സൂതാ ഹാൾട്ട്

സൂതാ ഹാൾട്ട്

2025-02-04 • thriller, mystery, reflective
Go Back

വിക്രം സിംഗ് വെറുമൊരു ഉദ്യോഗസ്ഥനായിരുന്നില്ല, അയാൾക്ക് റെയിൽവേ എന്നത് കേവലം ഒരു ജോലിസ്ഥലവുമല്ല. കൃത്യതയുടെയും അച്ചടക്കത്തിൻ്റെയും പര്യായമായ ആ "സിസ്റ്റത്തെ" അയാൾ ദൈവത്തെപ്പോലെ വിശ്വസിച്ചിരുന്നു. ആർ.ആർ.ബി പരീക്ഷയിൽ ഉന്നത വിജയം നേടി സ്റ്റേഷൻ മാസ്റ്ററായുള്ള നിയമന ഉത്തരവ് കൈയിൽ കിട്ടുമ്പോൾ, തൻ്റെ ജീവിതം സുരക്ഷിതമായ ഒരു പാതയിലേക്ക് കടക്കുകയാണെന്നു അയാൾ ഉറപ്പിച്ചു.

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ചകളേ ആയിരുന്നുള്ളൂ. ഭാര്യയുടെ കൈകളിലെ മൈലാഞ്ചി നിറം മങ്ങും മുൻപേ, ഉത്തരേന്ത്യയിലെ ഏതോ വിജനമായ കോണിലേക്ക് പോകേണ്ടി വന്നതിൽ അയാൾക്ക് വിഷമമുണ്ടായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവൾ തേങ്ങിക്കരഞ്ഞു, പക്ഷെ വിക്രം അവളെ ആശ്വസിപ്പിച്ചു- "ഇതൊരു സർക്കാർ ജോലിയാണ്, നമ്മൾക്ക് ഇതിലും മികച്ചൊരു ജീവിതം കിട്ടാനില്ല."

നിയമന ഉത്തരവിൽ സ്റ്റേഷൻ്റെ പേര് 'സൂതാ ഹാൾട്ട്' എന്നായിരുന്നു പ്രിൻ്റ് ചെയ്തിരുന്നത്. വിക്രം ഗൂഗിളിലും റെയിൽവേ മാപ്പുകളിലും ആ പേര് തിരഞ്ഞെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പഴയ റെക്കോർഡുകളിൽ എവിടെയോ മാഞ്ഞുപോയ ഒരു പേരുപോലെയായിരുന്നു ആ സ്റ്റേഷൻ്റെ പേര്. എന്നാൽ റെയിൽവേയുടെ സെൻട്രൽ സെർവറിൽ ആ സ്റ്റേഷൻ കോഡ് പ്രവർത്തന സജ്ജം എന്ന് പച്ച നിറത്തിൽ തെളിഞ്ഞുനിന്നു. അയാൾ ആ ഉത്തരവു അത് പോലെ അനുസരിച്ചു അവിടേക്കു യാത്രയായി.

സൂതാ ഹാൾട്ടിലേക്കുള്ള യാത്ര വളരെ ക്ലേശം നിറഞ്ഞതായിരുന്നു. ഏറ്റവും അടുത്തുള്ള ജനവാസമേഖലയിൽ നിന്നും 18 കിലോമീറ്റർ അകലെ, മരുഭൂമിയുടെ നടുവിൽ ജീപ്പ് ഡ്രൈവർ വാഹനം നിർത്തി.

"ഇനിയങ്ങോട്ട് വഴിയില്ല സാബ്, ആ കാണുന്ന മണൽപരപ്പിലൂടെ നടക്കണം," ഡ്രൈവർ പറഞ്ഞു.

അയാളുടെ മുഖത്ത് വല്ലാത്തൊരു ഭയവും പരിഭ്രമവും ഉണ്ടായിരുന്നു. വിക്രം തൻ്റെ പെട്ടിയുമെടുത്ത് നടക്കാൻ തുടങ്ങി. ഉച്ചവെയിൽ ഉരുകിയൊലിക്കുന്ന രാജസ്ഥാനിലെ മരുഭൂമി. കിലോമീറ്ററുകളോളം മനുഷ്യ സാന്നിധ്യത്തിൻ്റെ ഒരു അടയാളവുമില്ലാത്ത ഒരിടം.

ഒടുവിൽ, മരുഭൂമിയുടെ നടുവിൽ, ആ സ്റ്റേഷൻ തെളിഞ്ഞുവന്നു.

