്കുന്ന ഒരാൾക്ക് അവർ പെർഫെക്റ്റ് കപ്പിൾ ആണ്"

ആദി അസ്വസ്ഥതയോടെ ഗ്ലാസിലെ വെള്ളം കുടിച്ചു.

"അവർക്ക് അവരുടേതായ രീതികളുണ്ട് മീര. അറിയാലോ നിനക്ക് ഞങ്ങളുടെ ഫാമിലി കുറച്ചു കോംപ്ലിക്കേറ്റഡ് ആണ്." മീര ചിരിച്ചു, പക്ഷെ അതിൽ പരിഹാസമായിരുന്നില്ല, സഹതാപമായിരുന്നു.

"കോംപ്ലിക്കേറ്റഡ് എന്നല്ല ആദി പറയേണ്ടത്. 'ഒഫീഷ്യൽ' എന്നാണ്. നിൻ്റെ അച്ഛൻ്റെയും അമ്മയുടെയും പേരുകൾ തന്നെ നോക്ക്. 'പാർവതി സുബ്രഹ്മണ്യം വെഡ്‌സ് അനന്ത കൃഷ്ണൻ'. കേൾക്കുമ്പോൾ തന്നെ ഒരു അമ്പല ഉത്സവം അനൗൺസ് ചെയ്യുന്ന പോലുണ്ട്. ഒരു ഗംഭീര കോമ്പിനേഷൻ. പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം." ആദിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. "മീര വീ ടോക്‌ഡ്‌ എബൌട്ട് ദിസ്. നീ എന്താണ് പറഞ്ഞു വരുന്നത്? അവർ എനിക്ക് വേണ്ടി ഒരുപാട് സാക്രിഫൈസ് ചെയ്തിട്ടുണ്ട്." "അത് തന്നെയാണ് ആദി പ്രശ്നവും," മീര അവൻ്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. "നീ സ്നേഹത്തെ കണ്ടു പഠിച്ചത് അവരിൽ നിന്നാണ്. ഒരു ഡ്യൂട്ടി പോലെ, കൃത്യസമയത്ത് ലോഗിൻ ചെയ്തു ലോഗൗട്ട് ചെയ്യുന്ന ഒരു ജോലി പോലെയാണ് നീ റിലേഷൻഷിപ്പിനെയും കണ്ടത്. 'ഞാൻ കൂടെയുണ്ടല്ലോ, പിന്നെന്താ പ്രശ്നം' എന്ന നിൻ്റെ എപ്പോഴും ഉള്ള ചോദ്യം... അതാണ് എന്നെ മടുപ്പിച്ചത്. നിൻ്റെ അച്ഛനെയും അമ്മയെയും പോലെ, കൂടെയുണ്ട്, പക്ഷെ കൂടെയില്ല." ആദി മറുപടി ഒന്നും പറഞ്ഞില്ല. അവൻ്റെ നോട്ടം വീണ്ടും തൻ്റെ മാതാപിതാക്കളിലേക്ക് നീണ്ടു. ‘എൻജോയ്‌ ദി ഫങ്ക്ഷന് ആദി’ മീര ആൾക്കൂട്ടത്തിലേക്ക് മറഞ്ഞതോടെ ആദി വീണ്ടും തനിച്ചായി. ചുറ്റും പാട്ടും ബഹളവും ഉണ്ടെങ്കിലും, വല്ലാത്തൊരു നിശബ്ദത അവനു ചുറ്റും രൂപപ്പെട്ടതുപോലെ. "നല്ല കുട്ടിയായിരുന്നു..." തോളിലൊരു കൈ സ്പർശനം അറിഞ്ഞ് ആദി തിരിഞ്ഞു നോക്കി. അച്ഛനാണ്. കയ്യിൽ ഒരു ഐസ്ക്രീം കപ്പ് പിടിച്ചു നിൽക്കുന്നു. അനന്തൻ്റെ മുഖത്ത് പതിവുപോലെ ഒരു ശാന്തതയുണ്ട്. മീര പോയ വഴിയേ നോക്കി അദ്ദേഹം മെല്ലെ ചിരിച്ചു. "അതുകൊണ്ട് കാര്യമില്ലല്ലോ പപ്പ. വർക്കൗട്ട് ആയില്ല." ആദി ദേഷ്യം ഉള്ളിലൊതുക്കി മുഖം തിരിച്ചു. അനന്തൻ ഐസ്ക്രീം ആദിക്ക് നേരെ നീട്ടി. അവൻ അത് വേണ്ടെന്ന് തലയാട്ടി. അദ്ദേഹം അത് തിരികെ വച്ചു. "സാരമില്ലടാ. ഇതൊക്കെ ഇത്രയേ ഉള്ളു. സമയമാകുമ്പോൾ എല്ലാം ശരിയാകും. നിനക്ക് പറ്റിയ ഒരാളെ..." "എങ്ങനെ ശരിയാകാൻ?" ആദി ഇടയ്ക്ക് കയറി ചോദിച്ചു. അവൻ്റെ ശബ്ദം അല്പം ഉയർന്നു. "മീര പറഞ്ഞത് സത്യമാണ് പപ്പാ. എനിക്ക് സ്നേഹിക്കാൻ അറിയില്ല. റിലേഷൻഷിപ്പ് മെയിൻ്റയിൻ ചെയ്യാൻ എനിക്കറിയില്ല. നിങ്ങളെപ്പോലെ." അനന്തൻ്റെ മുഖത്തെ ചിരി മാഞ്ഞു.

"എന്നെപ്പോലെയോ?"

"അതെ,"

ആദി അച്ഛൻ്റെ കണ്ണുകളിലേക്ക് നോക്കി.

"അമ്മയും പപ്പയും പോലെ... നിങ്ങളെപ്പോലെ ഞാനും എല്ലാം ഒരു ഡ്യൂട്ടി പോലെയാണ് ചെയ്യുന്നത്. ഒരു ഇമോഷണൽ കണക്ഷനും ഇല്ലാതെ. സത്യത്തിൽ നിങ്ങൾ എന്തിനാ പപ്പാ ഇങ്ങനെ ജീവിക്കുന്നത്? എനിക്കുവേണ്ടിയാണോ? അതോ... അബദ്ധത്തിൽ പറ്റിയ ഒരു തെറ്റ് തിരുത്താൻ പറ്റാത്തതുകൊണ്ടോ?" ആ ചോദ്യം അനന്തനെ വല്ലാതെ മുറിവേൽപ്പിച്ചു എന്ന് ആദിക്ക് മനസ്സിലായി. പക്ഷെ ആ നിമിഷം അവനത് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ദൂരെ, ബന്ധുക്കളോട് ചിരിച്ചു സംസാരിക്കുന്ന പാർവതിയെ ആദി നോക്കി. പിന്നെ വീണ്ടും അനന്തനെയും. "പറ പപ്പാ... ഈ ചോദ്യം ഞാൻ ഒരു നൂറു വട്ടമെങ്കിലും ചോദിച്ചിട്ടുണ്ടെന്നു എനിക്കറിയാം, എങ്കിലും ചോദിക്കുവാ, നിങ്ങൾക്കിടയിൽ എപ്പോഴെങ്കിലും... ഒരല്പം പ്രണയം ഉണ്ടായിരുന്നോ? അതോ എൻ്റെ ജനനം വെറുമൊരു ആക്സിഡൻ്റ് മാത്രമായിരുന്നോ?"

അനന്തൻ മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം ദൂരെ നിൽക്കുന്ന പാർവതിയെ ഒന്ന് നോക്കി. ആ നോട്ടത്തിൽ കുറ്റബോധമോ ദേഷ്യമോ ഉണ്ടായിരുന്നില്ല. മറിച്ച്, കാലങ്ങൾ പഴക്കമുള്ള ഒരു ഓർമ്മയായിരുന്നു അത്. "ആക്സിഡൻ്റ്..." അനന്തൻ ആ വാക്ക് മാത്രം മെല്ലെ മന്ത്രിച്ചു. പിന്നെ ആദിയെ നോക്കി ഒരു മങ്ങിയ ചിരി ചിരിച്ചു. അയാളുടെ മനസ്സിൽ ആ പഴയ ക്രിസ്തുമസ് രാവ് തെളിഞ്ഞു വന്നു.


നഗരത്തിലെ ആകാശത്ത് ഡ്രോൺ ലൈറ്റുകൾ മിന്നിമറയുന്നുണ്ടായിരുന്നു. 2022-ലെ ക്രിസ്മസ്. കോവിഡിൻ്റെയും ലോക്ക്ഡൗണിൻ്റെയും വിരസതകൾക്ക് ശേഷം ലോകം മുഴുവൻ ആഘോഷത്തിലേക്ക് തിരിച്ചു വന്ന സമയം. ടെക്നോ പാർക്കിലെ ഓരോ കമ്പനിയും മത്സരിച്ചാണ് ആഘോഷിക്കുന്നത്. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഓഫീസിലേക്ക് തിരിച്ചെത്തിയ ടെക്കികൾക്ക് അതൊരു 'റിവഞ്ച് പാർട്ടി' ആയിരുന്നു.

പക്ഷെ, പാർക്കിൻ്റെ ഒരു മൂലയിലുള്ള നടപ്പാതയിൽ അനന്തൻ മാത്രം തനിച്ചായിരുന്നു. കയ്യിലൊരു ഷവർമ റോളും, ചെവിയിൽ ഇയർപോഡ്സും. അതാണ് അനന്തു. 'സി-പ്രോ സൊല്യൂഷൻസ്' എന്ന സ്റ്റാർട്ടപ്പിലെ ഒരു ഡെവലപ്പർ. ഓഫീസിലെ ഡിജെ പാർട്ടിയുടെ ഒച്ചയും ബഹളവും തലവേദന ഉണ്ടാക്കിയപ്പോൾ ഇറങ്ങിപ്പോന്നതാണ്. അവന് ആ ബഹളങ്ങളൊന്നും സെറ്റ് ആകില്ല. ഫോണിൽ ഏതോ ടെക് വ്ലോഗ് കണ്ടുകൊണ്ട് അവൻ സമാധാനമായി ഷവർമ കഴിക്കുകയായിരുന്നു. പെട്ടെന്നാണ് ആ സമാധാനം തകർന്നത്.

"നീതു... പ്ലീസ്... ഒന്ന് നേരെ നിന്നെടി... എനിക്ക് വയ്യ നിന്നെ താങ്ങാൻ!" ഇരുട്ടിൽ നിന്ന് പരിഭ്രമിച്ച ഒരു ശബ്ദം. അനന്തു ഇയർപോഡ്സ് ഊരി മാറ്റി നോക്കി. പാർക്കിംഗ് ലോട്ടിലേക്കുള്ള വഴിയിൽ രണ്ട് പെൺകുട്ടികൾ.

ഒരാൾ മറ്റൊരാളെ താങ്ങിപ്പിടിച്ച് നടക്കാൻ പാടുപെടുകയാണ്. താങ്ങിപ്പിടിച്ചിരിക്കുന്നത് സാക്ഷാൽ പാർവതി സുബ്രഹ്മണ്യം. 'ക്ലൗഡ്‌ബേർസ്റ്റ്' എന്ന എംഎൻസി-യിലെ ഡാറ്റ എഞ്ചിനീയർ. ഇട്ടണിഞ്ഞ വസ്ത്രത്തിലും ആറ്റിറ്റ്യൂഡിലും ഒരു 'റിച്ച്' വൈബ് ഉണ്ട്. പക്ഷെ ആകെ വിയർത്തു കുളിച്ചു നിൽക്കുകയാണ്. അതിനു കാരണം അവളുടെ തോളിൽ തൂങ്ങിക്കിടക്കുന്ന 'ഭാരം' - നീതു എന്ന അവളുടെ അടുത്ത സുഹൃത്ത് ആയിരുന്നു. "എനിക്ക്... എനിക്ക് ഇപ്പൊ റീൽ എടുക്കണം! പാർവതീ... ഫോൺ എവിടെടി? നമ്മുടെ ഈ attire നമ്മുക്ക് ഷൂട്ട് ചെയ്യണ്ടേ?" നീതു കുഴഞ്ഞ നാവോടെ വിളിച്ചു കൂവുകയാണ്. ഹൈഹീൽ ചെരുപ്പുകൾ എപ്പോഴോ കാലിൽ നിന്നും തെറിച്ചു പോയിട്ടുണ്ട്. "റീൽ ഒകെ പിന്നെ എടുക്കാം നീതു, നിൻ്റെ ബോധം മൊത്തം പോയിക്കിടക്കുവാ, നീ ഒന്ന് വന്ന് വണ്ടിയിൽ കേറാൻ നോക്ക് പെണ്ണെ!" പാർവതി പല്ലിറുമ്മി.

പാർവതിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. പാർട്ടി മൂത്തപ്പോൾ നീതുവിന് ആരോ എക്സ്ട്രാ 'ഷോട്ട്' കൊടുത്തു. അതും കൂടി ആയപ്പോൾ ആള് മൊത്തം ഔട്ട് ആയി. ക്യാബ് വിളിച്ചു വിടാം എന്ന് വെച്ചാൽ, ഈ കോലത്തിൽ ഇവളെ ഒറ്റയ്ക്ക് വിടാൻ ധൈര്യമില്ല. സ്വന്തം വണ്ടിയിൽ കൊണ്ടുപോകാമെന്ന് വെച്ചാൽ അവളെ കാർ വരെ എത്തിക്കാൻ പറ്റുന്നില്ല. അപ്പോഴാണ് പാർവതി ആ ബെഞ്ചിലിരിക്കുന്ന അനന്തുവിനെ കണ്ടത്.

അവൻ വേഗം മുഖം തിരിച്ചു. 'നമ്മൾ ഒന്നും കണ്ടില്ലേ' എന്ന ലൈനിൽ ഷവർമ കഴിക്കാൻ തുടങ്ങി. പക്ഷെ രക്ഷയില്ല.

"ഹലോ! ചേട്ടാ!"

അനന്തു പതുക്കെ തലയുയർത്തി. "എന്നെയാണോ?"

“വേറെ ആരും ഇവിടില്ലല്ലോ ചേട്ടാ” - പാർവതിക്ക് കിതയ്ക്കുന്നുണ്ടായിരുന്നു. "ഒന്ന് ഹെൽപ്പ് ചെയ്യാമോ? എൻ്റെ ഫ്രണ്ടാണ്. ഷീ ഈസ്... ഷീ ഈസ് എ ലിറ്റിൽ ഡ്രങ്ക്."

സത്യത്തിൽ പാർവതിയുടെ ആ ചേട്ടാ വിളി അനന്ദുവിന്‌ അത്ര സുഖിച്ചില്ല. എന്നിരുന്നാലും അവൻ അവരുടെ അടുത്തേക്ക് ചെന്നു. അവൻ നീതുവിനെ ഒന്ന് നോക്കി. 'ലിറ്റിൽ' അല്ല, 'ഹെവി' ഡ്രങ്ക് ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാലോ ചേച്ചി.’

അനന്തൻ നൈസ് ആയിട്ട് ആ ചേട്ടാ വിളിയിൽ അവനുണ്ടായ സുഖ കുറവ് പാർവതിയെ അറിയിച്ചു. പാർവതിക്ക് കാര്യം മനസ്സിലാവുകയും ചെയ്തു.

‘ഈഗോ തെണ്ടി, അവൾ മനസ്സിൽ പറഞ്ഞു’

"അല്ല... ഇവരെ ക്യാബിൽ കയറ്റി വിട്ടാൽ പോരെ?" അനന്തു ലോജിക്കൽ ആയ ചോദ്യം ചോദിച്ചു. "ക്യാബിലോ? ഈ അവസ്ഥയിലോ?" പാർവതി അവനെ രൂക്ഷമായി നോക്കി. "ഒന്ന് ഹെൽപ്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്, അല്ലെങ്കിൽ അഡ്വൈസ് തരാതെ പോടോ."

ആ 'പോടോ' വിളിയിൽ അനന്തുവിൻ്റെ ഈഗോയ്ക്ക് വീണ്ടും ചെറിയൊരു പോറലേറ്റു. എന്നാലും, ഒരു പെൺകുട്ടി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ അവന് മനസ്സലിഞ്ഞു. അവൻ ഷവർമ റോൾ ബെഞ്ചിൽ വെച്ചു (ഏറ്റവും വലിയ ത്യാഗം). അവൻ അങ്ങോട്ട് ചെന്നു. നീതു തലയുയർത്തി അനന്തുവിനെ നോക്കി. മദ്യലഹരിയിൽ അവൾ അവനെ കണ്ണിറുക്കി കാണിച്ചു. "ഹായ്... ദുൽഖർ സൽമാൻ!" നീതു ചിരിച്ചുകൊണ്ട് അനന്തുവിൻ്റെ കവിളിൽ പിടിച്ചു. അനന്തു ഞെട്ടിപ്പോയി. ദുൽഖർ സൽമാനോ? കണ്ണാടി വെച്ച, മെലിഞ്ഞ തനിക്കോ? ഇവൾക്ക് ഫിറ്റ് അല്പം കൂടുതലാണല്ലോ. “അടിച്ചു കോഞ്ഞാട്ട ആണല്ലോ” - അവൻ സ്വയം പറഞ്ഞു.

"വീഴും. ഒന്ന് പിടിക്കെടോ!" പാർവതി വീണ്ടും ആജ്ഞാപിച്ചു.

അനന്തു പിന്നെ ഒന്നും ആലോചിച്ചില്ല. അവൻ നീതുവിൻ്റെ മറുവശത്ത് പിടിച്ചു. അങ്ങനെ, 2022-ലെ ആ ക്രിസ്മസ് രാത്രിയിൽ, പാർവതിയും അനന്തുവും ആദ്യമായി ഒരു ഭാരം പങ്കിട്ടു - ബോധമില്ലാത്ത നീതുവിനെ. കാർ പാർക്കിംഗിൽ പാർവതിയുടെ ചുവന്ന പോളോ ജി.ടി കിടപ്പുണ്ടായിരുന്നു. അനന്തനും പാർവതിയും കൂടി നീതുവിനെ എങ്ങനെയൊക്കെയോ വലിച്ചിഴച്ച് പിൻസീറ്റിൽ ഇരുത്തി. സീറ്റിൽ ഇരുന്നതും നീതു സൈഡിലേക്ക് മറിഞ്ഞു, കൂർക്കം വലി തുടങ്ങി.

“നല്ല നാറ്റം, മാട്ട സാധനം ആണോ ഇവറ്റകൾ കുടിക്കുന്നത്?” - അനന്ദു സ്വയം പറഞ്ഞു.

പാർവതി ഡ്രൈവിംഗ് സീറ്റിൽ കയറി ഡോർ അടച്ചു. എന്നിട്ട് പുറത്തു നിൽക്കുന്ന അനന്തനെ ഗ്ലാസ് താഴ്ത്തി നോക്കി.

"എന്താ അവിടെ തന്നെ നിൽക്കുന്നത്? കേറുന്നില്ലേ?"

അനന്തൻ സംശയത്തോടെ നോക്കി.

"ങേ..അല്ല, വണ്ടിയിൽ കേറ്റാൻ മാത്രമല്ലേ പറഞ്ഞുള്ളൂ. ഇനിയിപ്പോ..."