ആ സ്റ്റേഷൻ ഒരു അത്ഭുതമായിരുന്നു. വർഷങ്ങളായി ആരും വരാത്ത ഒരിടമായിരുന്നിട്ടും, സൂതാ ഹാൾട്ട് തികച്ചും പുതിയതായി തോന്നി. സ്റ്റേഷൻ്റെ മഞ്ഞ ബോർഡിൽ കറുത്ത അക്ഷരങ്ങളിൽ എഴുതിയ പേര് ഇന്നലെ എഴുതിയതുപോലെ തിളങ്ങുന്നു. ചുമരുകളിലെ പെയിന്റ് അടർന്നു വീണിട്ടില്ല. സിഗ്നൽ ലിവറുകൾക്ക് തുരുമ്പെടുത്തിട്ടില്ല. ഓഫീസിനുള്ളിലെ ക്ലോക്ക് സെക്കൻഡുകൾ തെറ്റാതെ ഓടിക്കൊണ്ടിരുന്നു.

ഒരു പഴയ "ബാക്കപ്പ് ഫയൽ" പുതിയൊരു കമ്പ്യൂട്ടറിൽ റീസ്റ്റോർ ചെയ്തതുപോലെ, കാലപ്പഴക്കം ഏൽക്കാത്ത, ഭയപ്പെടുത്തുന്നത്ര കൃത്യതയുള്ള ഒരു സ്റ്റേഷൻ. അവിടെ വിക്രം സിങ്ങിനെ കാത്തിരുന്നത് നിശബ്ദത മാത്രമായിരുന്നു, ഭയ പെടുത്തുന്ന നിശബ്ദ.

ആദ്യത്തെ ദിവസം വിക്രം വളരെ നേരത്തെ എഴുന്നേറ്റു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടന്നാൽ മാത്രമായിരുന്നു കുടി വെള്ളം കിട്ടുക. പുതിയ സ്ഥലത്തിൻ്റെ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും, തൻ്റെ ജോലി കൃത്യമായി ചെയ്യണമെന്ന നിർബന്ധം അയാൾക്കുണ്ടായിരുന്നു. കുളിച്ചൊരുങ്ങി, വെളുത്ത യൂണിഫോം ധരിച്ച് അയാൾ രജിസ്റ്ററുകൾ തുറന്നുവെച്ചു.

സമയം 7:30. സ്റ്റേഷന് ചുറ്റും കണ്ണിന് എത്താവിടത്തോളം മണൽക്കാട് മാത്രം. വിജനമായ പ്ലാറ്റ്‌ഫോമിൽ കാറ്റ് വീശുന്ന ശബ്ദം ഒഴിച്ചാൽ മറ്റൊരു അനക്കവുമില്ല.

ചക്രവാളത്തിൽ സൂര്യൻ മെല്ലെ ഉയർന്നു വാനം തൊടുന്നത് കാണാമായിരുന്നു. പകൽ ചുട്ടുപൊള്ളുന്ന ചൂടാണെങ്കിൽ, രാത്രിയിൽ അസ്ഥി തുളയ്ക്കുന്ന തണുപ്പാണ് അവിടെ. പെട്ടെന്നാണ് അത് സംഭവിച്ചത്. മരുഭൂമിയിലെ മരീചികയിൽ നിന്ന് അഞ്ച് രൂപങ്ങൾ തെളിഞ്ഞു വരുന്നു. ദൂരെ ഗ്രാമത്തിൽ നിന്ന് നടന്നു വരുന്നതുപോലെയല്ല തോന്നിയത്, മറിച്ച്, ആ ചൂടിൽ നിന്ന് അവർ ഉരുകി രൂപപ്പെട്ടതുപോലെ.

അഞ്ചുപേരും പുരുഷന്മാർ. ഒരേ പ്രായം. അവർ കട്ടിയുള്ള കമ്പിളി പുതപ്പുകൾ പുതച്ചിരുന്നു. അവർ പ്ലാറ്റ്‌ഫോമിലേക്ക് കയറി. അവരുടെ കാലൊച്ച കേൾക്കുന്നില്ല. അവർ കൗണ്ടറിന് മുന്നിലെത്തി. വിക്രം അവരെ ശ്രദ്ധിച്ചു. അവരുടെ കണ്ണുകളിൽ വികാരങ്ങളില്ല. സന്തോഷമോ, സങ്കടമോ, യാത്രയുടെ ക്ഷീണമോ ഇല്ല. വെറും ശൂന്യത.

അവർ അടുത്ത ജംഗ്ഷനിലേക്കുള്ള ടിക്കറ്റ് ചോദിച്ചു. ടിക്കറ്റ് എടുക്കാൻ പണം നീട്ടുമ്പോൾ, അവരുടെ പുതപ്പിനുള്ളിൽ നിന്ന് ഗ്ലാസ് കുപ്പികൾ കൂട്ടിമുട്ടുന്ന ശബ്ദം വിക്രം കേട്ടു. പെട്രോൾ മണക്കുന്ന കുപ്പികൾ. വിക്രം അത് ശ്രദ്ധിക്കുന്നത് കണ്ടതും, അവർ പുതപ്പ് ഒന്നുകൂടി മുറുക്കിപ്പിടിച്ചു.

കൃത്യം എട്ടു മണി. ദൂരെ സിഗ്നൽ മാറി. പാളങ്ങൾ വിറയ്ക്കാൻ തുടങ്ങി. 'മരുധർ എക്സ്പ്രസ്സ്' സ്റ്റേഷനിലേക്ക് ഇരച്ചുകയറി. ആ ട്രെയിനിന് വല്ലാത്തൊരു പുതുമയുണ്ടായിരുന്നു. തുരുമ്പെടുക്കാത്ത ബോഗികൾ. പക്ഷെ ജനലുകളിലൂടെ നോക്കിയപ്പോൾ വിക്രം ഞെട്ടിപ്പോയി. ഉള്ളിൽ യാത്രക്കാരില്ല. നൂറുകണക്കിന് സീറ്റുകൾ കാലിയായി കിടക്കുന്നു.

ട്രെയിൻ നിന്നു. വാതിലുകൾ തുറന്നു. ആ അഞ്ചുപേരും ട്രെയിനിലേക്ക് കയറി. എന്നാൽ അവർ സീറ്റുകളിൽ പോയി ഇരുന്നില്ല. ബോഗികൾക്കിടയിലുള്ള, വാതിലിനോട് ചേർന്നുള്ള ആ ഇടനാഴിയിൽ അവർ നിന്നു.

അവർ കമ്പിയിൽ പിടിച്ച് പുറത്തേക്ക് തന്നെ നോക്കി നിന്നു. എന്തുകൊണ്ട് അവർ ഉള്ളിലേക്ക് പോകുന്നില്ല? വിക്രം സിംഗ് സ്വയം ചോദിച്ചു.

വിക്രം പച്ചക്കൊടി വീശി. ട്രെയിൻ നീങ്ങിത്തുടങ്ങി. വേഗത കൂടുമ്പോഴും ആ അഞ്ചുപേരും അനങ്ങാതെ, വിക്രമിനെ തന്നെ നോക്കി ആ വാതിൽപ്പടിയിൽ നിന്നു. ട്രെയിൻ സ്റ്റേഷൻ വിട്ടു. മരുഭൂമിയുടെ അനന്തതയിലേക്ക് അത് പോയി മറഞ്ഞു. ആ മണൽപരപ്പിലെ ചൂടിലേക്ക് ട്രെയിൻ അലിഞ്ഞുചേർന്നു.

വീണ്ടും നിശബ്ദത. വിക്രം രജിസ്റ്ററിൽ എഴുതി: "08:00 AM - Train Departed." വൈകുന്നേരം 6 മണിക്ക് തിരികെ വരേണ്ട ട്രെയിനിനായി അവൻ കാത്തിരുന്നു. പക്ഷെ ട്രെയിനും വന്നില്ല, ആരും വന്നില്ല.

ആദ്യത്തെ കുറച്ചു ദിവസത്തെ ഭയത്തിന് ശേഷം, വിക്രമിനുള്ളിൽ വല്ലാത്തൊരു ദേഷ്യവും വാശിയും തോന്നിത്തുടങ്ങി. താൻ ഇവിടെ ഒറ്റയ്ക്കാണ്, മനുഷ്യശബ്ദം കേട്ടിട്ട് ദിവസങ്ങളായി. എന്നാൽ എല്ലാ ദിവസവും തൻ്റെ മുന്നിലൂടെ അഞ്ചുപേർ കടന്നുപോകുന്നു, അവർ തന്നോട് ഒരക്ഷരം മിണ്ടുന്നില്ല എന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല.