"ഹലോ! ഇവളെ വണ്ടിയിൽ നിന്ന് ഇറക്കി ഫ്ലാറ്റിലെത്തിക്കണ്ടേ? എനിക്ക് ഒറ്റയ്ക്ക് പറ്റുമോ?" പാർവതിയുടെ ശബ്ദത്തിൽ വീണ്ടും ആ ആജ്ഞപിക്കൽ ടോൺ കയറി വന്നു. "പ്ലീസ്! ഞങ്ങളുടെ ഫ്ലാറ്റ് ഇവിടെ അടുത്ത് ആണ്. അവിടെ ഒന്ന് ഡ്രോപ്പ് ചെയ്യാൻ സഹായിക്കണം. പ്ലീസ്!"

“അതൊന്നും പറ്റില്ല, നിങ്ങൾ ആരാ, ഏതാണെന്നു പറഞ്ഞാണ് ഞാൻ നിങ്ങളുടെ കൂടെ വരുക, അതും ഈ അടിച്ചു കിളി പോയ ഈ പെണ്ണിനെനെയും കൊണ്ട്” - അനന്ദു എതിർതു.

“എടൊ, ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ ക്യാമ്പസ്സിൽ അല്ലെ വർക്ക് ചെയ്യുന്നത്, പ്ലീസ് ഒന്ന് ഹെല്പ് ചെയ്” - പാർവതി കുറെക്കൂടി അഭ്യർത്ഥന സ്വരത്തിൽ പറഞ്ഞു.

“പിന്നെ, ഹണി ട്രാപ്പും അല്ലാത്ത ട്രാപ്പും, എല്ലാ കിടുതാപ്പും ഉള്ള കാലമാണ്, അപ്പോഴാണ്, നിങ്ങടെ കൂടെ..., ഈ ഞാൻ ഒറ്റയ്ക്ക് വരുന്നത്. അതൊന്നും പറ്റില്ല, വേണേൽ ഒറ്റയ്ക്ക് കൊണ്ട് പോ” - അനന്ദു കട്ടക്ക് എതിർത്തു.

“എടൊ, താൻ എന്തൊക്കെ ഈ പറയുന്നേ? ഇവളുടെ കോലം താൻ കണ്ടില്ലേ” - പാർവതി ചോദിച്ചു.

“അയ്യടാ, ഇതൊന്നും അഭിനയമല്ലെന്നു ആര് കണ്ടു” - അനന്ദു ചോദിച്ചു.

“ഞാൻ അഭിനയിക്കും, ഞാൻ ബെസ്റ്റാണ്” - വണ്ടിയുടെ പുറകിൽ കിടന്നു നീതു ബോധമില്ലാതെ വീണ്ടും പുലമ്പി. പാർവതിയും അനന്ദുവും പരസ്പരം നോക്കി.

“എടൊ വേറെ നിവർത്തിയില്ലാഞ്ഞിട്ടാണ്, പ്ലീസ്, ഒന്ന് ഹെല്പ് ചെയ്” - പാർവതി തന്നാൽ ആവും വിധം താഴ്ന്നു അപേക്ഷിച്ചു.

അവളുടെ നിസ്സഹായത കണ്ടു അനന്തൻ ഒന്ന് അയഞ്ഞു, ഒരു നെടുവീർപ്പിട്ടു.

“അങ്ങനാണേൽ, എനിക്കൊരു കോൾ ചെയ്യണം” - അവൻ പറഞ്ഞു.

“പെട്ടന്ന് വേണം, പ്ലീസ്” - പാർവതി.

അനന്ദു അപ്പോഴും പാർവതിയെ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല, അവൻ തൻ്റെ ഫോൺ എടുത്തു അവൻ്റെ ടീം ലീഡ് ജെറിൻ ചേട്ടനെ വിളിച്ചു. പരുപാടിയിൽ ഒന്നും പങ്കെടുക്കാൻ കഴിയാതെ ഓഫീസിൽ തന്നെ ഒരു ക്ലയൻ്റ് മീറ്റിംഗിൽ ആയിരുന്നു ജെറിൻ. എങ്കിലും അയാൾ അനന്തുവിൻ്റെ കോൾ കണ്ടയുടനെ ഫോൺ എടുത്തു.

“എന്താടാ?” - മറുപുറത്തു നിന്ന് ജെറിൻ.

“ചേട്ടാ, ഇന്ന് രാത്രി എന്തേലും എനിക്ക് സംഭവിച്ചാൽ ചേട്ടൻ നേരെ ക്ലൗഡ്‌ബേർസ്റ്റ് പോണം, അവിടെ ഉള്ള രണ്ടു പെൺ കുട്ടികൾ ആവും അതിനു കാരണം” - ആനന്ദൻ ഗൗരവ ഭാവത്തിൽ പറഞ്ഞു.

“ങേ… എന്താടാ നീ പറയുന്നേ ? നീ കുടിച്ചിട്ടുണ്ടോ?” - ജെറിൻ്റെ മറുപടിയിൽ അയാളുടെ അങ്കലാപ്പ് വെക്തമായിരുന്നു.

“എടൊ ഒന്ന് വേഗം” - പാർവതി ആയിരുന്നു അത്. അപ്പോഴേക്കും നീതു കാറിൻ്റെ ജനാലയിലൂടെ അവിടെയാകെ വാള് വെച്ചിരുന്നു.

ജെറിൻ്റെ ചോദ്യത്തിന് മറുപടി പറയാതെ കോൾ കട്ട് ചെയ്തു ആനന്ദൻ തിരികെ കാറിൻ്റെ അടുത്തേക് തന്നെ മടങ്ങി. മീറ്റിംഗിൽ തിരക്കിലായ ജെറിൻ പിന്നെ അനന്തുവിനെ തിരികെ വിളിക്കാനും നിന്നില്ല.

തണുത്തുറഞ്ഞ തൻ്റെ ഷവർമ റോൾ വേസ്റ്റ് ബിന്നിൽ ഇട്ടു അവൻ മനസ്സില്ല മനസ്സോടെ ഫ്രണ്ട് സീറ്റിൽ കയറിയിരുന്നു. 'നല്ല അടിപൊളി ക്രിസ്മസ്' അവൻ മനസ്സിൽ പറഞ്ഞു.

യാത്രയിലുടനീളം വല്ലാത്ത നിശബ്ദതയായിരുന്നു. ഇടയ്ക്ക് ബാക്ക് സീറ്റിൽ നിന്ന് നീതുവിൻ്റെ അവ്യക്തമായ പാട്ടും, പാർവതിയുടെ ദേഷ്യം പിടിച്ച നെടുവീർപ്പുകളും മാത്രം. പാർവതി ഡ്രൈവിംഗിൽ ശ്രദ്ധിക്കുകയാണെങ്കിലും, ഇടയ്ക്കിടെ സൈഡ് മിററിലൂടെ അനന്തനെ നോക്കുന്നുണ്ടായിരുന്നു.

'കാഴ്ചയിൽ വലിയ ലുക്ക് ഒന്നുമില്ല, പക്ഷെ ഒരു ഡീസൻ്റ് ചെക്കൻ', പാർവതി ഓർത്തു. ഇരുപത് മിനിറ്റിനുള്ളിൽ അവർ ഫ്ലാറ്റ് സമുച്ചയത്തിന് മുൻപിലെത്തി. വീണ്ടും പഴയ സർക്കസ്. നീതുവിനെ താങ്ങിപ്പിടിച്ച് ലിഫ്റ്റിൽ കയറ്റി, പത്താം നിലയിലെ അപ്പാർട്ട്മെൻ്റിന് മുൻപിലെത്തി. അനന്തൻ ശരിക്കും കിതയ്ക്കുന്നുണ്ടായിരുന്നു. ലിഫ്ട് തുറന്നതും നേരെ മുന്നിൽ അയല്പക്കത്തെ, ലക്ഷ്മി അമ്മയും ഭർത്താവു ശ്രീനിവാസ് അങ്കിളും. പാർവതി ആകെ പതറി.

“ഹായ് അങ്കിൾ” - അവൾ ഒരു ചിരി മുഖത്തു പിടിപ്പിച്ചു പറഞ്ഞു. നീതു അപ്പോഴും ബോധം കേട്ട് എന്തക്കയോ പുലമ്പുന്നുണ്ടായിരുന്നു. ആനന്ദനാകട്ടെ ആകെ പെട്ട അവസ്ഥ ആയിരുന്നു. ആകെ ഒരു നിശബ്ദത.

“വരുന്ന വഴി കുട്ടി ഉറങ്ങിപ്പോയി” -ആനന്ദൻ ഇളിഭ്യതയോടു കൂടി പറഞ്ഞു. “എന്ന അമ്മ ഇതെല്ലാം ?” - ലക്ഷ്‌മി അമ്മ ആയിരുന്നു അത്.

“ക്രിസ്മസ് സെലിബ്രേഷൻ കൊഞ്ചം ഓവർ ആയി പോയി ആന്റി” - പാർവതി ആകെ നാണം കേട്ട മട്ടായിരുന്നു. കൂടുതൽ ഒന്നും വിശതികരിക്കാതെ പാർവതി നീതുവിനെയും വലിച്ചോണ്ടു മുന്നിലേക്ക് ആഞ്ഞു. അപ്രതീക്ഷിതം ആയ ആ നീക്കത്തിൽ ഒരു വിധത്തിൽ നീതു വീഴാതെ അനന്തൻ അവളുടെ ഒപ്പം നീങ്ങി.

“എന്തെല്ലാം കാണണം കടവുളേ” - ശ്രീനിവാസ് അങ്കിൾ ആത്മഗതം പൂണ്ടു.

"കീ... കീ ബാഗിലുണ്ട്..." നീതു കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു. പിന്നെ നിർത്താതെ ചിരിക്കാൻ തുടങ്ങി. പാർവതി നീതുവിൻ്റെ ബാഗിൽ നിന്ന് താക്കോൽ എടുത്ത് വാതിൽ തുറന്നു. അവർ അകത്തേക്ക് കയറി. ഹാളിലെ സോഫയിലേക്ക് നീതുവിനെ എങ്ങനെയെങ്കിലും കിടത്തണം, അതായിരുന്നു പ്ലാൻ.

പക്ഷെ, വാതിൽ തുറന്ന് ലൈറ്റ് ഇട്ടതും പാർവതി ഞെട്ടിവിറച്ചു പോയി.

ഹാളിൽ ടിവി കണ്ടുകൊണ്ടിരുന്ന രണ്ടുപേർ ചാടി എഴുന്നേറ്റു. നീതുവിൻ്റെ അച്ഛനും അമ്മയും! "മോളെ... നീതു?" നീതുവിൻ്റെ അച്ഛൻ, കയ്യിലിരുന്ന റിമോട്ട് താഴെയിട്ടു.

പാർവതിയുടെ രക്തം വറ്റിപ്പോയി. ഇവർ അടുത്ത ആഴ്ച വരുമെന്നല്ലേ പറഞ്ഞിരുന്നത് ഈശ്വര! സർപ്രൈസ് വിസിറ്റ് ആണെന്ന് തോന്നുന്നു. പാർവതി വേഗം അനന്തനെ നോക്കി. അനന്തൻ അതിലും വലിയ ഷോക്കിലാണ്. നീതു ആണെങ്കിൽ പാതി ബോധത്തിൽ നിൽക്കുന്നു. മുടി പാറിപ്പറന്ന്, ലിപ്സ്റ്റിക് പടർന്ന്, ആകെ ഒരു വല്ലാത്ത കോലം. "ഇതെന്താ... എന്താ എൻ്റെ കുട്ടിക്ക് പറ്റിയത്?" നീതുവിൻ്റെ അമ്മ ഓടി വന്നു. പാർവതിക്ക് ചിന്തിക്കാൻ സമയം കിട്ടിയില്ല. സത്യം പറഞ്ഞാൽ തീർന്നു. നീതുവിൻ്റെ അച്ഛൻ ഒരു റിട്ടയേർഡ് പട്ടാളക്കാരനാണ്. 'മകൾ കുടിച്ചു പൂസായി' എന്ന് അറിഞ്ഞാൽ അപ്പൊ വെടി പൊട്ടും. "അത്... അത് ആൻ്റി..." പാർവതി വിറച്ചു കൊണ്ട് കള്ളം പറയാൻ തുടങ്ങി. "ഫുഡ്‌! ഫുഡ്‌ പോയിസൺ! ഓഫീസിലെ പാർട്ടിക്ക് ചിക്കൻ ബിരിയാണി ആയിരുന്നു. അത് കഴിച്ചപ്പോ മുതൽ അവൾക്ക് ഛർദ്ദിയും തലകറക്കവും..." "അയ്യോ! എൻ്റെ ഈശ്വരാ!" അമ്മ നീതുവിനെ താങ്ങിപ്പിടിച്ചു. “എന്താ വല്ലാത്ത ഒരു നാറ്റം ഇവൾക്ക്” - അമ്മ ചോദിച്ചു.

അപ്പോഴാണ് അച്ഛൻ്റെ ശ്രദ്ധ അനന്തനിലേക്ക് തിരിഞ്ഞത്. അനന്തൻ വാതിലിനു സൈഡിൽ, പാവത്തെപ്പോലെ നിൽക്കുകയാണ്. "ഇതാരാ?" അച്ഛൻ്റെ ചോദ്യത്തിൽ സംശയത്തിൻ്റെ നിഴലുണ്ടായിരുന്നു. അദ്ദേഹം അനന്തനെ അടിമുടി നോക്കി. പാതിരാത്രിയിൽ തൻ്റെ മകളെയും കൂട്ടി വന്ന അപരിചിതൻ. "ഇത്..." പാർവതി വാക്കുകൾക്ക് വേണ്ടി പരതി.

"ഇത് വിവേക്. ഞങ്ങളുടെ കൊളീഗ് ആണ്," പാർവതി വേഗം പറഞ്ഞു. "നീതുവിന് വയ്യാത്തതുകൊണ്ട് എന്നെ ഹെൽപ്പ് ചെയ്യാൻ വന്നതാ..."

സത്യത്തിൽ അപ്പോഴാണ് അവർ ആ സത്യം തിരിച്ചറിഞ്ഞത്, കൂടെ കൂട്ടിയ ആളുടെ പേര് പോലും പാർവതിക്ക് അറിയില്ല. അച്ഛൻ അനന്തൻ്റെ അടുത്തേക്ക് നടന്നു. അനന്തൻ അറിയാതെ ഒന്ന് പിന്നോട്ട് മാറി. "സഹായിക്കാൻ വന്നതാണോ? അതോ ഇവരെ ഈ കോലത്തിൽ ആക്കിയതാണോ?" അയാളിലെ എക്സ് മിലിറ്ററി പുറത്തു വന്നു.

ചോദ്യം കടുത്തു. "നിങ്ങളൊക്കെ ഐടി പാർക്കിൽ എന്താ പരിപാടി എന്ന് ഞങ്ങൾക്ക് അറിയാം... വെള്ളമടിയും കറക്കവും, കഞ്ചാവും, പറയിപ്പിക്കരുത് എന്നെ കൊണ്ട്...സത്യം പറ… നീ ആണോ എൻ്റെ കുട്ടിയെ ഈ കോലത്തിൽ ആക്കിയത്." അനന്തൻ്റെ ഈഗോ വീണ്ടും ഉണർന്നു. താൻ തൻ്റെ ഷവർമയും കളഞ്ഞ്, ഇവരെ സഹായിക്കാൻ വന്നതാണ്. എന്നിട്ടിപ്പോ കുറ്റവാളിയായോ?

"അങ്കിൾ, ഞാൻ..." അനന്തൻ എന്തോ പറയാൻ തുടങ്ങി.

പക്ഷെ അതിനു മുൻപേ, സോഫയിൽ കിടന്ന നീതു പെട്ടെന്ന് ചാടി എഴുന്നേറ്റു. “ഞാൻ ആണ് ഈ നാട്ടിലെ ഒരേ ഒരു റാണി.”

അവൾ പൊടുന്നനെ കരയാൻ തുടങ്ങി.

“ആ തെണ്ടി എന്നെ തേച്ചു, ചെറ്റ”

"ഉവ്വാക്ക്...!!"

നീതു കാർപെറ്റിലേക്ക് ഛർദ്ദിച്ചു.

റൂമിലാകെ നിശബ്ദത. ബിരിയാണിയുടെയല്ല, നല്ല വീര്യം കൂടിയ വോഡ്കയുടെ മണം ഹാളിൽ പരന്നു. അച്ഛൻ മൂക്ക് വിടർത്തി. അദ്ദേഹം അനന്തനെ രൂക്ഷമായി നോക്കി. "ഫുഡ്‌ പോയിസൺ, അല്ലെ? നിനക്ക് നാണമില്ലേടോ ചെക്കാ... പെൺകുട്ടികളെ കുടിപ്പിച്ചു ലക്ക് കെടുത്താൻ?" അനന്തൻ പാർവതിയെ നോക്കി. 'ഇനിയെങ്കിലും വായ തുറന്ന് സത്യം പറയൂ' എന്നൊരു അപേക്ഷ ആ നോട്ടത്തിലുണ്ടായിരുന്നു. പക്ഷെ പാർവതി തല താഴ്ത്തി നിൽക്കുകയായിരുന്നു. അനന്തന് ദേഷ്യം വന്നു. "അങ്കിൾ, ഞാൻ കുടിപ്പിച്ചതല്ല. ഞാൻ ഇവരെ സഹായിക്കാൻ..." "ഇറങ്ങിപ്പോടോ!" അച്ഛൻ ആക്രോശിച്ചു. "ഇറങ്ങിപ്പോ എൻ്റെ വീട്ടിൽ നിന്ന്!" അനന്തൻ്റെ മുഖം ചുവന്നു. അവൻ പാർവതിയെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു. പിന്നെ ഒന്നും മിണ്ടാതെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. ലിഫ്റ്റിനു കാത്തുനിൽക്കാതെ അവൻ പടികൾ ഇറങ്ങി ഓടി. സഹായിക്കാൻ വന്നവന് കിട്ടിയ പ്രതിഫലം. താഴെ എത്തിയിട്ടും അവൻ്റെ കിതപ്പ് മാറിയിരുന്നില്ല. അപമാനവും ദേഷ്യവും കൊണ്ട് അവൻ്റെ കണ്ണു നിറഞ്ഞു. അവൻ നടന്നു പാർക്കിംഗ് ലോട്ടിലേക്ക് നീങ്ങി. എങ്ങനെയെങ്കിലും തിരിച്ചു പോണം. പക്ഷെ ഇവിടെ ഓട്ടോ കിട്ടുമോ? "ഹലോ! നിൽക്ക്!"

പിന്നിൽ നിന്ന് പാർവതിയുടെ ശബ്ദം. അവൾ ഓടി കിതച്ചു വരുന്നുണ്ടായിരുന്നു. അനന്തൻ തിരിഞ്ഞു നോക്കി, പക്ഷെ അവൻ നിൽക്കാൻ കൂട്ടാക്കിയില്ല. "പ്ലീസ്! ഒന്ന് നിക്ക്! ഞാൻ പറയുന്നത് കേൾക്ക്!" പാർവതി ഓടി വന്ന് അവൻ്റെ മുന്നിൽ കയറി നിന്നു. അനന്തു നിന്നു. അവൻ അവളെ രൂക്ഷമായി നോക്കി. “എന്താ എന്തേലും പറയാൻ ഉണ്ടോ? ആ കിളവൻ്റെ മുഖത്ത് ഇട്ടു ഒന്ന് കൊടുക്കാൻ ആണെനിക്ക് തോന്നിയതു.” അനന്തൻ പല്ലു കടിച്ചു.