ഒരു ദിവസം ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ വിക്രം ചോദിച്ചു: "നിങ്ങൾ എവിടെ നിന്നു വരുന്നു? എല്ലാ ദിവസവും എങ്ങോട്ടാണ് ഈ യാത്ര?" അവർ മറുപടി പറഞ്ഞില്ല. അവർ പണം കൗണ്ടറിലേക്ക് വെച്ചു, ടിക്കറ്റ് വാങ്ങി. വിക്രം ശബ്ദമുയർത്തി: "ഞാൻ ചോദിച്ചതിന് മറുപടി പറയണം! ആരാണ് നിങ്ങൾ?" അഞ്ച് ജോടി കണ്ണുകൾ അവനെ നോക്കി. പക്ഷെ ആ നോട്ടത്തിൽ വിക്രമിനെ കാണുന്നതിൻ്റെ ലക്ഷണമുണ്ടായിരുന്നില്ല. ഒരു ചുമരിലേക്ക് നോക്കുന്നതുപോലെ ശൂന്യമായ നോട്ടം.

ദിവസങ്ങൾ കഴിയുംതോറും വിക്രമിൻ്റെ സമനില തെറ്റാൻ തുടങ്ങി. ആ നിശബ്ദത അവനെ ഭ്രാന്ത് പിടിപ്പിച്ചു. അടുത്ത ദിവസം രാവിലെ 7:55-ന് അവർ വന്നപ്പോൾ വിക്രം കൗണ്ടറിൽ ഇരുന്നില്ല. അവൻ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി അവർക്ക് മുന്നിൽ പോയി നിന്നു. "ഇന്ന് ടിക്കറ്റില്ല. ആരും പോകില്ല!" വിക്രം അലറി. അവർ നിന്നു. ഒരു പ്രതിമ പോലെ അഞ്ചുപേരും അനങ്ങാതെ നിന്നു. അവർക്ക് ദേഷ്യമില്ല, എതിർപ്പില്ല. അവരുടെ വഴിയിൽ ഒരു തടസ്സം വന്നപ്പോൾ യന്ത്രങ്ങൾ നിൽക്കുന്നതുപോലെ അവർ നിന്നു. വിക്രം അവരിൽ ഒരാളുടെ, കൂട്ടത്തിലെ തലവൻ എന്ന് തോന്നിക്കുന്ന ആളുടെ ഷർട്ടിൽ പിടിച്ചുലച്ചു. "എന്താടാ മിണ്ടാത്തത്? എന്നെയൊന്ന് ചീത്തയെങ്കിലും വിളിക്കടാ!" അവൻ കരഞ്ഞുകൊണ്ട് അലറി. അവൻ ആ മനുഷ്യനെ തള്ളി താഴെയിട്ടു.

വിക്രം പ്രതീക്ഷിച്ചത് ഒരു അടിപിടിയാണ്, അല്ലെങ്കിൽ ഒരു തിരിച്ചടി. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. താഴെ വീണ ആ മനുഷ്യൻ, ഒരു പാവ എഴുന്നേൽക്കുന്നതുപോലെ സാവധാനം എഴുന്നേറ്റു. അയാൾ തൻ്റെ ദേഹത്തെ മണൽ തട്ടി. കമ്പിളി പുതപ്പ് നേരെയിട്ടു. അയാൾ വിക്രമിനെ നോക്കിയില്ല. വിക്രമിനോട് ദേഷ്യപ്പെട്ടില്ല. അയാൾ നേരെ നടന്ന് കൗണ്ടറിൽ പണം വെച്ചു.

വിക്രം തറഞ്ഞുപോയി. അവൻ അവരെ അടിച്ചു, തള്ളി താഴെയിട്ടു, തെറിവിളിച്ചു. പക്ഷെ അവർക്ക് വിക്രം എന്നൊരു മനുഷ്യൻ അവിടെ നിൽക്കുന്നത് അറിയാൻ പോലും കഴിയുന്നില്ല. ഒരു സിനിമയിലെ കഥാപാത്രങ്ങളെ സ്‌ക്രീനിന് പുറത്തുനിന്ന് തൊടാൻ ശ്രമിക്കുന്നതുപോലെയായിരുന്നു അത്. അവർ റെക്കോർഡ് ചെയ്യപ്പെട്ട പഴയ നിഴലുകൾ മാത്രമാണ്. അവർക്ക് അവരുടെ തിരക്കഥ മാറ്റാൻ കഴിയില്ല.

അവർ ടിക്കറ്റെടുത്തു. ട്രെയിൻ വന്നു. അവർ പോയി.

വിക്രം പ്ലാറ്റ്‌ഫോമിൽ ഒറ്റയ്ക്കിരുന്നു. അവർ തിരിച്ചു തല്ലിയിരുന്നെങ്കിൽ അവന് സമാധാനമായേനെ. പക്ഷെ ഈ അവഗണന—താൻ അവരുടെ ലോകത്ത് ജീവിച്ചിരിപ്പില്ല എന്ന ആ തിരിച്ചറിവ്—അതാണ് അവനെ തകർത്തുകളഞ്ഞത്.

ദിവസങ്ങൾ ആഴ്ചകളായും, ആഴ്ചകൾ മാസങ്ങളായും മാറി. ഓരോ പ്രഭാതവും ഒരേപോലെയായിരുന്നു. കൃത്യം 7:55-ന് ആ അഞ്ചുപേർ വരുന്നു. 8:00-ന് ട്രെയിൻ വരുന്നു. 8:01-ന് അത് അപ്രത്യക്ഷമാകുന്നു. ഋതുക്കൾ മാറിവന്നില്ല. എന്നും ഒരേ ചൂട്. ഒരേ കാറ്റ്. ഒരേ സമയം.

ആ സ്റ്റേഷനിൽ ഒരൽപ്പം പോലും മാറ്റം സംഭവിച്ചില്ല. ചുമരിലെ പെയിന്റ് മങ്ങിയില്ല, സിഗ്നൽ ലിവറുകളിൽ തുരുമ്പ് വന്നില്ല. ആ അഞ്ചുപേരുടെ മുഖത്ത് ഒരു ചുളിവ് പോലും വീണില്ല. സമയം അവിടെ തളം കെട്ടി നിന്നു. പക്ഷെ വിക്രം സിംഗ് മാറിക്കൊണ്ടിരുന്നു. ഈ "സിസ്റ്റത്തിൽ" മാറ്റം സംഭവിക്കുന്ന ഒരേയൊരു കണ്ണി അയാളായിരുന്നു.

ആദ്യം അവൻ ഷേവ് ചെയ്യുന്നത് നിർത്തി. കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം മുഖം അവന് അപരിചിതമായി തോന്നി. കറുത്ത താടി നരച്ചു തുടങ്ങി. മാസങ്ങൾക്കുള്ളിൽ അത് നെഞ്ചോളം വളർന്നു. പിന്നെയും വളർന്ന്, വെളുത്ത്, ഒരു സന്യാസിയുടെ ജട പോലെയായി. അവൻ്റെ യൂണിഫോം കീറിത്തുടങ്ങി, ശരീരം മെലിഞ്ഞു ഉണങ്ങി. ഇടക്ക് അവൻ അടുത്തുള്ള ഗ്രാമത്തിൽ പോവും. അവിടെയും അധികം ജന വാസം ഇല്ലായിരുന്നു. അവശ്യ സാധനങ്ങൾ വാങ്ങും. ആ ഗ്രാമത്തിലെ ആളുകൾ അയാളോട് ഇടപെടാനും സംസാരിക്കാനും വല്ലാത്തൊരു വിമുഖത കാട്ടിയിരുന്നു.

വിക്രമിന് പുറംലോകവുമായുള്ള ഏക ബന്ധം അവൻ്റെ കത്തുകളായിരുന്നു. എല്ലാ ദിവസവും ഉച്ചയ്ക്ക്, ട്രെയിൻ പോയിക്കഴിഞ്ഞാൽ അവൻ ഭാര്യയ്ക്ക് കത്തെഴുതും. "പ്രിയപ്പെട്ടവളേ, ഞാൻ വരും..." എന്ന് തുടങ്ങുന്ന കത്തുകൾ. അവൻ അത് ചാക്കുകളിൽ ആക്കി സൂക്ഷിച്ചു, തപാൽ വണ്ടിയിൽ കയറ്റി അയക്കാൻ. പക്ഷെ ആ കത്തുകൾ കൊണ്ടുപോകാൻ തപാൽ വണ്ടി ഒരിക്കലും വന്നില്ല.

ആദ്യം ഒരു ചാക്ക് നിറഞ്ഞു. പിന്നെ പത്തെണ്ണം. പിന്നെ നൂറെണ്ണം.

ആ ചെറിയ സ്റ്റേഷൻ മുറി കത്തുകൾ നിറഞ്ഞ ചാക്കുകൾ കൊണ്ട് വീർപ്പുമുട്ടാൻ തുടങ്ങി. ആദ്യം അവൻ ചാക്കുകൾ ചുമരുകൾക്ക് അരികിൽ അടുക്കിവെച്ചു. സ്ഥലം തികയാതെ വന്നപ്പോൾ ജനലുകൾക്ക് മുന്നിൽ വെച്ചു. മുറിയിലേക്ക് വെളിച്ചം കടക്കാതായി. ഒടുവിൽ വാതിലിൻ്റെ പകുതിയോളം ഉയരത്തിൽ ചാക്കുകൾ നിറഞ്ഞു.