“ആരാ ഈ വിവേക്?” - അനന്തൻ പുച്ഛ ഭാവത്തിൽ ചോദിച്ചു.

പാർവതി തല താഴ്ത്തി. ആ പഴയ 'ക്ലൗഡ്‌ബേർസ്റ്റ് എം എൻ സി' ഗമയൊന്നും ഇപ്പോളില്ല. "സോറി. ഐ ആം റിയലി സോറി," അവൾ കിതച്ചുകൊണ്ട് പറഞ്ഞു. "എനിക്ക്... എനിക്ക് വേറെ വഴിയില്ലായിരുന്നു. അച്ഛനെ കണ്ടപ്പോൾ ഞാൻ ബ്ലാങ്ക് ആയിപ്പോയി. അതാണ് വായിൽ വന്ന പേര് പറഞ്ഞത്." "അതിനു എൻ്റെ പേര് നിങ്ങൾക്ക് അറിയില്ലല്ലോ, പിന്നെ എങ്ങനെ പറയാനാ?" അനന്തു വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. "ഒരു ഹെൽപ്പിന് വിളിക്കുമ്പോൾ 'ചേട്ടാ' എന്ന് വിളിക്കാം. പക്ഷെ പോലീസിനെയോ അച്ഛനെയോ കാണുമ്പോൾ പഴി ചാരാൻ ഞാൻ വെറുമൊരു 'വിവേക്'. നല്ല ബെസ്റ്റ് ടീം. ഈ മെയിൽ ഈഗോ, മെയിൽ ഈഗോ എന്ന് കേട്ടിട്ടുണ്ടോ, അതാണ് ഇന്ന് അയാൾ ഇന്ന് തകർത്തു തരിപ്പണം ആക്കിയത്, എനിക്ക് പെരുത്ത് കയറുന്നു, അല്ലേൽ വേണ്ട ഞാൻ അയാൾക്കിട്ടു ഒന്ന് പൊട്ടിച്ചിട്ടു വരട്ടെ, മോളെ കയറൂരി വിട്ടിട്ടു, അയാൾ നിന്ന് പ്രസംഗിക്കുന്നു." “അയ്യോ, അബദ്ധം ഒന്നും കാണിക്കരുത്. അങ്കിൾ കാര്യം അറിയാതെ പറഞ്ഞതാവും.” - പാർവതി ആകെ പരിഭ്രാന്തയിൽ ആയി. “ഞാൻ മാന്യൻ ആയതു കൊണ്ട് അയാൾ രക്ഷപെട്ടു” - അനന്തൻ കൂട്ടി ചേർത്തു. പാർവതി ഒന്നും മിണ്ടിയില്ല. അവൾക്ക് കുറ്റബോധം തോന്നി. "ശരി, നടന്നത് നടന്നു. ഇനി എന്നെ ഉപദ്രവിക്കരുത്. ഞാൻ പൊയ്ക്കോളാം," അനന്തൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. അവൻ ഊബർ ആപ്പ് തുറന്നു.

ഡിസംബർ 24. പാതിരാത്രി 12:30. ഫോൺ സ്ക്രീനിൽ വട്ടത്തിൽ കറങ്ങുന്ന സെർച്ച് ഐക്കൺ മാത്രം. 'No cabs available due to high demand.'

അനന്തു വേറെ ആപ്പ് നോക്കി. അതും അങ്ങനെ തന്നെ. ഓട്ടോ വിളിക്കാൻ മെയിൻ റോഡ് വരെ നടക്കണം. അവിടെ ചെന്നാലും ഈ സമയത്ത് വണ്ടി കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ആ രാത്രിയിൽ വിജനമായ റോഡുകൾ അവനെ നോക്കി കൊഞ്ഞനം കുത്തുന്നതുപോലെ അവനു തോന്നി.

“എന്തിൻ്റെ കേടായിരുന്നു എനിക്ക്” - അവൻ സ്വയം പിറുപിറുത്തു.

അവൻ ഫോൺ പോക്കറ്റിലിട്ടു.

"വണ്ടി കിട്ടില്ല," പാർവതി മെല്ലെ പറഞ്ഞു. "ഇത് ക്രിസ്മസ് ഈവ് ആണ്. എല്ലാരും പാർട്ടി മൂഡിലാണ്." അനന്തു ദേഷ്യത്തോടെ ചുറ്റും നോക്കി.

"വാ, ഞാൻ ഡ്രോപ്പ് ചെയ്യാം," പാർവതി പറഞ്ഞു.

"വേണ്ട. ഉപകാരം ചെയ്ത് വീണ്ടും എയറിൽ ആക്കാൻ അല്ലെ?," അനന്തു മുഖം തിരിച്ചു.

"പ്ലീസ്, വാശി പിടിക്കാതെ. എനിക്ക്... എനിക്ക് തനിയെ ഡ്രൈവ് ചെയ്യാൻ പേടിയാ. എൻ്റെ കൈ ഇപ്പോഴും വിറയ്ക്കുന്നുണ്ട്," പാർവതി തൻ്റെ വിറയ്ക്കുന്ന കൈകൾ കാണിച്ചു. "നമ്മുക്ക് ഒരിത്തിരി നേരം വണ്ടിയിൽ ഇരിക്കാം. ഞാനൊന്ന് റിലാക്സ് ആയിട്ട് നിങ്ങളെ ഡ്രോപ്പ് ചെയ്യാം. പ്രോമിസ്. ഇനി ഒരു കുഴപ്പവും ഉണ്ടാവില്ല." അനന്തു അവളെ ഒന്ന് നോക്കി. അവൾ ശരിക്കും പേടിച്ചിട്ടുണ്ട്. നീതുവിൻ്റെ അച്ഛൻ്റെ അലർച്ച കേട്ടാൽ ആരും പേടിച്ചു പോകും. പിന്നെ ഈ പാതിരാത്രിയിൽ നടുറോഡിൽ നിൽക്കുന്നതിലും ഭേദം അതാണെന്ന് അവന് തോന്നി. അവൻ ഒന്നും മിണ്ടാതെ നടന്നു ചെന്ന് കാറിൻ്റെ പാസഞ്ചർ സീറ്റിൽ കയറി. പാർവതി ഡ്രൈവിംഗ് സീറ്റിലും. അവർ ഡോർ അടച്ചു. പുറത്തെ ബഹളങ്ങൾ മാറി, കാറിനുള്ളിൽ ഒരു നിശബ്ദത പരന്നു. എസി-യുടെ തണുപ്പ്. ലെതർ സീറ്റിൻ്റെ മണം. രണ്ടുപേരും സീറ്റിലേക്ക് ചാരി കണ്ണടച്ചു. നടന്ന സംഭവങ്ങൾ ഒരു സിനിമ പോലെ മനസ്സിലൂടെ പോയി. ഷവർമ, നീതുവിൻ്റെ 'ദുൽഖർ' വിളി, ഛർദ്ദി, പട്ടാളക്കാരൻ അച്ഛൻ…

പെട്ടെന്ന് പാർവതി ചിരിക്കാൻ തുടങ്ങി. ആദ്യം ചെറിയൊരു ചിരി, പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. ആനന്ദൻ അവളെ അത്ഭുതത്തോടെ നോക്കി. "എന്താ? വട്ടായോ?" "അല്ല... ആ സീൻ ഒന്നാലോചിച്ചു നോക്കിയേ," അവൾ ചിരി അടക്കാൻ പാടുപെട്ടു. "നീതുവിൻ്റെ ആ ഡയലോഗ്... 'ഞാനാണ് റാണി'!! എൻ്റെ പൊന്നോ... അച്ഛൻ്റെ മുഖം കാണണമായിരുന്നു!" അനന്തനും ചിരി വന്നു. ആ സീൻ ഓർക്കുമ്പോൾ ദേഷ്യത്തേക്കാൾ കൂടുതൽ കോമഡിയാണ് തോന്നുന്നത്. അവനും അറിയാതെ ചിരിച്ചു പോയി.

"പക്ഷെ ആ ഛർദ്ദി... അതാണ് ഹൈലൈറ്റ്," അവൻ പറഞ്ഞു. "ബിരിയാണി എന്ന് പറഞ്ഞിട്ട് വോഡ്കയുടെ മണം വന്നപ്പോ അങ്കിളിൻ്റെ ആ പ്ലിങ് എക്സ്പ്രഷൻ..."

അവർ രണ്ടുപേരും കാറിനുള്ളിലിരുന്ന് ചിരിച്ചു. ആ ചിരി അവർക്കിടയിലെ മഞ്ഞുരുക്കി. "എനിക്ക് ഒരെണ്ണം വേണം," പാർവതി പെട്ടെന്ന് സീരിയസ് ആയി. അവൾ ബാക്ക് സീറ്റിലേക്ക് തിരിഞ്ഞു. നീതുവിൻ്റെ ബാഗും സാധനങ്ങളും അവിടെ ചിതറിക്കിടപ്പുണ്ടായിരുന്നു. അവൾ അതിനിടയിൽ നിന്ന് ഒരു കുപ്പി വലിച്ചെടുത്തു. ഒരു പ്രീമിയം വോഡ്ക ബോട്ടിൽ. പകുതി ബാക്കിയുണ്ട്. "ഇതാണ് വില്ലൻ," പാർവതി പറഞ്ഞു. അവൾ ഡാഷ്ബോർഡിൽ നിന്ന് രണ്ട് പേപ്പർ കപ്പുകൾ എടുത്തു “എന്താണ് ഇത് സഞ്ചരിക്കുന്ന ബാറോ ?” അനന്തൻ അന്തം വിട്ടു. “സെലിബ്രേഷൻ അല്ലെ മാഷെ” - പാർവതി പരുങ്ങി. "കൂടുന്നോ? ടു കാം ഡൗൺ?" അവൾ ചോദിച്ചു. അനന്തൻ മടിച്ചു.

"ഞാൻ അങ്ങനെ കുടിക്കാറില്ല. വല്ലപ്പോഴും ബിയർ... അത്ര മാത്രം." "ഇന്ന് വല്ലപ്പോഴും ഒന്നുമല്ലല്ലോ. സ്പെഷ്യൽ ദിവസമല്ലേ? കൂടാതെ നമ്മൾ ഇപ്പൊ ഒരു യുദ്ധം കഴിഞ്ഞു വരികയല്ലേ," അവൾ ചിരിച്ചുകൊണ്ട് കപ്പിലേക്ക് ഒഴിച്ചു.

അനന്തു ആലോചിച്ചു. വിശപ്പും ക്ഷീണവും ഉണ്ട്. ഒന്ന് റിലാക്സ് ആകാൻ ഇത് നല്ലതാണ്. അവൻ കപ്പ് മേടിച്ചു. അവർ രണ്ടുപേരും 'ചിയേഴ്സ്' ഒന്നും പറഞ്ഞില്ല. ഒറ്റ വലിക്ക് കുടിച്ചു. തൊണ്ടയിലൂടെ ഒരു തീപ്പൊരി ഇറങ്ങിപ്പോയി. "വൗ..." അനന്തു ശ്വാസം വിട്ടു. "എന്ത് സാധനം ആണിത്." "അതെ. നീതുവിനെ വീഴ്ത്തിയ സാധനമാണ്," പാർവതി വീണ്ടും ഒഴിച്ചു. രണ്ടാമത്തെ പെഗ്ഗ് ആയപ്പോഴേക്കും അവരുടെ നാവിൻതുമ്പിലെ കെട്ടുകൾ അഴിഞ്ഞു തുടങ്ങി. "ശരിക്കും ആരാ ഈ നീതു?" അനന്തൻ ചോദിച്ചു. "എൻ്റെ ഒരേയൊരു ഫ്രണ്ട്," പാർവതി പറഞ്ഞു. "കോളേജ് മുതൽ കൂടെയുള്ളതാ. പുറമെ കാണുന്നവർക്ക് എനിക്ക് ഒരുപാട് സർക്കിൾ ഉണ്ടെന്ന് തോന്നും. ക്ലൗഡ്‌ബേർസ്റ്റ്, ഹൈ സാലറി, കാർ... പക്ഷെ സത്യം പറഞ്ഞാൽ ഈ നഗരത്തിൽ എനിക്ക് ആകെ ഉള്ളത് അവളാണ്. പിന്നെ ഈ കാറും."

അനന്തു അവളെ നോക്കി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു ഏകാന്തതയുണ്ട്. "എനിക്കും..." അനന്തു പറഞ്ഞു. "എനിക്ക് നീതു പോലുമില്ല. റൂമിൽ ചെന്നാൽ ലാപ്ടോപ്പും ഞാനും മാത്രം. പിന്നെ വീട്ടിൽ നിന്ന് അമ്മയുടെ വക കല്യാണ ആലോചനകളുടെ ലിസ്റ്റ്." "അത് എനിക്കും ഉണ്ട്," പാർവതി ചിരിച്ചു. "മേനോൻ വേണം, നായർ വേണം, ഡോക്ടർ വേണം... ലിസ്റ്റ് നീളുവാണ്. എനിക്ക് വേണ്ടത് ഇതൊന്നുമല്ല എന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല."

“എന്ന് വെച്ചാൽ ? താനും നീതുവും ?” - ആനന്ദൻ സംശയ ഭാവത്തിൽ ചോദിച്ചു.

“എന്താണ് മാൻ ?” - പാർവതി പരിഹസിച്ചു. "ആ പോട്ടെ, പിന്നെ എന്താ വേണ്ടത്?" അനന്തു ചോദിച്ചു. അവൾ അനന്തുവിനെ നോക്കി. ആ കാറിനുള്ളിലെ മങ്ങിയ വെളിച്ചത്തിൽ, മദ്യത്തിന്റെ ലഹരിയിൽ, അവർ പരസ്പരം ആദ്യമായി ശരിക്കും കണ്ടു. പ്രോഗ്രാമറായ അനന്തുവിനെയല്ല, എം എൻ സി യുടെ ഹുങ്കുള്ള പാർവതിയെയല്ല. ബഹളങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോയ രണ്ട് മനുഷ്യരെ. "എനിക്ക്... എനിക്ക് വെറുതെ ഇരിക്കണം. ജഡ്ജ് ചെയ്യപ്പെടാതെ, ചോദ്യങ്ങൾ ഇല്ലാതെ... കുറച്ചു സമയം വെറുതെ ഇരിക്കണം." അനന്തുവിന് അത് മനസ്സിലായി. അവനും ആഗ്രഹിച്ചത് അത് തന്നെയായിരുന്നു. അവർക്കിടയിലെ അകലം കുറഞ്ഞു വന്നു. പുറത്ത് ക്രിസ്മസ് നക്ഷത്രങ്ങൾ മിന്നുന്നുണ്ടായിരുന്നു. പക്ഷെ കാറിനുള്ളിലെ ചൂട് കൂടിക്കൂടി വന്നു. അത് വെറും മദ്യത്തിൻ്റെ ചൂടായിരുന്നില്ല. അതൊരു തേടലായിരുന്നു. ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാനുള്ള രണ്ട് മനുഷ്യരുടെ വെപ്രാളം. പാർവതി ആനന്ദൻ്റെ കൈയിൽ പിടിച്ചു. അവൻ തിരിച്ചെടുത്തില്ല. "ഹാപ്പി ക്രിസ്മസ്," അവൾ മന്ത്രിച്ചു. "ഹാപ്പി ക്രിസ്മസ്," അവനും പറഞ്ഞു. പിന്നെ നടന്നത് അവർ പ്ലാൻ ചെയ്തതായിരുന്നില്ല. പക്ഷെ അത് തടയാൻ അവർ ആഗ്രഹിച്ചില്ല. ആ കാറിനുള്ളിലെ ഇരുട്ടിൽ, അവർ പരസ്പരം ആശ്വസിപ്പിക്കുകയായിരുന്നു. നാളെയെക്കുറിച്ചോ, ശരിതെറ്റുകളെക്കുറിച്ചോ ചിന്തിക്കാതെ.


സൂര്യപ്രകാശം വിൻഡ്ഷീൽഡിലൂടെ അടിച്ചുകയറിയപ്പോഴാണ് ആനന്ദൻ കണ്ണ് തുറന്നത്. തല ഭയങ്കരമായി വേദനിക്കുന്നു. കഴുത്ത് ഉളുക്കിയപോലെ. അവൻ മെല്ലെ ചുറ്റും നോക്കി. കാറിനുള്ളിലാണ്. ഡ്രൈവിംഗ് സീറ്റിൽ പാർവതി സ്റ്റിയറിംഗിലേക്ക് തല ചായ്ച്ചു ഉറങ്ങുന്നു. ഒരു നിമിഷം അവന് ഒന്നും മനസ്സിലായില്ല. പിന്നെ, ഇന്നലെ രാത്രിയിലെ ഓർമ്മകൾ മിന്നൽ പോലെ തലയിലേക്ക് ഇരച്ചു കയറി. നീതു... ഛർദ്ദി... വോഡ്ക... പിന്നെ... "ഷിറ്റ്!" അവൻ ഞെട്ടി എഴുന്നേറ്റു. ആ അനക്കത്തിൽ പാർവതിയും ഞെട്ടി ഉണർന്നു. അവൾ മുടി ഒതുക്കി ചുറ്റും നോക്കി. അനന്തുവിനെ കണ്ടതും അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു. രണ്ടുപേരും പരസ്പരം നോക്കി. ഇന്നലെ രാത്രിയിലെ ധൈര്യമോ, ചിരിയോ, തമാശകളോ ഒന്നും ആ മുഖങ്ങളിൽ ഇല്ലായിരുന്നു. പകരം, കടുത്ത കുറ്റബോധവും വല്ലാത്തൊരു ജാള്യതയും മാത്രം. "സമയം... സമയം ആറര ആയി," അനന്തു വാച്ചിൽ നോക്കി പറഞ്ഞു. തൊണ്ട വരളുന്നുണ്ടായിരുന്നു. "ഓഹ്..." പാർവതി വെറുതെ മൂളി. അവർക്കിടയിൽ കനത്ത നിശബ്ദത. എന്ത് പറയണം എന്നറിയില്ല. 'ഇന്നലെ സംഭവിച്ചത് തെറ്റായിപ്പോയി' എന്ന് പറയണോ? അതോ 'താങ്ക്സ്' പറയണോ? "ഞാൻ... ഞാൻ ഇറങ്ങുവാ," അനന്തു ഡോർ തുറക്കാൻ തുനിഞ്ഞു. "ഞാൻ... ഞാൻ ഡ്രോപ്പ് ചെയ്യാം," പാർവതി പറഞ്ഞു. പക്ഷെ അതിൽ വലിയ നിർബന്ധമൊന്നും ഇല്ലായിരുന്നു. "വേണ്ട. വേണ്ട," അനന്തു വേഗം പറഞ്ഞു. "ഇപ്പൊ വണ്ടി കിട്ടും. ഞാൻ പൊയ്ക്കോളാം." അവൻ വേഗത്തിൽ കാറിൽ നിന്ന് ഇറങ്ങി. പാർവതി തടഞ്ഞില്ല. അവൾക്കും അവൻ പോകുന്നതാണ് ആശ്വാസം എന്ന് തോന്നി. കാറിന് പുറത്തിറങ്ങി, അനന്തു ഒന്ന് നിന്നു. എന്തെങ്കിലും പറയണ്ടേ? ബൈ? സോറി? അവൻ ഗ്ലാസിലൂടെ അവളെ നോക്കി. അവൾ സ്റ്റിയറിംഗിൽ മുറുകെ പിടിച്ചിരിക്കുകയാണ്. "ഹാപ്പി ക്രിസ്മസ്..." അവൻ വിക്കി വിക്കി പറഞ്ഞു. പാർവതി അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അതൊരു ചിരിയായിരുന്നില്ല. "ബൈ..." അവൾ പറഞ്ഞു. അനന്തു വേഗത്തിൽ നടന്നു നീങ്ങി. തിരിഞ്ഞു നോക്കിയില്ല. പിന്നിൽ പാർവതി കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു. നടക്കുമ്പോൾ അനന്തു മനസ്സിൽ ഉറപ്പിച്ചു: 'ഇനിയൊരിക്കലും ഇവളെ കാണരുത്. ഈ രാത്രി മറക്കണം. ഇതൊരു ആക്സിഡന്റ് മാത്രമാണ്.'