വിക്രം കലണ്ടർ നോക്കുന്നത് നിർത്തി. വർഷങ്ങൾ അയാൾക്ക് ഓർമ്മയില്ല. 2005 ആണോ 2025 ആണോ എന്ന് അയാൾക്കറിയില്ല. സമയം അളക്കാൻ അയാൾക്ക് പുതിയൊരു വഴിയുണ്ടായിരുന്നു.

അയാൾ മുറിയിലേക്ക് നോക്കി. അവിടെ അടുക്കിവെച്ചിരിക്കുന്ന ചാക്കുകളിലേക്ക് നോക്കി അയാൾ സ്വയം പറഞ്ഞു: "ഞാനിവിടെ വന്നിട്ട് ഇപ്പോൾ പന്ത്രണ്ട് ചാക്കുകളായി."

അവൻ്റെ യൗവനം ആ ചാക്കുകൾക്കുള്ളിലെ കടലാസുകളിൽ മരിച്ചു കിടക്കുകയായിരുന്നു.

ആദ്യത്തെ കുറച്ചു മാസങ്ങൾ വിക്രം ലീവിന് അപേക്ഷിച്ചുകൊണ്ട് ടെലിഗ്രാമുകൾ അയക്കാൻ ശ്രമിച്ചു. പക്ഷെ ടെലിഗ്രാഫ് ലൈൻ മരിച്ചിട്ട് വർഷങ്ങളായിരുന്നു. കത്തുകൾക്ക് മറുപടി വന്നില്ല. എന്നാൽ ശമ്പളം കൃത്യമായി വന്നിരുന്നു. അതാരും കൊണ്ടുവന്നു കൊടുത്തിരുന്നതല്ല, മറിച്ചു മാസാരംഭത്തിൽ ഒരു കവറിൽ അയാളുടെ മേശയിൽ അത് പ്രത്യക്ഷപ്പെടും. ആര് അതവിടെ കൊണ്ടുവെച്ചു എന്ന് സിങ്ങിന് അറിയില്ല. ആ കവർ കൊണ്ടുവരുന്ന വ്യക്തിയെ കാണാൻ അയാൾ പലവട്ടം ശ്രമിച്ചു, പക്ഷെ ഒരിക്കലും അയാൾക്കതിനു കഴിഞ്ഞില്ല. ആരും അന്വേഷിച്ചു വന്നില്ല. എന്തുകൊണ്ട് തൻ്റെ ഭാര്യ തന്നെ അന്വേഷിച്ചു വരുന്നില്ല എന്ന ചിന്ത അയാളെ ഭ്രാന്തു പിടിപ്പിച്ചു.

ഒടുവിൽ, സഹികെട്ട് അയാൾ തീരുമാനിച്ചു: "ഇനി മതിയാക്കാം. എനിക്ക് തിരിച്ചു പോകണം."

ഒരു ദിവസം , ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ അയാൾ തൻ്റെ പെട്ടിയുമെടുത്ത് നടക്കാൻ തുടങ്ങി. വന്ന വഴിയിലൂടെ, തിരിച്ച് ആ 18 കിലോമീറ്റർ നടന്ന് ഗ്രാമത്തിലെത്താൻ തീരുമാനിച്ചു. അയാൾ നടന്നു. മരുഭൂമിയിലൂടെ കിലോമീറ്ററുകളോളം. പക്ഷെ ഒരുകാര്യമുണ്ടായില്ല. എത്ര ദൂരം നടന്നോ, അത്രയും ദൂരം ആ മരുഭൂമി നീളുന്നതുപോലെ അയാൾക്കു തോന്നി.

ഏതാണ്ട് രണ്ട് മണിക്കൂർ നടന്നപ്പോൾ അയാളൊരു കാഴ്ച കണ്ടു. മുന്നിൽ വഴിയില്ല. മണൽക്കാറ്റിൽ എല്ലാം അവ്യക്തമാണ്. പെട്ടെന്ന് അയാൾക്ക് ശ്വാസം കിട്ടാതെയായി. തലകറങ്ങുന്ന ചൂട്. കാലുകൾ തളരുന്നു. അയാൾ മണലിലേക്ക് വീണു. ബോധം മറയുമ്പോൾ അയാൾ കണ്ടു ദൂരെ, ചക്രവാളത്തിൽ അയാളുടെ സ്റ്റേഷൻ നിൽക്കുന്നു. സൂതാ ഹാൾട് . കിലോമീറ്ററുകൾ നടന്നിട്ടും, അയാൾ സ്റ്റേഷൻ്റെ മുറ്റത്ത് തന്നെയായിരുന്നു.

ഞെട്ടലോടെ എഴുന്നേറ്റു. അയാൾ ആ സത്യം തിരിച്ചറിഞ്ഞു, ആ സ്റ്റേഷൻ വിട്ട് പുറത്തുപോകാൻ കഴിയില്ല. പുറംലോകത്ത്, വിക്രം സിംഗ് എന്നൊരാൾ മരിച്ചിട്ടുണ്ടാകാം. പോലീസ് തന്നെ "കാണാതായവരുടെ" പട്ടികയിൽ ചേർത്തിട്ടുണ്ടാകാം. തൻ്റെ ഭാര്യ അയാളെ കാത്തിരുന്ന് മടുത്തു, ഒടുവിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടാകാം.

പക്ഷെ ഇവിടെ, ഈ സ്റ്റേഷനിൽ, അയാൾ എന്നും സ്റ്റേഷൻ മാസ്റ്ററാണ്. പുറംലോകത്തിന് ഈ സ്റ്റേഷൻ വെറും മണൽക്കൂന മാത്രമായിരിക്കും. പക്ഷെ വിക്രമിന് ഇതൊരു തടവറയാണ്.

അയാൾ തിരികെ മുറിയിലേക്ക് നടന്നു. ഇനി രക്ഷപ്പെടലില്ല. ലീവില്ല. മടക്കയാത്രയില്ല.

കാലം മുന്നോട്ട് പോയിക്കൊണ്ടിരുന്നു, പക്ഷെ എത്ര കാലമായി എന്ന് വിക്രമിന് അറിയില്ല. അയാൾക്ക് ഇപ്പോൾ വയസ്സായിട്ടില്ല, പക്ഷെ അവൻ്റെ കണ്ണുകളിൽ നൂറു വർഷത്തെ ക്ഷീണമുണ്ട്. ശരീരം മെലിഞ്ഞുണങ്ങി, താടി രോമങ്ങൾ വളർന്ന് വികൃതമായ ഒരു രൂപം. ആ മുറിയിലെ ചാക്കുകൾക്കിടയിൽ അവനൊരു പ്രേതത്തെപ്പോലെ ജീവിച്ചു. ഒരു ദിവസം, പഴയൊരു ഫയൽ തപ്പുന്നതിനിടയിൽ അലമാരയുടെ അടിയിൽ നിന്ന് മഞ്ഞിച്ച ഒരു പത്രക്കടലാസ് വിക്രമിന് കിട്ടി. വർഷങ്ങൾക്ക് മുൻപുള്ള ഒരു പത്രമാണ്. അതിലെ തലക്കെട്ട് കണ്ടതും അവൻ്റെ ശ്വാസം നിലച്ചു.

"മരുധർ എക്സ്പ്രസ്സിൽ സ്ഫോടനം; 80 മരണം. സൂതാ ഹാൾട്ടിന് സമീപം ട്രാക്ക് തകർന്നു."

ആ പത്രത്തിലെ തീയതി... വിക്രം വിറയ്ക്കുന്ന കൈകളോടെ തൻ്റെ കൗണ്ടറിലെ പണപ്പെട്ടി തുറന്നു. ആ അഞ്ചുപേർ എല്ലാ ദിവസവും നൽകുന്ന നാണയങ്ങൾ അവൻ പരിശോധിച്ചു. ആ പത്രത്തിൽ കണ്ട അതേ വർഷം പുറത്തിറങ്ങിയ നാണയങ്ങൾ.

വിക്രം ആ അഞ്ചുപേരെ ജനലിലൂടെ നോക്കി. അവർ യാത്രക്കാരല്ല. അവരുടെ കയ്യിലുള്ളത് കുടിവെള്ളവുമല്ല. ആ അഞ്ചുപേർ ചരിത്രത്തിലെ ആ കറുത്ത അധ്യായത്തിൻ്റെ ബാക്കിപത്രങ്ങളാണ്. അവർ ട്രെയിനിൽ കയറിയാൽ സ്ഫോടനം നടക്കണം. പക്ഷെ ഈ "സിസ്റ്റം" അതിനനുവദിക്കുന്നില്ല. സ്ഫോടനം എന്ന "എറർ" ഒഴിവാക്കാൻ വേണ്ടി, സിസ്റ്റം ആ ദിവസത്തെ വീണ്ടും വീണ്ടും റീലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. താനും ഇന്നാ സിസ്റ്റത്തിൻ്റെ ഭാഗമാണ്. നടന്നു കഴിഞ്ഞ ഒരു ദുരന്തം, നടക്കാത്തതായി ഭാവിക്കാൻ സിസ്റ്റം കണ്ടെത്തിയ ഒരു പഴുതാണ് ഈ സ്റ്റേഷൻ. ആ നുണ നിലനിർത്താൻ സിസ്റ്റത്തിന് ഒരു സാക്ഷിയെ വേണമായിരുന്നു. അതാണ് വിക്രം സിംഗ്.