പക്ഷെ വിധി അവനുവേണ്ടി കാത്തു വെച്ചിരുന്നത് വേറൊന്നായിരുന്നു. ജീവിതം പഴയപടി ആയി. അനന്തുവിൻ്റെ ലാപ്ടോപ്പും കോഡിംഗും. പാർവതിയുടെ മീറ്റിംഗുകളും പ്രസന്റേഷനുകളും. അവർ രണ്ടുപേരും ടെക്നോ പാർക്കിലെ ഫുഡ് കോർട്ടിലോ കോഫി ഷോപ്പിലോ വെച്ച് വല്ലപ്പോഴും ദൂരെ നിന്ന് കണ്ടു. പക്ഷെ കണ്ടഭാവം നടിച്ചില്ല. അപരിചിതരെപ്പോലെ നടന്നു നീങ്ങി. അങ്ങനെയിരിക്കെയാണ് ആ ദിവസം വന്നത്.

പാർവതിക്ക് രാവിലെ മുതൽ വല്ലാത്ത ക്ഷീണം. കോഫി കുടിച്ചിട്ടും തലവേദന മാറുന്നില്ല. മീറ്റിംഗിനിടയിൽ രണ്ടു തവണ വാഷ്റൂമിലേക്ക് ഓടേണ്ടി വന്നു.

"ഫുഡ്‌ പോയിസൺ ആയിരിക്കും..." അവൾ സ്വയം പറഞ്ഞു. അപ്പോഴാണ് നീതുവിനെയും അന്നത്തെ രാത്രിയും അവൾ ഓർത്തത്, അവൾക്ക് ചിരി വന്നു.

പക്ഷെ, ക്ഷീണം മാറിയില്ല. ഒരാഴ്ച കഴിഞ്ഞു. സംശയം ഭയമായി മാറി. അവളുടെ ലക്ഷണങ്ങൾ അവളെ ഭയപ്പെടുത്തി എന്ന് പറയുന്നതാവും ശരി.

അവൾ ഒരു ഹോം പ്രഗ്നൻസി കിറ്റ് വാങ്ങി. കൈ വിറച്ചു കൊണ്ട് ബാത്റൂമിൽ കയറി. അഞ്ച് മിനിറ്റ്. ആ രണ്ട് വരകൾ തെളിഞ്ഞു വന്നു. പാർവതി തറയിലിരുന്നു പോയി.

ആയിരം ചിന്തകൾ തലയിലൂടെ പാഞ്ഞു. അച്ഛൻ... അമ്മ... കരിയർ... സൊസൈറ്റി... പിന്നെ, ആ മുഖം. പേര് പോലും മര്യാദയ്ക്ക് അറിയാത്ത, ഒറ്റ രാത്രി മാത്രം കൂടെയുണ്ടായിരുന്ന ആ അപരിചിതൻ. അവൾ എങ്ങനെയൊക്കയോ നടന്നു നീതുവിൻ്റെ അടുത്തെത്തി, കാര്യം അവളെ അറിയിച്ചു. “എന്തൊക്കെയാ പാറു നീ ഈ പറയുന്നത്, നിനക്ക് എന്താ വട്ടു പിടിച്ചോ” -നീതു പൊട്ടി തെറിച്ചു. അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.

പാർവതി സോഫയിൽ തളർന്നിരിക്കുകയാണ്. അവളുടെ കൈയിൽ ആ പ്രഗ്നൻസി കിറ്റ് ഇപ്പോഴുമുണ്ട്. "ഞാൻ എന്ത് ചെയ്യും നീതു?" പാർവതിയുടെ ശബ്ദം ഇടറി. "വീട്ടിലറിഞ്ഞാൽ... ആലോചിക്കാൻ പോലും വയ്യ. അച്ഛൻ എന്നെ കൊല്ലും. അല്ല, അതിനു മുൻപേ അമ്മ ഹാർട്ട് അറ്റാക്ക് വന്ന് വീഴും." നീതു മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. അവൾക്ക് ആകെ പേടിയും കുറ്റബോധവും തോന്നി. അന്ന് താൻ കുടിച്ചു ബോധം പോയതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്? ആ കുറ്റബോധം അവളെ വല്ലാതെ അലട്ടി. "ഇല്ല... ആരും അറിയാൻ പാടില്ല," നീതു ഉറപ്പിച്ചു പറഞ്ഞു. "നമ്മുക്ക് ഇത് കളയാം. അബോർഷൻ. അല്ലാതെ വേറെ വഴിയില്ല." പാർവതി തല ഉയർത്തി നോക്കി. "അബോർഷനോ? ഇവിടെ ട്രിവാൻഡ്രത്തോ? ആരെങ്കിലും അറിഞ്ഞാൽ..." "ഇവിടെ വേണ്ട. നമ്മുക്ക് ബാംഗ്ലൂർ പോവാം," നീതു പ്ലാൻ ഇട്ടു. "അവിടെ ആകുമ്പോൾ ആരും അറിയില്ല. ലീവ് എടുക്കാം. ഒരു ട്രിപ്പ് പോകുന്നു എന്ന് വീട്ടിൽ പറയാം. സിമ്പിൾ."

പാർവതിക്ക് അത് കേട്ടപ്പോൾ ചെറിയൊരു ആശ്വാസം തോന്നി. അതാണ് പ്രായോഗികം. കരിയർ തുടങ്ങിയിട്ടേ ഉള്ളു. കല്യാണം കഴിച്ചിട്ടില്ല. ആരുടേയോ കുഞ്ഞിനെ പ്രസവിക്കുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല. "ശരി..." പാർവതി സമ്മതിച്ചു. "പക്ഷെ എനിക്ക് പേടിയാ നീതു. ഒറ്റയ്ക്ക്..." "ഞാനില്ലേ കൂടെ? നിനക്ക് എന്നെ വിശ്വാസമില്ലേ?" നീതു അവളുടെ കൈ പിടിച്ചു. പിന്നെ ഒരു നിമിഷം ആലോചിച്ച ശേഷം നീതു ചോദിച്ചു. "അല്ല, ആ ചെക്കൻ... പേരെന്താ? അവൻ ഇതറിഞ്ഞോ?" പാർവതി തലയാട്ടി. "ഇല്ല. അവനോട് പറയേണ്ട കാര്യമില്ല. പിന്നെ എനിക്ക് അവൻ്റെ പേര് അറിയില്ല" "എന്ത്?" നീതു കണ്ണ് മിഴിച്ചു. "നീ എന്താ ഈ പറയുന്നത്? അവൻ്റെ പേര് പോലും അറിയില്ലേ നിനക്ക്? അവനും കൂടി ഉത്തരവാദി അല്ലെടി ഇതിൽ? അവൻ്റെ കൂടി കൊച്ചല്ലേ?"

"അത് വെറുമൊരു മിസ്റ്റേക്ക് ആയിരുന്നു നീതു. അവൻ അന്ന് എന്നെ ഹെൽപ്പ് ചെയ്യാൻ വന്നതാ. അവനെ ഇതിലേക്ക് വലിച്ചിഴക്കണ്ട. അവനും കാണും അവൻ്റെതായ സ്വപ്നങ്ങളും ലൈഫും. ഞാൻ കാരണം അത് നശിക്കണ്ട. നമ്മുക്ക് ഇത് തീർക്കാം. അവൻ ഒരിക്കലും ഇതറിയാൻ പാടില്ല."

അതൊരു ഉറച്ച തീരുമാനമായിരുന്നു. അനന്തുവിനെ അറിയിക്കാതെ, രഹസ്യമായി എല്ലാം അവസാനിപ്പിക്കുക. രണ്ടു ദിവസത്തിന് ശേഷം അവർ ബാംഗ്ലൂരിലേക്ക് പോകാൻ പ്ലാൻ ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ വിധി വീണ്ടും കളിച്ചു.

യാത്രയ്ക്ക് തലേദിവസം പാർവതിക്ക് ഓഫീസിൽ വെച്ച് വീണ്ടും തലകറക്കം വന്നു. ഇത്തവണ അവൾക്ക് എഴുന്നേൽക്കാൻ പോലും പറ്റിയില്ല. കൊളീഗ്‌സ് പേടിച്ചു പോയി. അവർ ഉടനെ തന്നെ കമ്പനിയുടെ എംബാനൽഡ് ആയ ആശുപത്രിയിലേക്ക് അവളെ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. നീതു പുറത്തു വിറച്ചു നിൽപ്പുണ്ടായിരുന്നു. "ഷി ഈസ് പ്രഗ്നന്റ്," ഡോക്ടർ നീതുവിനോട് പറഞ്ഞു. "പക്ഷെ ചെറിയൊരു കോംപ്ലിക്കേഷൻ ഉണ്ട്. ബ്ലഡ് പ്രഷർ വല്ലാതെ കുറവാണ്. കൂടാതെ സ്‌ട്രെസ്. ഇപ്പോൾ ട്രാവൽ ചെയ്യുന്നത് സേഫ് അല്ല." നീതു തകർന്നു പോയി. ബാംഗ്ലൂർ ട്രിപ്പ് നടക്കില്ല. തിരുവന്തപുരത്തു തന്നെ നിൽക്കണം. റൂമിൽ പാർവതി ബെഡിൽ കിടക്കുകയാണ്. നീതു അടുത്തു ചെന്നു. "പാറു... ബാംഗ്ലൂർ പോക്ക് നടക്കില്ല," നീതു സങ്കടത്തോടെ പറഞ്ഞു. "ഇനി ഇവിടെ വെച്ച് എന്തെങ്കിലും ചെയ്യണം. പക്ഷെ

ഇവിടെ..."

ഇവിടെ റിസ്ക് ആണ്. ആരെങ്കിലും കാണും. കൂടാതെ, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവണമെങ്കിൽ 'ഹസ്ബൻഡ്' അല്ലെങ്കിൽ ഗാർഡിയൻ കൂടെ വേണം എന്ന് ഡോക്ടർമാർ വാശി പിടിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് അബോർഷൻ പോലൊരു കാര്യത്തിന്. "എനിക്ക് പേടിയാകുന്നു നീതു..." പാർവതി കരയാൻ തുടങ്ങി. "എനിക്ക് വയ്യ... എനിക്ക് ഒറ്റയ്ക്ക് വയ്യ..." നീതുവിന് സഹിക്കാൻ കഴിഞ്ഞില്ല. അവൾ ഒരു തീരുമാനം എടുത്തു.

"നീ പേടിക്കണ്ട. നമ്മുക്ക് ഒരാളെ കൂടെ വിളിക്കാം. ഈ അവസ്ഥയിൽ അവൻ അത് അറിയണം. അവൻ കൂടെ ഉണ്ടാകണം." "വേണ്ട നീതു... അവനെ വിളിക്കരുത്..." പാർവതി തടയാൻ ശ്രമിച്ചു. "മിണ്ടാതിരിക്ക് പാറു! ഇത് നിൻ്റെ മാത്രം പ്രശ്നമല്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരം പറയേണ്ടത് ഞാനാണ്. എനിക്ക് വയ്യ ഈ റിസ്ക് ഒറ്റയ്ക്ക് എടുക്കാൻ. അവൻ വരട്ടെ. അവൻ വന്ന് ഇതിൻ്റെ ഉത്തരവാദിത്തം ഏൽക്കട്ടെ." നീതു ഫോൺ എടുത്തു. പാർവതി തടയാൻ നോക്കിയെങ്കിലും അവൾക്ക് എഴുന്നേൽക്കാൻ ത്രാണിയില്ലായിരുന്നു. ഒരു വിധത്തിൽ ലിങ്ക്ഡ് ഇനിലും മറ്റും തപ്പി നീതു അനന്തുവിൻ്റെ ഫോൺ നമ്പർ ഒപ്പിച്ചു. അനന്തു അപ്പോൾ ഓഫീസിൽ, ഒരു വലിയ പ്രോജക്റ്റ് ഡെലിവറിയുടെ ടെൻഷനിൽ ആയിരുന്നു. അപരിചിതമായ നമ്പറിൽ നിന്നൊരു കോൾ.

"ഹലോ?"

"അനന്തുവല്ലേ? ഞാൻ നീതുവാണ്. പാർവതിയുടെ ഫ്രണ്ട്." അനന്തുവിൻ്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. ആ പേര് കേട്ടാൽ തന്നെ അവന് ഓർമ്മ വരുന്നത് ആ നാശം പിടിച്ച രാത്രിയാണ്. "ആ... പറയൂ. എന്ത് പറ്റി?" അവൻ ചോദിച്ചു. "എനിക്ക്... നമ്മുക്ക് ഒന്ന് കാണണം," നീതുവിൻ്റെ ശബ്ദത്തിൽ ഭയവും ഗൗരവവും ഉണ്ടായിരുന്നു. "അടിയന്തിരമാണ്. പാർവതി ഹോസ്പിറ്റലിലാണ്." "ഹോസ്പിറ്റലിലോ? എന്ത് പറ്റി?" അനന്തു കസേരയിൽ നിന്നെഴുന്നേറ്റു. "നേരിൽ പറയാം. ടെക്നോ പാർക്കിനു അടുത്തുള്ള 'സൺറൈസ്' ഹോസ്പിറ്റലിലേക്ക് വരാമോ? പ്ലീസ്, വേഗം വരണം." ഫോൺ കട്ടായി.

അനന്തു സ്തംഭിച്ചു നിന്നു. പാർവതി ഹോസ്പിറ്റലിൽ? താനുമായി ഒരു ബന്ധവുമില്ലാത്ത, എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആ പെൺകുട്ടി. എന്തോ വലിയ പ്രശ്നമുണ്ട്. അവൻ ലാപ്ടോപ്പ് പോലും അടച്ചു വെക്കാതെ ബൈക്കിൻ്റെ കീ എടുത്തു പുറത്തേക്കോടി.


സൺറൈസ് ഹോസ്പിറ്റലിൻ്റെ അത്യാഹിത വിഭാഗത്തിന് മുന്നിൽ ബൈക്ക് ഒതുക്കുമ്പോൾ അനന്തുവിൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ഹെൽമറ്റ് ബൈക്കിൽ വെച്ച് റിസപ്ഷനിലേക്ക് ഓടി. "പാർവതി... പാർവതി സുബ്രഹ്മണ്യം. അഡ്മിഷൻ?" അവൻ കിതച്ചുകൊണ്ട് ചോദിച്ചു. റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടറിൽ നോക്കി. "റൂം നമ്പർ 204. ഫസ്റ്റ് ഫ്ലോർ." അനന്തു ലിഫ്റ്റിന് കാത്തുനിന്നില്ല. അവൻ പടികൾ ഓടിക്കയറി. ഒന്നാം നിലയിലെ കോറിഡോറിൽ, 204-ആം നമ്പർ റൂമിനു പുറത്ത് നീതു നിൽപ്പുണ്ടായിരുന്നു. അവൾ ആകെ തളർന്ന അവസ്ഥയിലായിരുന്നു. അനന്തുവിനെ കണ്ടതും നീതുവിന് ആശ്വാസമായി. അവൾ വേഗത്തിൽ അവൻ്റെ അടുത്തേക്ക് വന്നു. "എന്ത് പറ്റി? ആക്സിഡന്റ് വല്ലതും?" അനന്തു ചോദിച്ചു. "അവൾക്ക് സീരിയസ് ആണോ?" നീതു ചുറ്റും നോക്കി. കോറിഡോറിൽ വേറെയും ആളുകളുണ്ട്. അവൾ അനന്തുവിനെ ഒരു ഒഴിഞ്ഞ മൂലയിലേക്ക് മാറ്റി നിർത്തി.

"അനന്തു... നീ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം," നീതുവിൻ്റെ ശബ്ദം താഴ്ന്നു. "ഇത് ആക്സിഡന്റ് അല്ല. പാറു... പാറു പ്രഗ്നന്റ് ആണ്."

അനന്തുവിൻ്റെ സമയം നിലച്ചു പോയി. ആശുപത്രിയിലെ മരുന്നിൻ്റെ മണവും, എസിയുടെ ഇരമ്പലും എല്ലാം മാഞ്ഞുപോയി. ചെവിയിൽ ഒരു മൂളൽ മാത്രം.

"എന്ത്?" അവൻ ചോദിച്ചു. ശബ്ദം പുറത്തു വന്നില്ല.

"ഷി ഈസ് പ്രഗ്നന്റ്. ആറ് ആഴ്ചയായി," നീതു തല താഴ്ത്തി പറഞ്ഞു.

അനന്തു ചുമരിലേക്ക് ചാരി. തല കറങ്ങുന്നതുപോലെ. ആ ഒരൊറ്റ രാത്രി. ഒരൊറ്റ തെറ്റ്. "എൻ്റെയാണോ?" അവൻ ചോദിച്ചു. ചോദിച്ചു കഴിഞ്ഞപ്പോഴാണ് ആ ചോദ്യത്തിൻ്റെ അർത്ഥശൂന്യത അവന് മനസ്സിലായത്. വേറെ ആരുടേതാകാൻ?

നീതു അവനെ രൂക്ഷമായി നോക്കി. "അല്ല, എൻ്റെയാണ്! മര്യാദയ്ക്ക് സംസാരിക്കണം അനന്തു. അവൾ ആകെ തകർന്നു നിൽക്കുവാ. നിന്നെ അറിയിക്കണ്ട എന്ന് വാശി പിടിച്ചതാ അവൾ. ഞാൻ നിർബന്ധിച്ചാ വിളിച്ചത്." അനന്തുവിന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു.

"എന്നിട്ട്? എന്നിട്ട് ഇപ്പൊ എന്നെ എന്തിനാ വിളിച്ചത്? കല്യാണം കഴിക്കാനാണോ? എനിക്ക്... എനിക്ക് പറ്റില്ല നീതു. എൻ്റെ ഫാമിലി... എൻ്റെ ലോൺ... എനിക്ക് ഇപ്പൊ ഒരു കുട്ടിയെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല!" അനന്തുവിൻ്റെ ശബ്ദം ഉയർന്നു.

"ശ്ശ്!!" നീതു വായ പൊത്തി. "പതുക്കെ പറ മനുഷ്യ! ആരും കല്യാണം കഴിക്കാൻ പറഞ്ഞില്ല. ഞങ്ങൾ ഇത് കളയാൻ തീരുമാനിച്ചതാ. അബോർഷൻ. ബാംഗ്ലൂർ പോയി ചെയ്യാനായിരുന്നു പ്ലാൻ. പക്ഷെ..." നീതു ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു. യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. ഇവിടെ വെച്ച് ചെയ്യണമെങ്കിൽ ഒരാൾ കൂടെ വേണം.

"ഇവിടെ ആകുമ്പോൾ റിസ്ക് ആണ് അനന്തു. ഹോസ്പിറ്റലിൽ ആരെങ്കിലും ചോദിച്ചാൽ... ഹസ്ബൻഡ് ആണെന്ന് പറയേണ്ടി വരും. അല്ലെങ്കിൽ അവർ സമ്മതിക്കില്ല. വീട്ടുകാരെ വിളിക്കാൻ പറയും. അത് നടന്നാൽ പാർവതിയുടെ കാര്യം തീർന്നു. അവളുടെ അച്ഛൻ..." നീതു പാതിയിൽ നിർത്തി. അനന്തു തലയിൽ കൈ വെച്ചു. ഹസ്ബൻഡ് ആയി അഭിനയിക്കണം. സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിൽക്കണം.

"എക്സ്ക്യൂസ് മീ?"

പിന്നിൽ നിന്നൊരു നഴ്സിന്റെ ശബ്ദം. അനന്തു ഞെട്ടിത്തിരിഞ്ഞു. "പേഷ്യന്റ് പാർവതിയുടെ ആരാ?" നഴ്സ് അനന്തുവിനെ നോക്കി. നീതു വേഗം മറുപടി പറഞ്ഞു. "ഇതാണ്... ഇതാണ് ഹസ്ബൻഡ്." അനന്തു നഴ്സിനെ നോക്കി. പിന്നെ നീതുവിനെ നോക്കി. നഴ്സിന്റെ കയ്യിൽ ഒരു ഫോം ഉണ്ട്. "സാറൊന്ന് ഒപ്പിടണം. പിന്നെ ഡോക്ടർക്ക് ഒന്ന് കാണണം," നഴ്സ് പറഞ്ഞു. അനന്തു വിറയ്ക്കുന്ന കൈകളോടെ ആ ഫോം വാങ്ങി. 'Relationship with Patient' എന്ന കോളത്തിൽ അവൻ എഴുതി: Husband. അതൊരു കള്ളമായിരുന്നു. പക്ഷെ ആ നിമിഷം അതായിരുന്നു സത്യം. നഴ്സ് പോയ ശേഷം നീതു പറഞ്ഞു. "നീ ചെല്ല്. റൂമിലുണ്ട്. അവളെ ഒന്നും പറയരുത്. പ്ലീസ്. അവൾ പേടിച്ചിരിക്കുവാ." അനന്തു റൂം നമ്പർ 204-ന്റെ വാതിൽ തുറന്നു. മുറിയിൽ വെളിച്ചം കുറവായിരുന്നു. ബെഡിൽ, ഡ്രിപ്പ് ഇട്ടുകൊണ്ട് പാർവതി കിടക്കുന്നു. ആകെ ക്ഷീണിച്ച മുഖം. പഴയ അഹങ്കാരമോ ഗമയോ ഒന്നുമില്ല. വെറുമൊരു പെൺകുട്ടി. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ കണ്ണു തുറന്നു. അനന്തുവിനെ കണ്ടതും അവൾ മുഖം തിരിച്ചു. കണ്ണുനീർ തലയിണയിലേക്ക് വീഴുന്നുണ്ടായിരുന്നു.

അനന്തു മെല്ലെ അടുത്തു ചെന്നു. "എന്തിനാ എന്നെ അറിയിക്കാതിരുന്നത്?" അവൻ ചോദിച്ചു. ശബ്ദത്തിൽ ദേഷ്യമില്ലായിരുന്നു, നിസ്സഹായത മാത്രം. പാർവതി അവനെ നോക്കിയില്ല. "എനിക്ക്... നിന്നെ ബുദ്ധിമുട്ടിക്കണ്ടായിരുന്നു. ഇത് എൻ്റെ മാത്രം പ്രശ്നമാണ്. ഞാൻ തന്നെ തീർത്തോളാം എന്ന് വിചാരിച്ചു."

"തൻ്റെ മാത്രം പ്രശ്നമോ?" അനന്തുവിൻ്റെ തൊണ്ട ഇടറി. "ആ ഫോമിൽ 'ഭർത്താവ്' എന്ന് എഴുതി ഒപ്പിട്ടിട്ടാ ഞാൻ വരുന്നത്.

ഇനി ഇത് തൻ്റെ മാത്രം പ്രശ്നമല്ല."

പാർവതി ഞെട്ടി അവനെ നോക്കി.

"സോറി..." അവൾ വിതുമ്പി. "അയാം റിയലി സോറി അനന്തു. എനിക്കിത് വേണ്ട. എനിക്ക് പേടിയാ. നമുക്കിത് കളയാം. ഡോക്ടറോട് പറ... എനിക്ക് വയ്യ..."

അനന്തു അവളുടെ കൈയിൽ പിടിച്ചു. ആ കൈ തണുത്തുറഞ്ഞിരുന്നു. ക്രിസ്മസ് രാത്രിയിൽ കാറിൽ വെച്ച് പിടിച്ച അതേ കൈ. അന്ന് ചൂടുണ്ടായിരുന്നു. ഇന്ന് മരവിപ്പും.

"കരയണ്ട," അനന്തു പറഞ്ഞു. "ഞാനുണ്ട്. നീതു പറഞ്ഞതുപോലെ ചെയ്യാം. നാളെ ഡോക്ടറെ കാണാം. എല്ലാം ശരിയാക്കാം." അവൻ അങ്ങനെ പറഞ്ഞെങ്കിലും, അവൻ്റെ മനസ്സ് പറയുന്നില്ലായിരുന്നു. ആ സ്കാനിംഗ് റിപ്പോർട്ട് ടേബിളിൽ ഇരിക്കുന്നത്

അവൻ കണ്ടു. അതിലൊരു ചെറിയ പൊട്ട്.

തൻ്റെ രക്തം.

അവൻ കണ്ണുകൾ ഇറുകെ അടച്ചു.

പിറ്റേന്ന് രാവിലെ. ഡോക്ടർ ഷീലയുടെ കൺസൾട്ടേഷൻ റൂം. ഏതാണ്ട് 50 വയസ്സോളം പ്രായമുള്ള, കണ്ടാൽ തന്നെ ബഹുമാനം തോന്നുന്ന ഒരു സീനിയർ ഗൈനക്കോളജിസ്റ്റ് ആണ് ഡോക്ടർ ഷീല. പാർവതി കസേരയിൽ ഇരിക്കുന്നു. തൊട്ടടുത്ത്, ഒരു 'നല്ല ഭർത്താവിനെ' പോലെ അനന്തുവും. ഡോക്ടർ ഫയലിലൂടെ ഒന്ന് കണ്ണോടിച്ചു. പിന്നെ കണ്ണട താഴ്ത്തി രണ്ടുപേരെയും നോക്കി. "കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി?" ഡോക്ടർ ചോദിച്ചു. അനന്തുവും പാർവതിയും ഒരേ സമയം മറുപടി പറഞ്ഞു. "രണ്ടു വർഷം," അനന്തു പറഞ്ഞു. "ആറു മാസം," പാർവതി പറഞ്ഞു. രണ്ടുപേരും പരസ്പരം നോക്കി. ഡോക്ടർ ഒന്ന് പുരികം ഉയർത്തി. "അല്ല... അത്..." അനന്തു വിക്കി. "പരിചയപ്പെട്ടത് രണ്ടു വർഷം മുൻപാണ്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ."

നല്ല ഒന്നാന്തരം കള്ളം. ഡോക്ടർക്ക് സംശയം തോന്നിയെങ്കിലും അവർ അത് പുറത്തു കാണിച്ചില്ല. "ശരി. പാർവതിയുടെ ബിപി കുറവാണ്. ടെൻഷൻ അടിക്കരുത്," ഡോക്ടർ ഗൗരവത്തിൽ പറഞ്ഞു. "നമ്മുക്ക് ഒരു സ്കാൻ ചെയ്തു നോക്കാം. കുഴപ്പമൊന്നുമില്ലെങ്കിൽ ബാക്കി തീരുമാനിക്കാം." ഡോക്ടർ നഴ്സിനെ വിളിച്ചു. പാർവതിയെ സ്കാനിംഗ് ബെഡിലേക്ക് മാറ്റി. റൂമിലെ വെളിച്ചം കുറച്ചു. അനന്തു എന്ത് ചെയ്യണം എന്നറിയാതെ വാതിലിനടുത്ത് തന്നെ നിന്നു. "ഭർത്താവ് ഇങ്ങോട്ട് മാറി നിൽക്കൂ," ഡോക്ടർ വിളിച്ചു. "സ്ക്രീനിലേക്ക് നോക്കൂ." അനന്തു മടിച്ചു മടിച്ചു അങ്ങോട്ട് ചെന്നു. പാർവതിയുടെ വയറ്റിൽ ജെൽ പുരട്ടി ഡോക്ടർ സ്കാനർ അനക്കുന്നുണ്ട്. അവൾ കണ്ണുകൾ ഇറുകെ അടച്ചിരിക്കുകയാണ്. അവൾക്ക് അത് കാണാനുള്ള ധൈര്യമില്ല. അനന്തു മോണിറ്ററിലേക്ക് നോക്കി.

കറുപ്പും വെളുപ്പും കലർന്ന കുറെ അവ്യക്തമായ രൂപങ്ങൾ. അവന് ഒന്നും മനസ്സിലായില്ല. "ദാ... ഇതാണ് സാക്ക്," ഡോക്ടർ സ്ക്രീനിലെ ഒരു ചെറിയ കറുത്ത വൃത്തം ചൂണ്ടിക്കാണിച്ചു. "അതിനകത്താണ് ആള്." അനന്തു സൂക്ഷിച്ചു നോക്കി. ഒരു ചെറിയ പൊട്ട്. വെറുമൊരു ബിന്ദു. പെട്ടെന്ന് മുറിയിൽ ഒരു ശബ്ദം കേട്ടു. കുതിര കുളമ്പടി പോലെ, വേഗത്തിൽ, താളത്തിൽ ഒരു ശബ്ദം. "അതാണ് ഹാർട്ട് ബീറ്റ്," ഡോക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു. "നല്ല ഹെൽത്തി ആണ്." അനന്തുവിൻ്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

ആ ശബ്ദം... അത് വെറുമൊരു ശബ്ദമായിരുന്നില്ല. അത് ജീവനായിരുന്നു. താനും പാർവതിയും കൂടി സൃഷ്ടിച്ച, തൻ്റെ രക്തം. താൻ ഇതുവരെ 'പ്രശ്നം' എന്നും 'ബാധ്യത' എന്നും വിളിച്ചിരുന്ന ഒന്ന്, ഇപ്പോൾ സ്വന്തമായി ഹൃദയമിടിപ്പുള്ള ഒരു മനുഷ്യനായി മാറിയിരിക്കുന്നു.

അനന്തു പാർവതിയെ നോക്കി. അവളും ആ ശബ്ദം കേട്ടു. അവളുടെ അടഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണുനീർ വശങ്ങളിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. അവൾക്ക് നോക്കാൻ വയ്യ, പക്ഷെ ആ ശബ്ദം... അത് അവളെ തകർത്തു കളഞ്ഞു. "കാണുന്നില്ലേ?" ഡോക്ടർ ചോദിച്ചു.

"ഉം..." അനന്തു മൂളി. അവൻ സ്ക്രീനിൽ നിന്ന് കണ്ണെടുത്തില്ല. ആ ചെറിയ പൊട്ട് അനങ്ങുന്നതുപോലെ അവന് തോന്നി. സ്കാനിംഗ് കഴിഞ്ഞ് അവർ വീണ്ടും ഡോക്ടറുടെ ടേബിളിന് മുന്നിലെത്തി. "സോ, എന്താണ് പ്ലാൻ?" ഡോക്ടർ ചോദിച്ചു. "കണ്ടിന്യൂ ചെയ്യുകയാണോ? അതോ..." പാർവതി അനന്തുവിനെ നോക്കി. അനന്തു പാർവതിയെയും. അവർ വന്നത് 'അബോർഷൻ' എന്ന വാക്ക് പറയാനാണ്. പക്ഷെ ആ ഹൃദയമിടിപ്പ് കേട്ടതിന് ശേഷം ആ വാക്ക് തൊണ്ടയിൽ കുരുങ്ങിപ്പോയി.

"ഡോക്ടർ... ഞങ്ങൾക്ക്..." പാർവതി തുടങ്ങാൻ ശ്രമിച്ചു. പക്ഷെ അവൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അവൾ വീണ്ടും കരയാൻ തുടങ്ങി.

അനന്തു പെട്ടെന്ന് ഇടപ്പെട്ടു.

"ഞങ്ങൾക്ക്... ഞങ്ങൾക്ക് കുറച്ചു സമയം വേണം ഡോക്ടർ. ഒന്ന് ആലോചിക്കണം." ഡോക്ടർ തലയാട്ടി. "ശരി. പക്ഷെ അധികം വൈകിക്കരുത്. പാർവതിയുടെ ഹെൽത്ത് കണ്ടീഷൻ വെച്ച്, എന്ത് തീരുമാനിച്ചാലും പെട്ടെന്ന് വേണം. ബ്ലീഡിങ് ഉണ്ടാകാൻ ചാൻസ് ഉണ്ട്. ഒരാഴ്ചക്കുള്ളിൽ തിരിച്ചു വരണം." അവർ പുറത്തിറങ്ങി.

ഹോസ്പിറ്റൽ കോറിഡോറിലെ തിരക്കിനിടയിലും അവർക്കിടയിൽ വല്ലാത്തൊരു മൗനമായിരുന്നു. നീതു പുറത്ത് ആകാംഷയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

"എന്തായി? ഡേറ്റ് കിട്ടിയോ?" നീതു ഓടി വന്ന് ചോദിച്ചു. അനന്തു മറുപടി പറഞ്ഞില്ല. അവൻ കൈയിലുള്ള സ്കാനിംഗ് റിപ്പോർട്ടിലേക്ക് നോക്കി. അതിൽ ആ ചെറിയ ചിത്രം. "അനന്തു?" നീതു വിളിച്ചു.

അനന്തു പാർവതിയെ നോക്കി. അവൾ കരച്ചിൽ അടക്കാൻ പാടുപെടുകയാണ്. "ഞങ്ങൾ... ഞങ്ങൾ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു," അനന്തു മെല്ലെ പറഞ്ഞു. "ആലോചിക്കാനോ? എന്ത് ആലോചിക്കാൻ?" നീതുവിന് ദേഷ്യം വന്നു. "അനന്തു, നിനക്ക് വട്ടായോ? സമയം പോകുന്തോറും റിസ്ക് കൂടും. അബോർഷൻ ആണ് വേണ്ടതെന്ന് നമ്മൾ തീരുമാനിച്ചതല്ലേ?" "അതെ," അനന്തു സമ്മതിച്ചു. "പക്ഷെ നീതു... അതിന് ജീവനുണ്ട്. അതിൻ്റെ ഹാർട്ട് ബീറ്റ്... അത് കേട്ടപ്പോൾ..." അവൻ വാചകം മുഴുമിപ്പിച്ചില്ല.

പാർവതി നീതുവിൻ്റെ കൈയിൽ പിടിച്ചു. "നീതു, എനിക്ക് വിശക്കുന്നു. നമുക്ക് പോകാം." അവർ ഹോസ്പിറ്റലിന് പുറത്തിറങ്ങി. പാർക്കിംഗ് ലോട്ടിൽ അനന്തുവിൻ്റെ ബൈക്കും പാർവതിയുടെ കാറും കിടപ്പുണ്ടായിരുന്നു.

"ഞാൻ... ഞാൻ പൊയ്ക്കോളാം," അനന്തു പറഞ്ഞു.

പാർവതി അവനെ നോക്കി. "താങ്ക്സ് അനന്തു. വന്നതിന്."

"സാരമില്ല."

അവൻ ഹെൽമറ്റ് എടുത്തു. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് അവൻ പാർവതിയെ നോക്കി ചോദിച്ചു. "താൻ എന്ത് തീരുമാനിച്ചാലും... അത് എന്ത് തന്നെ ആയാലും... എന്നെ അറിയിക്കണം. ഒറ്റയ്ക്ക് തീരുമാനം എടുക്കരുത്." പാർവതി തലയാട്ടി.

അനന്തു ബൈക്ക് ഓടിച്ചു പോയി. കണ്ണാടിയിലൂടെ അവൻ കണ്ടു, നീതു പാർവതിയെ ശകാരിച്ചുകൊണ്ട് കാറിലേക്ക് കയറ്റുന്നത്. അന്ന് രാത്രി അനന്തുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോൾ ചെവിയിൽ ആ ശബ്ദം മാത്രം. അവൻ എഴുന്നേറ്റ് ലാപ്ടോപ്പ് തുറന്നു. 'Cost of raising a child in India' എന്ന് ഗൂഗിളിൽ സേർച്ച് ചെയ്തു. പിന്നെ അത് ഡിലീറ്റ് ചെയ്തു. 'Abortion procedure risks' എന്ന് സേർച്ച് ചെയ്തു. അതും ഡിലീറ്റ് ചെയ്തു. അവൻ ബാൽക്കണിയിൽ പോയി നിന്നു. തിരുവന്തപുരം നഗരം ഉറങ്ങുകയാണ്. ദൂരെ എവിടെയോ ഒരു പാതിരാത്രി വണ്ടി പോകുന്ന ശബ്ദം. തൻ്റെ ജീവിതം ഇപ്പോൾ ആകെ മാറിമറിഞ്ഞിരിക്കുന്നു. ഇന്നലെ വരെ താൻ ഒരു സാധാരണ ബാച്ചിലർ ആയിരുന്നു. ഇന്ന്... ഇന്ന് താൻ ഒരു അച്ഛനാണ്.

പക്ഷെ താൻ അതിന് തയ്യാറാണോ? അല്ല. പാർവതി തയ്യാറാണോ? അല്ല. പിന്നെ എന്തിന്? ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ആ ഹൃദയമിടിപ്പ് മാത്രം ബാക്കി.


രണ്ടു ദിവസത്തിന് ശേഷം. ഞായറാഴ്ച. പാർവതിയുടെ വീട് - 'ശ്രീലകം'. നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി, വലിയ മതിലുകൾക്കുള്ളിൽ തലയുയർത്തി നിൽക്കുന്ന ഇരുനില വീട്. മുറ്റത്ത് വിലകൂടിയ കാറുകൾ. അകത്ത് പിൻഡ്രോപ്പ് സൈലൻസ്. പാർവതി തൻ്റെ മുറിയിൽ ബെഡിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം അവൾ റൂമിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ക്ഷീണം ആണെന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്. താഴെ ഹാളിൽ അവളുടെ അച്ഛൻ, വിശ്വനാഥൻ സുബ്രഹ്മണ്യം, പത്രം വായിക്കുന്നു. അമ്മ ശ്രീജ അടുക്കളയിൽ ജോലിക്കാർക്ക് നിർദ്ദേശം നൽകുന്നു. എല്ലാം പതിവുപോലെ. പെട്ടെന്നാണ് ആ നിലവിളി ഉയർന്നത്.

"പാർവതി...!!!"