സമയം 7:55. അയാൾ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. പതിവുപോലെ ആ അഞ്ചുപേർ മരുഭൂമിയുടെ ചൂടിൽ നിന്ന് തെളിഞ്ഞുവന്നു. ഇത്തവണ വിക്രം അവരെ നോക്കിയത് ഭയത്തോടെയല്ല, സഹതാപത്തോടെയാണ്. അവർക്കും മോക്ഷമില്ല, തനിക്കും മോക്ഷമില്ല.

അവർ ടിക്കറ്റ് ചോദിച്ചു. അവരുടെ കയ്യിലെ പെട്രോൾ ബോംബുകൾ പുതപ്പിനുള്ളിൽ അനങ്ങി. വിക്രം ടിക്കറ്റുകൾ നൽകി. അവർ വിക്രമിനെ നോക്കിയില്ല. അവർക്ക് വിക്രം എന്ന മനുഷ്യൻ ഇല്ല. അവരുടെ ലക്ഷ്യം ആ ട്രെയിൻ മാത്രമാണ്.

മരുധർ എക്സ്പ്രസ്സ് വന്നു നിന്നു. അവർ വാതിൽപ്പടിയിൽ കയറി നിന്നു. അവർ വിക്രമിനെ നോക്കി. ട്രെയിൻ പുറപ്പെടാൻ തയ്യാറായി.

വിക്രം ആലോചിച്ചു: "ഞാൻ ഇവരെ തടഞ്ഞാലോ? ഈ ലൂപ്പ് പൊളിച്ചാലോ?" പക്ഷെ അയാൾക്കറിയാം, അത് സാധ്യമല്ല. ഈ ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയാൽ, ചരിത്രത്തിലെ ആ സ്ഫോടനം നടക്കും. മനുഷ്യർ മരിക്കും. ആ ദുരന്തം നടക്കാതിരിക്കാൻ, ഈ ട്രെയിൻ എങ്ങും എത്താതിരുന്നേ മതിയാകൂ. ലോകത്തിൻ്റെ ക്രമം തെറ്റാതിരിക്കാൻ, വിക്രം സിംഗ് എന്ന മനുഷ്യൻ്റെ ജീവിതം ബലി നൽകിയേ മതിയാകൂ.

വിക്രം പച്ചക്കൊടി വീശി. ട്രെയിൻ നീങ്ങി. അഞ്ചുപേരും ഇരുട്ടിലേക്ക് മറഞ്ഞു. ട്രെയിൻ മരുഭൂമിയിൽ അലിഞ്ഞുചേർന്നു. എങ്ങുമെത്താത്ത യാത്ര.

അയാൾ തളർച്ചയോടെ മുറിയിലേക്ക് നടന്നു. മേശപ്പുറത്ത് തുറന്നുവെച്ച ലോഗ് ബുക്കിലേക്ക് അയാൾ നോക്കി. തീയതി എഴുതേണ്ട കോളത്തിൽ അയാൾ ഒന്നും എഴുതിയില്ല. ഒരു വലിയ ദുരന്തത്തെ തടഞ്ഞു നിർത്തുന്നതിൻ്റെ ഭാരം ആ പേനത്തുമ്പിൽ ഉണ്ടായിരുന്നു. അയാൾ എഴുതി: "08:00 AM. Train departed on time. Incident Pending."

പുറത്ത് കാറ്റ് വീശുന്നുണ്ടായിരുന്നു. തൻ്റെ യൗവനം മുഴുവൻ ആ മരുഭൂമിയിലെ കാറ്റിൽ പറന്നുപോകുന്നത് വിക്രം അറിഞ്ഞു. ചാക്കുകൾക്കുള്ളിലെ മറുപടിയില്ലാത്ത കത്തുകൾ പോലെ, ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവൻ്റെ ജീവിതം അവിടെ ബാക്കിയായി.

( അവസാനിച്ചു )