അമ്മയാണ്. ആ ശബ്ദത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ ഭയമായിരുന്നു. പാർവതി ഞെട്ടി എഴുന്നേറ്റു. അപ്പോഴേക്കും അമ്മ റൂമിലേക്ക് കടന്നുവന്നു. അവരുടെ കൈയിൽ ഒരു ഫയൽ ഉണ്ടായിരുന്നു. നീതു കൊടുത്ത, ഹോസ്പിറ്റലിലെ ബിൽ പേപ്പറുകളും സ്കാനിംഗ് റിപ്പോർട്ടും അടങ്ങിയ ഫയൽ. പാർവതി അത് ബാഗിൻ്റെ അടിയിൽ ഒളിപ്പിച്ചു വെച്ചതായിരുന്നു. അമ്മ എന്തിനോ ബാഗ് തുറന്നപ്പോൾ കണ്ടതാണ്. "എന്താടി... എന്താടി ഇത്?" അമ്മ വിറയ്ക്കുന്നുണ്ടായിരുന്നു. "നീ... നീ ഗർഭിണിയാണോ?" പാർവതിക്ക് മറുപടി ഉണ്ടായിരുന്നില്ല. കള്ളം പറയാൻ ഇനി കഴിയില്ല. ബഹളം കേട്ട് അച്ഛൻ വിശ്വനാഥൻ പടികൾ കയറി വന്നു. "എന്താ ശ്രീജേ? എന്തിനാ ഒച്ച വയ്ക്കുന്നത്?" അമ്മ ആ റിപ്പോർട്ട് അച്ഛൻ്റെ നേരെ നീട്ടി. അദ്ദേഹം അത് വാങ്ങി. കണ്ണട ശരിയാക്കി അതിലേക്ക് നോക്കി. റൂമിൽ മരണതുല്യമായ നിശബ്ദത. എസി-യുടെ മൂളൽ മാത്രം. വിശ്വനാഥൻ പതുക്കെ റിപ്പോർട്ടിൽ നിന്ന് കണ്ണെടുത്ത് പാർവതിയെ നോക്കി. ആ നോട്ടം മതിയായിരുന്നു, അവളെ ചാരമാക്കാൻ. "ആരാ?" അദ്ദേഹം ചോദിച്ചു. ശബ്ദം തീരെ താഴ്ന്നതായിരുന്നു. പക്ഷെ അതിൽ കൊടുംകാറ്റുണ്ടായിരുന്നു. പാർവതി തല താഴ്ത്തി. "അച്ഛാ... അത്..."

"ആരാടി അവൻ എന്ന്!" വിശ്വനാഥൻ അലറി. ആ അലർച്ചയിൽ വീട് ഒന്ന് കുലുങ്ങി. "ഏതവൻ്റെ കൂടെ കിടന്നിട്ടാടി നിനക്ക് ഈ ഗതി വന്നത്? നമ്മുടെ തറവാടിൻ്റെ പേര് കളയാൻ വേണ്ടി..."

"അതൊരു ആക്സിഡന്റ് ആയിരുന്നു അച്ഛാ," പാർവതി കരഞ്ഞുകൊണ്ട് പറഞ്ഞു. "എനിക്ക്... എനിക്ക് പറ്റിയ തെറ്റാണ്." "തെറ്റോ? ഇതിനെയാണോ നീ തെറ്റ് എന്ന് വിളിക്കുന്നത്?" അച്ഛൻ ആ റിപ്പോർട്ട് അവളുടെ മുഖത്തേക്ക് എറിഞ്ഞു. നാട്ടുകാരുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും?" അമ്മ ഇടയ്ക്ക് കയറി. "വിശ്വേട്ടാ, ദേഷ്യപ്പെടാതെ. നമുക്ക് ഇത് തീർക്കാം. ആരും അറിയണ്ട. നമുക്ക് ഇവളെ ചെന്നൈയിലെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം. അവിടെ എൻ്റെ അനിയൻ ഡോക്ടറാണ്. ആരുമറിയാതെ അബോർഷൻ നടത്താം. എന്നിട്ട് കുറച്ചു നാൾ അവിടെ നിന്നിട്ട് വന്നാൽ മതി."

അതാണ് അവരുടെ രീതി. പ്രശ്നങ്ങൾ പരിഹരിക്കലല്ല, ഒളിപ്പിക്കലാണ് ശീലം. പാർവതിക്ക് അത് കേട്ടപ്പോൾ അറപ്പ് തോന്നി. തൻ്റെ വയറ്റിലുള്ള ജീവനെക്കുറിച്ച് ഇവർക്ക് ഒരു ചിന്തയുമില്ല. അവർക്ക് വേണ്ടത് 'ശ്രീലകം' എന്ന വീടിൻ്റെ മാനം മാത്രമാണ്. "അബോർഷൻ..." അച്ഛൻ തലയാട്ടി. "അതാണ് നല്ലത്. ഇന്ന് തന്നെ പോവാം. പാക്ക് ചെയ്യ്." അദ്ദേഹം തിരിഞ്ഞു നടക്കാൻ തുടങ്ങി. അതൊരു തീരുമാനമായിരുന്നില്ല, ഉത്തരവായിരുന്നു.

"പറ്റില്ല."

ആ വാക്ക് കേട്ട് വിശ്വനാഥൻ നിന്നു. അദ്ദേഹം മെല്ലെ തിരിഞ്ഞു നോക്കി. പാർവതി എഴുന്നേറ്റ് നിൽക്കുന്നു. കണ്ണുകൾ നിറഞ്ഞിട്ടുണ്ടെങ്കിലും, അതിൽ ഇപ്പോൾ ഭയമില്ല. "എന്ത് പറഞ്ഞു?" അച്ഛൻ ചോദിച്ചു. "പറ്റില്ല എന്ന്," പാർവതിയുടെ ശബ്ദം ഉറച്ചതായിരുന്നു. "ഞാൻ അബോർഷൻ ചെയ്യില്ല. എനിക്ക്... എനിക്ക് ഈ കുഞ്ഞിനെ വേണം."

അമ്മ നെഞ്ചത്ത് കൈവച്ചു. "നീ എന്താടി ഈ പറയുന്നത്? വട്ടായോ നിനക്ക്? കല്യാണം കഴിക്കാതെ പ്രസവിക്കാനോ? അച്ഛനില്ലാത്തകൊച്ചിനെയും കൊണ്ട് ഈ വീട്ടിൽ നിൽക്കാമെന്ന് നീ കരുതുന്നുണ്ടോ?" "അച്ഛനില്ലാത്ത കൊച്ചല്ല അമ്മ," പാർവതി പറഞ്ഞു. അനന്തുവിൻ്റെ മുഖം അവളുടെ മനസ്സിൽ വന്നു. "ഇതിന് അച്ഛനുണ്ട്. പക്ഷെ ഞങ്ങൾക്ക് കല്യാണം കഴിക്കാൻ പറ്റില്ല. എന്ന് വെച്ച് ഈ കുഞ്ഞിനെ കൊല്ലാൻ എനിക്ക് വയ്യ." "എന്നാൽ നിനക്ക് ഈ വീട്ടിൽ സ്ഥാനമില്ല!" വിശ്വനാഥൻ വിരൽ ചൂണ്ടി. "എൻ്റെ ചെലവിൽ, എൻ്റെ വീടിൻ്റെ മാനം കളഞ്ഞ് നീ ഇവിടെ പ്രസവിക്കണ്ട. നിനക്ക് നിൻ്റെ മറ്റവൻ ആണ് വലുതെങ്കിൽ, നിനക്ക് ഇറങ്ങിപ്പോകാം. ഇപ്പൊ! ഈ നിമിഷം!" അതൊരു ഭീഷണിയാണെന്ന് അദ്ദേഹം കരുതി. പാർവതി കാലുപിടിക്കുമെന്ന്, മാപ്പ് പറയുമെന്ന് അദ്ദേഹം വിചാരിച്ചു. പക്ഷെ പാർവതി ചെയ്തത് മറ്റൊന്നാണ്. അവൾ അലമാര തുറന്നു. ഒരു ട്രാവൽ ബാഗ് എടുത്തു. തൻ്റെ അത്യാവശ്യം ഡ്രസ്സുകളും ലാപ്ടോപ്പും അതിലേക്ക് ഇട്ടു.

"പാറു... നീ എങ്ങോട്ടാ?" അമ്മ പേടിയോടെ ചോദിച്ചു. "അച്ഛൻ ദേഷ്യത്തിന് പറഞ്ഞതല്ലേ..." "അല്ല അമ്മ. അച്ഛൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്," പാർവതി ബാഗ് തോളിലിട്ടു. "എനിക്ക് എൻ്റെ കുഞ്ഞ് വേണം. അതിന് ഈ വീട്ടിൽ സ്ഥാനമില്ലെങ്കിൽ, എനിക്കും ഇവിടെ സ്ഥാനമില്ല." അവൾ അച്ഛനെ നോക്കിയില്ല. പടികൾ ഇറങ്ങി. "നീ ഈ പടി ഇറങ്ങിയാൽ, പിന്നെ തിരിച്ചു വരില്ല! ഓർത്തോ!" വിശ്വനാഥൻ മുകളിൽ നിന്ന് വിളിച്ചു പറഞ്ഞു. "പിന്നെ നിനക്ക് ഞങ്ങളില്ല!"

പാർവതി ഒരു നിമിഷം നിന്നു. ആ വലിയ വീട്. താൻ ജനിച്ചുവളർന്ന സ്ഥലം. എല്ലാം ഉപേക്ഷിക്കുകയാണ്. എന്തിനെന്നറിയാത്ത, മുഖം പോലും കാണാത്ത ഒരു കുഞ്ഞിന് വേണ്ടി.

"ശരി അച്ഛാ," അവൾ മെല്ലെ പറഞ്ഞു.

അവൾ വാതിൽ തുറന്നു പുറത്തിറങ്ങി. കാറിലേക്ക് ബാഗ് എറിഞ്ഞു. കാർ സ്റ്റാർട്ട് ചെയ്തു ഗേറ്റ് കടന്നു പോയി. റോഡിലെത്തിയപ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കൈകൾ വിറയ്ക്കുന്നു. ഇനി എങ്ങോട്ട്? ട്രിവാൻഡ്രത് അവൾ ഇൻവെസ്റ്റ്മെൻ്റ് ആയി വാങ്ങിച്ചിട്ടിരിക്കുന്ന ഒരു ഒഴിഞ്ഞ ഫ്ലാറ്റ് ഉണ്ട്. ഫർണിച്ചർ ഒന്നുമില്ല. വെറും നിലം. അങ്ങോട്ട് പോവുകയല്ലാതെ വേറെ വഴിയില്ല. അവൾ കാർ സൈഡിലേക്ക് ഒതുക്കി. സ്റ്റിയറിംഗിൽ തലവെച്ചു പൊട്ടിക്കരഞ്ഞു. അനാഥയായതുപോലെ. അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്. സ്ക്രീനിൽ പേര് തെളിഞ്ഞു: Ananthu C-Pro അവൾ കണ്ണു തുടച്ചു. ഫോൺ എടുത്തു.

"ഹലോ?" ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"ഹലോ പാർവതി... ഞാൻ അനന്തുവാണ്," മറുതലയ്ക്കൽ അവൻ്റെ ശബ്ദത്തിലും ഒരു പതർച്ചയുണ്ട്. "ഞാൻ... ഞാൻ വെറുതെ വിളിച്ചതാണ്. എന്ത് തീരുമാനിച്ചു? ഹോസ്പിറ്റലിൽ പോയോ?"

പാർവതിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

"ഞാൻ... ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി അനന്തു," അവൾ പറഞ്ഞു. "അവർക്ക് അബോർഷൻ വേണം. എനിക്ക്... എനിക്ക് പറ്റില്ല." ഒരു നിമിഷം മറുതലയ്ക്കൽ നിശബ്ദത.

"വീട്ടിൽ നിന്ന് ഇറങ്ങിയെന്നോ? എന്നിട്ട്? ഇപ്പൊ എവിടെയാ?" അനന്തുവിൻ്റെ ശബ്ദത്തിൽ വെപ്രാളം.

"റോഡിലുണ്ട്. എൻ്റെ ഫ്ലാറ്റിലേക്ക് പോവാ..."

"അവിടെ ഒറ്റയ്ക്കാണോ?"

"അതെ."

അനന്തു ഒരു ദീർഘശ്വാസം വിട്ടു.

"ലൊക്കേഷൻ അയക്ക്. ഞാൻ അങ്ങോട്ട് വരാം."

"വേണ്ട അനന്തു. ഇത് എൻ്റെ ..."

"ലൊക്കേഷൻ അയക്ക് പാർവതി!, "നീ ഒറ്റയ്ക്കല്ല. ഞാൻ വരുന്നുണ്ട്."

സമയം രാത്രി 8 മണി. പണി പൂർത്തിയായെങ്കിലും, ആൾതാമസമില്ലാത്ത ഒരു വലിയ അപ്പാർട്ട്മെന്റ് കോംപ്ലക്സ്. പത്താം നിലയിലെ ആ ഫ്ലാറ്റിനുള്ളിൽ കൂരിരുട്ടായിരുന്നു. കറന്റ് കണക്ഷൻ എടുത്തിട്ടില്ല. തുറന്നിട്ട ബാൽക്കണിയിൽ നിന്നുള്ള തെരുവുവിളക്കിൻ്റെ വെളിച്ചം മാത്രം.

പാർവതി ഹാളിലെ വെറും തറയിൽ, ഭിത്തിയോട് ചേർന്നിരിക്കുകയായിരുന്നു. പൊടി പിടിച്ച തറ. വിശപ്പും ദാഹവും തോന്നിയിട്ടും എഴുന്നേൽക്കാൻ അവൾക്ക് തോന്നിയില്ല. ശ്രീലകത്തെ എയർ കണ്ടീഷൻ ചെയ്ത മുറിയിൽ നിന്ന്, ഈ പൊടിപിടിച്ച തറയിലേക്ക്. ഒറ്റ ദിവസം കൊണ്ട് ജീവിതം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.

കോളിങ് ബെൽ ശബ്ദം.

പാർവതി ഞെട്ടി. അവൾ മെല്ലെ എഴുന്നേറ്റ് വാതിൽക്കലേക്ക് നടന്നു. മൊബൈൽ ഫ്ലാഷ് ലൈറ്റ് തെളിച്ചു. വാതിൽ തുറന്നപ്പോൾ മുന്നിൽ അനന്തു. അവൻ കിതയ്ക്കുന്നുണ്ടായിരുന്നു. കയ്യിൽ ഒരു കവറും, ഒരു വലിയ വാട്ടർ ബോട്ടിലും ഉണ്ട്. അവൻ അകത്തേക്ക് കയറി. ഇരുട്ട് കണ്ട് അവൻ ഒന്ന് നിന്നു. "കറന്റ് ഇല്ലേ?" അവൻ ചോദിച്ചു.

"ഇല്ല. കണക്ഷൻ എടുത്തിട്ടില്ല," പാർവതി മെല്ലെ പറഞ്ഞു. അനന്തു നെടുവീർപ്പിട്ടു. അവൻ മൊബൈൽ ടോർച്ച് ഓൺ ചെയ്ത് ഒരു മൂലയിൽ വെച്ചു. മുറിയിൽ കുറച്ചു വെളിച്ചം വന്നു. "ഇത് പിടിക്ക്," അവൻ കയ്യിലിരുന്ന കവർ നീട്ടി. "ഭക്ഷണമാണ്. പിന്നെ വെള്ളം." പാർവതിക്ക് അത് കണ്ടപ്പോൾ കരച്ചിൽ വന്നു. അവൾ അത് വാങ്ങി തറയിൽ ഇരുന്നു. അനന്തുവും അവൾക്ക് എതിരെ തറയിൽ ഇരുന്നു. അവൾ ഭക്ഷണം കഴിക്കുന്നത് അവൻ നോക്കിയിരുന്നു. രാവിലെ മുതൽ പച്ചവെള്ളം കുടിക്കാത്ത ക്ഷീണമുണ്ട് അവൾക്ക്. "എന്തിനാ പാർവതി?" അവൻ ചോദിച്ചു. "എന്തിനാ ഇത്രയും വലിയ റിസ്ക് എടുത്തത്? വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നാൽ... പിന്നെ എങ്ങനെ ജീവിക്കും?"

പാർവതി വെള്ളം കുടിച്ചു. അവൾ അനന്തുവിനെ നോക്കി. "എനിക്ക് വേറെ വഴിയില്ലായിരുന്നു അനന്തു. അവർക്ക് വേണ്ടത് എൻ്റെ കുഞ്ഞിനെയല്ല, അവരുടെ മാനമാണ്. അത് കളയാൻ എനിക്ക് തോന്നിയില്ല. ആ ഹാർട്ട് ബീറ്റ് കേട്ടതിന് ശേഷം..." അനന്തു തലയാട്ടി. അവനും ആ ശബ്ദം ഓർമ്മയുണ്ട്. "ശരി. സമ്മതിച്ചു. താൻ വീട് വിട്ടു. പക്ഷെ ഇനി? ഈ പൊടിപിടിച്ച ഫ്ലാറ്റിൽ ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്താൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?" അവൻ ചോദിച്ചു. "പ്രാക്ടിക്കൽ ആയി ചിന്തിക്ക്." "എനിക്കറിയില്ല," പാർവതി പറഞ്ഞു. "എനിക്കൊന്നും അറിയില്ല. പക്ഷെ എനിക്ക് ഇതിനെ വേണം. ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോളാം. ജോലി ഉണ്ടല്ലോ. ശമ്പളം ഉണ്ടല്ലോ." "പിന്നെ ഞാനും ഉണ്ടല്ലോ," അനന്തു പറഞ്ഞു. പാർവതി തലയുയർത്തി അവനെ നോക്കി. "നീ എന്തിനാ അനന്തു റിസ്ക് എടുക്കുന്നത്?" അവൾ ചോദിച്ചു. "ഇത് എൻ്റെ മാത്രം വാശിയാണ്. നിനക്ക് നിൻ്റെ ലൈഫ് നോക്കി പൊയ്ക്കൂടേ? ആരും ചോദിക്കാൻ വരില്ല." അനന്തു ചിരിച്ചു. ഒരു വല്ലാത്ത ചിരി. "പോകാം. എളുപ്പമാണ്. പക്ഷെ... ആ ഫോമിൽ 'ഫാദർ' എന്ന കോളത്തിൽ ഒപ്പിട്ടത് ഞാനാണ്. അത് വെറുമൊരു പേപ്പറിലല്ല, എൻ്റെ മനസ്സിലും പതിഞ്ഞു പോയി പാർവതി." അവൻ തറയിൽ കൈകുത്തി പിന്നിലേക്ക് ചാഞ്ഞു. "നോക്ക്, ഞാൻ കാര്യങ്ങൾ നേരെ പറയാം. എനിക്ക് നിന്നെ കല്യാണം കഴിക്കാൻ പറ്റില്ല. നമ്മൾ തമ്മിൽ പ്രണയമില്ല. ഇഷ്ടങ്ങൾ ഇല്ല. എൻ്റെ വീട്ടുകാർ ചിലപ്പോൾ എന്നെയും പുറത്താക്കും. അതുകൊണ്ട് ഒരു 'ഹാപ്പി ഫാമിലി' നാടകം കളിക്കാൻ

എനിക്ക് വയ്യ."

പാർവതി തലയാട്ടി. "എനിക്കും അത് വേണ്ട അനന്തു. സ്നേഹമില്ലാതെ, കുഞ്ഞിന് വേണ്ടി മാത്രം ഒരുമിച്ച് ജീവിച്ചാൽ നമ്മൾ എന്നും വഴക്കായിരിക്കും. അത് കുഞ്ഞിനെയും ബാധിക്കും." "അതെ," അനന്തു പറഞ്ഞു. "അതുകൊണ്ട് നമുക്കൊരു ഡീൽ ഉണ്ടാക്കാം." അവൻ എഴുന്നേറ്റ് നിന്ന് ഇരുട്ടിലേക്ക് നോക്കി പറഞ്ഞു. "നീ ഇവിടെ ജീവിക്കുക. നിനക്ക് വേണ്ട എല്ലാ സഹായത്തിനും ഞാൻ വരും. ഹോസ്പിറ്റലിൽ, ചെക്കപ്പിന്, സാധനങ്ങൾ വാങ്ങാൻ... എല്ലാത്തിനും. ഈ കുഞ്ഞിൻ്റെ അച്ഛൻ എന്ന നിലയിൽ ഞാൻ കൂടെയുണ്ടാകും. പക്ഷെ നമ്മൾ ഭാര്യാഭർത്താക്കന്മാരല്ല. നമ്മൾ പാർട്ണേഴ്സ് ആണ്. പാരന്റിംഗ് പാർട്ണേഴ്സ്." പാർവതി അവനെ അത്ഭുതത്തോടെ നോക്കി. "അതായത്... നമ്മൾ വേറെ വീടുകളിൽ താമസിച്ച്, ഒരേ കുഞ്ഞിനെ വളർത്തുന്നു?" "അതെ. സൊസൈറ്റി എന്ത് പറയും എന്ന് എനിക്കറിയില്ല. പക്ഷെ അതാണ് ശരി. നമ്മൾ നമ്മളായിട്ട് തന്നെ നിൽക്കുക. പക്ഷെ ഈ കുഞ്ഞിന് അച്ഛനും വേണം, അമ്മയും വേണം. അത് നമ്മൾ കൊടുക്കും." പാർവതിയുടെ കണ്ണുകൾ നിറഞ്ഞു. ഇത്രയും നേരം അനുഭവപ്പെട്ട ഏകാന്തതയും ഭയവും മാറുന്നതുപോലെ. അവൾക്ക് ഇപ്പോൾ ഒറ്റയ്ക്കല്ല.

"സമ്മതിച്ചു," അവൾ പറഞ്ഞു. "നമ്മൾ ടീം ആണ്. പക്ഷെ കപ്പിൾസ് അല്ല." "ഡീൽ," അനന്തു കൈ നീട്ടി.

പാർവതി ആ കൈ പിടിച്ചു. ഇരുട്ടിൽ, ആ ടോർച്ച് വെളിച്ചത്തിൽ അവർ ആ കരാർ ഉറപ്പിച്ചു. പെട്ടെന്ന് അനന്തുവിൻ്റെ ഫോൺ ബെല്ലടിച്ചു. അവൻ്റെ അമ്മയാണ്. അവൻ ഫോൺ എടുത്തു. "ഹലോ അമ്മേ... ആ ഞാൻ ഓഫീസിലാണ്. വരാൻ വൈകും... ഇല്ല, ഭക്ഷണം കഴിച്ചു..." അവൻ കള്ളം പറയുന്നത് പാർവതി കണ്ടു. അവൾക്കറിയാം, ഇനി വരാൻ പോകുന്നത് അനന്തുവിൻ്റെ യുദ്ധമാണെന്ന്. അവൻ്റെ വീട്ടിൽ ഇതറിയുമ്പോൾ ഉണ്ടാകുന്ന ഭൂകമ്പം.

പക്ഷെ അതൊന്നും ഇപ്പോൾ പ്രശ്നമല്ല. കാരണം അവർക്ക് ഒരു പ്ലാൻ ഉണ്ട്. വിചിത്രമായ, ആരും അംഗീകരിക്കാത്ത, എന്നാൽ അവർക്ക് മാത്രം ശരിയെന്ന് തോന്നുന്ന ഒരു പ്ലാൻ. അനന്തു ഫോൺ വെച്ചു.

"വാ, നമുക്ക് പോയി കുറച്ചു മെഴുകുതിരി വാങ്ങാം. പിന്നെ ഒരു ബെഡ് ഷീറ്റും," അവൻ പറഞ്ഞു. "ഇന്ന് രാത്രി ഇവിടെ ഇങ്ങനെ കിടക്കാൻ പറ്റില്ല."

പാർവതി ചിരിച്ചു. ഇത്തവണ അതൊരു യഥാർത്ഥ ചിരിയായിരുന്നു. "താങ്ക്സ് അനന്തു..."

അവർ രണ്ടുപേരും ചിരിച്ചുകൊണ്ട് ആ ഇരുട്ടുമുറിയിൽ നിന്ന് പുറത്തിറങ്ങി. ആ രാത്രിയിൽ അവർ എടുത്ത തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് കാലം തെളിയിക്കട്ടെ. പക്ഷെ അതൊരു തുടക്കമായിരുന്നു.


സൺറൈസ് ഹോസ്പിറ്റലിലെ വെയ്റ്റിംഗ് ഏരിയ. ചുറ്റും നിറയെ ദമ്പതികൾ. ഭർത്താക്കന്മാർ ഭാര്യമാരുടെ കൈപിടിച്ചിരിക്കുന്നു, ചിലർ വയറ്റിൽ തടവുന്നു, വരാൻ പോകുന്ന കുഞ്ഞിനെക്കുറിച്ച് കിന്നാരം പറയുന്നു. അവർക്കിടയിൽ, അനന്തുവും പാർവതിയും ഇരിക്കുന്നുണ്ടായിരുന്നു. അനന്തുവിൻ്റെ മടിയിൽ ഒരു ലാപ്ടോപ്പ് തുറന്നിരിപ്പുണ്ട്. പാർവതി ഫോണിൽ ഒഫീഷ്യൽ മെയിലുകൾ ചെക്ക് ചെയ്യുന്നു. അവര് സാധാ വർക്ക് കാര്യങ്ങൾ സംസാരിച്ചിരുന്നു.

അടുത്തിരുന്ന ഒരു സ്ത്രീ അവരെ അത്ഭുതത്തോടെ നോക്കി. പ്രസവിക്കാൻ പോകുന്ന ഭാര്യയും ഭർത്താവും സംസാരിക്കുന്നത് 'ബഗ്ഗിനെപ്പറ്റിയും' 'ഡെഡ്‌ലൈനെപ്പറ്റിയും' ആണോ?

"പാർവതി സുബ്രഹ്മണ്യം!" നഴ്സ് പേര് വിളിച്ചു.

അനന്തു ലാപ്ടോപ്പ് മടക്കി. അവൻ എഴുന്നേറ്റ് പാർവതിക്ക് കൈ കൊടുത്തു. അതൊരു പ്രണയ സ്പർശമായിരുന്നില്ല, ഒരു സഹപ്രവർത്തകന് നൽകുന്ന സപ്പോർട്ട് ആയിരുന്നു. അവൾ ആ കൈ പിടിച്ച് എഴുന്നേറ്റു. ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോൾ അവർ തമ്മിൽ നോക്കി ഒന്ന് ചിരിച്ചു. പ്രണയമില്ല, പക്ഷെ പരസ്പര ബഹുമാനമുണ്ട്.

ദിവസങ്ങൾ കടന്നു പോയി. അനന്തുവും പാർവതിയും തികച്ചു രണ്ടു വ്യക്തികളായി തന്നെ രണ്ടിടത്തു താമസിച്ചു. കുഞ്ഞിൻ്റെ കാര്യത്തിൽ മാത്രം അവർ ഒരുമിച്ചു നിന്നു. അങ്ങനെ അവസാനം ആ ദിവസം വന്നു.

ലേബർ റൂമിന് പുറത്ത് അനന്തു അസ്വസ്ഥനായി നടക്കുകയായിരുന്നു. നീതുവും കൂടെയുണ്ട്. അനന്തുവിൻ്റെ മുഖത്ത് ഭയമായിരുന്നു. താൻ അച്ഛനാകാൻ പോകുന്നു എന്ന യാഥാർത്ഥ്യം അവനെ വല്ലാതെ സമ്മർദ്ദത്തിലാക്കി. പെട്ടെന്ന് ആ കരച്ചിൽ കേട്ടു.

ആ ശബ്ദം ആ കോറിഡോറിൽ മുഴങ്ങി. അനന്തു നിശ്ചലനായി നിന്നു. അവൻ നീതുവിനെ നോക്കി. നീതുവിൻ്റെ കണ്ണുകൾ നിറഞ്ഞു. നഴ്സ് വാതിൽ തുറന്ന് പുറത്തേക്ക് വന്നു. "ആൺകുട്ടിയാണ്." അനന്തു ആ ചുമരിലേക്ക് ചാരി. അറിയാതെ അവൻ്റെ കണ്ണിൽ നിന്ന് വെള്ളം വന്നു. അവൻ ചിരിക്കാൻ ശ്രമിച്ചു, പക്ഷെ തേങ്ങലായിരുന്നു പുറത്തു വന്നത്.

കുറച്ചു സമയത്തിന് ശേഷം, പാർവതിയെ റൂമിലേക്ക് മാറ്റി. അനന്തു കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്തു. കുഞ്ഞികണ്ണുകൾ ചിമ്മിത്തുറക്കുന്ന ആദിത്യൻ. ആദി. പാർവതി ബെഡിൽ ക്ഷീണിച്ചു കിടക്കുകയാണ്. അനന്തു കുഞ്ഞിനെ അവളുടെ അടുത്തേക്ക് വെച്ചു. "ഹായ് പാർട്ണർ," അവൻ ആദിയെ നോക്കി പറഞ്ഞു. "വെൽക്കം ടു ദി ക്രൈസിസ്." പാർവതി ചിരിച്ചു. വേദനയ്ക്കിടയിലും ആ ചിരിയിൽ സമാധാനമുണ്ടായിരുന്നു. പിന്നീടുള്ള ആ കുഞ്ഞിൻ്റെ ഓരോ നാൾ വഴികളിലും അവർ ഇരുവരും ഉണ്ടായിരുന്നു, അമ്മയുടെ വാത്സല്യമായി പാർവതിയും, അച്ഛൻ്റെ കരുതലായി അനന്തനും.

ആദിക്ക് രണ്ട് വയസ്സ്. തിരുവനന്തപുരത്തെ ഫ്ലാറ്റ് ഇപ്പോൾ പഴയപോലെ ഇരുട്ടുമുറിയല്ല. നിറയെ കളിപ്പാട്ടങ്ങളും ബേബി ഗിയറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.

അനന്തു തറയിൽ കിടന്ന് ആദിയുമായി ഗുസ്തി പിടിക്കുകയാണ്. ആദി അനന്തുവിൻ്റെ നെഞ്ചിൽ കയറിയിരുന്ന് ചാടുന്നു. പാർവതി അടുക്കളയിൽ അവർക്ക് ചായ ഉണ്ടാക്കുന്നു. പുറമെ നിന്ന് നോക്കിയാൽ ഇതൊരു സാധാരണ, സന്തോഷമുള്ള കുടുംബം. പക്ഷെ ക്ലോക്കിൽ സമയം 9 മണിയടിച്ചു. അനന്തു എഴുന്നേറ്റു. അവൻ ആദിയെ എടുത്തു ചുംബിച്ചു.

"ശരി മോനെ, അച്ഛൻ പോവാ..."

ആദി ചിണുങ്ങാൻ തുടങ്ങി. "പപ്പാ പോണ്ടാ..."

അനന്തുവിൻ്റെ മുഖം മങ്ങി. ഇതാണ് ഏറ്റവും വലിയ പാട്. "പപ്പാ നാളെ വരാം കേട്ടോ," അവൻ ആദിയെ പാർവതിയുടെ കൈയിൽ കൊടുത്തു. പാർവതി ഒന്നും പറഞ്ഞില്ല. അവൾ ആദിയെ സമാധാനിപ്പിച്ചു. അനന്തു ഹെൽമെറ്റ് എടുത്തു. അവൻ വാതിൽക്കൽ എത്തി ഷൂസ് ഇട്ടു.

"ഗുഡ് നൈറ്റ് പാർവതി."

"ഗുഡ് നൈറ്റ് അനന്തു."

വാതിൽ അടഞ്ഞു. അനന്തു ലിഫ്റ്റിലേക്ക് നടന്നു. ഫ്ലാറ്റിനുള്ളിലെ വെളിച്ചത്തിൽ നിന്ന്, തൻ്റെ വാടകവീട്ടിലെ ഏകാന്തതയിലേക്ക്. ഓരോ രാത്രിയും ആ യാത്ര അവനെ ഓർമ്മിപ്പിച്ചു - അവർ ഒരു കുടുംബമല്ല, രണ്ടു വ്യത്യസ്ത ദ്വീപുകളാണ് എന്ന്.

പിന്നെയും കാലം കടന്നു പോയി. ആദിക്ക് നാല് വയസ്സ്. നഗരത്തിലെ പ്രശസ്തമായ ഒരു സ്കൂളിൽ അഡ്മിഷൻ ഇന്റർവ്യൂ. പ്രിൻസിപ്പൽ ആദിയുടെ ആപ്ലിക്കേഷൻ ഫോം നോക്കി. പിന്നെ മുന്നിലിരിക്കുന്ന അനന്തുവിനെയും പാർവതിയെയും നോക്കി. "മിസ്റ്റർ അനന്ത കൃഷ്ണൻ & മിസ് പാർവതി... അഡ്രസ്സ് കോളത്തിൽ രണ്ട് അഡ്രസ്സ് ആണല്ലോ കൊടുത്തിരിക്കുന്നത്?" "അതെ," പാർവതി പറഞ്ഞു. "ഞങ്ങൾ സെപ്പറേറ്റ് ആയാണ് താമസിക്കുന്നത്." പ്രിൻസിപ്പൽ കണ്ണട ഊരി. "ഡിവോഴ്സ്ഡ് ആണോ?"

"അല്ല," അനന്തു മറുപടി പറഞ്ഞു. "ഞങ്ങൾ വിവാഹം കഴിച്ചിട്ടില്ല."

പ്രിൻസിപ്പൽ ഞെട്ടിപ്പോയി. "അപ്പൊ കുട്ടി?"

"കുട്ടി ഞങ്ങളുടെയാണ്," അനന്തുവിൻ്റെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു. "ഞങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്നില്ല എന്നേയുള്ളൂ. ആദിയുടെ കാര്യത്തിൽ ഞങ്ങൾ രണ്ടുപേരും 100% റെസ്പോൺസിബിൾ ആണ്. അവൻ്റെ അച്ഛനും അമ്മയും ഞങ്ങൾ തന്നെയാണ്."

പ്രിൻസിപ്പൽ എന്ത് പറയണം എന്നറിയാതെ ഇരുന്നു. മുന്നിലിരിക്കുന്നവർക്ക് ഒരു ജാള്യതയുമില്ല. അവർക്ക് വ്യക്തമായ പ്ലാനുണ്ട്.

"ഇതൊരു മോഡേൺ ഫാമിലി ആണല്ലേ..." പ്രിൻസിപ്പൽ നെടുവീർപ്പിട്ടു.

"അല്ല മാഡം, ഇതൊരു ഹാപ്പി ഫാമിലിയാണ്," പാർവതി തിരുത്തി. "വഴക്കും ബഹളവുമുള്ള ഒരേ വീട്ടിൽ ജീവിക്കുന്നതിനേക്കാൾ നല്ലതാണ്, സമാധാനമുള്ള രണ്ടു വീടുകളിൽ ജീവിക്കുന്നത്." കുഞ്ഞു ആദി അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചു. അവർ തിരിച്ചും. ഞായറാഴ്ചകളിൽ അനന്തുവിൻ്റെ അച്ഛനും അമ്മയും അവിടെ വരും. അവർക്ക് ആദിയെ കാണണം, കൊഞ്ചിക്കണം. പാർവതി അവർക്ക് മരുമകളെപ്പോലെ തന്നെയാണ്—സ്നേഹമുള്ള, കാര്യപ്രാപ്തിയുള്ള കുട്ടി. പക്ഷെ, ആ വീട്ടിൽ എപ്പോഴും മുഴങ്ങിക്കേൾക്കുന്ന ഒരു ചോദ്യമുണ്ട്. ആ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം അനന്തുവിനും പർവ്വതിക്കും വാക്കാൽ പറയാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ അവരുടെ ഉള്ളിൽ അതിനുള്ള ഉത്തരം എന്നും ഉണ്ടയായിരുന്നു.

അങ്ങനൊരു ഞാറാഴ്ച്ച, അനന്തുവിൻ്റെ അമ്മ ആദിക്ക് ഭക്ഷണം വാരി കൊടുക്കുന്ന തിരക്കിൽ ആണ്. അച്ഛൻ സോഫയിൽ ഇരുന്ന് പാർവതിയോട് സംസാരിക്കുന്നു. അനന്തു ലാപ്പ്ടോപ്പിൽ എന്തോ ചെയ്യുന്നു. "മോളെ... ഞാൻ പറയുന്നത് കൊണ്ടാണെന്ന് കരുതരുത്," അച്ഛൻ മെല്ലെ തുടങ്ങി. "ഇനിയിപ്പോ എത്ര നാളാണെന്ന് വെച്ചാ ഇങ്ങനെ? ആദി വളർന്നു വരുവല്ലേ? അവന് അച്ഛനും അമ്മയും ഒരു വീട്ടിൽ വേണ്ടേ?" അനന്തു ലാപ്പ്ടോപ്പിൽ നിന്ന് കണ്ണെടുത്തു. "അച്ഛാ, അത് ഞങ്ങൾ തീരുമാനിച്ച കാര്യമാണ്." "എന്ത് തീരുമാനം?" അമ്മ ഇടയ്ക്ക് കയറി. "നിങ്ങൾ തമ്മിൽ എന്ത് പ്രശ്നമാ ഉള്ളത്? വഴക്കില്ല, സ്നേഹക്കുറവില്ല. പാർവതി മോളെപ്പോലെ വേറൊരു കുട്ടിയെ നിനക്ക് കിട്ടുമോ? പിന്നെന്തിനാ അനന്തു ഈ വാശി?" അനന്തു പാർവതിയെ നോക്കി. അവൾ ഒന്നും മിണ്ടുന്നില്ല.

"അമ്മേ, ഇത് വാശിയല്ല," അനന്തു ശാന്തമായി പറഞ്ഞു. "ഇതൊരു തിരിച്ചറിവാണ്. പാർവതിയുടെയും എൻ്റെയും ലോകം രണ്ടാണ്." "എന്ത് രണ്ട് ലോകം?"

"അമ്മേ, പാർവതിക്ക് യാത്രകൾ ചെയ്യണ, പുതിയ സ്ഥലങ്ങൾ വേണം, ഫ്രീഡം വേണം. എനിക്കാണെങ്കിൽ ഒരിടത്ത് വേരുറപ്പിക്കണം. സമാധാനം വേണം. ചിട്ടകൾ വേണം."

അവൻ പാർവതിയെ നോക്കി തുടർന്നു.

"ഞങ്ങൾ കല്യാണം കഴിച്ച് ഒരു വീട്ടിൽ താമസിച്ചാൽ, രണ്ടിലൊരാൾ മാറേണ്ടി വരും. ഒന്നുകിൽ അവൾ ചിറകരിയണം, അല്ലെങ്കിൽ ഞാൻ എൻ്റെ വേരറുക്കണം. സ്നേഹത്തിൻ്റെ പേരിൽ ഒരാളെ പിടിച്ചു കെട്ടിയിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." അച്ഛൻ നെടുവീർപ്പിട്ടു. "അതൊക്കെ അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലേ ഉള്ളൂ മോനെ?" "അഡ്ജസ്റ്റ്മെന്റ് അല്ല അച്ഛാ സ്നേഹം. അത് ഞങ്ങൾ ആദിയെ പഠിപ്പിക്കില്ല." ഇത്തരം സന്ദർഭങ്ങൾ അനന്തുവിൻ്റെയും പാർവതിയുടെയും ജീവിതത്തിൽ തുടർന്നു കൊണ്ടേ ഇരുന്നു. ഇത് പോലെ ഒരു ദിവസം, ആദിക്ക് കടുത്ത പനി വന്ന് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അനന്തുവും പാർവതിയും മാറി മാറി അവന് കൂട്ടിരുന്നു.

അന്ന് കൂടെ നീതുവും ഉണ്ട്. ഹോസ്പിറ്റൽ ക്യാന്റീനിൽ വെച്ച് തരം കിട്ടിയപ്പോൾ നീതുവും ആ ചോദ്യവുമായി വന്നു. "അവൻ ആകെ ക്ഷീണിച്ചു," നീതു പറഞ്ഞു. "രാത്രി മുഴുവൻ അവൻ ഉറങ്ങിയിട്ടില്ല. നിനക്ക് വേണ്ടി, ആദിക്ക് വേണ്ടി... അവൻ എന്ത് ചെയ്യാനും റെഡിയാണ് പാറു. ഇത്രയും കെയറിംഗ് ആയ ഒരു പാർട്ണറെ കിട്ടിയിട്ടും നീ എന്താ യെസ് പറയാത്തത്?" പാർവതി ചായക്കപ്പിലേക്ക് നോക്കിയിരുന്നു.

"അവൻ ബെസ്റ്റ് ആണ് നീതു. സമ്മതിച്ചു. പക്ഷെ..." "പക്ഷെ എന്ത്?"

"നീ ഞങ്ങളെ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?" പാർവതി ചോദിച്ചു. "ആദി ഇല്ലാത്തപ്പോൾ, അല്ലെങ്കിൽ ആദി ഉറങ്ങുമ്പോൾ... ഞങ്ങൾക്കിടയിൽ എന്തുണ്ടെന്ന്?" നീതു ആലോചിച്ചു.

"നിശബ്ദത," പാർവതി പറഞ്ഞു. "ഞങ്ങൾക്കിടയിൽ വല്ലാത്തൊരു നിശബ്ദതയാണ് നീതു. ഞങ്ങൾ വഴക്കിടാറില്ല. അതാണ് പ്രശ്നം. ഓഫീസ് കാര്യങ്ങളും, ആദിയുടെ കാര്യങ്ങളും കഴിഞ്ഞാൽ ഞങ്ങൾക്ക് സംസാരിക്കാൻ ഒന്നുമില്ല. തമാശകളില്ല. ചിരിയില്ല." "അത് കാലക്രമേണ വന്നോളും..."

"വരില്ല നീതു. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾക്കിടയിൽ ആ സ്പാർക്ക് ഇല്ല. ആദി ഇല്ലാത്തപ്പോൾ ഞങ്ങൾ വെറും രണ്ട് അപരിചിതരാണ്. അങ്ങനെ മടുപ്പിക്കുന്ന, നിശബ്ദമായ ഒരു ജീവിതം ജീവിച്ച് തീർക്കാൻ എനിക്ക് വയ്യ. അത് അനന്തുവിനോട് ചെയ്യുന്ന ദ്രോഹം കൂടിയാണ്." അനന്തുവിൻ്റെ ഓഫീസിലും ഇത് ഒരു പതിവ് സംഭാഷണ വിഷയമായിരുന്നു. അനന്തുവിൻ്റെ കൊളീഗ് മനു ആയിരുന്നു ഇതിൽ മെയിൻ.

"അല്ലളിയാ, ഇന്നലെ നിൻ്റെ വീട്ടിൽ പോയപ്പോൾ പാർവതി നിൻ്റെ അച്ഛനോടും അമ്മയോടും പെരുമാറുന്നത് കണ്ടു ഞാൻ ഞെട്ടിപ്പോയി," മനു പറഞ്ഞു. "സ്വന്തം മോളെപ്പോലെയാ അവൾ അവരെ നോക്കുന്നത്. നിനക്ക് ലോട്ടറിയാടാ. എന്നിട്ടും നീ അവളെ കെട്ടാതെ നടക്കുവാ." അനന്തു ചിരിച്ചു. "ലോട്ടറിയാണ്. അറിയാം."

"പിന്നെന്താ? ഈഗോ ആണോ?"

"അല്ലടാ. പേടിയാണ്." "പേടിയോ?"

"അതെ. ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ആദിക്ക് വേണ്ടിയാണ്. പക്ഷെ ഞങ്ങൾ കല്യാണം കഴിച്ചാൽ... ആദി എന്നും കാണാൻ പോകുന്നത് എന്താണെന്നറിയാമോ? പരസ്പരം സ്നേഹിക്കാൻ മറന്നുപോയ, എന്നാൽ കുട്ടിക്കുവേണ്ടി മാത്രം അഭിനയിക്കുന്ന രണ്ട് അച്ഛനമ്മമാരെ."

അനന്തു മനുവിൻ്റെ തോളിൽ തട്ടി.

"രണ്ടുപേർ കോംപ്രമൈസ് ചെയ്ത് ജീവിക്കുന്നതാണ് 'സ്നേഹം' എന്ന് അവൻ തെറ്റിദ്ധരിക്കരുത്. സത്യസന്ധമായി, സന്തോഷത്തോടെ വേറെ ജീവിക്കുന്നതാണ് നല്ലതെന്ന് അവൻ പഠിക്കട്ടെ. അതാണ് അവന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ പാഠം." അച്ഛനും അമ്മയും വന്ന രാത്രി. ആദി ഉറങ്ങി കഴിഞ്ഞു. അനന്തുവും പാർവതിയും ബാൽക്കണിയിൽ ചെന്ന് നിന്നു. താഴെ നഗരത്തിലെ വെളിച്ചങ്ങൾ.

"ഇന്നും അച്ഛൻ തുടങ്ങി, അല്ലെ?" പാർവതി ചോദിച്ചു.

"ഉം. അവർക്ക് നമ്മളെ മനസ്സിലാവില്ല പാർവതി," അനന്തു പറഞ്ഞു. "അവർക്ക് കുടുംബം എന്നാൽ ഒരേ മേൽക്കൂരയ്ക്ക് താഴെ താമസിക്കുന്നവരാണ്. മനസ്സുകൊണ്ട് അകന്നാലും ശരീരം കൊണ്ട് അടുത്തുള്ളവർ." പാർവതി ചിരിച്ചു. "നമ്മൾ നേരെ തിരിച്ചാണല്ലേ. വീടുകൾ രണ്ട്, പക്ഷെ നമ്മൾ എപ്പോഴും അടുത്തുണ്ട്." "അതെ. പക്ഷെ എനിക്ക് തോന്നുന്നത് ഇതാണ് കറക്റ്റ് എന്നാണ്," അനന്തു ആകാശത്തേക്ക് നോക്കി. "ഇപ്പോൾ എനിക്ക് വേണ്ടത് സ്റ്റെബിലിറ്റിയാണ്. നിനക്ക് വേണ്ടത്..."

"എനിക്ക് ഇപ്പൊ ഒരു ബ്രേക്ക് വേണം അനന്തു," പാർവതി പറഞ്ഞു. "ആദിക്ക് പനി മാറിയ സ്ഥിതിക്ക്, എനിക്ക് അടുത്ത മാസം ആ ഹിമാലയൻ ട്രിപ്പ് പ്ലാൻ ചെയ്യണം. കുറച്ചു നാളായി ആഗ്രഹിക്കുന്നു." "പൊയ്ക്കോ. ആദിയെ ഞാൻ നോക്കിക്കോളാം," അനന്തുവിൻ്റെ മറുപടിയിൽ ഒരു മടിയും ഇല്ലായിരുന്നു. അവിടെയാണ് അവരുടെ വിജയവും പരാജയവും. അവർ പരസ്പരം സപ്പോർട്ട് ചെയ്യുന്നു. വിശ്വസിക്കുന്നു. പക്ഷെ ഒരിക്കലും ഒരാൾ മറ്റൊരാളുടെ സന്തോഷത്തിന് തടസ്സമാകുന്നില്ല.

"നമ്മൾ നല്ലൊരു ടീം ആണ് അനന്തു," പാർവതി പറഞ്ഞു. "പക്ഷെ മോശം കപ്പിൾസ് ആയിരിക്കും." "സംശയമില്ല," അനന്തു ചിരിച്ചു. "നമ്മൾ കല്യാണം കഴിച്ചാൽ ഒരാഴ്ച തികയ്ക്കില്ല. നീ എൻ്റെ ചിട്ടകൾ കണ്ട് വട്ടായി ഓടും. ഞാൻ നിൻ്റെ ഈ കറക്കം കണ്ട് പ്രാന്തെടുക്കും." അവർ രണ്ടുപേരും ഉറക്കെ ചിരിച്ചു. ആദി ഇല്ലാത്തപ്പോൾ അവർ ചിരിക്കുന്നത് വളരെ അപൂർവ്വമാണ്. പക്ഷെ ഇന്ന് അവർ ചിരിച്ചു - കാരണം അവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്ന ആശ്വാസത്തിൽ.

"ഇങ്ങനെ മതി അനന്തു," പാർവതി പറഞ്ഞു. "പേരിന് ഭർത്താവില്ലെങ്കിലും, ആദിക്ക് അച്ഛനുണ്ട്. എനിക്ക് ഒരു ബെസ്റ്റ് ഫ്രണ്ടും. അത് മതി."

"മതി," അനന്തു സമ്മതിച്ചു. "ഇതാണ് നമ്മുടെ നോർമൽ."


കല്യാണ വേദിക്കരികിൽ, പാർക്കിംഗ് ലോട്ടിലെ നിയോൺ ലൈറ്റുകൾക്ക് കീഴിൽ അവർ മൂന്നുപേരും നിശബ്ദരായി നിന്നു. ദൂരെ കല്യാണപ്പന്തലിലെ പാട്ടും ബഹളവും നേർത്ത ശബ്ദമായി കേൾക്കാം. ആദി തൻ്റെ അച്ഛനെ നോക്കി. പിന്നെ അല്പം മാറി കാറിനടുത്ത് നിൽക്കുന്ന അമ്മയെയും. അവൻ്റെ മനസ്സിൽ ദേഷ്യം ഇപ്പോഴും ബാക്കിയുണ്ട്. കൂട്ടുകാരുടെ വീടുകളിൽ കണ്ടതുപോലൊരു 'നോർമൽ' ഫാമിലി തനിക്ക് കിട്ടിയില്ലല്ലോ എന്ന ദേഷ്യം. സ്കൂളിൽ "അച്ഛനും അമ്മയും എന്തിനാ വേറെ വീട്ടിൽ?" എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി നിന്നതിൻ്റെ ദേഷ്യം.

"അതൊരു ചോയ്സ് ആയിരുന്നു," അനന്തൻ പറഞ്ഞു. "നിന്നെ സ്നേഹിക്കാൻ വേണ്ടി, ഞങ്ങൾ പരസ്പരം വെറുക്കാതിരിക്കാൻ എടുത്ത തീരുമാനം."

"എനിക്ക് മനസ്സിലാവുന്നില്ല പപ്പ," അവൻ തുറന്നടിച്ചു. "നിങ്ങളുടെ ഈ ഫിലോസഫിയും, ഫ്രീഡവും, സ്പേസും ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് ഇപ്പോഴും ദേഷ്യമാണ്. എനിക്ക് വേണ്ടത് ഇതൊന്നും ആയിരുന്നില്ല. എനിക്ക് വേണ്ടത് ഒരു സാധാരണ വീടായിരുന്നു. വൈകുന്നേരം അച്ഛനും അമ്മയും കൂടി ഒത്തിരുന്ന് ചായ കുടിക്കുന്ന, വഴക്കിടുന്ന, ചിരിക്കുന്ന ഒരു സാധാരണ വീട്."

അപ്പോഴേക്കും പാർവതി നടന്നു അവർക്കടുത്തേക്കു വന്നു. അവരുടെ മുടിയിൽ നര വീണു തുടങ്ങിയിട്ടുണ്ട്. പക്ഷെ കണ്ണുകളിൽ ആ പഴയ തീപ്പൊരി ഇപ്പോഴുമുണ്ട്.

അനന്തുവും പാർവതിയും ഒന്നും മിണ്ടിയില്ല.

"പക്ഷെ..." ആദി തുടർന്നു. അവൻ്റെ ശബ്ദം താഴ്ന്നു.

"പക്ഷെ, എനിക്ക് നിങ്ങളെ വെറുക്കാൻ പറ്റുന്നില്ല. എനിക്ക് അതൊരിക്കലും പറ്റില്ല." അവൻ അച്ഛനെ നോക്കി. താൻ പനി പിടിച്ചു കിടന്നപ്പോഴൊക്കെ ബൈക്കിൽ പാഞ്ഞു വന്നിരുന്ന അച്ഛൻ. സ്കൂൾ ആനുവൽ ഡേയ്ക്ക് ഫ്രണ്ട് സീറ്റിൽ വന്നിരുന്ന അച്ഛൻ.

പിന്നെ അമ്മയെ നോക്കി. ലോകം മുഴുവൻ എതിർത്തിട്ടും, 'എനിക്ക് ഇവനെ വേണം' എന്ന് പറഞ്ഞ് ആ വലിയ വീട് ഉപേക്ഷിച്ചിറങ്ങിയ അമ്മ.

"നിങ്ങൾ എനിക്കുവേണ്ടി ഒപ്പം ഉണ്ടായിരുന്നു. എപ്പോഴും."

ആദി ഒരു ദീർഘശ്വാസം വിട്ടു.

പാർവതി മെല്ലെ ആദിയുടെ അടുത്തേക്ക് നീങ്ങി. അവൾ അവൻ്റെ തോളിൽ കൈ വെച്ചു. "ആദി, ഒരു മേൽക്കൂരയ്ക്ക് താഴെ, ഇഷ്ടമില്ലാതെ അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നതാണ് 'നല്ല കുടുംബം' എന്ന് നിന്നെ പഠിപ്പിക്കാൻ എളുപ്പമായിരുന്നു. സൊസൈറ്റിക്ക് അതാണ് വേണ്ടതും. പക്ഷെ ഞങ്ങൾക്കറിയാമായിരുന്നു, ആ അഡ്ജസ്റ്റ്മെന്റിൽ ഞങ്ങളിലെ മനുഷ്യർ മരിച്ചുപോകുമെന്ന്. ഞങ്ങൾ തമ്മിലുള്ള ബഹുമാനം തീർന്നുപോകുമെന്ന്." പാർവതി അനന്തുവിനെ നോക്കി. അനന്തു അവരെത്തന്നെ നോക്കി നിൽക്കുകയാണ്. "നിനക്ക് മുന്നിൽ, സ്നേഹം എന്ന പേരിൽ വെറുതെ അഭിനയിച്ചു ജീവിക്കാൻ ഞങ്ങൾക്ക് വയ്യായിരുന്നു മോനെ. കള്ളം പറഞ്ഞ് നിന്നെ വളർത്താൻ ഞങ്ങൾക്ക് തോന്നിയില്ല." പാർവതി നിർത്തി. ബാക്കി പറയാൻ അവൾ അനന്തുവിനെ അനുവദിച്ചു. അനന്തു അത് ഏറ്റെടുത്തു. "അതുകൊണ്ട് ഞങ്ങൾ ഈ വഴി തിരഞ്ഞെടുത്തു," അനന്തുവിൻ്റെ ശബ്ദത്തിൽ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു. "നല്ലൊരു ദാമ്പത്യം എന്താണെന്ന് നിനക്ക് കാണിച്ചുതരാൻ ഞങ്ങൾക്ക് പറ്റിയില്ല, സമ്മതിക്കുന്നു. പക്ഷെ..." അനന്തു ആദിയുടെ കണ്ണുകളിലേക്ക് നോക്കി.

"...പക്ഷെ രണ്ട് മനുഷ്യർക്ക് എങ്ങനെ പരസ്പരം ബഹുമാനിച്ചുകൊണ്ട്, സ്വന്തം വ്യക്തിത്വം കളയാതെ തന്നെ, ഒരൊറ്റ കാര്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കാം എന്ന് ഞങ്ങൾ നിനക്ക് കാണിച്ചുതന്നു. അതാണ് ഞങ്ങളുടെ സത്യം. അതാണ് ഞങ്ങളുടെ ജയം."

ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല. ആ വാക്കുകൾ അവൻ്റെ ഉള്ളിലെ ദേഷ്യത്തെ അറിയാതെ ആണെങ്കിലും കുറച്ചെങ്കിലും അലിയിച്ചു കളഞ്ഞു.

അനന്തു ഹെൽമെറ്റ് എടുത്തു. "നീ ആരുടെ കൂടെയാ വരുന്നേ? അമ്മ ഡ്രോപ്പ് ചെയ്യണോ?" ആദി പാർവതിയെ നോക്കി. പിന്നെ അനന്തുവിനെയും. "വേണ്ട. എനിക്ക് ബൈക്കിൽ വന്നാൽ മതി. അച്ഛൻ ഡ്രോപ്പ് ചെയ്യട്ടെ." പാർവതി ചിരിച്ചു. "ശരി. സൂക്ഷിച്ചു പോണം. അനന്തു, ഹെൽമെറ്റ് ലോക്ക് ചെയ്യ്." "ഓക്കെ മാഡം," അനന്തു സല്യൂട്ട് ചെയ്തു. അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു. ആദി പിന്നിൽ കയറി. ബൈക്ക് മുന്നോട്ട് എടുക്കുന്നതിന് മുൻപ്, അനന്തു പാർവതിയെ നോക്കി ഒരു 'തമ്പ്സ് അപ്പ്' കാണിച്ചു. പാർവതി തിരിച്ചും. അവർ ഇരുവരും പുഞ്ചിരിച്ചു. വാക്കുകൾ ആവശ്യമില്ലാത്ത ഒരു ഭാഷ അവർക്കിടയിലുണ്ട്. പ്രണയമല്ല. സൗഹൃദമല്ല. അതിനുമപ്പുറം, ഒരു യുദ്ധം ജയിച്ച രണ്ട് പോരാളികളുടെ ഐക്യം.

ബൈക്ക് ഗേറ്റ് കടന്നു പോയി. പാർവതി കാറിൽ കയറി. അവൾ റിയർവ്യൂ മിററിലൂടെ അവർ പോകുന്നത് നോക്കി. അവളുടെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. നഷ്ടബോധത്തിൻ്റെയല്ല, അഭിമാനത്തിൻ്റെ ചിരി. അവർ തോറ്റുപോയ കമിതാക്കളായിരിക്കാം. പക്ഷെ അവർ ജയിച്ച മാതാപിതാക്കളാണ്.

(അവസാനിച്ചു)